Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിമാൻഡിൽ കഴിയുമ്പോൾ വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ ഹാജരാക്കിയതിന് പൊലീസ് പറഞ്ഞത് സുരക്ഷാ പ്രശ്‌നമെന്ന ന്യായം; എഡിജിപിയും മഞ്ജു വാര്യരും തമ്മിലെ ഗൂഢാലോചന ഉന്നയിച്ചിട്ടും അന്വേഷിക്കാത്തതോടെ വിശ്വാസവും പോയി; തണ്ടർഫോഴ്‌സ് സുരക്ഷയിലെ പൊലീസ് വിശദീകരണം തേടലിൽ കുലുങ്ങാതെ താരരാജാവ്; സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം ദിലീപിന് വിനയാകില്ല; ജാമ്യം റദ്ദാക്കാനുള്ള നടപടികൾക്ക് പൊലീസുമില്ല

റിമാൻഡിൽ കഴിയുമ്പോൾ വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ ഹാജരാക്കിയതിന് പൊലീസ് പറഞ്ഞത് സുരക്ഷാ പ്രശ്‌നമെന്ന ന്യായം; എഡിജിപിയും മഞ്ജു വാര്യരും തമ്മിലെ ഗൂഢാലോചന ഉന്നയിച്ചിട്ടും അന്വേഷിക്കാത്തതോടെ വിശ്വാസവും പോയി; തണ്ടർഫോഴ്‌സ് സുരക്ഷയിലെ പൊലീസ് വിശദീകരണം തേടലിൽ കുലുങ്ങാതെ താരരാജാവ്; സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം ദിലീപിന് വിനയാകില്ല; ജാമ്യം റദ്ദാക്കാനുള്ള നടപടികൾക്ക് പൊലീസുമില്ല

കൊച്ചി: ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് സ്വന്തം പണം മുടക്കി, തണ്ടർ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയിൽ നിന്ന് സുരക്ഷാസംവിധാനം ഏർപ്പാടാക്കുന്നതിൽ നിയമപരമായ തെറ്റില്ലെന്ന് വിലയിരുത്തൽ. അതുകൊണ്ട് തന്നെ തണ്ടർഫോഴ്‌സിൽ ദിലീപിനെ കുടുക്കാൻ പൊലീസിന് കഴിയുകയുമില്ല. തനിക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് ദിലീപ് പൊലീസിനെ അറിയിച്ചില്ലെന്ന വാദവും നിലനിൽക്കില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ വിഷയം ഉയർത്തി ജാമ്യം റദ്ദാക്കാൻ പൊലീസും ശ്രമിക്കില്ല.

ദിലീപ് ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്ന് തന്നെയാണ് പൊതുവെ ഉയരുന്ന അഭിപ്രായം. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള നിബന്ധനകളിൽ ഇത്തരത്തിലൊരു സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുന്നില്ല. തണ്ടർ ഫോഴ്‌സ് എന്ന സ്ഥാപനം നിയമപരമായി നിലനിൽക്കുന്ന സ്ഥാപനമാണെന്നും അഭിപ്രായം ഉയരുന്നു. ഇതിലെല്ലാം ഉപരി ദിലീപിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന് തന്റെ നീക്കത്തെ ന്യായീകരിക്കാനാകും. റിമാൻഡിലായിരിക്കുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ദിലീപിനെ കോടതിയിൽ പോലും പൊലീസ് ഹാജരാക്കിയിരുന്നില്ല. അങ്കമാലി കോടതി നടപടികളിൽ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്. ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ അന്ന് പൊലീസ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തിൽ ദിലീപിന് സ്വന്തം സുരക്ഷയിൽ തീരുമാനം എടുക്കാം. പൊലീസിനോട് ദിലീപിന് വിശ്വാസക്കുറവുമുണ്ട്. പൾസർ സുനി തന്നെ ബ്ലാക്ക് മെയിലിന് ശ്രമിക്കുന്നുവെന്ന ദിലീപിന്റെ പരാതി പൊലീസ് അന്വേഷിച്ചില്ല. പകരം ദിലീപിനെ പ്രതിയാക്കുകയാണ് ചെയ്തത്. എഡിജിപി സന്ധ്യയും മുൻ ഭാര്യ മഞ്ജു വാര്യരും തമ്മിലെ അടുപ്പമാണ് ഇതിന് കാരണമെന്ന് ദിലീപ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ സുരക്ഷയ്ക്ക് നിയമാനുസൃതമായ സംവിധാനത്തെ ഏർപ്പെടുത്തിയതിൽ തെറ്റില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പൊലീസ് ഇക്കാര്യത്തിൽ തേടിയ വിശദീകരണത്തിലും അസ്വാഭാവികതയൊന്നുമില്ല. ദിലീപ് പൊലീസ് നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. സുരക്ഷയിൽ ചില വിശദാംശങ്ങൾ ചോദിക്കാൻ പൊലീസിനും അവകാശമുണ്ടെന്നാണ് വിലയിരുത്തൽ.

ദിലീപ് ഇനിയും കുറ്റം തെളിയിക്കപ്പെടാനുള്ള സാഹചര്യങ്ങളിൽ ജാമ്യത്തിൽ കഴിയുന്ന, പൊലീസിന്റെ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയാണ്. അതൊക്കെ നോക്കേണ്ടത് പൊലീസും കോടതിയുമൊക്കെയാണ്. അതൊക്കെ അതിന്റെ വഴിക്കുതന്നെ പോകണമെന്ന കാര്യത്തിൽ സംശയമില്ല. ദിലീപ് ഇപ്പോൾ സുരക്ഷ തേടിയിരിക്കുന്നതും സുരക്ഷ അനുഭവിക്കുന്നതുമായ സ്ഥാപനം ഗോവ ആസ്ഥാനമായി ഏതാനും വർഷങ്ങളായി നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തണ്ടർ ഫോഴ്‌സ് എന്ന സ്വകാര്യ സ്ഥാപനമാണ്. പ്രധാനമന്ത്രിയുടെ ഗുജറാത്ത് അടക്കം ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും തണ്ടർ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയോടെ സിവിൽ പൊലീസ് ഓഫീസർ നേരിട്ട് ചെന്നു ദിലീപിനു നോട്ടീസ് നൽകുകയായിരുന്നു. ഇന്നു രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിൽ മറുപടി നൽകണമെന്നാണു നിർദ്ദേശം. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർഫോഴ്സ് എന്ന സുരക്ഷാ ഏജൻസിയുടെ വിശദാംശങ്ങളും ആലുവ എസ്.ഐ. നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്നമുള്ളതായി ദിലീപ് അറിയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ എന്തിനു സായുധ സുരക്ഷ ഏർപ്പെടുത്തിയെന്നു വ്യക്തമാക്കണം. ദിലീപിനെ അനുഗമിച്ച സുരക്ഷാ സേനാംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ, ഏജൻസിയുടെ ലൈസൻസ് രേഖകൾ, സുരക്ഷയുടെ ഭാഗമായി സേനാംഗങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ലൈസൻസ്, സുരക്ഷാ ഏജൻസിക്കു നൽകിയ കരാറിന്റെ പകർപ്പ് തുടങ്ങിയവയും ഹാജരാക്കണമെന്നു നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തണ്ടർ ഫോഴ്‌സ് എന്ന സ്ഥാപനം ഈ രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി S&E/II/Bich-Y2K/380/ U74920GA2012PTC006977 നമ്പറിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ്. ഇതൊരു 1508/Q/JA/IND-1056/ ISO 9001-2008 സാക്ഷ്യപത്രമുള്ള കമ്പനിയാണ്. ഈ സ്ഥാപനത്തിന്ന് നിയമപ്രകാരം വേണ്ടുന്ന സേവന നികുതി, ആദായനികുതി, തൊഴിലാളി ക്ഷേമ നിധി തുടങ്ങിയ എല്ലാ അംഗത്വവും അനുബന്ധ രേഖകളുമുണ്ട്. FP - 1711/1-8 (Government of India) നമ്പർ പ്രകാരം ഈ കമ്പനിക്ക് വയർലെസ്സ് സംവിധാനമുണ്ട്. ഈ വക വിവരങ്ങളെല്ലാം തന്നെ വളരെ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു വെബ്‌സൈറ്റ് കമ്പനി നിലനിർത്തിപോരുന്നുണ്ട്. നാളിതുവരെ ഈ വെബ്‌സൈറ്റിന്റെ ആധികാരികത ആരും ചോദ്യംചെയ്തു കാണുന്നുമില്ല.

ദിലീപ് ഒരു നടനാണ്. അതോടൊപ്പം തന്നെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ്സിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജാമ്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു വ്യക്തിയുമാണ്. ദിലീപിന് ജാമ്യം കൊടുക്കാൻ തന്നെ ഏറെ ബിദ്ധിമുട്ടും ആശങ്കകളും ഉണ്ടായിരുന്നതുമാണ്. അതുകൊണ്ടുതന്നെ പൊലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് ദിലീപിന് വേണ്ടത്ര സുരക്ഷ ഉണ്ടാവില്ലെന്ന സംശയം സ്വാഭാവികമായും ദിലീപിനുണ്ടാവാം. അതിൽ നമുക്കാർക്കും തെറ്റ് പറയാനാവില്ല.

ഇത്തരത്തിൽ ഒറ്റപ്പെട്ടുകഴിയുന്ന ഒരു വ്യക്തി, സർക്കാർ അംഗീകൃത സുരക്ഷാ ഏജൻസിയിൽ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ തെറ്റുണ്ടെന്ന് നമുക്ക് പറയുക വയ്യ. മാത്രമല്ല, ഇന്ത്യൻ സുരക്ഷാ സേനകളിൽ നിന്ന് വിരമിച്ച ആയിരത്തോളം സേനാംഗങ്ങൾ, ഇപ്പോഴും സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ കൈപറ്റുന്നവരാണ് തണ്ടർ ഫോഴ്‌സ് എന്ന സ്ഥാപനത്തിൽ സേവനമനുഷ്ടിക്കുന്നത് എന്നതും ശ്രദ്ദേയമാണ്. രാജ്യത്തുനിന്ന് തീവ്രവാദം തുടച്ചുമാറ്റുന്നതിന്നായി സമാരംഭിച്ച ഈ സ്ഥാപനത്തിന് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ആയുധങ്ങളും മറ്റു സുരക്ഷാ സജ്ജീകരണങ്ങളും കൈവശം വക്കാനും ആവശ്യപ്രകാരം പ്രയോഗിക്കാനുള്ള നിയമങ്ങളുടെ പിൻബലവുമുണ്ടെന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

ജനമധ്യത്തിൽ ദിലീപിനുനേരേ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചതെന്നാണ് ദിലീപിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ ദിവസം മുതലാണ് ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സിന്റെ മൂന്നു സായുധ കമാൻഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP