Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പാലിയേക്കര ടോൾ പ്ലാസയും സമ്പൂർണ ഫാസ് ടാ​ഗിലേക്ക്; ഇനി കാത്തുനിൽക്കാതെ കടന്നുപോകാം; ഇന്ധന ലാഭവും; ഡിസംബർ 31ഓടെ പൂർണമായും ഫാസ് ടാ​ഗിലേക്ക് മാറുമ്പോൾ അറിയണ്ടതെല്ലാം..

പാലിയേക്കര ടോൾ പ്ലാസയും സമ്പൂർണ ഫാസ് ടാ​ഗിലേക്ക്; ഇനി കാത്തുനിൽക്കാതെ കടന്നുപോകാം; ഇന്ധന ലാഭവും; ഡിസംബർ 31ഓടെ പൂർണമായും ഫാസ് ടാ​ഗിലേക്ക് മാറുമ്പോൾ അറിയണ്ടതെല്ലാം..

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പാലിയേക്കര ടോൾ പ്ലാസയും സമ്പൂർണ ഫാസ് ടാ​ഗിലേക്ക് മാറുന്നു. രാജ്യത്തെ ടോൾ പ്ലാസകളിൽ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് ഉറപ്പാക്കാൻ കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. ഉത്തരവ് നടപ്പാക്കുന്നതോടെ ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് ഫാസ്ടാഗ് ഉപയോഗിച്ചേ ഓടാനാവൂ. ഇതിന്റെ പ്രാരംഭമായി പുതിയതായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഡിസംബർ 31-നുമുൻപ് സമ്പൂർണ ഫാസ്ടാഗ്‌വത്‌കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോൾ പ്ലാസകളുടെ നടത്തിപ്പുചുമതലയുള്ള കൺസഷണർ കമ്പനികൾക്ക് നൽകിക്കഴിഞ്ഞു.

എല്ലാ ട്രാക്കുകളും ഫാസ്ടാഗ് ആകുമ്പോൾ സൗജന്യപാസ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾ ഇപ്പോഴും സർക്കാർ അനുവദിച്ച സൗജന്യ യാത്രാപാസ് ഉപയോഗിക്കുന്നുണ്ട്. സർക്കാർ നൽകുമെന്ന് പറഞ്ഞിരുന്ന ഇവരുടെ ടോൾത്തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആർക്കും ഒരു രൂപവുമില്ല. സൗജന്യപാസുകാരുടെ കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അതേസമയം, ടോൾ പ്ലാസയിലെ സാങ്കേതികത്തകരാറുകൾ പരിഹരിച്ച ഫാസ്ടാഗ് ട്രാക്കുകളിൽ വാഹനത്തിരക്ക് ഏറക്കുറെ പരിഹരിക്കാനായെന്ന് ടോൾ പ്ലാസ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എ.വി. സൂരജ് പറഞ്ഞു.

2019 ജൂലായിലെ ഉത്തരവ് പ്രകാരം 2020 ജൂൺമാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്ടാഗ് ആക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഡിസംബർ 31 വരെ നീട്ടിവെച്ചു.

എന്താണ് ഫാസ്ടാഗ്

പ്രീപെയ്ഡ് ശൈലിയിൽ ടോൾബൂത്തുകളിൽ പണമടയ്ക്കാതെ കടന്നുപോകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുൻകൂട്ടി പതിപ്പിക്കണം.

വാഹനങ്ങളിലെ ഫാസ്ടാഗിനെ ആർഎഫ്‌ഐഡി റീഡർ വഴി റീഡ് ചെയ്ത് അക്കൗണ്ടിലൂടെ ഡിജിറ്റൽ പണമിടപാട് നടത്തുകയാണ് ഇവിടെ. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടിൽ മുൻകൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇതു വഴി സാധ്യമാകുന്നു. രാജ്യത്തെ ഏത് ടോൾപ്ലാസയിലും ടോൾ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അഥോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ് ടാഗി‌ന്റെ നേട്ടങ്ങൾ

ടോൾ നൽകുന്നതിന് വാഹനങ്ങളുടെ കാത്തുനിൽപ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിർത്താതെതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓൺലൈൻ സേവനം വഴിയുള്ള ഇടപാട് ആയതിനാൽ പണം കയ്യിൽ കരുതേണ്ടതില്ല.

ഇലക്ട്രോണിക് ടോൾ കലക്‌ഷൻ സംവിധാനമായ ഫാസ്ടാഗിലൂടെ ടോൾബൂത്തുകളിലെ തിരക്ക് ഒഴിവാക്കി നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ വാഹനങ്ങൾക്ക് ടോൾപ്ലാസ മറികടക്കാം. ഇപ്പോൾ ഒരു വാഹനത്തിന് ടോൾബൂത്ത് മറികടക്കാൻ 15 സെക്കൻഡാണ് ദേശീയപാത അഥോറിറ്റി നിർദ്ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീർഘിക്കാറുമുണ്ട്. ഫാസ്ടാഗിൽ ഇത് മൂന്ന് സെക്കൻഡ്ഡായി ചുരുങ്ങും. നിലവിൽ ഒരു ടോൾ ബൂത്തിലൂടെ മണിക്കൂറിൽ 240 വാഹനങ്ങൾക്കു വരെ കടന്നുപോകാം. ഫാസ്ടാഗ് വരുന്നതോടെ 1200 വാഹനങ്ങൾക്കുവരെ കടന്നുപോകാനാകും.

ഫാസ്ടാഗ് എങ്ങനെ വാങ്ങാം

പുതിയ വാഹനങ്ങളിൽ ഡീലർ തന്നെ ഫാസ്ടാഗ് വച്ചു നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ ടോൾപ്ലാസകളിലും ഉപയോഗിക്കാവുന്ന, വാഹനങ്ങളിൽ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോൾപ്ലാസകളിൽനിന്നും മുൻനിര ബാങ്കുകളിൽനിന്നും വാങ്ങാം. മിക്ക ബാങ്കുകളും 500 രൂപയാണ് ഫാസ്ടാഗിന് ഈടാക്കുന്നത്. ഇതിൽ 200 രൂപ നിങ്ങളുടെ ടാഗ് അക്കൗണ്ടിൽ നിക്ഷേപിക്കും. ആർസി ബുക്കും ഉടമയുടെ ഐഡി പ്രൂഫും സമർപ്പിച്ചാൽ ഫാസ്ടാഗ് ലഭിക്കും. അഞ്ചുവർഷം കാലാവധിയാണ് ഫാസ്ടാഗ് അക്കൗണ്ടിനുള്ളത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ടിൽ ലോഗ്ഇൻ ചെയ്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം. ഉടൻ തന്നെ ഇതിനായി ഒരു ആപ്പും പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ഇളക്കി മറ്റൊരു വാഹനത്തിൽ പിടിപ്പിക്കാനാവില്ല.

വാഹനത്തിരക്ക് തുടരുന്നു

എന്നാൽ, ടോൾത്തുക നൽകിയും സൗജന്യപാസ് ഉപയോഗിച്ചും വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഹൈബ്രിഡ് ട്രാക്കുകളിൽ വലിയ വാഹനത്തിരക്ക് തുടരുകയാണ്. ജീവനക്കാരെ നിർത്തി ടാഗില്ലാത്ത വാഹനങ്ങളെ ഫാസ്ടാഗ് ട്രാക്കുകളിൽനിന്ന് മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. ടാഗിൽ ആവശ്യമുള്ള തുകയില്ലാത്ത പലവാഹനങ്ങളും ടോൾ ബൂത്തിന് മുന്നിലെത്തുമ്പോൾ മാത്രമേ സംഗതി അറിയുന്നുള്ളൂ. ടാഗിൽ തുകയില്ലാത്തവരിൽനിന്ന് ടോൾത്തുകയുടെ ഇരട്ടിയാണ് ഇപ്പോൾ പിഴയായി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് കമ്പനി നിർബന്ധമായി നടപ്പാക്കിവരുകയാണ്. ടാഗിൽ പണം ഉറപ്പാക്കേണ്ടത് വാഹനഉടമയുടെ ഉത്തരവാദിത്വമാണെന്നും പിഴയീടാക്കുന്നതിലൂടെ ദേശീയപാത അഥോറിറ്റിയുടെ നിർദ്ദേശമാണ് നടപ്പാക്കുന്നതെന്നും സി.ഒ.ഒ. അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP