Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളയുടുപ്പിട്ട് ബസ് സ്റ്റാൻഡിലെത്തിയ തച്ചങ്കരി മറ്റു ജീവനക്കാർക്കൊപ്പം ജോലി ചെയ്തു; കണ്ടക്ടർമാർ എത്തിയതോടെ റൂട്ടുകൾ എഴുതി കൊടുത്തു; 'ഇതെന്റെ ചോറാണ്.. അതിനോട് ഞാൻ കൂറൂ കാണിക്കും' എന്നു പറഞ്ഞ് ജീവനക്കാർക്ക് മാതൃകയായി; 'അത് ടോമിൻ തച്ചങ്കരിയല്ലേ'.. എന്ന് ആശ്ചര്യത്തോടെ ചോദിച്ച് യാത്രക്കാരും; തങ്ങൾക്കൊപ്പം ജോലി ചെയ്യാൻ തലക്കനമില്ലാതെ എംഡി എത്തിയ ആവേശത്തിൻ ജീവനക്കാരും: സ്റ്റേഷൻ മാസ്റ്ററായി തച്ചങ്കരി തിളങ്ങിയത് ഇങ്ങനെ

വെള്ളയുടുപ്പിട്ട് ബസ് സ്റ്റാൻഡിലെത്തിയ തച്ചങ്കരി മറ്റു ജീവനക്കാർക്കൊപ്പം ജോലി ചെയ്തു; കണ്ടക്ടർമാർ എത്തിയതോടെ റൂട്ടുകൾ എഴുതി കൊടുത്തു; 'ഇതെന്റെ ചോറാണ്.. അതിനോട് ഞാൻ കൂറൂ കാണിക്കും' എന്നു പറഞ്ഞ് ജീവനക്കാർക്ക് മാതൃകയായി; 'അത് ടോമിൻ തച്ചങ്കരിയല്ലേ'.. എന്ന് ആശ്ചര്യത്തോടെ ചോദിച്ച് യാത്രക്കാരും; തങ്ങൾക്കൊപ്പം ജോലി ചെയ്യാൻ തലക്കനമില്ലാതെ എംഡി എത്തിയ ആവേശത്തിൻ ജീവനക്കാരും: സ്റ്റേഷൻ മാസ്റ്ററായി തച്ചങ്കരി തിളങ്ങിയത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: അയ്യോ.. അത് തച്ചങ്കരിയല്ലേ..! ഇന്ന് രാവിലെ തമ്പനൂർ ബസ് ടെർമിനലിൽ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യാൻ എത്തിയ യാത്രക്കാരി സ്്‌റ്റേഷൻ മാസ്റ്ററുടെ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചത് ഇങ്ങനെയായിരുന്നു. പതിവില്ലാത്ത തിരക്കും ചാനലുകാരുടെ മൈക്കുകളും ആൾത്തിരക്കും കണ്ടതോടെ പലയാത്രക്കാരും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് ശ്രദ്ധ തിരിച്ചു. തച്ചങ്കരി ഇരിക്കുന്നത് കണ്ട പലരും ആശ്ചര്യപ്പെടുകയാണ് ഉണ്ടായത്. കെഎസ്ആർടിസി എംഡിയെ നേരത്തെ കണ്ടക്ടറുടെ ജോലി ചെയ്ത കാര്യം ഓർത്തു പലരും. ഇത്തവണയും അദ്ദേഹം കണ്ടക്ടറുടെ ജോലി ചെയ്യാൻ എത്തിയതാണോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാൽ, അങ്ങനെയല്ല, അദ്ദേഹം സ്‌റ്റേഷൻ മാസ്റ്ററുടെ ജോലിയാണ് ചെയ്യുന്നതെന്നും യാത്രക്കാരെ ചില ജീവനക്കാർ പറഞ്ഞു മനസിലാക്കി.

കണ്ടക്ടർ വേഷത്തിൽ നിന്നു സ്റ്റേഷൻ മാസ്റ്ററുടെ ചുമതലയേറ്റെടുത്ത് തച്ചങ്കരിയുടെ ശ്രമം ജീവനക്കാരുടെ വിശ്വാസം ആർജ്ജിക്കാനും അവരുടെ പ്രശ്‌നങ്ങൾ നേരിട്ടു മനസിലാക്കാനും വേണ്ടിയാണ്. അതിന് വേണ്ടി ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെ അദ്ദഹം തമ്പനൂർ സറ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ജോലി ചെയ്യും. രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹം ജോലി ചെയ്യാനായി എത്തിയത്. നീല യൂണിഫോം ഇടാതെയാണ് അദ്ദേഹം എത്തിയത്. വെള്ള ഷർട്ടും വൈറ്റ് ആഷ് പാൻസും ധരിച്ചെതത്തിയ അദ്ദേഹത്തെ എം പാനൽ ജീവനക്കാർ അടക്കമുള്ളവർ സ്വീകരിച്ചു.

എങ്ങനെയാണ് സ്റ്റേഷൻ മാസ്റ്ററുടെ ജോലികൾ എന്നു ചോദിച്ചറിഞ്ഞ ശേഷം തന്റെ ജോലിയിലേക്കും കടന്നു അദ്ദേഹം. സർവീസ് കഴിഞ്ഞെത്തിയെ കണ്ടക്ടർക്ക് അടുത്ത സർവീസിനുള്ള റൂട്ടുകൾ എഴുതി കൊടുത്തു. ഇതിനിടെ ജീവനക്കാരോടും കാര്യങ്ങൾ തിരക്കി. ജീവനക്കാരും യാത്രക്കാരും അടക്കമുള്ളവർ ഉന്നയിച്ച ചെറിയ പരാതികൾക്ക് അപ്പോൾ തന്നെ പരിഹാരം കണ്ടെത്താനും സിഎംഡി മറന്നില്ല. തങ്ങൾക്കൊപ്പം കോർപ്പറേഷൻ എംഡി ജോലിക്കെത്തിയതിന്റെ സന്തോഷം ജീവനക്കാരും മറച്ചുവെച്ചില്ല.

മറ്റു എംഡിമാരൊന്നും ഇതുവരെ ജീവനക്കാരുടെ പ്രശ്‌നം അറിയാൻ തങ്ങൾക്കൊപ്പം ജോലിക്കെത്തിയിട്ടില്ല. അതുകൊണ്ട് തച്ചങ്കരി സാറിന്റെ ശ്രമത്തിൽ സന്തോഷമുണ്ടെന്നാണ് ജീവനക്കാർ പറഞ്ഞത്. പ്രത്യേകിച്ചും എംപാനൽ ജീവനക്കാർക്ക്. അവരുടെ പ്രശ്‌നങ്ങൾക്ക് ഏറ്റവും അധികം പരിഹാരം കണ്ടത് തച്ചങ്കരിയായിരുന്നു. അതുകൊണ്ട് തന്നെ ബസ് സ്റ്റാൻഡിൽ എത്തിയ അദ്ദേഹത്തെ അവർ ആവേശത്തോടെ സ്വീകരിച്ചു. കെഎസ്ആർടിസിയെ രക്ഷിക്കാൻ ജീവനക്കാർ വിചാരിച്ചാലേ സാധിക്കൂ എന്ന സന്ദേശം നൽകാനായിരുന്നു തച്ചങ്കരി ശ്രമിച്ചതും.

ഇതെന്റെ ചോറാണ്, ഇതിൽ നിന്നാണ് തനിക്കുള്ള ചോറ് വരുന്നത്. അതുകൊണ്ട് അതിനായി കൂറു ചെലുത്തുമെന്നും തച്ചങ്കരി പറഞ്ഞു. ജീവനക്കാരൂടെ കൂട്ടായ പരിശ്രമം കൊണ്ടാണ് കെഎസ്ആർടിസിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ കൂടുതൽ മനസലാക്കാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി കെഎസ്ആർടിസി ബസ് ഡ്രൈവറുടെ റോളാകും തച്ചങ്കരി ഏറ്റെടുക്കുക. എല്ലാ എംഡിമാരും ഇത്തരത്തിൽ ജീവനക്കാർക്കൊപ്പം ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് തച്ചങ്കരി വ്യക്തമാക്കിയത്.

കെഎസ്ആർടിസിയെ നവീകരിക്കാനും ലാഭത്തിലാക്കാനും വേണ്ടിയുള്ള പരിശ്രമത്തിൽ മുന്നോട്ടു പോകുന്ന തച്ചങ്കരി ജീവനക്കാരെ കൂടി മുഖവിലയ്ക്കെടുത്തുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ന് മോണിങ് ഷിഫ്റ്റിൽ ജോലി തുടങ്ങിയ അദ്ദേഹം വൈകുന്നേരം വരെ ജോലിയിൽ തുടരും. തലസ്ഥാനത്ത് പ്രധാന ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരാതിയും നിർദ്ദേശങ്ങളും മാനേജിങ് ഡയറക്ടറെ നേരിട്ട് അറിയിക്കാനുള്ള അവസരം കൂടി ഇന്നുണ്ട്. വൈകുന്നേരം നാല് മണി വരെ അദ്ദേഹം സ്ഥലത്തുണ്ടാകും. ഒരു ബസ് സ്റ്റാൻഡിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് ബസുകൾ യാത്ര തിരിക്കുന്നതും ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണം അടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസി സിഎംഡി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.

കോർപ്പറേഷനെ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തിൽ സാധാരണക്കാരായ ജനങ്ങളിൽ നിന്നും കൂടുതൽ നിർദ്ദേശങ്ങൾ സ്വീകരിക്കാനുമുള്ള അവസരമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. ഇതിന് മുമ്പ് കണ്ടക്ടറുടെ റോളും ഭംഗിയായി നിർവഹിച്ചും ടോമിൻ തച്ചങ്കരി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്ന് സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടറായാണ് അദ്ദേഹം എത്തിയത്. കണ്ടക്ടർ ലൈസൻസ് എടുത്ത ശേഷം തന്നെയായിരുന്നു ആ ജോലി ഏറ്റെടുത്തത്. അന്ന് മൂന്ന് മണിക്കൂറായിരുന്നു തച്ചങ്കരി കണ്ടക്ടർ വേഷം കെട്ടിയത്. തിരുവല്ല മുതൽ തിരുവനന്തപുരം വരെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നീല യൂണിഫോം അണിഞ്ഞു ടിക്കറ്റ് റാക്കും പണം സൂക്ഷിക്കുന്ന സഞ്ചിയും കക്ഷത്തിൽ വച്ച് യാത്രക്കാർക്കിടയിലൂടെ തിക്കി തിരക്കിയുള്ള ഡിജിപിയുടെ യാത്ര ഏറെ കൗതുകം ഉണർത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അദ്ദേഹം സ്‌റ്റേഷൻ മാസ്റ്ററുടെ റോളും ഏറ്റെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP