Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസ് തിരിച്ചെത്തുമോ എന്ന് അറിയില്ല; സെൻകുമാറിനെ പൊലീസ് മേധാവിയാക്കിയേ മതിയാവൂവെന്ന് നിയമോപദേശം; ബെഹ്‌റയെ എന്തു ചെയ്യണമെന്നാലോചന; ഡിജിപിമാരെ കുറിച്ച് തലപുകച്ച് സർക്കാർ; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം; സെൻകുമാറിനെ ഉടൻ നിയമിക്കേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി

ജേക്കബ് തോമസ് തിരിച്ചെത്തുമോ എന്ന് അറിയില്ല; സെൻകുമാറിനെ പൊലീസ് മേധാവിയാക്കിയേ മതിയാവൂവെന്ന് നിയമോപദേശം; ബെഹ്‌റയെ എന്തു ചെയ്യണമെന്നാലോചന; ഡിജിപിമാരെ കുറിച്ച് തലപുകച്ച് സർക്കാർ; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം; സെൻകുമാറിനെ ഉടൻ നിയമിക്കേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മൂന്ന് ഐപിഎസുകാരാണ് ടിപി സെൻകുമാറും ലോക് നാഥ് ബെഹ്‌റയും പിന്നെ ജേക്കബ് തോമസും. ഇന്ന് സർക്കാരിന് ഏറ്റവും വലിയ തലവേദനയാണ് ഈ മൂന്ന് പേരും. ഇവർക്ക് എവിടെ എങ്ങനെ നിയമനം നൽകുമെന്നാണ് സർക്കാരിനെ കുഴക്കുന്നത്. പൊലീസ് മേധാവിയായി ടിപി സെൻകുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. സർക്കാരിനെ സംബന്ധിച്ചടത്തോളെ ലോക്‌നാഥ് ബെഹ്‌റയാണ് മൂന്നു പേരിൽ വിശ്വസ്തൻ. എന്നാൽ പുതിയ പ്രശ്‌നത്തോടെ ബെഹ്‌റയെ എവിടെ നിയമിക്കുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് സംസ്ഥാന സർക്കാർ. പല ഫോർമുലകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിച്ചു. എന്നാൽ സെൻകുമാർ വിട്ടുവീഴ്ചയ്ക്ക തയ്യാറാകാത്തത് കാര്യങ്ങൾ കൂടുതൽ തകിടംമറിച്ചു.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു തിരികെയെത്താൻ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ഡിജിപി ടി.പി. സെൻകുമാറിനെ, തൽസ്ഥാനത്തു നിയമിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിക്ക് ഒരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിധി നടപ്പാക്കുകയാണ് ഉചിതമെന്ന് നിയമ സെക്രട്ടറി പി.ജി. ഹരീന്ദ്രനാഥ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. ഇതോടെ അടുത്ത ദിവസം തന്നെ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കേണ്ട സാഹചര്യം വരും. ഇതോടെ ലോക്‌നാഥ് ബെഹ്‌റയ്ക്ക് പുതിയ പദവി നൽകണം. നിലവിൽ വിജിലൻസിന്റെ ചുമതലയും ബെഹ്‌റയ്ക്കുണ്ട്. ജേക്കബ് തോമസ് അവധിയിലായ സാഹചര്യത്തിലാണ് ഇത്. അടുത്ത ചൊവ്വാഴ്ച ജേക്കബ് തോമസിന്റെ അവധി കഴിയും. ഇതോടെ അദ്ദേഹം ജോലിയിൽ പ്രവേശിക്കാനെത്തിയാൽ ബെഹ്‌റയ്ക്ക് പദവിയില്ലാതെയാകും.

സെൻകുമാർ കേസിലെ സുപ്രീം കോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിയമ സെക്രട്ടറിയുടെ ശുപാർശ. പുനഃപരിശോധനാ ഹർജിക്ക് ഒരു സാധ്യതയുമില്ല. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ, വിധി പറഞ്ഞ അതേ ബെഞ്ച് തന്നയാണ് ഇതു പരിഗണിക്കുക. അതുകൊണ്ടുതന്നെ വിധിയിൽ മാറ്റം വരാനിടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി വിധിച്ചു മൂന്നു നാൾ കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനു സർക്കാർ നിയമനം നൽകാത്തതു ചർച്ചയാകുന്നതിനിടെയാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്്. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം. എന്നാൽ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള വിധിയുടെ പകർപ്പിന് വേണ്ടി കാത്തിരിക്കുന്നത് കാര്യങ്ങൾ വൈകിപ്പിക്കാനാണെന്ന വിലയിരുത്തലെത്തി.

വിധിയുടെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നു വിധി പകർപ്പു ഡൗൺലോഡ് ചെയ്തതും കൈമാറി. ഈ സാഹചര്യത്തിലാണ് നിയമ സെക്രട്ടറി ഇടപെട്ടത്. തിങ്കളാഴ്ചയാണ് ടി.പി.സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന കോടതി വിധി വന്നത്. തിങ്കളാഴ്ച മുതൽ തന്നെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എൻ.കെ.ജയകുമാറും നിയമ സെക്രട്ടറി പി.ജി.ഹരീന്ദ്രനാഥും വിധി പരിശോധിച്ച് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ലോക് നാഥ് ബെഹ്‌റയുടെ കാര്യത്തിൽ അനിശ്ചിതത്വമുള്ളതു കൊണ്ടാണ് സർക്കാരിന് തീരുമാനെ എടുക്കാൻ കഴിയാത്തത്.

വിജിലൻസ് ഡയറക്ടറായി ചുമതലയിൽ തുടരാൻ താൽപ്പര്യമില്ലെന്നും ജോലി രാജിവയ്ക്കുമെന്നുമെല്ലാം ജേക്കബ് തോമസ് സൂചനകൾ നൽകിയിരുന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയെന്നായിരുന്നു ആദ്യ വാർത്ത. എന്നാൽ ജേക്കബ് തോമസ് അവധിയിലാണെന്നും അതുകഴിയുമ്പോൾ ചുമതല ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതാണ് പ്രശ്‌നമാകുന്നത്. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് തിരിച്ചെത്തിയാൽ അദ്ദേഹത്തിന് വിജിലൻസ് ഡയറക്ടറുടെ പദവി നൽകേണ്ടി വരും. ഇതോടെ ലോക്‌നാഥ് ബഹ്‌റയ്ക്ക് അതും നഷ്ടമാകും. എന്നാൽ ജേക്കബ് തോമസ് ചുമതല ഏറ്റെടുക്കില്ലെന്ന പ്രതീക്ഷ സർക്കാരിന് ഇപ്പോഴുമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സെൻകുമാർ വിഷയത്തിലും തീരുമാനം സർക്കാർ നീട്ടികൊണ്ട് പോകുന്നത്.

മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ബെഹ്‌റ. പലകാര്യത്തിലും മുഖ്യമന്ത്രിയെ സഹായിച്ച വിശ്വസ്തൻ. ലാവ്‌ലിൻ കേസിൽ ഹരീഷ് സാൽവെയെ കൊണ്ടു വന്നത് പോലും ബെഹ്‌റെയാണ്. ഇതു സംബന്ധിച്ച ആശയ വിനിമയം നടത്തുന്നതും അദ്ദേഹം. അത്തരത്തിലൊരു വ്യക്തിയെ ഏതെങ്കിലും മൂലയ്ക്കിരുത്താനുമാവില്ല. തരംതാഴ്‌ത്തൽ സംഭവിച്ചിട്ടില്ലെന്ന തരത്തിൽ ലോക്‌നാഥ് ബെഹ്‌റയ്ക്ക് പദവി നൽകനാണ് ആലോചന. ഇതിനായി ജേക്കബ് തോമസിനോട് നിർബന്ധിത അവധി തുടരാൻ പോലും ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ട്. ഇത് തള്ളി ജേക്കബ് തോമസ് ചുമതലയേറ്റെടുക്കാൻ എത്തുമോ എന്ന സംശയവും സർക്കാരിനുണ്ട്. അങ്ങനെ സെൻകുമാർ കേസിലെ വിധി നടക്കാപ്പൻ ഏറെ ബുദ്ധിമുട്ടുകയാണ് മുഖ്യമന്ത്രി.

ഇതിനിടെയാണ് നിയമ സെക്രട്ടറിയുടെ ഉപദേശവും സർക്കാരിന് കിട്ടുന്നത്. സർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി പരിശോധിച്ച് കഴിഞ്ഞതാണെന്നും പുനർ നിയമനമല്ലാതെ മറ്റ് സാധ്യതകളില്ലെന്നുമാണ് നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശ റിപ്പോർട്ട്. സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ കോടതിയലക്ഷ്യമാകുമെന്നും സർക്കാരിന് നിയമസെക്രട്ടറി ഉപദേശം നൽകിയിരിക്കുകയാണ്. ഇതും പ്രതിസന്ധിക്ക് പുതിയ മാനം നൽകുന്നു. ഈ പ്രശ്‌നങ്ങൾ കാരണം പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പമാണ്. ബെഹ്‌റ പതിവ് പോലെ ജോലിക്ക് എത്തുന്നു. എന്നാൽ സുപ്രീംകോടതി വിധിയോടെ ബെഹ്‌റയുടെ നിയമനം റദ്ദായെന്ന വാദവും സജീവമാണ്. ഈ സാഹചര്യത്തിൽ നിർണ്ണായക തീരുമാനമൊനനും ബെഹ്‌റയ്ക്ക് എടുക്കാനുമാവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP