Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിഐടിയുവും ഐഎൻടിയുസിയും അടക്കമുള്ള 25 ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്ത്; കെഎസ്ആർടിസി-സ്വകാര്യ ബസ് ജീവനക്കാൻ പണിമുടക്കുന്നതോടെ പൊതുഗതാഗതം നിശ്ചലമാകും; ശബരിമല തീർത്ഥാടകരെ ഒഴിവാക്കി; സർക്കാർ ഓഫീസുകളും കടകമ്പോളങ്ങളും അടഞ്ഞു കിടക്കും; സർവകലാശാലകൾ പരീക്ഷ മാറ്റി; സഹകരിക്കില്ലെന്ന് പറയുന്നത് ബിഎംഎസും വ്യാപാരി വ്യവസായി എകോപന സമിതിയും മാത്രം; ദേശീയ പണിമുടക്ക് കേരളത്തിൽ ഫലത്തിൽ ബന്ദാവും

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മോദി സർക്കാറിന്റെ ജനവിദ്ധ നയങ്ങൾക്കെതിരെ സിഐടിയുവും ഐൻടിയുസിയും അടക്കമുള്ള 25 ട്രേഡ്യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ നടക്കുന്ന 24 മണിക്കുർ പൊതു പണിമുടക്ക് ഫലത്തിൽ കേരളത്തിൽ ഹർത്താൽ ആയി മാറും. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുമെന്നു സമിതിക്ക് നേതൃത്വം നൽകുന്ന സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പറഞ്ഞു.

ആരെയും നിർബന്ധിക്കില്ല. ശബരിമല തീർത്ഥാടകരെ ബാധിക്കില്ല. ബിഎംഎസ് സമരത്തിൽ പങ്കെടുക്കുന്നില്ല. പണിമുടക്കിൽ പങ്കെടുക്കില്ലെന്നും കടകൾ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപരി വ്യവസായി ഏകോപന സമിതി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിനെ തുടർന്ന് പരീക്ഷകൾ മാറ്റിയിട്ടുണ്ട്. കേരള, എംജി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കാലടി, കാലിക്കറ്റ് സർവകലാശാലകളിൽ നാളെ പരീക്ഷ നിശ്ചയിച്ചിരുന്നില്ല.

ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്രസംസ്ഥാന ജീവനക്കാരും, ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച അർധരാത്രിവരെ നീളുന്ന പണിമുടക്ക് കേരളത്തിൽ പൂർണമായിരിക്കുമെന്നാണ് കരുതുന്നത്. പാൽ, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടന വാഹനങ്ങളെയും ഒഴിവാക്കി. ഗ്രാമങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ഹർത്താൽ ആചരിക്കും. തൊഴിലാളികൾ പണിമുടക്കുന്നതിനാൽ വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നും ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതാക്കൾ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികൾ ജില്ലാ കേന്ദ്രങ്ങളിലും നിയോജമണ്ഡലാടിസ്ഥാനത്തിലും പ്രതിഷേധിക്കും.

സിഐടിയു, ഐഎൻടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി(ജെ), കെടിയുസി(എം), ഐഎൻഎൽസി, എൻഎൽസി, എൻഎൽഒഒ, എച്ച്എംകെപി, ജെടിയു സംഘടനകളാണു കേരളത്തിൽ പണിമുടക്കിനു നേതൃത്വം നൽകുന്നത്. രാജ്യവ്യാപകമായി 25 കോടി ആളുകൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ ഡൽഹിയിൽ അറിയിച്ചു.ബുധനാഴ്ചയിലെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകുമെന്ന് ഉറപ്പായി. സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഓടില്ലെന്നും വ്യാപാരികൾ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സിഐടിയു.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ബുധനാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ ഫലത്തിൽ തൊഴിൽമേഖലയാകെ സ്തംഭിക്കുമെന്ന് മറ്റ് യൂണിയനുകൾ പറയുന്നു കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യാപാരികൾ സ്വമേധയാ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും സിഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.ഹർത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവർത്തിക്കുമ്പോഴും ആശങ്കയിലാണ് വ്യാപാര സമൂഹവും നാട്ടുകാരും. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസി-സ്വകാര്യ ബസ് ജീവനക്കാൻ പണിമുടക്കുന്നതോടെ പൊതുഗതാഗതം നിശ്ചലമാകും. ഓട്ടോ-ടാക്‌സി ഡ്രൈവർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി. പണിമുടക്കുമായി വ്യാപാരികൾ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ അറിയിച്ചു.

കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണിമുടക്ക് വ്യാപാരികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങൾ മുൻനിർത്തിയല്ലെന്നും അതുകൊണ്ടാണ് സഹകരിക്കാത്തത് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP