Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിലെത്തിക്കുന്ന പുതിയ കമ്പനി രംഗത്ത്; വിതരണക്കാരെ തേടി പരസ്യമിറങ്ങി; വിഷമില്ലെന്ന് ഉറപ്പിക്കുന്നതു കമ്പനിതന്നെ, കഴിക്കുന്നവർക്ക് യാതൊരു ഉറപ്പുമില്ല

വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിലെത്തിക്കുന്ന പുതിയ കമ്പനി രംഗത്ത്; വിതരണക്കാരെ തേടി പരസ്യമിറങ്ങി; വിഷമില്ലെന്ന് ഉറപ്പിക്കുന്നതു കമ്പനിതന്നെ, കഴിക്കുന്നവർക്ക് യാതൊരു ഉറപ്പുമില്ല

തൃശൂർ: മാർക്കറ്റിൽനിന്നു ലഭ്യമാകുന്ന വിഷമടങ്ങിയ പച്ചക്കറികൾ നിത്യവും കഴിക്കുന്നത് മാരകമായ അസുഖങ്ങൾക്ക് ഇടയാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്നതും കേരളത്തിൽ ലഭ്യമാകുന്നതുമായ പച്ചക്കറികളിൽ ലോകാരോഗ്യ സംഘടന അനുവദിച്ചിരിക്കുന്നതിനെക്കാൾ 400 മുതൽ 1500 വരെ ഇരട്ടി വിഷാംശമടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്നെത്തുന്ന മുന്തിരിയിലും ചില പച്ചക്കറികളിലുമൊക്കെ പറിക്കുന്നതിനു തൊട്ടുമുമ്പു വരെ കീടനാശിനി അടിച്ചിട്ടുണ്ടാവും. അവ ഒരു പരിധിവരെയെങ്കിലും നമ്മുടെ ഉള്ളിൽ കടക്കുന്നുണ്ടെന്നതാണു സത്യം. എന്നു വച്ചു നമുക്കതു വാങ്ങി ഉപയോഗിക്കാതിരിക്കാനാവില്ല. കടകളിൽനിന്ന് ലഭിക്കുന്ന പച്ചക്കറി വാങ്ങി ഉപയോഗിച്ചില്ലെങ്കിൽ മലയാളിക്ക് പിന്നെ പച്ചക്കറി ഉണ്ടാവില്ല. ഏതു വിഷം നിറഞ്ഞ പച്ചക്കറിയായാലും കിട്ടിയ വിലയ്ക്ക് വാങ്ങി ഉപയോഗിക്കാൻ വിധിക്കപ്പെട്ടവരാണ് മലയാളികൾ. ഈ വിധി സ്വയം വരുത്തിവച്ചതാണെന്നതും സത്യം.

മലയാളിയുടെ ഈ ദുര്യോഗത്തേയും അതിസമർത്ഥമായി കച്ചവടമാക്കാൻ ഒരുങ്ങുകയാണ് ഒരു കമ്പനി. ഒറ്റനോട്ടത്തിൽ വളരെ നല്ലതെന്ന തോന്നിക്കുന്ന പത്രപരസ്യങ്ങളുമായി അവർ രംഗത്തിറങ്ങിക്കഴിഞ്ഞു. വിഷാംശം നിറഞ്ഞ പച്ചക്കറി കഴിക്കുന്നതിൽ കൂടുതൽ വിഷമം അനുഭവിക്കുന്നത് ഇംഗ്ലീഷ് പത്രം വായിക്കുന്നവരായതു കൊണ്ടാണോ എന്നറിയില്ല ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ഇതിന്റെ ആകർഷകമായ വമ്പൻ പരസ്യമുണ്ട്.

വിഷം നിറഞ്ഞ പച്ചക്കറി കഴിക്കാൻ വിധിക്കപ്പെട്ട മലയാളിയുടെ മുന്നിലേക്ക് വിഷരഹിതമെന്ന് അവകാശപ്പെട്ട് സേഫ് ടു ഈറ്റ് പച്ചക്കറികളുമായി രംഗത്തുവരുന്നത് ചാലക്കുടി ആസ്ഥാനമായ ഒരു കമ്പനിയാണ്. വിഷാംശം നീക്കം ചെയ്ത പച്ചക്കറികൾ വീടു തോറും പൊതു വിപണിയിലെ വില, കേരളത്തിൽ എല്ലായിടത്തും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ കമ്പനി ഇങ്ങനെ പച്ചക്കറി വിറ്റാൽ ഇഷ്ടമുള്ളവന് വാങ്ങുകയോ, വാങ്ങാതിരിക്കുകയോ ചെയ്യാം. വിഷാംശമില്ലാത്ത പച്ചക്കറി വിൽപ്പനയാണ് ഉദ്ദേശ്യമെങ്കിൽ അങ്ങനെയാണ് ചെയ്യേണ്ടത്. സേഫ് ആൻഡ് ഫ്രഷ്- സേഫ് ടു ഈറ്റ് പച്ചക്കറികളുടെ വിതരണ പങ്കാളിത്തത്തിന് ലക്ഷങ്ങൾ മുടക്കി ഓരോ വാർഡ് തോറും വിതരണക്കാരെ കണ്ടെത്തലാണ് കമ്പനി ലക്ഷ്യമാക്കുന്നത്.

ചാനൽ പാർട്ണർ എന്ന ഓമനപ്പേരുള്ള വിതരണക്കാരാനാകാൻ ഒരാൾ 250 വീട് കണ്ടെത്തണം. ഒരു വാർഡിൽ രണ്ടുപേരോ, അല്ലെങ്കിൽ സാമ്പത്തികം ഉള്ളയാളാണ് എങ്കിൽ രണ്ടുവാർഡിന് ഒരാൾക്കോ ചാനൽ പാർട്ണർ ആകാം. ഇത്രയും വീടുകളിലേക്ക് പച്ചക്കറി വിതരണക്കാരനാകുന്ന ചാനൽ പാർട്ണർ ഒരു ലക്ഷം രൂപ കമ്പനിയിൽ അടയ്ക്കണം. പണം അടച്ചാൽ 250 പേർക്ക് അല്ലെങ്കിൽ ആവശ്യപ്പെടുന്ന അത്രയും പേർക്കുള്ള (പണം അതിനനുസരിച്ച് അടയ്ക്കണം) പച്ചക്കറി ചാനൽ പാർട്ണർക്ക് കമ്പനി അയച്ചു കൊടുക്കും. വിഷാംശം നീക്കം ചെയത് നന്നായി പായ്ക്കു ചെയ്ത് അയയ്ക്കുന്ന ഈ പച്ചക്കറി കഴുകുക കൂടി ചെയ്യാതെ നേരെ പാചകം ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിപ്പോസിറ്റ് ആവശ്യമില്ല, ഓഫീസ് ആവശ്യങ്ങളില്ല, നികുതി പ്രശ്‌നങ്ങളില്ല എന്നാണ് പറയുന്നതെങ്കിലും പണം അടച്ചാൽ മാത്രമേ പച്ചക്കറി അയച്ചു തരൂ.

ആട്, കോഴി, മാഞ്ചിയം പോലെ മുടക്കുമുതലിന്റെ 25% ശതമാനം മാസം തോറും ഈ സേഫ് ആൻഡ് ഫ്രഷ് പച്ചക്കറി കച്ചവടത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി ലക്ഷങ്ങൾ മുടക്കിയാൽ വിൽക്കാനായി കമ്പനി അയച്ചു തരുന്ന പച്ചക്കറി എങ്ങനെയാണ് വിഷമുക്തമാക്കുന്നതെന്ന് കൂടി നോക്കണം. പച്ചക്കറികൾ വിഷമുക്തമാക്കുന്നതിന് ലോകമെമ്പാടും സ്വീകാര്യതയുള്ള യൂറോപ്യൻ യൂണിയന്റേയും യു.എസ്.എഫ്.ഡി.എയുടേയും മാനദണ്ഡങ്ങൾക്ക് അനുസ്യതമായി കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ, കേരള കാർഷിക സർവ്വകലാശാലയും തായ്‌ലൻഡ് കൃഷി വകുപ്പും വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നാണ് അവകാശവാദം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവരുടെ സ്വന്തം ഫാക്ടറികളിൽ ശാസ്ത്രീയമായ രീതിയിൽ പ്രോസസ്സിങ്ങ് നടത്തി വിഷമുക്തമാക്കുകയാണ് ചെയ്യുന്നതത്രെ.

പച്ചക്കറി വിഷരഹിതമാണെന്ന് അവകാശപ്പെട്ട് സീൽ ചെയ്യുന്നതും ഇവർ തന്നെയാണ്. ഒന്നു കഴുകുക പോലും ചെയ്യാതെ നേരിട്ട് പാകം ചെയ്യാമെന്ന് ഇവർ അവകാശപ്പെടുന്ന പച്ചക്കറിയിൽ വിഷാംശമുണ്ടോ എന്ന് പരിശോധിക്കുന്നതും സർട്ടിഫൈ ചെയ്യുന്നതും സർക്കാരോ, സർക്കാർ ഏജൻസി പോലുമോ അല്ല. 40 കോടി രൂപ ചെലവിൽ പച്ചക്കറി ശുദ്ധീകരണത്തിനായി ഒരു ഫാക്ടറി സ്ഥാപിച്ചു കഴിഞ്ഞെന്ന് പറയുന്നു. നിത്യേന 400 ടൺ വരെ പച്ചക്കറി ശുദ്ധികരണം നടത്തി വിൽപ്പനയാണ് ലക്ഷ്യം. ഒരു വാർഡിൽ ഒരു ചാനൽ പാർട്ണർ എന്ന രീതിയിൽ ഒരു ലക്ഷം വച്ച് വാങ്ങിയാൽ കോടികളുടെ കച്ചവടമാണ് നടക്കുക. ഉദാഹരണത്തിന് ഒരു പഞ്ചായത്തിൽ 15 വാർഡ് എന്ന ശരാശരി കണക്കു വച്ചു കൂട്ടിയാലും കച്ചവടം 150 കോടി കടക്കും. പണം അടയ്ക്കുന്നവർക്ക് പച്ചക്കറി ലഭിക്കുമെന്നോ അഥവാ കിട്ടിയാൽ തന്നെ അത് വിഷരഹിത പച്ചക്കറിയാവുമെന്നോ ഒരു ഉറപ്പും ഇല്ല.

വിവിധയിനം കാൻസറുകൾ, ആസ്ത്മ, ന്യൂറോളജിക്കൽ തകരാറുകൾ, ത്വക്ക് രോഗങ്ങൾ, ഹോർമോൺ തകരാറുകൾ, അൽഷിമേഴ്‌സ്, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത, തലച്ചോറിലെ തകരാറുകൾ തുടങ്ങി ലോകത്ത് ഉള്ളതും ഇനി വരാനിരിക്കുന്നതുമായ എല്ലാ രോഗങ്ങളും കടകളിൽനിന്ന് വാങ്ങുന്ന വിഷം നിറഞ്ഞ പച്ചക്കറി വാങ്ങി കഴിച്ചാലുണ്ടാകുമെന്നു പരസ്യത്തിൽ പറയുന്നുണ്ട്. എന്നാൽ തങ്ങൾ തരുന്ന പച്ചക്കറി കഴിച്ചാൽ ഈ രോഗങ്ങളുണ്ടാവില്ലെന്നു തെളിയിക്കാൻ ലോകത്തു യാതൊരു മാർഗവുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP