Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഇറ്റലിയിലെ വാർത്തകൾ കണ്ട് ഞെട്ടേണ്ട; ഞങ്ങൾക്കും കൊറോണ വന്നതാണ്; ഈ രോഗം ഒരു വലിയ സംഭവം ഒന്നുമല്ല; ഇറ്റലിയിലെ പല മലയാളികൾക്കും രോഗം വന്നിട്ടുണ്ട്; രോഗം വന്നാൽ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്: കൊറോണ ബാധിച്ച ഈ മലയാളിക്കും ഭാര്യയ്ക്കും പറയാനുള്ളത് ഇങ്ങനെയൊക്കെ

ഇറ്റലിയിലെ വാർത്തകൾ കണ്ട് ഞെട്ടേണ്ട; ഞങ്ങൾക്കും കൊറോണ വന്നതാണ്; ഈ രോഗം ഒരു വലിയ സംഭവം ഒന്നുമല്ല; ഇറ്റലിയിലെ പല മലയാളികൾക്കും രോഗം വന്നിട്ടുണ്ട്; രോഗം വന്നാൽ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്: കൊറോണ ബാധിച്ച ഈ മലയാളിക്കും ഭാര്യയ്ക്കും പറയാനുള്ളത് ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻ

ലോകം മുഴുവനും കത്തിപ്പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന കൊലയാളി വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോൾ മലയാളികൾ. ദിവസം തോറും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്നതിന് അനുസരിച്ച് മലയാളികളുടെ നെഞ്ചിടിപ്പും കൂടുകയാണ്. കൊറോണ ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. ദിവസവും 500ന് മുകളിൽ മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇറ്റലിയിലെ ഒരു മലയാളി യുവാവ് കൊറോണയെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

ഇറ്റലിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ടിനു എം. സിമി എന്ന യുവാവാണ് തനിക്കും ഭാര്യയ്ക്കും കൊറോണ പിടിപെട്ടതായി വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് ടിനു തന്റെ കൊറോണ രോഗത്തെ കുറിച്ചും മലയാളികൾ അത്രമേൽ ഭയപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത വടക്കൻ ഇറ്റലിയിലെ റെജിയോ എമിലിയ എന്ന സ്ഥലത്തെ ഓൾഡ് ഏജ് ഹോമിലെ ജീവനക്കാരാണ് ടിനുവും ഭാര്യയും. കെയർ ഹോമിലെ ഒരു ഹാർട്ട് പേഷ്യന്റുമായി നിരന്തരമുണ്ടായ സമ്പർക്കമാണ് ഇരുവർക്കും കൊറോണ സമ്മാനിച്ചത്. കൊറോണയെ കുറിച്ച് ടിനു പറയുന്നത് ഇങ്ങനെ.

മരിച്ചവരിൽ ഏറെയും പ്രായം ചെന്നവരാണ്, ചെറുപ്പക്കാർ വളരെ കുറവ്. നമ്മുടെ നാട്ടിലേതു പോലെയല്ല ഇവർ മിക്കവരും താമസിക്കുന്നത് വൃദ്ധസദനങ്ങളിൽ ആണ്. 800 ആളുകൾ വരെ താമസിക്കുന്ന വൃദ്ധസദനങ്ങൾ ഉണ്ട്. ഇതാണ് പ്രശ്‌നം. ടിനുവും ഭാര്യയും ജോലി ചെയ്യുന്ന വൃദ്ധസദനത്തിലെ രോഗിയിൽ നിന്നാണ് രണ്ടു പേർക്കും രോഗം പകർന്നിട്ടുള്ളത്. ഇരുവരോടും വീട്ടിൽ വിശ്രമിക്കാണ് ആരോഗ്യ വിദഗ്ദർ പറഞ്ഞിരിക്കുന്നത്. മെഡിക്കൽ ടീം വീട്ടിൽ വന്ന് ആവശ്യമായ നിർദ്ദേശങ്ങൾ തരും. മെഡിക്കൽ അസിസ്റ്റൻസ് വേണമെങ്കിൽ അതും തരും. വീട്ടിൽതന്നെ ഇരിക്കുന്നതാണ് നമ്മൾക്കും രാജ്യത്തിനും നല്ലത്.

ആദ്യം വൈഫിനാണ് ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പനിയോടെ ചെറിയ ശ്വാസം മുട്ടൽ പോലെയുള്ള ഒരു അവസ്ഥയായിരുന്നു. അവൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിന്റെ അടുത്ത ദിവസം എനിക്ക് അതിനേക്കാൾ കൂടുതലായി രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ശക്തിയായ വരണ്ട ചുമ, ശ്വാസം മുട്ടലോടെയായിരുന്നു തുടക്കം. രാത്രിയോടെ പനിയും ആയി.(ചുമ, ശ്വാസം മുട്ടൽ, പനി, അരുചി തോന്നുക ഇവയാണ് കൊറോണയുടെ ലക്ഷണങ്ങൾ, ചിലരിൽ ശരീര വേദനയും ഉണ്ടാകാം) രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതുകൊണ്ട് വിളിച്ചു പറഞ്ഞപ്പോൾ കുട്ടികളുടെ കോണ്ടാക്ട് ഒഴിവാക്കി വീട്ടിലിരുന്നു കൊള്ളാൻ അവർ നിർദ്ദേശം തന്നു. മെഡിക്കൽ ടീം വീട്ടിലെത്തി സ്വാബ് ശേഖരിക്കുകയായിരുന്നു.

നിലവിൽ ആറും രണ്ടും വയസ്സുള്ള കുട്ടികൾ സുഖമായിരിക്കുന്നു. രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. അവരെ അടുത്തു വരുന്നതിൽ നിന്നും മാറ്റി നിർത്താൻ കഴിയുന്നതും ഞങ്ങൾ രണ്ടാളും ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗൗരവമറിയാത്ത കുഞ്ഞുമക്കൾ ഇതിനോട് ഒട്ടും സഹകരിക്കുന്നില്ല. പിന്നെ മാസ്‌ക്, മെിശശ്വേലൃ ഒക്കെ വച്ച് തൽക്കാലം അഡ്ജസ്റ്റ് ചെയ്തുപോകുന്നു.

ഇറ്റലിയിലെ മലയാളികൾ മിക്കവരും ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. ചിലർക്കൊക്കെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അവർ മിക്കവരും വീടുകളിൽ ഐസൊലേഷനിൽ ആണ്. പരിചയക്കാരിൽ ഒരാൾ മാത്രമാണ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആയിട്ടുള്ളൂ. രോഗം ഭേദമായിട്ട് തിരിച്ചു ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ എല്ലാവരും. ഇവിടുത്തെ കാര്യങ്ങൾ കേട്ടിട്ട് നാട്ടിൽ ആരും പേടിക്കേണ്ട. ആരോഗ്യമുള്ള ശരീരത്തിൽ കൊറോണ വൈറസിനു വലിയ ആഘാതങ്ങൾ ഒന്നും വരുത്താൻ സാധിക്കില്ല എന്നാണ് ടിനു പറയുന്നത്.

വീട്ടിലെ ദൈനംദിന കാര്യങ്ങൾ ഒക്കെ തന്നെയും ഭംഗിയായി നടക്കുന്നുണ്ട്. എന്റെ അസുഖവിവരം പറഞ്ഞു ഡോക്ടറുടെ ക്ലിനിക്കിലേക്ക് ഫോൺ ചെയ്തപ്പോൾ പ്രിസ്‌ക്രിപ്ഷൻ എഴുതിയ ഡോക്ടർ അത് എന്റെ വീട്ടിൽ കൊണ്ടുതന്ന് സഹായിച്ചു. വീട്ടിലേക്ക് മരുന്നോ സൂപ്പർ മാർക്കറ്റിൽ നിന്നുള്ള സാധനങ്ങളോ വേണമെങ്കിൽ വാങ്ങാൻ സൗജന്യമായി സഹായിക്കുന്ന വോളന്റിയേഴ്‌സ് ഇവിടെയുണ്ട്. അവരുടെ കോണ്ടാക്ട് നമ്പറുകൾ എല്ലാ ബില്ഡിങ്ങുകളുടെയും താഴെ ഒട്ടിച്ചു വച്ചിട്ടുണ്ട്.

ഇറ്റലിയിൽ ഇത്രയും മരണ സംഖ്യ ഉയരാൻ ചില കാരണങ്ങളുണ്ട്. ലോകത്ത് ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും ആയുർദൈർഘ്യമുള്ള രാജ്യമാണ് ഏറ്റവും ശുദ്ധമായ ഭക്ഷണം ലഭിക്കുന്ന ഇറ്റലി. ഇവിടെ മിക്ക ആളുകളും മരിക്കുന്ന പ്രായം എന്നത് 90-95 ഒക്കെയാണ്. ഈ പ്രായത്തിൽ പെട്ടവർക്ക് കൊറോണ ബാധിച്ചാൽ എന്താവും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. കൊറോണ ബാധയേറ്റു മരണമടഞ്ഞ ചെറുപ്പക്കാരുടെ എണ്ണം ഇവിടെ തീരെ കുറവാണ്, അവർക്ക് മറ്റു ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈന പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം വന്ന എൺപത് ശതമാനം പേർക്കും പനിയും ചുമയുമായി കൊറോണ വന്നു പോകുമെന്നും പതിനഞ്ചു ശതമാനം പേർക്ക് മാത്രമേ അപകട നിലയിലേക്കും പിന്നെയുള്ള അഞ്ചു ശതമാനം പേർ മാത്രമാണ് അപകടത്തിലാകുക എന്നും പറയുന്നു.

പ്രായം കൂടിയവർ ഒഴികെ കൊറോണ ബാധയേൽക്കുന്ന മിക്കവരും ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ട്, എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ. കൊറോണ വരാതിരിക്കാൻ ശ്രമിക്കുക, ആരോഗ്യ സംഘടനകൾ അനുശാസിക്കുന്ന മാർഗ്ഗരേഖകൾ പാലിക്കുക. ഞങ്ങളെക്കുറിച്ച് നിങ്ങളാരും ഒട്ടും ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല, ഞങ്ങൾ സുരക്ഷിതരായിരിക്കും. ഞങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ ജോലിയായതുകൊണ്ടു തന്നെ മരണം 5000 അല്ല 50000 ആയാലും അണുബാധയെ കുറിച്ച് ഒരു ബേജാറുമില്ലാതെ ജീവൻ ബാക്കിയുള്ളിടത്തോളം ഈ ജോലി തുടർന്നുകൊണ്ടേയിരിക്കും.പിന്നെയും കൊറോണ വരുകയാണെങ്കിൽ വരുന്നിടത്തു വച്ചു കാണുക, അത്ര തന്നെ. ടിനു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP