Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

200ലധികം വർഷത്തെ ചരിത്രം പറയുന്ന തൃശ്ശൂർ പൂരം ആദ്യം മുടങ്ങുന്നത് 1962ലെ ഇന്ത്യാ- ചൈന യുദ്ധകാലത്ത്; 58 വർഷങ്ങൾക്ക് ശേഷം വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ ആളും ആരവവുമില്ലാതെ മേടമാസത്തിലെ പൂരം; ചടങ്ങ് മാത്രമായി നടത്തുന്ന ആചാരങ്ങളിൽ പങ്കെടുക്കുക അഞ്ചുപേർ മാത്രം; തൃശ്ശൂർ പൂരം മാറ്റിവെച്ചതുകൊവിഡ്19 മഹാമാരിക്കെതിരായ മഹായുദ്ധത്തിൽ മലയാളിക്ക് ജയിക്കാനും മാനവ രാശിയെ രക്ഷിക്കാനും

200ലധികം വർഷത്തെ ചരിത്രം പറയുന്ന തൃശ്ശൂർ പൂരം ആദ്യം മുടങ്ങുന്നത് 1962ലെ ഇന്ത്യാ- ചൈന യുദ്ധകാലത്ത്; 58 വർഷങ്ങൾക്ക് ശേഷം വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ ആളും ആരവവുമില്ലാതെ മേടമാസത്തിലെ പൂരം; ചടങ്ങ് മാത്രമായി നടത്തുന്ന ആചാരങ്ങളിൽ പങ്കെടുക്കുക അഞ്ചുപേർ മാത്രം; തൃശ്ശൂർ പൂരം മാറ്റിവെച്ചതുകൊവിഡ്19 മഹാമാരിക്കെതിരായ മഹായുദ്ധത്തിൽ മലയാളിക്ക് ജയിക്കാനും മാനവ രാശിയെ രക്ഷിക്കാനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ നീട്ടിയതോടെ ഈ വർഷത്തെ തൃശൂർ പൂരം ഉപേക്ഷിച്ചു. പൂരം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ ബുധനാഴ്ച ചേർന്ന മന്ത്രിതല യോഗം തീരുമാനിച്ചു. കൊവിഡ് ഭീതിയിൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ക്ഷേത്രത്തിൽ നടക്കുന്ന പൂര ചടങ്ങുകളിൽ അഞ്ച് പേർ മാത്രമേ പങ്കെടുക്കുകയുള്ളു. ചെറു പൂരങ്ങൾ അടക്കമുള്ള ചടങ്ങുകൾ ഇത്തവണ ഉണ്ടാകില്ല. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചതായി കൃഷി മന്ത്രി വി എസ് സുനിൽ കുമാർ വ്യക്തമാക്കി. താന്ത്രിക ചടങ്ങുകൾ 5 പേരുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിനുള്ളിൽ നടത്താൻ തീരുമാനമായി. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും സുനിൽകുമാറിന്റെയും സാന്നിധ്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ചർച്ച നടത്തിയാണു തീരുമാനമെടുത്തത്.

58 വർഷങ്ങൾക്ക് മുമ്പ് 1962 ൽ ഇന്ത്യാ- ചൈന യുദ്ധകാലത്തായിരുന്നു തൃശൂർ പൂരം അവസാനമായി മുടങ്ങിയത്. അന്നും പക്ഷേ ചടങ്ങുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നാണ് തൃശൂർ. അതുകൊണ്ട് തന്നെ ഇവിടെ നിയന്ത്രണങ്ങൾ തുടരമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 223 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.

സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവതമാർ വടക്കുംനാഥനു മുന്നിൽ വരുന്ന തൃശൂർ പൂരം ഇത്തവണ മെയ്‌ 3നാണ് നടത്തേണ്ടിയിരുന്നത്.

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്. ഇത്തവണ എക്സിബിഷൻ നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.

കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. കൊച്ചി ശക്തൻ തമ്പുരാന്റെ കാലത്തായിരുന്നു ആറാട്ടുപുഴ പൂരം. വിവിധ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് എത്തുന്ന സംഘങ്ങൾ ആറാട്ടു പുഴ പൂരത്തിൽ പങ്കെടുക്കുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. എന്നാൽ 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും ഉണ്ടായതിനെ തുടർന്ന് പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് എത്താൻ സാധിച്ചില്ല. ഇതോടെ ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. ഇതിൽ കോപിഷ്ടനായ ശക്തൻ തമ്പുരാനാണ് വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1797 മെയ്) തൃശൂർ പൂരം ആരംഭിച്ചു. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രധാന പങ്കാളികളാണ്.


തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. വടക്കുംനാഥൻ ക്ഷേത്രത്തിനുചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങളണ്. തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് നടന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP