Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞത് ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ്; കൂട്ടിയിടിച്ചത് ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊറമാണ്ഡൽ; മറിഞ്ഞ തീവണ്ടിയിൽ ഗുഡ്‌സ് ട്രെയിനും ഇടിച്ചു കയറ്റി; ഇത് രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തീവണ്ടി അപകടം; 20 കൊല്ലത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ ട്രാക്ക് ദുരന്തം; ഓഡീഷാ ദുരന്തത്തിൽ മരണം 230 കടക്കുമ്പോൾ

പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞത് ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ്; കൂട്ടിയിടിച്ചത് ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊറമാണ്ഡൽ; മറിഞ്ഞ തീവണ്ടിയിൽ ഗുഡ്‌സ് ട്രെയിനും ഇടിച്ചു കയറ്റി; ഇത് രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തീവണ്ടി അപകടം; 20 കൊല്ലത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ ട്രാക്ക് ദുരന്തം; ഓഡീഷാ ദുരന്തത്തിൽ മരണം 230 കടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബാലസോർ : കണ്ണീർ ഭൂമിയായി ഒഡീഷ. ഒഡീഷയിലെ ബാലസോറിൽ 3 ട്രെയിനുകൾ അപകടത്തിൽപെട്ട് 230ലേറെ പേർ മരിച്ചു. 900 ലേറെ പേർക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുലർച്ചെയും തുടർന്നു. വ്യോമസേനയടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ പത്ത് ലക്ഷം രൂപ നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷവും. 20 കൊല്ലത്തിനിടെ ലോകത്തുണ്ടായ ഏറ്റവും വലിയ തീവണ്ടി അപകടമാണ് ഇത്.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്‌പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്‌പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറി. ഇതോടെ സമാനതകളില്ലാത്ത ദുരന്തമായി. മരണ സംഖ്യ ഇനിയും കൂടും. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്.

ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാലും എല്ലാ സാധ്യതകളും പരിശോധിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ദക്ഷിണേന്ത്യൻ കണക്ഷനുള്ള രണ്ട് തീവണ്ടികളാണ് അപകടത്തിൽ പെട്ടത്. അതിനാൽ മലയാളികളും ദുരന്തത്തിന് ഇടയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് കേരളവും പരിശോധിക്കും.

അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്‌പ്രസിലെ യാത്രക്കാരായ 4 തൃശൂർ സ്വദേശികൾ സുരക്ഷിതരാണ്. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്‌പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം. പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി.

അപകടസ്ഥലത്തിനു സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇവർ നാട്ടിൽ വിളിച്ചറിയച്ചു. ട്രെയിനുകൾ കൂട്ടിയിടിച്ചതോടെ വൻ ശബ്ദവും കൂട്ടനിലവിളികളുമായിരുന്നെന്ന് ഇവർ പറഞ്ഞു.

ഹെൽപ് ലൈൻ

044 25330952, 044 25330953, 044 25354771 (മൂന്നും ചെന്നൈ),
033 26382217 (ഹൗറ),
8972073925 (ഖരഗ്പുർ),
82495 91559 (ബാലസോർ),
080 22356409 (ബെംഗളൂരു) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP