Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ഏറ്റവും വീതിയേറിയ ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ പിന്തള്ളാൻ വേണ്ടത് നാല് മണിക്കൂർ! തൃശ്ശൂർ മണ്ണുത്തി റോഡിലെ കുതിരാനിൽ കുടുങ്ങാത്ത ആരെങ്കിലും ഉണ്ടാവുമോ ഈ നാട്ടിൽ? സർക്കാർ കടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറിയ കുതിരാനിൽ മണിക്കൂറുകളോളം കുടുങ്ങി മടുത്ത് മലയാളികൾ; ഓണം ആഘോഷിക്കാൻ നാട്ടുകാർ റോഡിൽ ഇറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് കേരളം

കേരളത്തിലെ ഏറ്റവും വീതിയേറിയ ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ പിന്തള്ളാൻ വേണ്ടത് നാല് മണിക്കൂർ! തൃശ്ശൂർ മണ്ണുത്തി റോഡിലെ കുതിരാനിൽ കുടുങ്ങാത്ത ആരെങ്കിലും ഉണ്ടാവുമോ ഈ നാട്ടിൽ? സർക്കാർ കടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറിയ കുതിരാനിൽ മണിക്കൂറുകളോളം കുടുങ്ങി മടുത്ത് മലയാളികൾ; ഓണം ആഘോഷിക്കാൻ നാട്ടുകാർ റോഡിൽ ഇറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വീതിയേറിയ ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ ദൂരം പിന്നിടാൻ മലയാളികൾ എടുക്കുന്ന സമയം നാല് മണിക്കൂറാണ്. ഓണവിപണി സജീവമാകുകയും അവധി ആരംഭിക്കുകയും ചെയ്തതോടെ സാധാരണയിലും വലിയ ഗതാഗതക്കുരുക്കാണ് തൃശ്ശൂർ മണ്ണുത്തി റോഡിൽ അനുഭവപ്പെടുന്നത്. പൂർണമായും തകർന്ന റോഡിലേക്കാണ് ഓണത്തോടനുബന്ധിച്ചു വാഹനങ്ങൾ അധികമായി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ കുരുക്ക് ഇന്നലെ രാത്രിയിലും അയഞ്ഞിട്ടില്ല. ഇഴഞ്ഞിഴഞ്ഞാണു വാഹനങ്ങൾ നീങ്ങുന്നത്.

വിശ്രമമില്ലാതെ പൊലീസ് പണിയെടുത്തിട്ടും കുരുക്ക് മാറാത്തതിനെ തുടർന്ന് നാട്ടുകാർ പോലും തിരക്ക് നിയന്ത്രിക്കാൻ രംഗത്തെത്തി. ചുവന്നമണ്ണു മുതൽ കൊമ്പഴ വരെ 5 കിലോമീറ്റർ ദൂരം 4 വരിയായി വാഹനങ്ങളുടെ നീണ്ട നിരയാണ്. പീച്ചി പൊലീസും ഹൈവേ പൊലീസും ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടെങ്കിലും കുരുക്കിനു ശമനമില്ല. ഇന്നലെ രാവിലെ വാണിയമ്പാറ, കൊമ്പഴ പ്രദേശത്ത് ഏതാനും ചെറുപ്പക്കാർ ഗതാഗത നിയന്ത്രണത്തിനു മുന്നിട്ടിറങ്ങി. വാഹനങ്ങൾ നിര തെറ്റാതെ കടന്നുപോകുന്നതിന് ഇവരുടെ ഇടപെടൽ ഗുണംചെയ്തു. ദേശീയപാതയിൽ ഇന്നലെയും കുഴിയടയ്ക്കൽ തുടർന്നെങ്കിലും പൂർണമായി തകർന്നയിടങ്ങളിൽ അറ്റകുറ്റപ്പണി പ്രയോജനം ചെയ്യുന്നില്ല.

സ്വകാര്യ ബസുകൾ മിക്കതും വടക്കഞ്ചേരിയിൽ സർവീസ് അവസാനിപ്പിച്ചു. വഴുക്കുംപാറയിലും കൊമ്പഴയിലും വാഹനങ്ങൾ പിടിച്ചിട്ട് മെല്ലെ കടത്തിവിടുന്ന രീതിയാണു പൊലീസ് സ്വീകരിച്ചത്. വിശ്രമം ഇല്ലാതെയാണു പൊലീസ് ജോലി ചെയ്യുന്നത്. ഞായറാഴ്ചയാണെങ്കിലും ഓണച്ചരക്ക് വാഹനങ്ങളുടെ ആധിക്യം ഉണ്ടാവുമെന്നതിനാൽ കുരുക്ക് ഇന്നും തുടരാനാണു സാധ്യത. ഭൂരിഭാഗം യാത്രാവാഹനങ്ങളും വടക്കാഞ്ചേരിഷൊർണൂർ സംസ്ഥാന പാതയെയാണ് ആശ്രയിക്കുന്നത്.

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ രണ്ടരക്കോടി രൂപ അനുവദിച്ചെങ്കിലും ഇതുപയോഗിച്ച് ഒരിടത്തും നിർമ്മാണക്കമ്പനി പണികൾ നടത്തിയിട്ടില്ല. കുതിരാൻ ഒഴികെയുള്ള മേഖലകളിലെ കുഴികൾ ക്വാറിച്ചെളികൊണ്ട് അടച്ചതാണ് നടത്തിയ ഏക അറ്റകുറ്റപ്പണി. ഗതാഗതക്കുരുക്കിന് മുഖ്യകാരണമായ കുതിരാൻ മേഖലയിൽ ഒരിടത്തും അറ്റകുറ്റപ്പണികൾ നടത്തിയതുമില്ല. 

അനാസ്ഥയുടെ മകുടോദാഹരണം

ഭരണകൂട അനാസ്ഥയുടെയും ഉദ്യോഗസ്ഥ അലംഭാവത്തിന്റെയും മകുടോദാഹരണമാണ് കുതിരാനിലെ ഗതാഗതക്കുരുക്ക്, കഴിഞ്ഞ കുറേ നാളുകളായി കുതിരാൻ ഇങ്ങനെയാണ്. കുതിരാൻ പാതയിൽ റോഡ് തകർന്നുപോകാത്ത മണിക്കൂറുകളോളം ഗതാഗതം നിശ്ചലമാകാത്ത മഴക്കാലങ്ങളില്ല. ചുമ്മാതെ ഇഴഞ്ഞുനീങ്ങുന്ന ഗതാഗതം എന്ന് പോലും പറയാനാവില്ല. മണിക്കൂറുകള് നീളുന്ന ഗതാഗതസ്തംഭനമാണ് ഉണ്ടാകാറ്. മണ്ണിടിച്ചിലുണ്ടായാൽ ഗതാഗതക്കുരുക്ക് ഗതാഗത സ്തംഭനത്തിലേക്ക് ചുവട്മാറും. അറുപത് കിലേമീറ്റരോളം സമാന്തരപാതകളില്ലാത്ത പാത എന്നതാണ് കുതിരാന്റെ പ്രത്യേകതയും പ്രസക്തിയും. ശേഷിയുടെ 120 ലധികം മടങ്ങ് ഗതാഗതം നടക്കുന്ന റോഡാണ് ഇത്. കുതിരാനില് മലതുരന്ന് തുരങ്കമെന്ന ആശയത്തിലേക്കെത്താന് അതും ഒരു കാരണമാണ്.

ദേശീയപാതയുടെ മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ഭാഗത്തെ ആറ് വരിപ്പാതയുടെ ആലോചന തുടങ്ങി തീരുമാനമുണ്ടായത് 2004 ലാണ്. ആലോചിച്ചുറച്ച് പതിനഞ്ച് പിന്നിട്ടിരിക്കുന്നു. 2005 ൽ സർവേ തുടങ്ങി. 2006 മുതല് 2008 വരെ ചുങ്കപ്പാതകള് കേരളത്തില് വേണ്ടെന്ന വി എസ് സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് ഒരു നടപടിയുമുണ്ടായില്ല. തീരുമാനം നല്ലതായിരുന്നെങ്കിലും ബദൽ കണ്ടെത്താനാകാത്തതിനാൽ കേരളത്തിന് മുന്നോട്ട് പോകാനായില്ല. 2009 ൽ ന്യായവിലയില്ലാതെ സ്ഥലമേറ്റെടുക്കുന്നതിനെതിരെ ജനങ്ങൾ പ്രക്ഷോഭം തുടങ്ങി.

ഒടുവിൽ 2013 മെയ് 31 ന് ദേശീയപാതയുടെ മണ്ണുത്തി മുതല് വടക്കഞ്ചേരി വരെയുള്ള ഭാഗം ആറ് വരിയായി വികസിപ്പിക്കുന്നതിനാവശ്യമായ മുഴുവന് സ്ഥലവും ഏറ്റെടുത്ത് നൽകി. എന്നിട്ടും പാതയുടെ പണി പാതി വഴിയിൽ മുടങ്ങി. 2014 ഒക്ടോബറിൽ കടലാസിലാരംഭിച്ചതാണ് കുതിരാനിലെ തുരങ്കനിർമ്മാണം 2016 ൽ തുരന്ന് തുടങ്ങി. കുറെക്കാലം പണിയൊക്കെ കൃത്യമായി പോയി. സമീപവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇടക്കൊക്കെ പണി മുടങ്ങി. ഒരു തുരങ്കത്തിന്റെ നിർമ്മാണം ഏതാണ്ട് തൊണ്ണൂറ് ശതമാനവും രണ്ടാമത്തേതിന്റെ നിർമ്മാണം നാല്പത് ശതമാനവും പൂർത്തിയായി.

മന്ത്രിമാരുടെ വാക്കും പഴയ ചാക്കും

കുതിരാനിൽ മന്ത്രിമാരുടെ വാക്കിനേക്കാൾ വില പഴയ ചാക്കിനുണ്ട് എന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. കുതിരാൻ ദേശീയപാതയിലെ കുഴികൾ ഏഴു ദിവസത്തിനടയ്ക്കാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിപ്പോൾ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. പക്ഷേ, ഉദ്യോഗസ്ഥർ വാക്കുപാലിച്ചില്ല. കേന്ദ്രമന്ത്രിയുടെ നിർദ്ദേശം നടപ്പാവാതെ വന്നതിന് പിന്നാലെ സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ രംഗത്തെത്തി.

തൃശൂർ കുതിരാൻ ദേശീയപാതയിലെ കുഴികൾ നാൽപത്തിയെട്ടു മണിക്കൂറിനുള്ളിൽ അടയ്ക്കാൻ ദേശീയപാത ഉദ്യോഗസ്ഥർക്ക് മന്ത്രി വി എസ്.സുനിൽകുമാർ അന്ത്യശാസനം നൽകിയത് ഈ മാസം ഒന്നാം തീയതിയാണ്. കേന്ദ്രമന്ത്രിയുടെ നിർദ്ദേശവും സംസ്ഥാന മന്ത്രിയുടെ നിർദ്ദേശവും കുതിരാനിലെ കുഴിയിൽ തന്നെ. പണി കഴിഞ്ഞ തുരങ്കപ്പാതയിൽ ഒന്ന് താൽക്കാലികമായി തുറക്കണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു. ഇക്കാര്യം, വിശദമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചർച്ച ചെയ്തു. പക്ഷേ, സുരക്ഷാപ്രശ്‌നം മുൻനിർത്തി തുരങ്കപ്പാത തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇനിയും തുറക്കാത്ത തുരങ്കം

തൊണ്ണൂറ് ശതമാനം പണികളും പൂർത്തിയായ കുതിരാൻ തുരങ്കം വഴിയുള്ള ഗതാഗതം ഈ ആഴ്‌ച്ചയിൽ ആരംഭിക്കും എന്നായിരുന്നു പ്രതീക്ഷ. തല്ക്കാലം ദേശീയ പാതയിലെ കുഴികളടക്കാൻ എൻഎച്ച് എ അധികൃതർക്ക് മന്ത്രിതലത്തിൽ ചേർന്ന യോഗം നിർദ്ദേശം നൽകുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ഓരോ ഘട്ടത്തിലും പാത തുറന്നു നൽകുന്നതിന് തടസമായി കമ്പനി പറയുന്നത്. ഒരാഴ്‌ച്ചക്കകം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കും. തുരങ്ക പാത ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയെ കരാർ കമ്പനിയും നാഷണൽ ഹൈവേ അഥോറിറ്റിയും അറിയിച്ചത്. അല്ലാത്തപക്ഷം കരാർ കമ്പനിക്ക് എതിരെ കേസെടുത്ത് അറസ്റ്റ് നടപടികളിലേക്ക് പോകാനും കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു. തുടർന്ന് ഇന്നലെ എൻഎച്ച്എ ജനറൽ മാനേജർ ആശിഷ് ദ്വിവേദിയോട് കളക്ടർക്ക് മുമ്പിൽ ഹാരാകാനും കുതിരാനിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തുമ്പോൾ അനുഗമിക്കാനും നിർദ്ദേശം നൽകി. കുതിരാൻ സന്ദർശിച്ച സംഘം റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. നാലാം തവണയാണ് കരാർ കമ്പനിക്ക് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സമയം നീട്ടി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP