Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുരിതാശ്വസ സാമഗ്രികൾ ശേഖരിക്കാൻ തിരുവനന്തപുരത്തു നിന്നും എസ്.യു.വിയുമായി ഇറങ്ങിയ ടിനി ടോം കൊച്ചിയിൽ എത്തിയപ്പോൾ രണ്ട് മിനി ലോറി വിളിച്ചു; അരിച്ചാക്ക് ചുമന്നും തന്നാലാവുന്ന സഹായങ്ങളേകിയും ടൊവിനോ; ജിഎൻപിസിക്കൊപ്പം കൈകോർത്ത് സാമഗ്രികൾ എത്തിച്ച് ജോജു; ദുരിതത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളെ വിളിച്ച് സഹായം എത്തിച്ച് മമ്മൂട്ടിയും മോഹൻലാലും: പ്രളയദുരിതത്തെ അതിജീവിക്കാൻ സിനിമാലോകം കൈകോർക്കുന്നത് ഇങ്ങനെ

ദുരിതാശ്വസ സാമഗ്രികൾ ശേഖരിക്കാൻ തിരുവനന്തപുരത്തു നിന്നും എസ്.യു.വിയുമായി ഇറങ്ങിയ ടിനി ടോം കൊച്ചിയിൽ എത്തിയപ്പോൾ രണ്ട് മിനി ലോറി വിളിച്ചു; അരിച്ചാക്ക് ചുമന്നും തന്നാലാവുന്ന സഹായങ്ങളേകിയും ടൊവിനോ; ജിഎൻപിസിക്കൊപ്പം കൈകോർത്ത് സാമഗ്രികൾ എത്തിച്ച് ജോജു; ദുരിതത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളെ വിളിച്ച് സഹായം എത്തിച്ച് മമ്മൂട്ടിയും മോഹൻലാലും: പ്രളയദുരിതത്തെ അതിജീവിക്കാൻ സിനിമാലോകം കൈകോർക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയദുരിതത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന വേളയാണ് ഇപ്പോൾ. മലയാള സിനിമയുടെ മിന്നും താരങ്ങളെല്ലാം ഇക്കുറിയും സഹായങ്ങളുമായി രംഗത്തുണ്ട്. ചിലർ ഒറ്റയ്ക്കും മറ്റുചിലർ സംഘടനകളുമായും ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ സ്വന്തം കാറിൽ സഞ്ചരിച്ചു പ്രളയബാധിതർക്കായി സാമഗ്രികൾ സ്വരൂപിച്ച് നടൻ ടിനി ടോമും ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ രംഗത്തിറങ്ങി. എന്നാൽ, സഹജീവികളെ സഹായിക്കുന്ന കാര്യത്തിൽ മറ്റെല്ലാവരെയും കടത്തിവെട്ടിക്കളഞ്ഞു മലയാളികൾ. ഒരു എസ് യുവിയുമായി ഇറങ്ങിയ ടിനി ടോമിന് സാധനങ്ങൾ ഇഷ്ടംപോലെ ലഭിച്ചതോടെ രണ്ട് മിനിലോറി വിളിക്കേണ്ടി വന്നു.

ഇന്നലെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂർ എംപി തുടക്കം കുറിച്ച യാത്ര രാത്രി എട്ടിന് എറണാകുളത്തെത്തിയപ്പോൾ സ്വന്തം എസ്യുവി നിറഞ്ഞതിനാൽ മറ്റ് രണ്ട് മിനി ലോറികൾ കൂടി പിടിച്ചാണ് സാമഗ്രികൾ എത്തിച്ചത്. ശേഖരിച്ച സാധനങ്ങൾ രാത്രി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അൻപോട് കൊച്ചിയുടെ കലക്ഷൻ സെന്ററിനു കൈമാറി. നടൻ ഇന്ദ്രജിത്താണ് സാധനങ്ങൾ ഏറ്റുവാങ്ങിയത്. ഇന്ദ്രജിത്തും പൂർണിമയുമാണ് അൻപോട് കൊച്ചിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫേസ്‌ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്. സുഹൃത്തുക്കളായ മനു, യാസിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിൽ നൽകിയിരുന്ന ഫോൺ നമ്പറിലേക്ക് സഹായ വാഗ്ദാനവുമായി നിരവധി വിളികളെത്തി. ദേശീയപാതയിലൂടെയുള്ള യാത്രയിൽ അവരെല്ലാം വിവിധ കേന്ദ്രങ്ങളിലായി സാധനങ്ങൾ എത്തിച്ചു. 'പാവപ്പെട്ടവരാണ് സാധനങ്ങളുമായി കാത്തുനിന്നത്. ആലപ്പുഴയിൽ ഏഴാം ക്ലാസുകാരൻ അമ്മയോട് പറഞ്ഞ് ഒരു കിറ്റ് സാധനങ്ങളുമായെത്തി. ദുരിതം അനുഭവിക്കുന്നവരോടുള്ള അവരുടെയെല്ലാം കരുതൽ വിലമതിക്കാനാവാത്തതാണ്'- ടിനി പറഞ്ഞു.

ടിനി ടോമിന് പുറമേ നിരവധി സിനിമാ താരങ്ങളാണ് സഹായങ്ങളുമായി ഇക്കുറിയും രംഗത്തിറങ്ങിയിട്ടുള്ളത്. ദുരന്തമുഖത്ത് സഹജീവികൾക്ക് കരുത്തും കരുതലും സഹായവുമെത്തിക്കേണ്ട സമയമാണെന്ന് ഉറച്ച്, അരിച്ചാക്ക് ചുമന്നും തന്നാലാവുന്ന സഹായങ്ങളേകിയും പ്രളയമുഖത്ത് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ. നിലമ്പൂരിലേയും വയനാട്ടിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്വന്തം നിലയിൽ ടൊവിനോ എത്തിച്ചത് ഒരു ലോഡ് സാധനങ്ങളാണ്. സാധനങ്ങൾ ലോറിയിൽ കയറ്റാനും മറ്റും കൂടെയുള്ളവർക്കൊപ്പം മടി കൂടാതെ സഹകരിക്കുന്ന ടൊവിനോയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ പ്രളയമുഖത്തുും അരിച്ചാക്ക് ചുമന്നും ആളുകളെ സഹായിച്ചുമെല്ലാം തന്റെ നാട്ടുകാർക്കൊപ്പം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു ടൊവിനോ. ജന്മനാടായ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ താരം പങ്കാളിയായതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഒപ്പം പ്രളയത്തിൽ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് ആവശ്യമെങ്കിൽ വീട്ടിലേക്ക് വരാം, വീട് സുരക്ഷിതമാണെന്ന് ടൊവിനോ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയകാലത്തും നാട് ദുരിതക്കയത്തിലായപ്പോൾ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടുകൊടുക്കാൻ ടൊവിനോ തയ്യാറായിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ടൊവിനോ നടത്തിയ സേവനങ്ങൾ സിനിമാ പ്രമോഷനു വേണ്ടിയാണെന്ന രീതിയിലുള്ള ആരോപണങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ' കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഇടാതിരുന്നത്. അതിട്ടാൽ, അതും ഞാൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പറഞ്ഞുകൊണ്ട് കുറെ പേര് വരും, ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let's stand together and survive.' തനിക്കു നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് ടൊവിനോ ഫേസ്‌ബുക്ക് പോസ്റ്റിലും പരാമർശിച്ചിരുന്നു.

എന്നാൽ അത്തരം ട്രോളുകളെയും കളിയാക്കലുകളെയും ഒന്നും ഗൗനിക്കാതെ സഹജീവികളോട് അനുകമ്പയോടെ പെരുമാറുകയും സഹായഹസ്തങ്ങൾ നീട്ടുകയും പ്രളയകേരളത്തിനൊപ്പം നിൽക്കുകയും ചെയ്യുന്ന ടൊവിനോയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ടൊവിനോ മാത്രമല്ല,ജോജു, സണ്ണി വെയ്ൻ, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ, മുഹ്‌സിൻ പരാരി, റിമ കല്ലിങ്കൽ, സജിത മഠത്തിൽ, ഡബ്ല്യുസിസി പ്രവർത്തകർ തുടങ്ങി നിരവധിയേറെ പേർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാണ്.

ഫേസ്‌ബുക്ക് കൂട്ടായ്മയായ ജിഎൻപിസിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച മൂന്ന് ലോഡ് അവശ്യ സാധനങ്ങൾ നിലമ്പൂരിൽ എത്തിക്കുകയായിരുന്നു നടൻ ജോജു ജോർജ്ജും സംഘവും ചെയ്തത്. ഫേസ്‌ബുക്കിലെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ ജിഎൻപിസിയുടെ (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) നേതൃത്വത്തിൽ ജോജുവിനൊപ്പം ഗ്രൂപ്പ് അഡ്‌മിൻ അജിത്തും ചേർന്നാണ് അവശ്യ സാധനങ്ങൾ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ഗ്രൂപ്പ് അംഗങ്ങൾ ദുരിതബാധിതർക്കായി സമാഹരിച്ച് എത്തിക്കുന്നത്.

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കലക്ഷൻ സെന്ററുകൾ ജിഎൻപിസി സാധനങ്ങൾ ശേഖരിച്ചത്. വിവിധ ജില്ലകളിൽ നിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോർജും നടൻ ബിനീഷ് ബാസ്റ്റിനും നേതൃത്വം നൽകി. അതിനിടെ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരണപ്പട്ടവരുടെ കുടുംബങ്ങളെ വിളിച്ച് സഹായം അറിയിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാംപിൽ നിന്ന് രക്ഷാപ്രവർത്തനത്തിനു പോയപ്പോൾ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് എറഞ്ഞിരക്കാട്ട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് നടൻ ജയസൂര്യ 5 ലക്ഷം രൂപ കൈമാറി. ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച ജയസൂര്യ എന്താവശ്യത്തിനും കൂടെയുണ്ടാവുമെന്നും അറിയിച്ചു. ഈ കുടുംബത്തിൽ വീടു വെച്ചു നൽകുമെന്നാണ് മോഹൻലാലിന്റെ വാഗ്ദാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP