Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃശൂരിനെ പൊറുതിമുട്ടിച്ച് പത്മശ്രീ മേനോന്മാരുടെ കുടിപ്പക! ആനക്കമ്പത്തിന്റെ നാട്ടിൽ തലയെടുപ്പുകാട്ടാൻ ഫ്ളക്സുകൾ മത്സരിച്ചുയർത്തി മുതലാളിമാർ; പ്രമാണിത്തം കാട്ടാനുള്ള യുദ്ധം കണ്ട് സാംസ്‌കാരിക തലസ്ഥാനം ചോദിക്കുന്നു, ദെന്തൂട്ടിദ്...

തൃശൂരിനെ പൊറുതിമുട്ടിച്ച് പത്മശ്രീ മേനോന്മാരുടെ കുടിപ്പക! ആനക്കമ്പത്തിന്റെ നാട്ടിൽ തലയെടുപ്പുകാട്ടാൻ ഫ്ളക്സുകൾ മത്സരിച്ചുയർത്തി മുതലാളിമാർ; പ്രമാണിത്തം കാട്ടാനുള്ള യുദ്ധം കണ്ട് സാംസ്‌കാരിക തലസ്ഥാനം ചോദിക്കുന്നു, ദെന്തൂട്ടിദ്...

ടാ ശവ്യേ... ഇതെന്തൂട്ട്ണിത്? റോഡ് മുടക്കിയുള്ള ബോർഡും തോരണങ്ങളും കണ്ട് അരിപ്രാഞ്ചിക്ക് ഹാലിളകി. അയ്യന്തോൾ കളക്ടറേറ്റ്, നടുവിലാൽ, തെക്കെമഠം, വടക്കെ സ്റ്റാൻഡ്, കോർപ്പറേഷൻ മുൻവശം, ഷൊർണൂർ റോഡ്, സാഹിത്യ അക്കാഡമി, എം.ജി. റോഡ്, പടിഞ്ഞാറെക്കോട്ട, ശക്തൻ സ്റ്റാൻഡ്, കിഴക്കെക്കോട്ട, പാട്ടുരായ്ക്കൽ, മ്യൂസിയം, ലളിത കലാ അക്കാഡമി, മിഷനാശുപത്രി, മാർക്കറ്റ്... എന്നു വേണ്ട തൃശൂരിൽ എങ്ങോട്ടു നോക്കിയാലും കമാനം കണക്കെ ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ ബോർഡുകൾ.

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്ന ചങ്ങമ്പുഴക്കവിത, മാറ്റിയെഴുതിയ പോലെ... ഏതു പരിപാടിയുടെ ഫ്ലെക്സിലും പത്മശ്രീ മേനോന്മാർ.

ഇതൊക്കെ കാണുമ്പോഴാണ് അരിപ്രാഞ്ചിക്ക് ചില സംശയങ്ങൾ ഉയരുന്നത്. അത് ഏറ്റവുമധികം, കൂടെ നിൽക്കുന്ന വാസു മേനോനെയാണ് (ഇന്നസെന്റ്). ടാ മേനോനെ, ഒടുവിൽ നിന്റെ ജാതിക്കാർക്ക് തന്നെ ഈ പത്മശ്രീ കിട്ടീല്ലേ? നമ്മള് പാവം നസ്രാണി വെറുതെ മോഹിച്ചു. അല്ല... അത് പോട്ടെ, പത്മശ്രീ കൈയീ കിട്ടീട്ടും എന്തൂട്ട്‌നാടാ ഇവന്മാര് വീണ്ടും ഇങ്ങനെ റോഡ് കുത്തിനിറച്ച് ഫ്ളക്സ് വയ്ക്കണത്... മനുഷ്യനെ മെനക്കെടുത്താൻ...? റൗണ്ടിലൂടെ ഒന്ന് കാറോടിച്ച് പോകണേങ്കി തന്നെ പുണ്യാളന് കാണിക്കയിടണം...അതിനിടയിലാ ഈ പേക്കൂത്ത്.

അരിപ്രാഞ്ചിയുടെ വാക്കുകളിൽ സത്യം ഒളിഞ്ഞിരിപ്പുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ തൃശൂർ റൗണ്ടിലും നഗരപരിധിയിലുമായി മാത്രം അരങ്ങേറിയ 30 ഓളം അപകടങ്ങളിൽ 14 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. അടുത്തിടെ തൃശൂർ നഗരത്തിലും വീഥികളിലും മുഴുവൻ ഫ്ലക്സ് പൂരമാണ്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് സാംസ്‌കാരിക നഗരിയുടെ തിലകക്കുറിയാകാൻ കൊതിക്കുന്ന രണ്ട് പത്മശ്രീ ജേതാക്കളും.

പത്മശ്രീ മേനോന്മാരുടെ കുടിപ്പക

തൃശൂരങ്ങാടിക്ക് കുടിപ്പകയുടെ കാര്യത്തിൽ ഒരു ചരിത്രമുണ്ട്. ഗുണ്ടാകുടിപ്പകയ്ക്ക് പേരുകേട്ട നഗരം കൂടിയാണ് സാംസ്‌കാരിക തലസ്ഥാനം. ഗുണ്ടകളിൽ തന്നെ വിവിധ തരമുണ്ട്... നാടൻ ഗുണ്ട, ക്വട്ടേഷൻ ഗുണ്ട, സാംസ്‌കാരിക ഗുണ്ട എന്നിങ്ങനെ. ഇവരെ നിയന്ത്രിക്കുന്ന മാഫിയകളുടെ കാര്യവും അങ്ങനെ തന്നെ.

അബ്കാരി മാഫിയ, അവാർഡ് മാഫിയ, ഭൂമാഫിയ, പത്രമാഫിയ... ഈവിധം നീളുന്നു. കടവിയും (കടവി രഞ്ജിത്ത്) കോടാലിയും (കോടാലി ശ്രീധരൻ) പോലുള്ളവരാണ് ഗുണ്ടകളിൽ കുടിപ്പകയുടെ യശസ് വാനോളം ഉയർത്തിയതെങ്കിൽ തൃശൂരങ്ങാടിയിലൂടെ ഇപ്പോൾ നടന്നാൽ നമുക്ക് വെളിവാകുക മറ്റൊരു കാര്യമാണ്. രണ്ട് പത്മശ്രീ മേനോന്മാർ തമ്മിൽ നടക്കുന്ന കുടിപ്പകയാണ് ഇപ്പോൾ തൃശൂരിന്റെ ജീവവായു. ഇതിന്റെ അനുരണനങ്ങളാണ് നാലു തൃശൂർക്കാർ കൂടുന്നിടത്തെല്ലാം പറയാനുള്ളത്.

രണ്ടുപേരും പത്മശ്രീ ആണെങ്കിലും ആരാണ് വലിയ പത്മശ്രീ എന്നതാണ് റോഡൊട്ടുക്കുമുള്ള ഫ്ളാ്‌സ് യുദ്ധങ്ങളിലൂടെ ഇരുവരും വ്യക്തമാക്കുന്ന കാര്യം. പുര കത്തുമ്പോൾ കഴുക്കോൽ ഊരിക്കൊണ്ടു പോകാൻ ചങ്കുറപ്പുള്ള ശിങ്കിടികളാണ് മേനോന്മാരുടെ ശക്തി. കൂട്ടിക്കൊടുത്തും കൂട്ടിക്കടിപ്പിച്ചും മേനോന്മാർ എന്ന സാംസ്‌കാരിക ബിസിനസ് ഗുണ്ടകൾ തമ്മിലടിക്കുമ്പോൾ അതിൽ കൈകൊട്ടി കൂടെ ചിരിക്കുന്ന അവാർഡ് മാഫിയയെയും യഥാർത്ഥത്തിൽ നാരദപ്പണി ചെയ്യുന്ന വാർത്താ മാഫിയയെയും എല്ലിൻകഷണങ്ങൾ കടിച്ചുപറിക്കുന്ന തെരുവുനായയെ പോലെ തന്നെ വന്ധ്യംകരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ കുറ്റം പറയുന്നതെങ്ങനെ!

മാദ്ധ്യമ സ്ഥാപനങ്ങൾക്ക് പരസ്യം നൽകുന്നതിന് പുറമേ, ശിങ്കിടികളായ ചില മാദ്ധ്യമപ്രവർത്തകർക്ക് മേനോന്മാരിൽ ചിലർ വാരിക്കോരി പണക്കിഴികൾ നൽകിയെന്നാണ് അന്തരീക്ഷത്തിൽ പരക്കുന്നത്. ഇതിനിടെ പേര് തിരുത്തിയ കേസും പാസ്‌പോർട്ട് തിരുത്തിയ കേസും കമ്പനിയിലെ അസ്വഭാവിക മരണത്തിനുള്ള കേസും ഉൾപ്പെടെ തിരിച്ചും മറിച്ചും കുറെ കേസും കൗണ്ടർ കേസും ഉണ്ടായി. ഒടുവിൽ പെണ്ണുകേസും മേനോന്മാരുടെ കുടിപ്പകയുടെ ഭാഗമായി ഉണ്ടായി.

ആരാന്റമ്മയ്ക്ക് പ്രാന്ത് വന്നാൽ ജനം ചേലോടെ കണ്ടിരിക്കുമെങ്കിലും തൃശൂർക്കാർക്ക് മടുത്തിരിക്കുന്നു. കേരളത്തിന് മടുത്തിരിക്കുന്നു. ഒരു പെൺകുട്ടിയെ വീട്ടിൽ കയറി പത്മശ്രീ ജേതാവായ ഒരു മേനോൻ പിടിച്ചുവെന്നും ആക്രമിച്ചുവെന്നുമാണ് ഇപ്പോഴുള്ള കേസും കൂട്ടവും. അതേത്തുടർന്ന് ഒളിവിലുമാണ് ഏറ്റവുമൊടുവിൽ പത്മശ്രീ പുരസ്‌കാരത്തിന് അർഹനായ മേനോൻ. കേസിനും പുകിലിനും എല്ലാം പിറകിൽ നേരത്തേ പത്മശ്രീ ലഭിച്ച മറ്റൊരു മേനോനാണ് എന്നാണ് പൊതുജനമദ്ധ്യേ ഉയരുന്ന വർത്തമാനം.

പത്മശ്രീ പുരസ്‌കാരത്തിന് അർഹരായ കുടിപ്പകക്കാർ ഇരുവരും ബന്ധുക്കളാണ് എന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. പരസ്പരം പല്ലിൽകുത്തി നിങ്ങൾ നാറുമ്പോൾ ദുർഗന്ധപൂരിതമാകുന്നത് ഒരു രാജ്യത്തിന്റെ നാലാമത്തെ സിവിലിയൻ ബഹുമതി കൂടിയാണെന്ന് ഓർക്കുക.

പത്മ പുരസ്‌കാരങ്ങൾ കിട്ടാത്ത എത്രയോ ദേശസ്‌നേഹികളും സ്വാതന്ത്ര്യ സമരസേനാനികളും ഇന്നാട്ടിലുണ്ട്. എന്തിനേറെ, സുകുമാർ അഴീക്കോട് പോലും കേന്ദ്ര സർക്കാർ നയങ്ങളോട് കലഹിച്ച് പത്മ പുരസ്‌കാരം വേണ്ടെന്ന് വച്ചയാളാണ്. അതാണ് തൃശൂരിന്റെ പാരമ്പര്യവും. അങ്ങനെയിരിക്കെ, കാശുകൊണ്ട് പുരസ്‌കാരം വിലയ്ക്ക് വാങ്ങാമെന്ന് കാണിച്ച് പരസ്പരം പോരടിച്ച് പൊതുജനത്തെ പൊറുതിമുട്ടിക്കണോ... ചിന്തിക്കുക, പ്രവർത്തിക്കുക. മുട്ടനാടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കുന്ന ശിങ്കിടികളേ... നിങ്ങൾ നാണിച്ചു തലതാഴ്‌ത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP