Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ലോക് ഡൗണിൽ പൊടുന്നനെ ഗോവയിലെ സ്പാ അടച്ചുപൂട്ടിയപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വനിതകൾ അടക്കമുള്ള നാലംഗ മലയാളി സംഘം; എയർപോർട്ടിൽ ജോലി നിലച്ചപ്പോൾ ഭക്ഷണം പോലുമില്ലാതെ ആകെ ആങ്കലാപ്പിൽ നൂറോളം മലയാളികളും; ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ ദൈവദൂതനെ പോലെ സഹായവുമായി; തണ്ടർഫോഴ്‌സിന്റെ മലയാളി സിഎംഡി അനിൽകുമാർ നായർ ഇപ്പോൾ ഇവർക്ക് ഹീറോ; മലയാളി സെക്യൂരിറ്റി ഏജൻസിയുടെ കിടിലൻ പ്രവർത്തനം ഇങ്ങനെ

ലോക് ഡൗണിൽ പൊടുന്നനെ ഗോവയിലെ സ്പാ അടച്ചുപൂട്ടിയപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വനിതകൾ അടക്കമുള്ള നാലംഗ മലയാളി സംഘം; എയർപോർട്ടിൽ ജോലി നിലച്ചപ്പോൾ ഭക്ഷണം പോലുമില്ലാതെ ആകെ ആങ്കലാപ്പിൽ നൂറോളം മലയാളികളും; ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ ദൈവദൂതനെ പോലെ സഹായവുമായി; തണ്ടർഫോഴ്‌സിന്റെ മലയാളി സിഎംഡി അനിൽകുമാർ നായർ ഇപ്പോൾ ഇവർക്ക് ഹീറോ; മലയാളി സെക്യൂരിറ്റി ഏജൻസിയുടെ കിടിലൻ പ്രവർത്തനം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ കാരണം വന്ന ലോക്ക് ഡൗൺ ദുരിതങ്ങൾ ജീവിതത്തെ നക്കിത്തുടയ്ക്കുന്ന അവസ്ഥ വന്നപ്പോൾ ഗോവൻ മലയാളികൾക്ക് ആലംബമായത് തണ്ടർഫോഴ്‌സ് എന്ന മലയാളി സെക്യൂരിറ്റി ഏജൻസി. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളുടെ സുരക്ഷ നോക്കി നടത്തുന്ന ഇങ്ങനെയുള്ള ബ്രഹത് ഏജൻസി സഹായവുമായി വരുമെന്ന് മലയാളികൾ കരുതിയുമില്ല. ലോക്ക് ഡൗൺ ദുരിതം പേറുന്ന ഗോവയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഇപ്പോൾ സഹായമെത്തിക്കാൻ കഴിയുന്നത് തണ്ടർഫോഴ്‌സിനാണ് മാത്രമാണ് എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാകുന്നു. തണ്ടർഫോഴ്‌സ് സിഎംഡി മലയാളിയായ അനിൽകുമാർ നായരുടെ നേതൃത്വത്തിലുള്ള തണ്ടർഫോഴ്‌സ് സംഘമാണ് ഗോവയിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി മാറിയത്.

ഇന്ത്യയിലെ നിലവിലുള്ള അൻപത്തിയഞ്ചു ഓഫീസുകളിൽ നിന്നുള്ളവരും വിവിധ സ്റ്റേറ്റുകളിലെ സഹായഭ്യർഥനകൾക്ക് ചെവി കൊടുക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. ദുബായിലും ഖത്തറിലും ശ്രീലങ്കയുമായി വ്യാപിച്ചു കിടക്കുകയാണ് തണ്ടർഫോഴ്‌സ്. ഗോവ ആസ്ഥാനമായ കമ്പനിയിൽ ജോലി ചെയ്യുന്ന പതിനാറായിരം ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സർക്കാരിന്റെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതോടെയാണ് തണ്ടർഫോഴ്‌സ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടന്ന ഗോവയിലെ മലയാളികൾക്ക് സഹായം എത്തിച്ചതോടെയാണ് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് നടത്തുന്നതിനാൽ തണ്ടർഫോഴ്‌സിന്റെ അത്യാവശ്യം വാഹനങ്ങൾക്ക് ഗോവൻ സർക്കാർ സഞ്ചാരാനുമതി നൽകിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കാനും സഹായമേത്തിക്കാനും തണ്ടർഫോഴ്‌സിന് കഴിയും.

കർണാടക-ഗോവ ബോർഡറായ കാർവാറിനടുത്ത കൺകോണയിൽ കുടുങ്ങിക്കിടന്ന നാലംഗ മലയാളി സംഘത്തിനു സഹായമെത്തിച്ചതോടെയാണ് ലോക്ക് ഡൗൺ കാലത്ത് തണ്ടർഫോഴ്‌സ് നടത്തുന്ന സന്നദ്ധ പ്രവർത്തനം വാർത്തയായത്. കൈ നിറയെ സഹായമാണ് തണ്ടർഫോഴ്‌സ് ഇവർക്ക് എത്തിച്ച് നൽകിയത്. രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണ സാധനങ്ങൾ ഒരു പക്ഷെ അതിലധികം ഭക്ഷണം തണ്ടർഫോഴ്‌സ് എത്തിച്ചു നൽകിയിട്ടുണ്ട് എന്നാണ് സഹായം ലഭിച്ച നാലംഗ സംഘത്തിലെ എറണാകുളം സ്വദേശി ഹരി മറുനാടനോട് പറഞ്ഞത്. തത്ക്കാലം സഹായം ലഭിച്ചു. പക്ഷെ ഞങ്ങൾക്ക് എങ്ങനെയും കേരളത്തിൽ എത്തണം. അതിനുള്ള സഹായം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വേണം-ഹരി പറയുന്നു.

ഗോവൻ എയർപോർട്ടിൽ കുടുങ്ങിക്കിടന്ന മലയാളി സംഘങ്ങൾക്കും ഇതേ രീതിയിൽ തണ്ടർഫോഴ്‌സ് സഹായം എത്തിച്ചു. നൂറോളം മലയാളികൾക്കാണ് തണ്ടർഫോഴ്‌സ് സഹായം എത്തിച്ചത്. മലയാളികൾ വഴി വിവരമറിഞ്ഞാണ് ഇവർക്ക് സഹായം ലഭ്യമാക്കിയത്. ഞങ്ങളുടെ അവസ്ഥ പരമ ദയനീയമായിരുന്നു. എയർപോർട്ടിലെ ജോലി കഴിഞ്ഞു. ഇതേ ഘട്ടത്തിലാണ് ലോക്ക് ഡൗൺ വരുന്നത്. എന്ത് ചെയ്യും. കടകൾ ഇല്ല. ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമില്ല. എയർപോർട്ടിൽ കോൺട്രാക്റ്റ് വർക്ക് ആണ് ഞങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നത്. ഈ കോൺട്രാക്ക്റ്റിന്റെ കാലാവധി കഴിഞ്ഞു. പക്ഷെ ലോക്ക് ഡൗൺ ആയതിനാൽ ഭക്ഷണമില്ല. ഞങ്ങളുടെ കയ്യിലെ പണവും തീർന്ന അവസ്ഥയിലായിരുന്നു-തണ്ടർഫോഴ്‌സിന്റെ സഹായം ലഭിച്ച മലയാളി കിരൺ മറുനാടനോട് പറഞ്ഞു. മൂന്നു തവണയാണ് തണ്ടർഫൊഴ്‌സ് എത്തിയത്. ഞങ്ങൾക്ക് രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണം അവർ നൽകി. വലിയ ആശ്വാസമാണ്-കിരൺ പറയുന്നു. കാർവാറിൽ കുടുങ്ങിയ ഹരി അടക്കമുള്ള മലയാളികൾ പറയുന്ന കാര്യം തന്നെയാണ് വാസ്‌കോയിൽ കുടുങ്ങിയ കിരണും സംഘവും പറയുന്നത്. നാട്ടിൽ തിരികെ എത്താൻ ഏതെങ്കിലും രീതിയിലുള്ള സർക്കാർ സഹായം ലഭ്യമാകണം-കിരൺ പറയുന്നു.

ഒട്ടനവധി മലയാളി സംഘടനകൾ ഗോവയിലുണ്ടെങ്കിലും ലോക്ക് ഡൗൺ കാരണം പുറത്തുപോയി സഹായം ലഭ്യമാക്കാൻ മലയാളി അസോസിയേഷനുകൾക്ക് കഴിയുന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് തണ്ടർഫോഴ്‌സിന്റെ പ്രവർത്തനം അഭിനന്ദനാർഹമാകുന്നത്. മലയാളി അസോസിയേഷനുകൾ ഗോവയിൽ ഉണ്ടെങ്കിലും ഇവർക്ക് വാഹനം എടുത്ത് പുറത്തിറങ്ങാനുള്ള അനുമതിയില്ല. അതുകൊണ്ട് തന്നെ നാലംഗ മലയാളി സംഘം ഗോവയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ വാർത്ത വന്നെങ്കിലും സംഭവം വാർത്തകളിലൂടെ അറിഞ്ഞു നോക്കിനിൽക്കേണ്ട അവസ്ഥയായിരുന്നു മലയാളി അസോസിയെഷനുകൾക്ക്. ഇതോടെയാണ് തണ്ടർഫോഴ്‌സ് സജീവമായത്. ഗോവയിൽ നിന്ന് 80 കിലോമീറ്റർ ദൂരെയുള്ള കാൻകോണിലുള്ള നാലംഗ മലയാളി സംഘത്തിനു ഇന്നലെ തന്നെ തണ്ടർഫോഴ്‌സ് സഹായമെത്തിച്ചു. കോട്ടയത്തെ സുനീഷ് കൺകോണയിൽ നടത്തുന്ന സ്പായിലെ നാലംഗ മലയാളി സംഘമാണ് കാർവാറിൽ കുടുങ്ങിയത്. കൊറോണ ഭീഷണിയെ തുടർന്ന് ഗോവയിലെ സ്പാ സെന്ററുകൾ പ്രവർത്തനം നിറുത്തി വയ്ക്കാൻ മാർച്ച് 12 ന് തന്നെ ഗോവർ സർക്കാർ ഉത്തരവിട്ടിരുന്നു. . ഇതിനെ തുടർന്ന് ബീച്ചുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്പാ സെന്ററുകൾ എല്ലാം അടച്ചുപൂട്ടി.

ചെങ്ങന്നൂർ സ്വദേശിനി ശിൽപ ശശി, എറണാകുളം പെരുമ്പാവൂർ സ്വദേശി എ.ആർ.ഹരി, കോട്ടയം മുണ്ടക്കയം സ്വദേശിനി പി.എസ്.ധന്യ, കൊല്ലം കൊട്ടാരക്കര സ്വദേശിനി കൃഷ്ണപ്രിയ എന്നിവരാണ് പ്രശ്‌നത്തിൽ അകപ്പെട്ടത്. ഇവർ നാട്ടിലേക്ക് മടങ്ങാൻ നേത്രാവതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം ട്രെയിൻ റദ്ദാകുകയായിരുന്നു. ലോക്ക് ഡൗൺ ആയതോടെ കടകൾ അടഞ്ഞു. ശമ്പളം വീട്ടിൽ നൽകുന്നതിനാൽ ഇവരുടെ കയ്യിൽ ആവശ്യത്തിനു പണവുമുണ്ടായിരുന്നില്ല. പട്ടിണി പേടിച്ചായിരുന്നു ഇവരുടെ ജീവിതം.

സാധനങ്ങളുടെ വില വർദ്ധനവ് ചോദ്യം ചെയതതിന് ഹരിക്ക് താമസ് സ്ഥലത്തിനടുത്തുള്ള കടയുടമയിൽ നിന്നും ഭീഷണിയും വന്നിരുന്നു. ഇതോടെ ഇവർ ആകെ പരിഭ്രാന്തരായിരുന്നു. സഹായിക്കാൻ കഴിയുന്ന രീതിയിൽ സ്പാ ഉടമ സുനീഷ് ഇവരെ സഹായിച്ചിരുന്നു. ലോക്ക് ഡൗൺ നീണ്ടതോടെ സുനീഷും പ്രതിസന്ധിയിലായി. ഇതോടെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ വഴിയും പത്രങ്ങൾ വഴിയും ഇവർ വാർത്ത പുറത്ത് എത്തിച്ചത്. ഈ വാർത്ത കണ്ടിട്ടാണ് തണ്ടർഫോഴ്‌സ് സഹായഹസ്തമെത്തിച്ചത്.

ഞങ്ങളുടെ ചില വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി ഗോവൻ സർക്കാർ നൽകിയിട്ടുണ്ട്. മലയാളി അസോസിയേഷൻ ഉണ്ടെങ്കിലും ഇവർക്ക് വാഹനം എടുത്ത് പോകാൻ അനുമതിയില്ല. ഈ ഘട്ടത്തിലാണ് സഹായമേത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. തണ്ടർഫോഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽകുമാർ മറുനാടനോട് പറഞ്ഞു. മലയാളികൾ വളരെ കുറവുള്ള സ്ഥലമാണിത്. അതുകൊണ്ട് തന്നെ അസോസിയേഷനുകൾ അറിയാതെയും പോയി. ഭക്ഷണ സാധനങ്ങളാണ് ആവശ്യമെന്നതിനാൽ ഞങ്ങൾ നേവി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നേവി കാന്റിനിൽ നിന്നാണ് മിക്ക സാധനങ്ങളും ലഭ്യമാക്കിയത്. നേവി മികച്ച സഹകരണമാണ് തണ്ടർ ഫോഴ്‌സിന് നൽകിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് തണ്ടർഫോഴ്‌സിലേ ജീവനക്കാർ എന്നതിനാൽ ലോക്ക് ഡൗണിൽ വലിയ ബുദ്ധിമുട്ടുകൾ തണ്ടർഫോഴ്‌സിന് നേരിടേണ്ടിയും വന്നില്ല-അനിൽ കുമാർ പറയുന്നു.

തണ്ടർഫോഴ്‌സിന്റെ പ്രവർത്തനം വിപുലവും ശ്രദ്ധേയവും

പതിനൊന്നു വർഷം മുൻപ് ഗോവയിൽ ആരംഭിച്ച സ്ഥാപനമാണ് തണ്ടർഫോഴ്‌സ്. ആസ്ഥാനവും ഗോവ തന്നെ. ഗോവൻ മലയാളിയാണ് അനിൽ കുമാർ. ജനിച്ചതും വളർന്നതും എല്ലാം ഗോവയിൽ തന്നെ. അതിനാൽ തണ്ടർഫോഴ്‌സ് ആരംഭിച്ചപ്പോൾ ഗോവ തന്നെ ആസ്ഥാനമാക്കി.
കേരളമുൾപ്പെടെ പതിനൊന്നു സ്റ്റേറ്റുകളിൽ പ്രവർത്തനമുണ്ട് തണ്ടർ ഫോഴ്‌സിന്. അഞ്ഞൂറിലധികം കമ്പനികളുടെ ജോലികളാണ് തണ്ടർഫോഴ്‌സ് ഏറ്റെടുത്ത് നടത്തുന്നത്.

ഇന്ത്യയ്ക്ക് പുറത്ത് ദുബായ്, ശ്രീലങ്ക, ഖത്തർ എന്നിവിടങ്ങളിൽ പ്രവർത്തനമുണ്ട് കമ്പനിക്ക്. കൊച്ചിൻ എയർപോർട്ട്, കണ്ണൂർ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ കേരളത്തിൽ പ്രവർത്തനമുണ്ട്. നാല് ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്. മേജർ രവി, അംജത്, ജയറാം, സിദ്ധാർത്ഥ പ്രഭു എന്നിവരാണ് കമ്പനി ഡയറക്ടർമാർ. ഇന്ത്യയിൽ അൻപത്തിയഞ്ചു ഓഫീസുകളുണ്ട്. എക്സ്സർവീസ്‌മെൻ ലൈസൻസുള്ള സ്വകാര്യ സുരക്ഷാ സ്ഥാപനമാണിത്. ഇന്ത്യയിലും വിദേശത്തുമായി പതിനാറായിരം പേർ തണ്ടർഫോഴ്‌സിൽ ജോലി ചെയ്യുന്നുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ജോലികൾ ഏറ്റെടുത്ത് നടത്തുക, വിവിധ കമ്പനികളുടെ സുരക്ഷാ ജോലികൾ ഏറ്റെടുക്കുക. ഇതൊക്കെയാണ് തണ്ടർഫോഴ്‌സിന്റെ ചുമതല. സുരക്ഷാ ജീവനക്കാർക്ക് ട്രെയിനിങ് നൽകുകയും ചെയ്തിട്ടുണ്ട്. ആർമി, നേവി, പാരാ മിലിട്ടറി. പൊലീസ് വിഭാഗത്തിൽപ്പെട്ട വിരമിച്ചവരാണ് ജോലിക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP