Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നിന് പിറകേ ഒന്നായി ചീറി പായുന്ന മൂന്ന് ഫയർ എഞ്ചിനുകൾ; അതിന് പിന്നാലെ പായുന്ന പൊലീസ് ജീപ്പുകളും സബ് കലക്ടറുടെയും തഹസീൽദാരുടെയും ഔദ്യോഗിക വാഹനങ്ങളും ആംബുലൻസുകളും; ലൈഫ് ജാക്കറ്റുകൾ ധരിച്ച ആറ് അഗ്‌നിശമന സേനാംഗങ്ങൾ ബോട്ടിൽ കയറി അതിവേഗം മറുകര ലക്ഷ്യമാക്കി തുഴച്ചിലും; ഗർഭിണികളും വയോധികരും അടങ്ങുന്ന നാൽപതോളം പേർ വെള്ളക്കെട്ടിൽ വീണതായ വിവരം കേട്ട് നടുങ്ങി നാട്ടുകാർ; തിരുവല്ലയിലെ മോക്ക് ഡ്രിൽ ഇങ്ങനെ

എസ് രാജീവ്

തിരുവല്ല : ഒന്നിന് പിറകേ ഒന്നായി ചീറി പായുന്ന മൂന്ന് ഫയർ എഞ്ചിനുകൾ..അതിന് പിന്നാലെ പായുന്ന പൊലീസ് ജീപ്പുകളും സബ് കലക്ടറുടെയും തഹസീൽദാരുടെയും ഔദ്യോഗിക വാഹനങ്ങളും ആംബുലൻസുകളും... ഈ കാഴ്ച കണ്ടവർ കണ്ടവർ ബൈക്കിലും ഓട്ടോ റിക്ഷയിലുമൊക്കെയായി വാഹനങ്ങൾക്ക് പിന്നാലെ പാഞ്ഞു.

കിലോമീറ്ററുകൾ നീണ്ട മരണപ്പാച്ചിലിനൊടുവിൽ ഫയർ ഫോഴ്‌സ് അടങ്ങുന്ന സംഘം എത്തിച്ചേർന്നത് പെരിങ്ങര പഞ്ചായത്തിലെ മുട്ടാർ കോൺകോഡ് കടവിൽ. ചെന്ന പാടേ കൊണ്ടുവന്ന രണ്ട് ലൈഫ് ബോട്ടുകൾ നദിയിലേക്കിട്ട് ലൈഫ് ജാക്കറ്റുകൾ ധരിച്ച ആറ് അഗ്‌നിശമന സേനാംഗങ്ങൾ ബോട്ടിൽ കയറി അതിവേഗം മറുകര ലക്ഷ്യമാക്കി തുഴഞ്ഞു. ആറിനക്കരെയുള്ള തുരുത്തിൽ ഗർഭിണികളും വയോധികരും അടങ്ങുന്ന നാൽപതോളം പേർ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നതായും അതിലൊരാൾ വെള്ളത്തിൽ വീണതായി സംശയിക്കുന്നതായും അവരെ രക്ഷപെടുത്തുന്നതിനാണ് തങ്ങൾ എത്തിയതെന്നും ഇതിനിടെ ഉദ്യോഗസ്ഥർ സ്ഥലത്ത് തടിച്ചു കൂടിയവരെ അറിയിച്ചു.

പിന്നീടുള്ള അര മണിക്കൂറോളം നേരം കാഴ്ചക്കാരായി നിലയുറപ്പിച്ച അമ്പതിലധികം പേർക്ക് ഉദ്യേഗത്തിന്റെ നിമിഷങ്ങൾ. സംഭവ സ്ഥലത്ത് തടിച്ചു കൂടിയവർ ഇതിനിടെ സ്ഥലത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. ഈ ദൃശ്യങ്ങൾ മിനിട്ടുകൾക്കക്കം തിരുവല്ലയിലെ പ്രമുഖ ഫേസ് ബുക്ക് പേജുകളിലും വാട്ട്‌സപ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചു. .വെള്ളത്തിൽ വീണ് മൂന്ന് യുവാക്കൾ മരിച്ചതായ കരക്കമ്പിയും നാട്ടിൽ പ്രചരിച്ചു. സംഭവമറിഞ്ഞ് കൂടുതൽ ആൾക്കാർ സ്ഥലത്തേക്ക് എത്തിയതോടെ കോവിഡ് ജാഗ്രതയുടെ ഭാഗമായി പാഞ്ഞെത്തിയവരെ വിരട്ടിയോടിച്ച് പൊലീസും.

രണ്ട് മണിക്കൂറിലേറെ നേരം തിരുവല്ലാക്കാരെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തിയ സംഭവങ്ങൾക്ക് ക്ലൈമാക്‌സ് ആയത്
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ (ഐ.ആർ.എസ്) ഭാഗമായി ജില്ലാ ഭരണകൂടവും ഫയർ ഫോഴ്‌സും ചേർന്നൊരുക്കിയ മോക്ഡ്രിൽ ആണിതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതോടെ. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു തിരുവല്ലാക്കാരെ അങ്കലാപ്പിലാക്കിയ സംഭവ പരമ്പരകൾ അരങ്ങേറിയത്. വെള്ളപ്പൊക്ക സാധ്യതപ്രദേശങ്ങളിൽ സേനകളെ സജ്ജമാക്കാൻ നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തിയ പ്രതീകാത്മക രക്ഷാപ്രവർത്തനങ്ങളാണ് നാട്ടുകാർക്കിടയിൽ ആശങ്ക ജനിപ്പിച്ചത്. മോക്ഡ്രില്ലിന്റെ ഭാഗമായി കോൺകോഡ് കടവിൽ നടന്ന സംഭവങ്ങൾ ഇങ്ങനെ...നദിക്കക്കരെയുള്ള തുരുത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ ഓരോരുത്തരെയായി വിവിധ സേന യൂണിറ്റുകൾചേർന്ന് കരയിലെത്തിച്ചു.

അടിയന്തര വൈദ്യസഹായമുള്ളവർ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. പൊലീസ്, ഫയർഫോഴ്സ് അടക്കമുള്ള വിവിധ സേനകളുടെ രക്ഷാപ്രവർത്തനമറിഞ്ഞ് തിരുവല്ല, കാവുംഭാഗം, പെരിങ്ങര ഭാഗത്തുള്ളവർ കോൺകോഡ് കടവിലേക്ക് പാഞ്ഞെത്തി. സംഗതി മോക്ഡ്രിൽ ആണെന്ന വിവരമറിഞ്ഞപ്പോഴാണ് പലർക്കും ആശ്വാസമായത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശത്ത്, വിവിധസേനകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു മോക്ഡ്രിൽ നടത്തിയത്.

തിരുവല്ല സബ് കലക്ടർ വിനയ് ഗോയൽ , തഹസീൽദാർ മിനി കെ തോമസ്, ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ്, തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ ഭാഗമായുള്ള മോക്ഡ്രില്ല്. 2018 ലെ മഹാപ്രളയത്തിൽ വലിയ ദുരിതമനുഭവിച്ച മേഖലയാണ് തിരുവല്ല താലൂക്കിലെ പെരിങ്ങര, കാവുംഭാഗം, നെടുമ്പ്രം പ്രദേശങ്ങൾ. അതിനാലാണ് പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കോൺകോഡ് കടവുതന്നെ മോക്ക്ഡ്രില്ലിനായി തിരഞ്ഞെടുത്തതെന്ന് റവന്യൂ അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP