Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ നിന്നുള്ള ആദ്യ രാജധാനി സ്‌പെഷ്യൽ തീവണ്ടി തിരുവനന്തപുരത്ത് എത്തിയത് പുലർച്ചെ; സ്റ്റേഷനിൽ യാത്രക്കാർക്ക് നടത്തിയ കർശന വൈദ്യ പരിശോധന; കോഴിക്കോട്ടിറങ്ങിയ ആറു പേർക്ക് രോഗ ലക്ഷണമുള്ളതു കൊണ്ട് മാറ്റിയത് ആശുപത്രിയിലേക്ക്; ശരീരോഷ്മാവ് പരിശോധനാ ഫലം ഓരോ യാത്രക്കാർക്കും നിർണ്ണായകം; അസുഖമില്ലാത്തവർക്ക് ഇനി വീട്ടിൽ ക്വാറന്റൈൻ; ഇനി പ്രത്യേക തീവണ്ടിയുടെ കേരളത്തിൽ നിന്നുള്ള മടക്ക യാത്രയുടെ ഊഴം

ഡൽഹിയിൽ നിന്നുള്ള ആദ്യ രാജധാനി സ്‌പെഷ്യൽ തീവണ്ടി തിരുവനന്തപുരത്ത് എത്തിയത് പുലർച്ചെ; സ്റ്റേഷനിൽ യാത്രക്കാർക്ക് നടത്തിയ കർശന വൈദ്യ പരിശോധന; കോഴിക്കോട്ടിറങ്ങിയ ആറു പേർക്ക് രോഗ ലക്ഷണമുള്ളതു കൊണ്ട് മാറ്റിയത് ആശുപത്രിയിലേക്ക്; ശരീരോഷ്മാവ് പരിശോധനാ ഫലം ഓരോ യാത്രക്കാർക്കും നിർണ്ണായകം; അസുഖമില്ലാത്തവർക്ക് ഇനി വീട്ടിൽ ക്വാറന്റൈൻ; ഇനി പ്രത്യേക തീവണ്ടിയുടെ കേരളത്തിൽ നിന്നുള്ള മടക്ക യാത്രയുടെ ഊഴം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക്ഡൗണിൽ കുടുങ്ങിയ മലയാളികളുമായി ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ എത്തിയത്. ഇന്ന് രാത്രി തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ഇത് മടക്കയാത്രയും നടത്തും. യാത്രക്കാരെ സ്വീകരിച്ച ശേഷം സ്റ്റേഷൻ അണുവിമുക്തമാക്കും. തീവണ്ടിയും ശുചിയാക്കും. അതിന് ശേഷമാകും മടക്ക യാത്ര.

ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിനാണ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പുറത്തേക്ക് വിട്ടത്. കോഴിക്കോട് എത്തിയപ്പോൾ രോഗ ലക്ഷണമുള്ള ആറു പേരെ കണ്ടെത്തിയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരത്തെ അവസാന സ്റ്റോപ്പിലും കർശന നിരീക്ഷണമാണ് ഉണ്ടായിരുന്നത്. രോഗ ലക്ഷണമുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കും.

വ്യാഴാഴ്ച രാത്രി പത്തോടെ കോഴിക്കോടെത്തിയ ട്രെയിൻ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാരെ ഇവിടെ ഇറക്കി. വെള്ളിയാഴ്ച പുലർച്ചെ 12.30-ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയ ട്രെയിൻ ഇവിടെ നാനൂറിനടുത്ത് യാത്രക്കാരെ ഇറക്കി. ഇതിനു ശേഷം ട്രെയിൻ തിരുവനന്തപുരത്തേക്ക് തിരിച്ചു.

കോഴിക്കോട്ട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് ബുധനാഴ്ച രാവിലെ 11.25-ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പൻവേൽ, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സ്റ്റോപ്പുകൾ ഉണ്ടായിരുന്നത്.

എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധിക്കുന്നുണ്ട്. യാത്രക്കാർ മുഖാവരണം ധരിക്കണമെന്നും റെയിൽവേ നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവരാണ് ട്രെയിനിലുണ്ടായിരുന്നത്. ഇവരെ എല്ലാവരേയും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ശേഷം ബസുകളിലാണ് വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുക.

സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കാണോ വീടുകളിലേക്കാണോ വിടേണ്ടതെന്ന് സ്‌ക്രീനിങിന് ശേഷമാകും തീരുമാനിക്കുക. രോഗ ലക്ഷണമില്ലാത്തവർക്ക് വീട്ടിലേക്ക് പോകാം. ഇപ്പോൾ എത്തിയ തീവണ്ടി യാത്രക്കാരുമായി ഡൽഹിയിലേക്ക് തിരിച്ചു പോകും. കേരളത്തിൽ നിന്ന് കോവിഡിന് ശേഷം ഇതരസംസ്ഥാന തൊഴിലാളികളുമായി പ്രത്യേക ശ്രമിക് തീവണ്ടികൾ രാജ്യത്തിന്റെ പലഭാഗത്തേക്കും പോയി. ഈ തീവണ്ടിയിൽ പോകേണ്ടവരെ കണ്ടെത്തിയത് സർക്കാർ സംവിധാനമാണ്.

എന്നാൽ ഇനി പോകുന്ന രാജധാനി തീവണ്ടിയിൽ ടിക്കറ്റ് ഓൺലൈനിലൂടെ യാത്രക്കാർ ബുക്ക് ചെയ്യുകയായിരുന്നു. കർശനമായ പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാകും ഈ തീവണ്ടിയുടെ മടക്കയാത്ര. യാത്രയ്ക്ക് എത്തുന്ന എല്ലാവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും യാത്രയ്ക്ക് അനുവദിക്കുക. ഇന്ന് രാത്രി 7.45നാണ് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള തീവണ്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP