Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദങ്ങളുടെ മേമ്പൊടിയുണ്ടെങ്കിലും ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നതിൽ മിടുക്കൻ; മെയ് 31 ന് വിരമിച്ച മൂന്ന് പ്രമുഖരിൽ മുൻ ചീഫ് സെക്രട്ടറിക്ക് മാത്രം വീണ്ടും നിയമനം; ടോം ജോസ് ഉൾനാടൻ ജലഗതാഗത കോർപറേഷൻ ചെയർമാൻ; വിരമിക്കുന്നതിന് മുമ്പുണ്ടായ ഹെലികോപ്ടർ വിവാദം ചിരിച്ചുതള്ളിയ ഉദ്യോഗസ്ഥൻ ഉടൻ പദവികൾ സ്വീകരിക്കില്ലെന്ന് സൂചിപ്പിച്ചെങ്കിലും ഇനിയും വിശ്രമമില്ലാത്ത നാളുകൾ തന്നെ

വിവാദങ്ങളുടെ മേമ്പൊടിയുണ്ടെങ്കിലും ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നതിൽ മിടുക്കൻ; മെയ് 31 ന് വിരമിച്ച മൂന്ന് പ്രമുഖരിൽ മുൻ ചീഫ് സെക്രട്ടറിക്ക് മാത്രം വീണ്ടും നിയമനം; ടോം ജോസ് ഉൾനാടൻ ജലഗതാഗത കോർപറേഷൻ ചെയർമാൻ; വിരമിക്കുന്നതിന് മുമ്പുണ്ടായ ഹെലികോപ്ടർ വിവാദം ചിരിച്ചുതള്ളിയ ഉദ്യോഗസ്ഥൻ ഉടൻ പദവികൾ സ്വീകരിക്കില്ലെന്ന് സൂചിപ്പിച്ചെങ്കിലും ഇനിയും വിശ്രമമില്ലാത്ത നാളുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെയ് 31 ന് സർക്കാർ സർവീസിൽ നിന്നും വിരമിച്ച 10,919 പേരിൽ മൂന്നുപേരായിരുന്നു പ്രമുഖർ. ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപിയും ഫയർഫോഴ്‌സ് ഡയറക്ടർ ജനറലുമായിരുന്ന എ.ഹേമചന്ദ്രൻ, ഡിജിപിയുമ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ജേക്കബ് തോമസ് എന്നിവരാണ് വിരമിച്ചത്. മൂവരിൽ ജേക്കബ് തോമസും സർക്കാരും തമ്മിലുള്ള പിണക്കം എല്ലാവർക്കും അറിയാം. ഹേമചന്ദ്രൻ സാർ പോയപ്പോൾ സഹപ്രവർത്തകരെല്ലാം വിഷമിച്ചു. എന്നാൽ, ടോം ജോസാകട്ടെ വിരമിക്കും മുമ്പേ തന്നെ വീണ്ടും ഏതെങ്കിലും പദവിയിൽ എത്തുമെന്ന ശ്രുതിയുണ്ടായിരുന്നു. സർക്കാരിന്റെ അഭീഷ്ടത്തിന് ഒത്ത് നിൽക്കുന്ന ഉദ്യോഗസ്ഥനായതുകൊണ്ട് അതിൽ അത്ഭുതവും ഉണ്ടായില്ല. ടോം ജോസിന് പുതിയ നിയമനമായി. ഉൾനാടൻ ജലഗതാഗത കോർപറേഷൻ ചെയർമാൻ.ശമ്പളമില്ലാതെയാണ് നിയമനം. ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച ശേഷം പെൻഷൻ ലഭിക്കുന്നതിനാലാണിത്. ഓഫിസ് ചെലവുകൾ, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നിവ സർക്കാർ നൽകും.

അതേസമയം, വിരമിച്ചതിന് ശേഷം ടോം ജോസിനെ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ചുമതല ഏൽപിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മുൻചീഫ് സെക്രട്ടറിക്ക് അതിൽ താൽപര്യമില്ലായിരുന്നു. നിർദ്ദിഷ്ട ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനിയുടെ തലപ്പത്തേക്കും ടോം ജോസിന്റെ പേര് കേട്ടിരുന്നു. എന്നാൽ, വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എയർപോർട്ട് തൊഴിലാളി യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചതോടെ, ഇതിന് തടസ്സമായി. നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ തലപ്പത്തേക്കും ടോം ജോസിന്റെ പേര് ഉയർന്നുവന്നിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന് പ്രിയങ്കരനാണ് ടോം ജോസ്.

ടോംജോസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ ഹൃദയംതുറന്ന് വാഴ്‌ത്തി. ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര അയപ്പ് ചടങ്ങിൽ പറയുകയുണ്ടായി. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവർത്തിക്കാൻ ഇടവന്നിട്ടുണ്ടാകില്ല. അർപ്പണബോധം, കാര്യക്ഷമത, ആത്മാർഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാൻ ടോംജോസിന് തുണയായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിരമിക്കുന്നതിന് ഒരുനാൾ മുമ്പും വിവാദം

വിരമിക്കുന്നതിന് ഒരുനാൾ മുമ്പ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മറ്റ് ഏതാനും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഒപ്പം നടത്തിയ ഹെലികോപ്ടർ യാത്രയാണ് വിവാദത്തിലായത്.

കാലവർഷത്തിൽ നിലയ്ക്കലിലെ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ വിലയിരുത്താനായിരുന്നു ഹെലികോപ്ടർ യാത്ര എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ പ്രളയകാലത്ത് പമ്പയിൽ നിന്ന് മണലെടുത്തതുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുകയും യാത്രയുടെ ലക്ഷ്യമായിരുന്നു. എന്നാൽ, ഇതൊരു ഉല്ലാസ സവാരിയായിരുന്നു എന്നാണ് റിപ്പോർട്ട്. ശബരിമല വിമാനത്താവളത്തിനായുള്ള നിർദ്ദിഷ്ട ചെറുവള്ളി എസ്റ്റേറ്റിന്റെ ഭാഗം വ്യോമനിരീക്ഷണം നടത്തിയെന്നും പറയുന്നു. വെള്ളപ്പൊക്കം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഹെലികോപ്ടർ സവാരിയെന്നാണ് ഡിജിപിയുടെ വിശദീകരണം. പിന്നീട് പമ്പയിലെ മണലെടുപ്പിനെ മുഖ്യമന്ത്രി ന്യായീകരിച്ചെങ്കിലും ദേശീയ ഹരിത ട്രൈബ്യുണലും മറ്റും ഇടപെട്ടതോടെ മണൽ പുറത്തേക്ക് കൊണ്ടുപോകുന്നത് വേണ്ടെന്ന് വയക്കുകയും ചെയ്തു. വിവാദം ടോംജോസ് ചിരിച്ചുതള്ളിയിരുന്നു. തന്റെ സർവീസിന്റെ അവസാന ദിവസം ഉല്ലാസ സവാരി നടത്തിയെന്ന വാർത്ത ചിരിച്ചുതള്ളേണ്ടത് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിരമിക്കലിന് ശേഷം പുതിയ പദവികൾ ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലൈന്നും കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അധികം വൈകാതെ തന്നെ പുതിയ പദവി അദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP