Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മണിക്കൂർ ട്രെയിൻ വൈകിയാൽ ഓരോ യാത്രക്കാരനും 100 രൂപ നഷ്ടപരിഹാരം; വൈകൽ രണ്ട് മണിക്കൂറായാൽ നഷ്ടപരിഹാരം 250 രൂപ; ട്രെയിനിൽ വച്ച് കവർച്ചയ്ക്ക് ഇരയായാൽ ഒരു ലക്ഷം നഷ്ടപരിഹാരം; മരണം സംഭവിച്ചാൽ 25 ലക്ഷവും; റെയിൽവേ സ്വകാര്യവത്കരിക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്ക് ആശ്വസിക്കാൻ ചില നല്ല വാർത്തകൾ

ഒരു മണിക്കൂർ ട്രെയിൻ വൈകിയാൽ ഓരോ യാത്രക്കാരനും 100 രൂപ നഷ്ടപരിഹാരം; വൈകൽ രണ്ട് മണിക്കൂറായാൽ നഷ്ടപരിഹാരം 250 രൂപ; ട്രെയിനിൽ വച്ച് കവർച്ചയ്ക്ക് ഇരയായാൽ ഒരു ലക്ഷം നഷ്ടപരിഹാരം; മരണം സംഭവിച്ചാൽ 25 ലക്ഷവും; റെയിൽവേ സ്വകാര്യവത്കരിക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്ക് ആശ്വസിക്കാൻ ചില നല്ല വാർത്തകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സമയ നിഷ്ഠ പുലർത്താത്തതാണ് റെയിൽവേ നേടിരുന്ന പ്രധാന പ്രതിസന്ധി. ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത് യാത്രക്കാരും. സ്വകാര്യ വത്കരണം നടപ്പാക്കുമ്പോൾ ഇതൊന്നും സംഭവിക്കില്ലെന്നാണ് സൂചന. ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ഉറപ്പ്. കൃത്യമായ സമയത്ത് തീവണ്ടി ഓടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.

ട്രെയിൻ ഒരു മണിക്കൂർ വൈകിയാൽ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം കിട്ടും. രണ്ടു മണിക്കൂറിലേറെ വൈകിയാൽ 250 രൂപയും. സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡൽഹി ലക്‌നൗ തേജസ് ട്രെയിൻ നടത്തിപ്പുകാരായ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നൽകുന്നത്. മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ കാരണമുണ്ടായ ചീത്തപ്പേരു സ്വകാര്യവൽക്കരിച്ച ട്രെയിനിലൂടെ മായ്ക്കാനുള്ള ശ്രമത്തിലാണു റെയിൽവേ. ഇതോടെ സ്വകാര്യ വത്കരണത്തിനുള്ള പിന്തുണ കൂടുമെന്നും പ്രതീക്ഷിക്കുന്നു. ഈ മാസം 5 നാണു തേജസ് ആദ്യ സർവീസ്. 4 നു ഫ്‌ളാഗ് ഓഫ് ചെയ്യും.

യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് നൽകുമെന്നു നേരത്തേ ഐആർസിടിസി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ കവർച്ചാ നഷ്ടപരിഹാര ഇൻഷുറൻസ് അടക്കമാണിത്. ട്രെയിനിൽ ചായയും കാപ്പിയും വെൻഡിങ് മെഷീനുകൾ വഴി സൗജന്യം. ശുദ്ധജലവും നൽകും. വിമാനത്തിലേതുപോലെ ട്രോളിയിലാണു ഭക്ഷണവിതരണം. അങ്ങനെ അടിപൊളിയാത്രയാകും സ്വകാര്യ ട്രെയിനിൽ സാധ്യമാകുക. ന്യൂഡൽഹി-ലഖ്‌നൗ ജങ്ഷൻ, മുംബൈ സെൻട്രൽ-അഹമ്മദാബാദ് പാതകളിൽ സർവീസ് നടത്താൻ, ആഡംബരത്തീവണ്ടിയായ 'തേജസ്സി'ന്റെ രണ്ട് 'റേക്കു'കൾ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്(ഐ.ആർ.സി.ടി.സി.) കൈമാറാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. റെയിൽവേ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണിത്.

ടിക്കറ്റ് ബുക്കിങ്ങും അതിലൂടെ ലഭിക്കുന്ന വരുമാനവും ഐ.ആർ.സി.ടി.സി.യാണ് കൈകാര്യംചെയ്യുക. യാത്രാടിക്കറ്റ് നിരക്ക് ഐ.ആർ.സി.ടി.സി.ക്ക് തീരുമാനമെടുക്കാം. തീവണ്ടിയിൽ മുതിർന്ന പൗരന്മാരോ റെയിൽവേ ജീവനക്കാരോ ഉൾപ്പെടെ യാത്രാനിരക്കിൽ ഇളവുകൾ ലഭിക്കില്ല. ടിക്കറ്റ് ബുക്കിങ്ങിന് ഇന്ത്യൻ റെയിൽവേയുടെ സൗകര്യങ്ങൾ ഒരു വർഷത്തേക്ക് ഉപയോഗിക്കാം. പിന്നീട് ഐ.ആർ.സി.ടി.സി. സ്വന്തമായി ടിക്കറ്റ് ബുക്കിങ് സംവിധാനമുണ്ടാക്കണം. റെയിൽവേയുടെ കോച്ചുകളും അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരെയും ഉപയോഗപ്പെടുത്തുന്നതിനായി നിശ്ചിത തുക ഐ.ആർ.സി.ടി.സി. റെയിൽവേയ്ക്ക് നൽകണം. സ്വകാര്യവത്കരണം നടപ്പാക്കാനുള്ള പരീക്ഷണമെന്നനിലയിലാണ് രണ്ട് പാതകളിൽ തീവണ്ടികൾ സർവീസ് നടത്താൻ ഐ.ആർ.സി.ടി.സി.ക്ക് വിട്ടുകൊടുത്തത്. ഐ.ആർ.സി.ടി.സി.യുടെ തീവണ്ടികൾ സമയകൃത്യത പാലിക്കുകയും ലാഭമുണ്ടാക്കുകയുംചെയ്താൽ കൂടുതൽ തീവണ്ടികൾ സ്വകാര്യമേഖലയ്ക്ക് കൈമാറും.

റെയിൽവേയ്ക്ക് എറ്റവും വരുമാനമുള്ള രണ്ട് പാതകളിലാണ് 'തേജസ്' ഓടിക്കുന്നത്. തേജസ് തീവണ്ടിക്ക് 18 കോച്ചുകളാണുണ്ടാകുകയെങ്കിലും 12 കോച്ചുകളുള്ള റേക്കുകളാണ് വിട്ടുകൊടുക്കുന്നത്. മൂന്നുവർഷത്തേക്കാണ് ഐ.ആർ.സി.ടി.സി.ക്ക് റേക്കുകൾ നൽകുന്നത്. തീവണ്ടിയിൽ ടി.ടി.ഇ. ഉണ്ടാവില്ല. ടിക്കറ്റുമായി തീവണ്ടിയിൽ കയറാം. എന്നാൽ യാത്രയ്ക്കിടയിൽ ഐ.ആർ.സി.ടി.സി.യുടെ ജീവനക്കാർ കയറി പരിശോധിക്കും. നിശ്ചിതപരിധിയിലേറെപ്പേരെ കോച്ചിൽ യാത്രചെയ്യാൻ അനുവദിക്കില്ല. എല്ലാ ദിവസവും സർവീസ് നടത്താനാണ് പദ്ധതി. രാവിലെ 6.40-ന് ലഖ്‌നൗവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 2.25-ന് ന്യുഡൽഹിയിൽ എത്തും. ന്യൂഡൽഹിയിൽനിന്ന് വൈകീട്ട് 4.30-ന് പുറപ്പെടുന്ന വണ്ടി രാത്രി 10.45-ന് ലഖ്‌നൗവിൽ എത്തും. അഹമ്മദാബാദിൽനിന്ന് രാവിലെ 6.40-ന് തിരിക്കുന്ന തീവണ്ടി ഉച്ചയ്ക്ക് 1.10-ന് മുംബൈയിലെത്തും. മുംബൈയിൽനിന്ന് വൈകീട്ട് 3.40-ന് തിരിക്കുന്ന തീവണ്ടി രാത്രി 9.55-ന് അഹമ്മദാബാദിൽ എത്തും. തീവണ്ടികൾക്ക് പരിമിത 'സ്റ്റോപ്പു'കളേയുണ്ടാകൂ.

സർക്കാർ മേഖലക്ക് സംവരണം ചെയ്യപ്പെട്ടിരുന്നതാണ് ഇന്ത്യൻ റെയിൽവേ. ഇതിൽ ഭേദഗതി വരുത്തി നിർമ്മാണം, നടത്തിപ്പ്, പരിപാലനം എന്നിവക്ക് 10 സുപ്രധാന മേഖലകളിൽ 100 ശതമാനം ആഭ്യന്തര, വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ചുകൊണ്ട് 2014 ഓഗസ്റ്റ് 22ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിക്ഷേപങ്ങൾ പരിഗണിക്കുന്നതിന് റെയിൽവേ ബോർഡിലെ വിവിധ ഡിപ്പാർട്ടുമെന്റുകളെ പ്രതിനിധീകരിച്ച് ആറ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾക്കൊള്ളുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ഇതിന്റെ തുടർച്ചയാണ് തീവണ്ടി പാതകളിലും സ്വകാര്യ ട്രെയിനുകൾ എത്തുന്നത്.

സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ റെയിൽവേ പരിഗണിക്കുന്ന റൂട്ടുകളിൽ കേരളവും ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം റൂട്ടാണ് കേരളത്തിൽനിന്ന് സാധ്യതാപട്ടികയിൽ ഇടംപിടിച്ചത്. ഡൽഹി-ലഖനൗ റൂട്ടിലാണ് ഇത്തരത്തിൽ ആദ്യമായി തീവണ്ടി ഓടിക്കുന്നത്. ഇതുകൂടാതെ രാജ്യത്ത് മറ്റ് 24 പാതകൾ കൂടിയാണ് റെയിൽവേ പരിഗണിക്കുന്നത്. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പകൽമാത്രം സഞ്ചരിക്കാവുന്നതുമായ റൂട്ട് എന്ന നിലയിലാണ് തിരുവനന്തപുരം-എറണാകുളം പാതയെ പരിഗണിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ദക്ഷിണ റെയിൽവേയുടെ നിർദ്ദേശംകൂടി കണക്കിലെടുത്താവും ഉണ്ടാവുക.

മുംബൈ-പുണെ, മുംബൈ-ഔറംഗാബാദ്, മുംബൈ-മഡ്ഗാവ്, ഡൽഹി-ചാണ്ഡീഗഢ്/അമൃത്സർ, ഡൽഹി-ജയ്പുർ/അജ്മീർ, ഹൗറ-പുരി, ഹൗറ-ടാറ്റാ, ഹൗറ-പട്ന, സെക്കന്തരാബാദ്-വിജയവാഡ, ചെന്നൈ-ബെംഗളൂരു, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-മധുര, എന്നിവയാണ് പരിഗണനയിലുള്ള മറ്റ് റൂട്ടുകൾ. ഡൽഹി-ജമ്മു/കത്ര, ഡൽഹി-ഹൗറ, സെക്കന്തരബാദ്-ഹൈദരാബാദ്, സെക്കന്തരാബാദ്-ഡൽഹി, ഡൽഹി-ചെന്നൈ, മുംബൈ-ചെന്നൈ, ഹൗറ-ചെന്നൈ, ഹൗറ-മുംബൈ എന്നീ ദീർഘദൂര പാതകളും റെയിൽവേ ബോർഡ് തയ്യാറാക്കിയ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP