Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

ടൗട്ടേ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് പുറമെ കടലാക്രമണവും രൂക്ഷം; കാസർകോട് കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നു; ഇടുക്കിയിൽ മഴ ശക്തിപ്പെട്ടതോടെ ഡാമുകൾ തുറന്നു; പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി

ടൗട്ടേ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് പുറമെ കടലാക്രമണവും രൂക്ഷം; കാസർകോട് കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നു; ഇടുക്കിയിൽ മഴ ശക്തിപ്പെട്ടതോടെ ഡാമുകൾ തുറന്നു; പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടേ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് കനത്ത മഴയും കാറ്റും. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ് പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്. സംസ്ഥാനത്ത് അതിശക്തമായ മഴക്ക് പുറമെ കടലാക്രമണവും രൂക്ഷമാണ്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.

ഇടുക്കിയിൽ മഴ ശക്തമായി പെയ്യുകയാണ്. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴ പെയ്തു. അടിമാലി കല്ലാർ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകൾ തുറന്നു. ഹൈറേഞ്ച് മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. മരംവീണ് ഒട്ടേറെ വീടുകളുടെ മേൽക്കൂര തകർന്നു. വട്ടവടയിൽ പത്തോളം വീടുകൾ തകർന്നു.

മൂന്നാർ-വട്ടവട റോഡിൽ ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാർ റോഡിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങൾ നിയന്ത്രിച്ചാണു കടത്തിവിടുന്നത്. മരം വീണ് ഗതാഗതം തടസപ്പെട്ട റോഡുകളിൽ എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടരുകയാണ്. ഉടുമ്പൻചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാംപ് തുറന്നു.

ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഏഴു ഷറ്ററുകൾ തുറന്നു. 34.4 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. പാലാ കരൂർ മേഖലയിൽ കൊടുംകാറ്റിൽ വ്യാപകനാശം ഉണ്ടായിട്ടുണ്ട്. പാലാ കരൂർ മേഖലയിൽ കൊടുംകാറ്റിൽ വ്യാപകനാശം. നിരവധി വന്മരങ്ങൾ നിലംപൊത്തി. റബ്ബർ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വീടുകൾക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18ഓട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് നിരീക്ഷണം.

നിലവിൽ ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 15 മുതൽ 16 വരെ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് നിലവിൽ ചുഴലിക്കാറ്റ്.

അടുത്ത മൂന്നു മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടാകും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ അപകട സാധ്യതകളുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അഥോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി. വിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ നിരവധി വീടുകൾ തകരുകയും ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തു.

മോശം കാലാവസ്ഥ ഉള്ളതിനാൽ ചെന്നൈ, തിരുവനന്തപുരം കൊച്ചി ,ബെംഗളൂരു, മുംബൈ, പുനെ, ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാനസർവീസുകളെ പതിനേഴാം തീയതി വരെ ബാധിക്കാമെന്ന് വിസ്താര വിമാന സർവ്വീസ്. കണ്ണൂരിലേക്കും കണ്ണൂരിൽ നിന്നുമുള്ള വിമാന സർവീസുകളെ ബാധിക്കുമെന്ന് ഇൻഡിഗോയും അറിയിച്ചു.

റെഡ് അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഓറഞ്ച് അലർട്ട്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

യെല്ലോ അലർട്ട്

തിരുവനന്തപുരം, പാലക്കാട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP