Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ആകെയുള്ളത് 130 ജോലിക്കാർ; എട്ടുമാസം കൊണ്ട് ലഭിച്ചത് 11,000 പരാതികൾ; കേസ് എടുക്കേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ കോടതി വിളിപ്പിക്കും; കോടതികളിൽ പോയി ക്യൂ നിൽക്കാൻ അല്ലാതെ കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നേരമില്ല; കേസ് എടുക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ജേക്കബ് തോമസിനെ തെറി വിളിക്കുന്നവർക്ക് അറിയാമോ ഈ കണക്കുകൾ?

ആകെയുള്ളത് 130 ജോലിക്കാർ; എട്ടുമാസം കൊണ്ട് ലഭിച്ചത് 11,000 പരാതികൾ; കേസ് എടുക്കേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ കോടതി വിളിപ്പിക്കും; കോടതികളിൽ പോയി ക്യൂ നിൽക്കാൻ അല്ലാതെ കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നേരമില്ല; കേസ് എടുക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ജേക്കബ് തോമസിനെ തെറി വിളിക്കുന്നവർക്ക് അറിയാമോ ഈ കണക്കുകൾ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസിനെതിരെ ഹൈക്കോടതിയിൽ നിന്നും രാഷ്ട്രീയ രംഗത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുമ്പോൾ ആകെ മനോനില തകർന്ന് സ്വതന്ത്രമായി ജോലിചെയ്യാൻപോലും കഴിയാത്തവിധം പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് വിജിലൻസ് ഉദ്യോഗസ്ഥർ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന പ്രഖ്യാപനവുമായി ആണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഇതിനായി ശക്തമായ നടപടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ജേക്കബ് തോമസിനെ പുതിയ സർക്കാർ വിജിലൻസ് ഡയറക്ടറുമാക്കി.

അദ്ദേഹം അധികാരമേറ്റതിന് പിന്നാലെ ശക്തമായ നടപടികളുമായാണ് ലഭിച്ച ഓരോ പരാതികളിലും വിജിലൻസ് കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങിയത്. ചുവപ്പുകാർഡുമായി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ജേക്കബ് തോമസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അഴിമതിക്കാർക്കെല്ലാം പണികിട്ടുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ബാർ കോഴ കേസിൽ മുന്മന്ത്രിമാരായ കെ ബാബുവിനും കെഎം മാണിക്കുമെതിരെ ശക്തമായി നീങ്ങുന്ന നിലയുണ്ടായി.

Stories you may Like

പക്ഷേ, ഇപ്പോൾ സാധാരണക്കാർ പോലും വിജിലൻസിന്റെ കേസുകൾക്ക് വേഗംപോരെന്ന പരാതിയുമായി എത്തുകയും നിരന്തരം ഹൈക്കോടതിയിൽ നിന്നുൾപ്പെടെ വിമർശനം നേരിടുകയും ചെയ്യുമ്പോൾ മാനസികമായി ആകെ തകർന്ന നിലയിലേക്ക് നീങ്ങുകയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഒന്നടങ്കമെന്നാണ് ലഭിക്കുന്ന വിവരം.

ലഭിക്കുന്ന ആയിരക്കണക്കിന് പരാതികളിൽ ഒന്നു കണ്ണോടിച്ച് നോക്കാൻപോലും വേണ്ടത്ര സ്റ്റാഫില്ലെന്നതു തന്നെയാണ് പ്രധാനമായും വിജിലൻസിന് ചീത്തപ്പേരുണ്ടാക്കുന്നതെന്ന വിവരമാണ് അഴിമതിക്കെതിരെ കാവലാളായി നിൽക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കുന്ന വിജിലൻസിന് എന്തുപറ്റിയെന്ന അന്വേഷിച്ച മറുനാടന് ലഭിച്ചത്. ജേക്കബ് തോമസ് അധികാരമേറ്റതിന് പിന്നാലെ ജനങ്ങൾക്ക് വിജിലൻസിൽ വിശ്വാസം വർ്ധിച്ചുവെന്നതിന്റെ തെളിവെന്നോണം കഴിഞ്ഞ എട്ടുമാസത്തിനിടെ 11,000 പരാതികളാണ് വിജിലൻസിന് ലഭിച്ചത്.

ഇവയിലെല്ലാം ഒന്ന് ക്വിക്ക് വെരിഫിക്കേഷൻ നടത്തി കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻപോലും സാവകാശമില്ലാത്ത രീതിയിലാണ് വിജിലൻസിന് പ്രവർത്തിക്കേണ്ടി വരുന്നത്. കാരണം സംസ്ഥാനത്താകെ വിജിലൻസിൽ പ്രവർത്തിക്കുന്നത് 130 ജോലിക്കാർ മാത്രമാണ്.

പുതിയതായി വന്ന കേസുകൾ മാത്രമാണ് ഇത്രയും. അന്വേഷണം തുടരുന്ന പഴയ കേസുകളും കോടതിയിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണത്തിനായി വിജിലൻസിന് കൈമാറുന്നവയും ചേരുമ്പോൾ കേസുകൾ പിന്നെയും കൂടും. അതിനാൽ തന്നെ ഇവയിൽ പെട്ടെന്ന് അന്വേഷണം നടത്താൻപോലും പറ്റാത്ത സാഹചര്യമാണെന്ന് വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

വിജിൻസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് സംസ്ഥാനത്തെ കോടതികളിലുള്ളത്. വിചാരണയിലുള്ളതും ക്വിക് വെരിഫിക്കേഷൻ സമർപ്പിക്കേണ്ടതും അന്വേഷണം ആവശ്യപ്പെട്ടുള്ളതുമായ കേസുകളെല്ലാം ഇതിൽപ്പെടും. ഇവയിലെല്ലാം കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകാൻപോലും സ്റ്റാഫില്ലാത്ത സ്ഥിതിയാണിപ്പോൾ. മാത്രമല്ല, പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർ തുടർച്ചയായി ഹാജരാകേണ്ടിയും വരുന്നു. ഇത്തരത്തിൽ അന്വേഷണത്തിനല്ലാതെ മിക്ക ദിവസങ്ങളും കോർട്ട് ഡ്യൂട്ടിയായി മാറുന്നതോടെ ഓഫീസ് സ്റ്റാഫ് മാത്രമാണ് മിക്ക വിജിലൻസ് ഓഫീസുകളിലും ഉണ്ടാകാറുള്ളൂ എന്നതാണ് സ്ഥിതി. എന്നാലും ലഭിക്കുന്ന പരാതികൾ കേൾക്കാനെങ്കിലും കഷ്ടപ്പെട്ട് സമയം കണ്ടെത്തുകയാണ് ഉദ്യോഗസ്ഥർ.

ഈ ദുരവസ്ഥ കാണാതെ വിമർശനം ഉണ്ടായപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിലുണ്ടായത്. വൻകിട പരാതികൾ സ്വീകരിക്കില്ലെന്ന് കാട്ടി വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച സംഭവം അളമുട്ടിയപ്പോൾ ചേരകടിച്ചുവെന്ന് പറയുന്നതുപോലെ ഉണ്ടായ പ്രതികരണം മാത്രമായിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ താമസിയാതെ സർക്കാർ പരിഹരിക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ് ഈ സ്ഥിതിക്ക് അയവുവന്നത്.

തിരുവനന്തപുരം കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലെ വിജിലൻസ് കോടതികളിൽ 1370 കേസുകളാണ് ഇപ്പോൾ വിചാരണയിലുള്ളത്. അതിനാൽതന്നെ കോടതി ഡ്യൂട്ടിയിലാണ് മിക്ക ഉദ്യോഗസ്ഥരും കൂടുതൽ സമയവുമെന്ന് വ്യക്തം. ഇതിന് പുറമെയാണ് ഹൈക്കോടതിയിലുൾപ്പെടെയുള്ള കേസുകൾ.

പലപ്പോഴും കോടതി ഡ്യൂട്ടിയുമായി പോകാനുള്ള സാവകാശം മാത്രമേ ഡിവൈഎസ്‌പിമാർക്കും മറ്റും ലഭിക്കുന്നുള്ളൂ. അതിനാലാണ് പല കേസുകളിലും അന്വേഷണത്തിൽ താമസം വരുന്നതും പലതിലും കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടിവരുന്നതും. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും സേനയുടെ അംഗസംഖ്യ അടിയന്തിരമായി കൂട്ടാനും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സർക്കാരിന്റെ മുഖമുദ്രയായി മാറേണ്ട വകുപ്പ് ഇനിയും നാണംകെടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.

ഇപ്പോൾ കോടതികളിൽ നിന്നും പ്രതിപക്ഷ സംഘടനാ നേതാക്കളിൽ നിന്നും എന്തിന് സർക്കാരിന്റെ തന്നെ ഭാഗമായുള്ള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ കൂടിയായ വിഎസിൽ നിന്നുപോലും രൂക്ഷ വിമർശനമാണ് വിജിലൻസിന് നേരിടേണ്ടിവരുന്നത്. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് വിജിലൻസിലെ ജീവനക്കാരിൽ ഭൂരിഭാഗവും.

ഹെഡ് ഓഫീസിൽ ഐപിഎസ് ഓഫീസർമാരുടെ മൂന്ന് ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ആവശ്യപ്പെട്ടിട്ട് ഏറെക്കാലമായിട്ടും സർക്കാർ നടപടിയെടുത്തിട്ടില്ല. സിഐമാരുടെ 12 ഒഴിവുകൾ നികത്തിയിട്ടില്ല. ഡിവൈഎസ്‌പിമാരുടെ ഒഴിവുകളും നിരവധി. ഇത്തരത്തിൽ അതീവ ഗുരുതരമായി ലഭിക്കുന്ന ഒരു പരാതിയിൽ കഴമ്പുണ്ടോ എന്നുപോലും അന്വേഷിക്കാൻ പറ്റാത്തവിധത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ മറുനാടനോട് പറഞ്ഞു. ഇതിനിടയിലാണ് കോടതിയുടെ വിമർശനങ്ങളും നിരന്തരം ഉണ്ടാവുന്നതും ഈ അവസ്ഥ ശരിക്കറിയാവുന്ന പ്രതിപക്ഷ നേതാവും വിഎസും ഉൾപ്പെടെയുള്ളവർ വിജിലൻസിനെതിരെ നിലപാടെടുക്കുന്നതും.

ഇതിനെല്ലാം പുറമെയാണ് മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികളിൽ വിജിലൻസ് കടുത്ത നിലപാടിലേക്ക് നീങ്ങിയതോടെ സിവിൽ സർവീസ് ലോബിതന്നെ വിജിലൻസിനെതിരെ തിരിയുന്ന സ്ഥിതി ഉണ്ടായതും. ഇതോടെ കൂട്ടിലടച്ച തത്തയാവില്ലെന്ന് ഉറപ്പിച്ച വിജിലൻസ് അക്ഷരാർത്ഥത്തിൽ കൂട്ടിനുള്ളിൽ ചിറകൊടിഞ്ഞു കിടക്കുന്ന തത്തയെപ്പോലെയായിക്കഴിഞ്ഞു.

കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി അടിയന്തിരമായി സർക്കാർ ഇടപെട്ട് കൂടുതൽ പേരെ വിജിലൻസിൽ നിയമിക്കുകയോ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെങ്കിലും കുറേ സമർത്ഥരായ ഉദ്യോഗസ്ഥരെ വിജിലൻസിലെത്തിക്കുകയോ ചെയ്തില്ലെങ്കിൽ സർക്കാരിന് തന്നെയാകും ചീത്തപ്പേരുണ്ടാവുക എന്ന നിലയിൽ അത്യന്തം ഗുരുതരമാണ് കാര്യങ്ങൾ.

മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഡിജിപി നിയമനത്തിനെതിരായ ഹർജി പരിഗണിക്കവേ സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. ഇതിനു പിന്നാലെ വിജിലൻസിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് കെഎം മാണിയുൾപ്പെട്ട ബാർ കോഴ കേസിലും കോടതിയുടെ വിമർശനമുയർന്നു. തൊട്ടുപിന്നാലെ മുന്മന്ത്രി ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസ് ഒരാഴ്ചത്തേക്ക് സ്‌റ്റേചെയ്തുകൊണ്ട് കോടതി വിജിലൻസിന് മാർഗരേഖ നിർദ്ദേശിക്കുകയും ചെയ്തു.

സർവീസ്, ജോലിയിലെ സ്ഥാനക്കയറ്റം എന്നിവയ്ക്ക് വിജിലൻസിന്റെ റിപ്പോർട്ട് ആവശ്യമില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം വിജിലൻസ് അന്വേഷിച്ചാൽ മതിയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതെല്ലാം ഉദ്ധരിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾതന്നെ വിജിലൻസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവിധം കോടതിയുടെ നിരീക്ഷണങ്ങൾ 'ആഘോഷിക്കുകയും' ചെയ്തു.

ഇത്തരത്തിൽ തുടർച്ചയായി കോടതി വിമർശനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വന്നതോടെ വിജിലൻസിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും മനംമടുത്ത അവസ്ഥയിലായിക്കഴിഞ്ഞു. ഇതു മനസ്സിലാക്കിയാണ് വിജിലൻസിന്റെ പ്രവർത്തനം സംബന്ധിച്ച് ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്. ഉന്നതരുൾപ്പെട്ട കേസുകളുടെ ഭാവി ഈ ചർച്ചയ്ക്കുശേഷമേ തീരുമാനിക്കൂ എന്ന് വിജിലൻസ് ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. മാത്രമല്ല, വീർപ്പുമുട്ടലില്ലാതെ പ്രവർത്തിക്കാൻ അടിയന്തിരമായി സ്റ്റാഫിനെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ ഉടൻ ഇടപെട്ടേക്കുമെന്നാണ് സൂചനകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP