Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

ആരാണ് ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടൻ? ആകാംക്ഷാഭരിതരായി ടിനി ടോമിന് ആരാധകരുടെ സന്ദേശം; ആരാണെന്ന് അറിയാൻ നിങ്ങളുടെ ഫോൺ നമ്പർ ഇൻബോക്‌സ് ചെയ്യാൻ ടിനി; മറുപടി ലഹരിക്ക് എതിരെ പോരാടുന്ന നടനെ പിന്തുണച്ച് ഉമ തോമസ് കുറിപ്പിട്ടപ്പോൾ

ആരാണ് ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടൻ? ആകാംക്ഷാഭരിതരായി ടിനി ടോമിന് ആരാധകരുടെ സന്ദേശം; ആരാണെന്ന് അറിയാൻ നിങ്ങളുടെ ഫോൺ നമ്പർ ഇൻബോക്‌സ് ചെയ്യാൻ ടിനി;  മറുപടി ലഹരിക്ക് എതിരെ പോരാടുന്ന നടനെ പിന്തുണച്ച് ഉമ തോമസ് കുറിപ്പിട്ടപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ടിനി ടോം ഈയിടെ പൊതു വേദിയിൽ എല്ലാം തുറന്നടിച്ചത് പലരെയും ഞെട്ടിച്ചിരുന്നു. ചിലരൊക്കെ ടിനിക്ക് എതിരെ വിമർശനവുമായി രംഗത്ത് എത്തി. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞിരുന്നു. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

'സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 161-8 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു'' ടിനി ടോം പറഞ്ഞു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി ടിനി ടോമിന്റെ ഈ വാക്കുകളാണ് പലരെയും ചൊടിപ്പിച്ചത്.

ആരാണ് ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടൻ എന്നായി മിക്കവരുടെയും ആകാംക്ഷ. ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടൻ ആരാണെന്നറിയണമെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ തന്റെ ഇൻബോക്‌സിൽ അയക്കാൻ ടിം ടോം. ടിനിയെ പിന്തുണച്ച് ഉമ തോമസ് എംഎൽഎ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജിൽ ഷെയർ ചെയ്തപ്പോഴും നിരവധിപേർ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് 'നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്‌സിൽ അയക്കൂ അത് ഞാൻ എക്സൈസിന് നൽകാം അവർ നടന്റെ പേര് നിങ്ങൾക്ക് പറഞ്ഞുതരും' എന്ന് ടിനി കമന്റ് ചെയ്തത്.

ടിനിയ്‌ക്കെതിരെ സിനിമാരംഗത്തുള്ള നിരവധിപേരാണ് രംഗത്തെത്തിയത്. ലഹരി പേടിച്ച് മകനെ സിനിമയിലേയ്ക്ക് വിടാൻ ടിനിക്ക് ഭയമാണെങ്കിൽ സ്‌കൂളിലേയ്ക്കും വിടാൻ കഴിയില്ലെന്നാണ് സംവിധായകൻ രഞ്ജൻ പ്രമോദ് പ്രതികരിച്ചത്. ടിനി ടോം ചെയ്യുന്നത് കാടടച്ച് വെടി വയ്ക്കുന്നപ്രവർത്തിയാണെന്നും, ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്നാണ് സംവിധായകനും നടനുമായ ജോയ് മാത്യു പ്രതികരിച്ചത്.

ലഹരി ആരും കുത്തിക്കയറ്രിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നുമാണ് ധ്യാൻ ശ്രീനിവാസൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.എന്നാൽ, കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ തെളിവാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകം എന്നാണ് ഉമ തോമസ് എംഎൽഎ പ്രതികരിച്ചത്. തനിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും ടിനി ടോം ഇക്കാര്യം വെളിപ്പെടുത്തിയത് സാമൂഹിക പ്രതിബദ്ധത മുൻ നിർത്തിയാണെന്നും ഈ വിഷയത്തിൽ അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ പൂർണ പിന്തുണ നൽകേണ്ടത് അനിവാര്യമാണ് എന്നും ഉമ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ സർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടനും അമ്മ എക്സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെ മൊഴിയെടുക്കാൻ എക്സൈസ് വകുപ്പ് വിളിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിലാണു മൊഴിയെടുക്കൽ. ടിനിയുടെ മൊഴി എടുത്ത ശേഷം ആന്റണി പെരുമ്പാവൂരിനേയും വിളിപ്പിക്കും. നടൻ ബാബു രാജിന്റെ വെളിപ്പെടുത്തലും ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഈ മൊഴികളിൽ ബാബുരാജ് പറയുന്നതാകും കൂടുതൽ നിർണ്ണായകം. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ ടിനി ടോം നടത്തുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക താരസംഘടനയുടെ കൈവശമുണ്ടെന്ന ആരോപണത്തിൽ നടൻ ബാബുരാജിനെയും എക്സൈസ് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും. ഗുരുതര ആരോപണമാണ് ബാബു രാജ് ഉന്നയിച്ചിട്ടുള്ളത്.

ലഹരി ഉപയോഗിക്കുന്നവരെ എല്ലാവർക്കും അറിയാം. പക്ഷെ, പട്ടിക തയാറാക്കിയിട്ടില്ലെന്നു വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നവരാൽ സിനിമാ മേഖല ബുദ്ധിമുട്ടുകയാണെന്നതു വാസ്തവമാണ്, എന്നാലും സംഘടന അത്തരമാളുകളുടെ പട്ടിക തയാറാക്കി സൂക്ഷിക്കുകയെന്നതു പ്രായോഗികമല്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. അതേസമയം, ലഹരി ഉപയോഗം ശരിയല്ലെന്നു മാത്രമേ ഈ ഘട്ടത്തിൽ പ്രതികരിക്കാനാകൂ എന്ന് എക്സിക്യൂട്ടീവ് അംഗം സുധീർ കരമന പറഞ്ഞു.

ലഹരി ഉപയോഗത്തെക്കുറിച്ചു ചർച്ചചെയ്ത അമ്മയുടെ കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകില്ലെന്നും സുധീർ വ്യക്തമാക്കി. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കാനാകില്ലെന്നു കഴിഞ്ഞ ദിവസം ഫെഫ്കയുമായുള്ള ചർച്ചയിൽ നിർമ്മാതാക്കൾ നിലപാടെടുത്തതോടെയാണു സിനിമാമേഖലയിലെ ലഹരി ഉപയോഗം വീണ്ടും സജീവ ചർച്ചയായത്. ഇതിനിടെയാണ് ബാബുരാജും ടിനു ടോമും പരസ്യമായ നിലപാടുകൾ എടുത്തത്. ഇതോടെ ഇവരിൽ നിന്നും എക്‌സൈസിന് വിവരം തേടേണ്ട സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കുമെന്ന് പരസ്യമായി ടിനി ടോം പ്രഖ്യാപിക്കുന്നത്.

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിരവധി വിമർശനങ്ങളാണ് ഈയടുത്തായി ഉയരുന്നത്. മുതിർന്ന നടന്മാരും സംവിധായകരും അടക്കമുള്ളവർ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP