Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉഷാ സ്‌കൂളിന്റെ സ്വത്തുകാര്യമോ വരുമാനകാര്യമോ എനിക്കറിയില്ല; ഇനി ഒരവസരം ടിന്റുവിന് ഇല്ലാതെ പോകും എന്നറിഞ്ഞപ്പോൾ ഉണ്ടായ നിരാശയിൽ ഞാൻ സ്വകാര്യമായി പറഞ്ഞതു വിവാദം ഉണ്ടാക്കാൻ ആയിരുന്നില്ല; ഉഷാ സ്‌കൂൾ കച്ചവട സ്ഥാപനമെന്നു പറഞ്ഞ അമ്മാവൻ മറുനാടനോടു പറഞ്ഞത്; ആരോപണങ്ങൾ നിഷേധിച്ച് അമ്മയും

ഉഷാ സ്‌കൂളിന്റെ സ്വത്തുകാര്യമോ വരുമാനകാര്യമോ എനിക്കറിയില്ല; ഇനി ഒരവസരം ടിന്റുവിന് ഇല്ലാതെ പോകും എന്നറിഞ്ഞപ്പോൾ ഉണ്ടായ നിരാശയിൽ ഞാൻ സ്വകാര്യമായി പറഞ്ഞതു വിവാദം ഉണ്ടാക്കാൻ ആയിരുന്നില്ല; ഉഷാ സ്‌കൂൾ കച്ചവട സ്ഥാപനമെന്നു പറഞ്ഞ അമ്മാവൻ മറുനാടനോടു പറഞ്ഞത്; ആരോപണങ്ങൾ നിഷേധിച്ച് അമ്മയും

രഞ്ജിത് ബാബു

കണ്ണൂർ: റിയോ ഒളിമ്പിക്‌സിൽ ടിന്റു ലൂക്കോ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടതിന് ശേഷം പിടി ഉഷയ്‌ക്കെതിരെ ടിന്റുവിന്റെ അമ്മാവൻ സി ജോയിച്ചൻ പറഞ്ഞത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. ടിന്റുവിന് മെഡൽ ലഭിക്കാത്തതിന് പ്രധാനകാരണക്കാരി ഉഷയെന്ന് ജോയിച്ചൻ പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വലിയ ചർച്ചകൾ നടക്കുകയും ചെയ്തു. എന്നാൽ ഈ പ്രചരണങ്ങളെ നിഷേധിക്കുകയാണ് ടിന്റുവിന്റെ അമ്മാവൻ സി.ജോയിച്ചൻ ഇപ്പോൾ. ടിന്റുവിന് മെഡിൽ കിട്ടാത്തതിൽ മനം നൊന്താണ് പി.ടി.ഉഷയെക്കുറിച്ചും ഉഷ സ്‌ക്കൂളിനെക്കുറിച്ചും ചിലത് പറഞ്ഞു പോയതെന്ന് ടിന്റുവിന്റെ അമ്മാവൻ സി.ജോയിച്ചൻ മറുനാടൻ മലയോളിയോട് പറഞ്ഞു. പിടി ഉഷയുടെ സ്‌കൂളിനെതിരെ ജോയിച്ചൻ പ്രതികരിച്ചതായ സോഷ്യൽ മീഡിയാ പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് മറുനാടൻ ജോയിച്ചനെ സമീപിച്ചത്.

ഈ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നത്. ആ വിശദീകരണം ഇങ്ങനെ ടിന്റുവിന് ഇനിയൊരവസരം ലഭിക്കുമെന്നത് ഉറപ്പില്ല. റിയോ ഒളിമ്പിക്‌സിൽ അവൾക്ക് ഒരു മെഡൽ ലഭിക്കുമായിരുന്നു. എന്തോ ഒരു പോരായ്മ സംഭവിച്ചിട്ടുണ്ട്. അതാണ് അവൾ ഇങ്ങനെ പിറകോട്ട് പോകാൻ കാരണമായത്. അത് പി.ടി.ഉഷയെ അപമാനിക്കാനോ അവമതിക്കാനോ ഉദ്ദേശിച്ചതായിരുന്നില്ല. വിഷമവും വേദനയും കൂടിച്ചേർന്നപ്പോൾ എന്തൊക്കയോ പറഞ്ഞു പോയി. അത് മുതലെടുത്ത് ചിലർ എന്നെ കുടുക്കുകയായിരുന്നു. അവർക്ക് എന്തൊക്കയോ അജണ്ടകളുണ്ട്. കടലാസും പേനയുമായാണ് അവർ എന്നെ കാണാൻ വന്നത്. ചില കാര്യങ്ങൾ വ്യക്തിപരമായി അനുഭവപ്പെട്ടതാണ്. അത് വളച്ചൊടിച്ച് അവർ വാർത്തയാക്കുമെന്ന് അറിയില്ലായിരുന്നു. ജോയിച്ചൻ മറുനാടനോട് വിഷമത്തോടെ പറഞ്ഞു.

ഒരു അത്‌ലറ്റ് എന്ന നിലയിൽ ടിന്റുവിന്റെ പ്രകടനത്തിൽ കാര്യമായൊന്നും ചെയ്യാൻ പി ടി ഉഷക്ക് കഴിഞ്ഞിട്ടില്ലെന്നും ഉഷ നടത്തുന്നത് ബിസിനസ് മാത്രമാണെന്നും ടിന്റുവിന്റെ ലോക്കൽ ഗാർഡിയനും അമ്മാവനുമായ ജോയിച്ചൻ പറഞ്ഞതായിട്ടായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം. ടിന്റുവിന്റെ മാതാപിതാക്കൾക്കും ഇതേ അഭിപ്രായം തന്നെയാണെന്നും വിലയിരുത്തലുകളെത്തി. ഇത് ടിന്റുവിന്റെ അമ്മയും മറുനാടനോട് നിഷേധിച്ചു. ഏതായാലും ഏറെ ഗൗരവതരമായ ആരോപണങ്ങളാണ് ജോയിച്ചന്റേതായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതാണ് മറുടാനുമായുള്ള അഭിമുഖത്തിൽ ടിന്റുവിന്റെ അമ്മാവൻ നിഷേധിക്കുന്നത്.

കോച്ച് നമ്പ്യാരില്ലെങ്കിൽ പി.ടി.ഉഷയില്ല അതു പോലെ പി.ടി.ഉഷയില്ലെങ്കിൽ ടിന്റു ലൂക്കയില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അവരെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നേയില്ല-ജോയിച്ചൻ ഇപ്പോൾ ഇങ്ങനെയാണ് പറയുന്നത്. പി.ടി.ഉഷയുടെ വീട്ടിൽ പോയപ്പോൾ എനിക്ക് ചായയും ഈന്തപ്പഴവും തന്ന് സൽക്കരിച്ചിട്ടുണ്ട്. ടിന്റു ലൂക്കോയുടെ ലോക്കൽ ഗാഡിയൻ എന്ന നിലയിലായിരുന്നു അത്. എല്ലാം ഞാൻ നന്ദിയോടെ ഓർക്കുന്നു. ഇത്തവണത്തെ ഒളിമ്പിക്‌സിൽ ടിന്റു ഒരു മെഡൽ കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ സ്വപ്‌നം തകർന്നപ്പോൾ നിയന്ത്രണം വിട്ടുപോയി. ടിന്റുവിനേയും സ്‌പോട്‌സിനേയും അത്രമേൽ സ്‌നേഹിക്കുന്ന ഒരു അമ്മാവന്റെ വേദന കൊണ്ടാണ് ചിലത് പറഞ്ഞു പോയത്. എന്നാൽ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് വരുത്തി ഒരു ഓൺലൈൻ പത്രം എന്നെക്കൂടി അപമാനിക്കുകയായിരുന്നു. ഉഷ സ്‌ക്കൂളിന്റെ സ്വത്തിന്റെ കാര്യത്തിലോ വരുമാനത്തിന്റെ കാര്യത്തിലോ തനിക്ക് ഒന്നുമറിയില്ല. അത് ഞാൻ പറഞ്ഞെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

ഇത്തവണത്തെ ഒളിമ്പിക്‌സിൽ ടിന്റുവിന് എന്തെങ്കിലും മെഡൽ ലഭിക്കുമെന്ന് പി.ടി.ഉഷ ഉറപ്പ് നൽകിയിരുന്നു. ഞാൻ അത്. പ്രതീക്ഷിച്ചുപോയി. ഒന്നും ലഭിക്കാതെ പോയപ്പോൾ കഠിനമായ വേദന അനുഭവിക്കേണ്ടി വന്നു. ഈ സമയം നോക്കിയാണ് ഓൺലൈൻ പത്രത്തിന്റെ ആളുകൾ തന്റെ അടുക്കലെത്തിയത്. വഴിവിട്ട് ചിലത് പറഞ്ഞും പോയി. അതിനാൽ പി.ടി.ഉഷയോടും ശ്രീനിവാസനോടും ക്ഷമാപണം നടത്താൻ താൻ തയ്യാറാണ്. ജോയിച്ചൻ പറഞ്ഞു. 2012 ൽ മാത്രമാണ് താൻ ഉഷ സ്‌ക്കൂളിൽ കയറിയത്. പിന്നീട് ടിന്റുവിനെ കാറിലിറക്കി എറണാകുളത്തേക്ക് പോവുകയാണ് പതിവ്.

ഉഷ സ്‌ക്കൂളിൽ ടിന്റുവിന് എന്തെങ്കിലും വിഷമമുണ്ടായതായി അവൾ പറഞ്ഞിട്ടില്ലെന്ന് ടിന്റുവിന്റെ അമ്മ ലിസി പറയുന്നു. വിഷയം സ്പോർട്സ് ആയതിനാൽ അച്ചടക്കവും ചിട്ടയും വേണമെന്ന നിലപാടിലാണ് താനും അവളുമെന്ന് അവർ പറഞ്ഞു. 26 ാം തീയ്യതി ടിന്റു നാട്ടിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുവരേയും ഉഷയെക്കുറിച്ചും ഉഷസ്‌ക്കൂളിനെക്കുറിച്ചും സന്തോഷത്തോടുകൂടി മാത്രമേ അവൾ പറഞ്ഞിട്ടുള്ളുവെന്നും തങ്ങളുടെ കുടുംബത്തിനും മറിച്ച് ഒരഭിപ്രായമില്ലെന്നും ലിസി പറഞ്ഞു. ബാക്കി കാര്യങ്ങൾ ടിന്റു ലൂക്ക നാട്ടിലെത്തിയാൽ പറയട്ടേയെന്നും അവർ വ്യക്തമാക്കി.

ജോയിച്ചന്റെ അഭിമുഖമെന്ന പേരിൽ സോഷ്യൽ മീഡിയിയൽ പ്രചരിച്ചത് ഗുരുതര ആരോപണങ്ങളാണ്. ഉഷാ സ്‌കൂളിലെ കള്ളക്കളികൾ ഉയർത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമായിരുന്നു. ടിന്റുവിന് ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള തുകകൾ, അത് സ്‌പോൺസർഷിപ് ആയാലും പുരസ്‌കാരത്തുകയായാലും അത് ഉഷ സ്‌കൂളിന് ഉള്ളതാണ്. ഒരു ലക്ഷം രൂപയ്ക്കു മേലെ ലഭിക്കുന്ന എല്ലാ തുകകളുടെയും 25% കോച്ചിങ് ഫീ എന്നും മറ്റും പറഞ്ഞു ഉഷ വാങ്ങിക്കും. ഇത്രയേറെ തുക നൽകിയാൽ മാത്രം പോരാ, ഓരോ മാസവും 7000 രൂപ വച്ച് ഹോസ്റ്റൽ ഫീസും നൽകണം. മുൻപ് ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ അത്ര കാർക്കശ്യം കാണിച്ചിരുന്നില്ലെങ്കിലും ടിന്റുവിന് റെയിൽവേയിൽ ജോലികിട്ടിയതോടെ 7000 രൂപ അവകാശത്തോടെ കണക്കു പറഞ്ഞാണ് വാങ്ങുന്നത്. ഉഷ നടത്തുന്നത് ബിസിനസ് തന്നെയാണെന്ന് ജോയിച്ചൻ പറഞ്ഞതായായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം.

അത്‌ലറ്റിക് ഫെഡറേഷൻ ഉൾപ്പെടെ ചില സംഘടനകൾ അവരുടെ അംഗങ്ങളായ കായികതാരങ്ങൾക്ക് പരിശീലനത്തിനും മറ്റുമായി തുക നൽകുന്നുണ്ട്. ഇത്തരത്തിൽ ദിനംപ്രതി ടിന്റുവിന് ലഭിക്കുന്ന 700 രൂപ (ഇതിന്റെ വിശദശാംശങ്ങൾ ടിന്റുവിന് പോലും അറിയില്ല!) കൈപ്പറ്റുന്നതും ഉഷ തന്നെ. ഈയിനത്തിൽ വർഷം രണ്ടരലക്ഷം രൂപ ടിന്റുവിന്റെ കയ്യിൽ നിന്നുമാത്രം ഉഷക്ക് ലഭിക്കുന്നുണ്ട്. പരിശീലനത്തിരക്കുകൾക്കിടയിലും ഫസ്റ്റ് ക്ലാസോടെയാണ് ടിന്റു ബിരുദം നേടിയത്. പക്ഷെ രാജ്യാന്തര മീറ്റുകളിൽ മെഡൽ വാങ്ങിയപ്പോൾ മാദ്ധ്യമങ്ങളുടെ ഇഗ്‌ളീഷ് ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരം കിട്ടാതെ പതറുന്ന ടിന്റുവിനെ നമ്മളെല്ലാം തത്സമയം കണ്ടതാണ്. വ്യക്തിത്വ വികസന പരിശീലനമോ സ്‌പോക്കൺ ഇംഗ്‌ളീഷ് ക്ലാസോ ഉഷയുടെ സ്‌കൂളിൽ ഇല്ല. ഒരു സ്പോർട്സ് മാഗസിൻ പോലും അവിടെ ലഭ്യമല്ലെന്ന് ജോയിച്ചൻ പറഞ്ഞതായും പ്രചരിച്ചിരുന്നു

കൗമാരക്കാരായ പെൺകുട്ടികൾക്ക് ലഭിക്കേണ്ട പോഷകാംശം പോലും പലപ്പോഴും ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ല. 800 മീറ്റർ ഓട്ടത്തിലെ ഇതിഹാസകാരി മരിയ മുട്ടോളയുടെ പരിശീലന രീതിയാണ് ടിന്റുവിനു നൽകുന്നത് എന്നാണ് ഉഷയുടെ വാദം. തുടക്കം മുതൽ ലീഡ് നിലനിർത്തി ഓടുക എന്ന രീതിയാണിത്. പലതവണ ആദ്യ ലാപ്പിൽ ഒന്നാമതെത്തുന്ന ടിന്റു പിന്നീട് പിന്നോക്കം പോവുന്നത് നാമെല്ലാം കണ്ടതാണ്. ഈ രീതി ടിന്റുവിന് അപ്രായോഗികം ആണ് എന്നറിഞ്ഞിട്ടും ഉഷ അതിൽ തന്നെ ഉറച്ചു നിൽക്കുകയും ഈ ഒളിമ്പിക്‌സിലും സ്ഥിതി തുടരുകയും ചെയ്തത് എന്തുകൊണ്ടാണ്? പിറകിൽ ഓടുന്ന ഒന്നോ രണ്ടോ പേര് മുന്നിലേക്ക് കടക്കുമ്പോൾ തന്നെ ആത്മവിശ്വാസം നഷ്ടപ്പെടുക എന്നുള്ളത് ടിന്റുവിന് ആദ്യമേ ഉള്ള പ്രശ്‌നം ആയിരുന്നു. അത് പോലും മാറ്റിയെടുക്കാൻ ഉഷയ്ക്ക് കഴിഞ്ഞില്ലെന്നതു തന്നെ അവരുടെ പരാജയമാണെന്ന ജോയിച്ചൻ പറഞ്ഞതായുള്ള വാർത്തകലും സജീവ ചർച്ചയായിരുന്നു.

ഉഷയുടെ സ്‌കൂളിൽ ടിന്റു ചേരുന്നത് 2001ൽ ആണ്. നീണ്ട 15 വർഷങ്ങൾ ആണ് ഒരു അച്ഛനും അമ്മയും തങ്ങളുടെ മകളെ വിട്ടുപിരിഞ്ഞു നിന്നത്. ഒരു ജീവപര്യന്തകാലമാണ് ടിന്റുവെന്ന അത്!ലറ്റിന് മുന്നിൽ കടന്നു പോയത്. എല്ലാം ഞങ്ങൾ സഹിച്ചത് ഒരു ഒളിമ്പിക്‌സ് മെഡൽ എന്ന സ്വപ്നത്തിന് വേണ്ടിയായിരുന്നുവെന്ന് ടിന്റുവിന്റെ അച്ഛനും അമ്മയും പറഞ്ഞു. ഒളിമ്പിക്‌സ് മെഡൽ മാത്രമല്ല, തങ്ങളുടെ മകളുടെ കൗമാരവും യൗവനത്തിന്റെ നല്ലൊരു പങ്കും കവർന്നെടുക്കപ്പെട്ടെന്ന യാഥാർഥ്യവും ഇവർ ഇപ്പോൾ ഉൾക്കൊള്ളുന്നു. ഇനിയാർക്കും ഈ ഗതി ഉണ്ടാവരുത്, ഉഷ ആരാണെന്ന് ലോകം അറിയണം. ടിന്റു പൂർണമായും ഉഷയുടെ നിയന്ത്രണത്തിലാണ്. പുരുഷ കോച്ചുമാരുടെ കീഴിൽ പരിശീലിച്ചാൽ അവർ ലൈംഗികമായി ഉപയോഗിക്കുമെന്നും വിദേശ കോച്ചുമാരുടെ കീഴിൽ പരിശീലിച്ചാൽ അവർ ഉത്തേജകം നൽകും എന്നുമൊക്കെയാണ് ഉഷ ടിന്റുവിനെ ധരിപ്പിച്ചു വച്ചിരിക്കുന്നത്. എല്ലാം സഹിച്ചു മതിയായി. നാട്ടുകാർ എല്ലാം അറിയട്ടെയെന്നും ജോയിച്ചൻ വിശദീകരിച്ചതായിട്ടായിരുന്നു വാർത്തകളും പോസ്റ്റുകളും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP