Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഭിന്നിപ്പിക്കലിന്റെ തലവൻ' മോദിയെ രൂക്ഷമായി വിമർശിച്ച് ടൈം മാഗസിൻ; ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറും തെരഞ്ഞെടുപ്പ് ഗോദയിലെ ചൂടൻ ചർച്ച; ലോകത്തെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്നെഴുതിയ മാഗസിൻ അഭിപ്രായം തിരുത്തുന്നത് ജനപ്രീതി ഇടിഞ്ഞതിന് തെളിവ്; ഒരിക്കൽകൂടി ഇന്ത്യ നയിക്കാൻ ജനങ്ങൾ മോദിയെ അനുവദിക്കുമോ എന്നും മാഗസിന്റെ ചോദ്യം

'ഭിന്നിപ്പിക്കലിന്റെ തലവൻ' മോദിയെ രൂക്ഷമായി വിമർശിച്ച് ടൈം മാഗസിൻ; ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറും തെരഞ്ഞെടുപ്പ് ഗോദയിലെ ചൂടൻ ചർച്ച; ലോകത്തെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്നെഴുതിയ മാഗസിൻ അഭിപ്രായം തിരുത്തുന്നത് ജനപ്രീതി ഇടിഞ്ഞതിന് തെളിവ്; ഒരിക്കൽകൂടി ഇന്ത്യ നയിക്കാൻ ജനങ്ങൾ മോദിയെ അനുവദിക്കുമോ എന്നും മാഗസിന്റെ ചോദ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഇന്ത്യയുടെ ഭിന്നിപ്പിക്കലിന്റെ തലവൻ' എന്നു വിശേഷിപ്പിച്ച് ടൈം മാഗസിൻ. ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിൽ മോദിയുടെ ചിത്രം കവറിൽ നൽകിയ അതേ ടൈം മാഗസിൻ തന്നെയാണ് ഇപ്പോൾ അഭിപ്രായം തിരുത്തി രംഗത്തെത്തിയത്. ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ മുമ്പനായിട്ടാണ് മോദി ഇപ്പോൾ നിലകൊള്ളുന്നതെന്നാണ് മാഗസിൻ ഉള്ളടക്കം വെളിവാക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് നേരത്തെ മോദിയെ പുകഴ്‌ത്തിയ ടൈം മാഗസിൻ നടത്തുന്നത്.

മോദിസർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറുമാണ് അമേരിക്കൻ ന്യൂസ് മാഗസിനായ ടൈമിന്റെ ഈ ലക്കം കവറിൽ നിറഞ്ഞുനിൽക്കുന്നത്. നാലുവർഷത്തിനുശേഷം മോദിയുടെ പ്രതിച്ഛായ കൂപ്പുകുത്തിയതിന് ഉദാഹരണം കൂടിയാണ് ന്യൂയോർക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ പുതിയ ലക്കമെന്നാണ് എതിരാളികൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി വിമർശിക്കുന്നുണ്ട്. പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.ഇന്ത്യയിലെ ഹിന്ദു- മുസ്ലിം ബന്ധത്തെപ്പറ്റിയാണ് ലേഖനത്തിലുടനീളം ചർച്ചചെയ്യുന്നത്. മാത്രമല്ല മോദി ഹിന്ദു അനുകൂലവാദിയാണെന്നും ആരോപിക്കുന്നു. ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾ, യോഗി ആദിത്യനാഥിനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാക്കൽ തുടങ്ങി ഏറ്റവും അവസാനം സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെ ഭോപ്പാൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് വരെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. മോദിയെ വീണ്ടും ഇന്ത്യൻ ജനത അധികാരമേൽപ്പിക്കുമോ എന്ന ചോദ്യവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം,സ്വാതന്ത്ര്യം, നിർഭയമായ മാധ്യമപ്രവർത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ ശക്തമായി ചോദ്യം ചെയ്യുന്നു. മെയ്‌ 20നു പുറത്തിറങ്ങാനിരിക്കുന്ന മാഗസിന്റെ കവർ ഇതിനോടകം ഏറെ ചർച്ചയായിക്കഴിഞ്ഞു. രാജ്യം തെരഞ്ഞെടുപ്പിന്റെ ചൂടിൽ നിൽക്കെ അടുത്ത അഞ്ചു വർഷക്കാലം കൂടി മോദിയെ ഇന്ത്യൻ ജനത സഹിക്കുമോ..? എന്ന ചോദ്യം ഏറെ രാഷ്ട്രീയ അർത്ഥങ്ങളുള്ളതാണ്.

മൂന്നുവർഷത്തെ വ്യത്യാസമായിരുന്നു മോദി പ്രത്യക്ഷപ്പെട്ട ആദ്യ രണ്ട് കവറുകളും തമ്മിൽ ഉണ്ടായിരുന്നത്. അതിൽ ആദ്യത്തേത് 2012-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു. വിമർശിക്കപ്പെടാനായിരുന്നില്ല ആ വരവ്. 10 വർഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കേ അവിടെ മോദി നടപ്പാക്കിയ വികസനത്തെ അഭിനന്ദിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അതേസമയം തന്നെ വിവാദങ്ങളുണ്ടാക്കുന്ന, അതിമോഹിയായ, സാമർഥ്യമുള്ള രാഷ്ട്രീയക്കാരനായും അവർ മോദിയെ വിശേഷിപ്പിച്ചു. അതോടെ ടൈം മാഗസിന്റെ കവറിൽ സ്ഥാനം പിടിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രാദേശിക നേതാവായി മോദി മാറി. 'മോദി എന്നാൽ വ്യവസായം; പക്ഷേ അദ്ദേഹത്തിന് ഇന്ത്യ ഭരിക്കാനാകുമോ?' എന്നായിരുന്നു അന്നത്തെ കവറിന്റെ തലക്കെട്ട്.

പിന്നാല അടുത്തത് 2015-ലായിരുന്നു. 'വൈ മോദി മാറ്റേഴ്സ്' എന്ന തലക്കെട്ടോടുകൂടിയുള്ള കവറിൽ മോദിയുടെ ഒരു പൂർണചിത്രമാണുണ്ടായിരുന്നത്. മോദിയുമായുള്ള എക്സ്‌ക്ലൂസീവ് ഇന്റർവ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാൻ മോദിക്കു കഴിയുമോ എന്ന ചോദ്യവും അവരതിന്റെ കൂടെ നൽകി. എന്നാൽ അതിൽ നിന്നും തികച്ചും ഭിന്നമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കവർ അതിൽ അവർ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കറുത്ത മുഖങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് റൂൾ വളരെ വിദഗ്ധമായി നടപ്പാക്കുന്ന നേതാവാണെന്ന് മാഗസിൻ പരോക്ഷമായി പറഞ്ഞുപോകുന്നുണ്ട്.

അതേസമയം മോദിയെ അധികാരത്തിൽ നിന്നിറക്കാൻ കൈകോർത്ത പ്രതിപക്ഷ സഖ്യത്തെയും ലേഖനം വിമർശിക്കുന്നുണ്ട്. ദുർബലവും സംഘടിതവുമല്ലാത്തതാണ് പ്രതിപക്ഷസഖ്യമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് കുടുംബ വാഴ്ചയിൽ കൂടുതലൊന്നും നൽകാനായില്ലെന്നും വിമർശിക്കുന്നു. കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയെ അപ്രാപ്യനായ സാധാരണക്കാരനെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP