Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരീക്ഷണ ചികിത്സയുടെ ഇരയായി കൊമ്പൻ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു; ആനയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമാക്കിയത് വാത ചികിൽസയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികിൽസയെന്ന് ആന പ്രേമികൾ; ഊരകം ക്ഷേത്രത്തിന് സമീപം ചികിത്സയിലിരുന്ന കൊമ്പൻ ചെരിഞ്ഞത് പരിശോധിക്കാൻ വനവകുപ്പു എത്താനിരിക്കെ; പാദരോഗവും കാലുകളിലെ പഴുപ്പും കാരണം ആന ഇന്നലെ തളർന്നു വീണിരുന്നു

പരീക്ഷണ ചികിത്സയുടെ ഇരയായി കൊമ്പൻ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു; ആനയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമാക്കിയത് വാത ചികിൽസയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികിൽസയെന്ന് ആന പ്രേമികൾ; ഊരകം ക്ഷേത്രത്തിന് സമീപം ചികിത്സയിലിരുന്ന കൊമ്പൻ ചെരിഞ്ഞത് പരിശോധിക്കാൻ വനവകുപ്പു എത്താനിരിക്കെ; പാദരോഗവും കാലുകളിലെ പഴുപ്പും കാരണം ആന ഇന്നലെ തളർന്നു വീണിരുന്നു

കെ എം അക്‌ബർ

തൃശൂർ: പരീക്ഷണ ചികിൽസയുടെ ഇരയായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു. ഊരകം ക്ഷേത്രത്തിന് സമീപത്ത് ചികിത്സയിലിരിക്കെ പുലർച്ചെയാണ് ചെരിഞ്ഞത്. പാദരോഗവും കാലുകളിലെ പഴുപ്പും കാരണം ഇന്നലെ രാവിലെ തന്നെ ആന തളർന്നു വീണിരുന്നു. തുടർന്ന് ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം തുടരവെ ഇന്ന് രാവിലെ ചെരിയുകയായിരുന്നു.

ഊരകം ക്ഷേത്രത്തിനു സമീപത്തെ ദേവസ്വംപറമ്പിൽ നീരിൽ കഴിയവേ ബലരാമൻ കഴിഞ്ഞ ജനുവരി 15ന് തളർന്നിരുന്നു. എണീറ്റുനിൽക്കാൻ കഴിയാത്തതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് അന്ന് ഉയർത്തിയത്. അന്നുമുതൽ ഡോ. ഗിരിദാസിന്റെ നേതൃത്വത്തിൽ ആന ചികിത്സയിലായിരുന്നു. മുൻവശത്തെ വലതുകാലിലെ ചെരുപ്പടി (പാദത്തിന്റെ അഗ്രം) അടർന്ന നിലയിലുമായിരുന്നു. വാത ചികിൽസയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികിൽസയിൽ കാലിൽ പൊള്ളലേറ്റ് മുറിവാണ് ആനയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമാക്കിയത്.

ആനയെ ചികിത്സിച്ചതിന്റെ പിഴവുമൂലം ശരീരത്തിലേറ്റ പൊള്ളലാണ് പഴുപ്പിന് കാരണമെന്നു പറഞ്ഞ് ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പരാതി നൽകിയിരുന്നു. പരീക്ഷണ ചികിൽസക്കെതിരെ ആക്ഷേപവുമായി നാട്ടുകാർ കൂടി രംഗത്ത് വന്നതോടെയാണ് ബോർഡ് ചികിത്സക്കായി ശ്രമം തുടങ്ങിയത്. സ്വയം എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത ആനയെ തൂണുകളുടെ സഹായത്താൽ നിറുത്തിയിരിക്കുകയായിരുന്നു. ഒരേ നിൽപ്പിനെ തുടർന്ന് ആനയുടെ വലത് മുൻകാലി നഖങ്ങൾക്കുള്ളിൽ പഴുപ്പുമുണ്ടായിട്ടുണ്ടെന്ന് പറയുന്നു.

ഇത് പുറത്തേക്കൊഴുകുന്നുണ്ടെന്നാണ് ആനപ്രേമികൾ പറയുന്നത്. 68 വയസ്സുള്ള ആനയ്ക്ക് പ്രായത്തിന്റെ അവശതകളുമുണ്ടായിരുന്നു. നിയമ പ്രകാരം ആനയെ വെയിലും മഴയും ഏൽക്കാതെ ഷെൽട്ടർ ഷെഡിൽ നിർത്തണമെന്നാണ് നിബന്ധനയെങ്കിലും മാവിനടിയിൽ കൊടും ചൂടിലായിരുന്നു നിറുത്തിയിരുന്നത്. പരീക്ഷണ ചികിൽസക്കെതിരെ ദേവസ്വം സെക്രട്ടറി, അഞ്ച് പാപ്പാന്മാർ എന്നിവരുടെ പേരിൽ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ കേസെടുത്തിരുന്നു.

പൊള്ളലേറ്റതിന്റെ മുറിവിലും, കാലിലെ പഴുപ്പിലുമായി വൃണബാധയിൽ അവശതയിൽ കഴിയുന്നത് ചൂണ്ടിക്കാണിച്ച് ഹെറിട്ടേജ് അനിമൽ ടാസ്‌ക്ഫോഴ്സ് വനംവകുപ്പിന് വീണ്ടും പരാതി നൽകിയതിൽ ഇന്ന് വനവകുപ്പു വീണ്ടും പരിശോധനക്ക് എത്താനിരിക്കെ ആണ് ആന ചെരിഞ്ഞത്. ആനയുടെ ചികിൽസ പരിഗണിക്കാത്തതിനെതിരെ ദേവസ്വം ഓംബുഡ്സ്മാനും പരാതി അയച്ചിട്ടുണ്ട്.

എന്നാൽ, ആനയെ ചികിത്സിക്കുന്നതിൽ വളരെ കൃത്യത പാലിക്കുന്നതെന്ന് ദേവസ്വം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.കെ. സിജുവും ആനയെ നല്ലരീതിയിലാണ് ബന്ധപ്പെട്ടവർ പരിപാലിച്ചിരുന്നതെന്ന് എസ്‌പി.സി.എ. തൃശ്ശൂർ ഇൻസ്പെക്ടർ ഇ അനിൽ പറഞ്ഞുആറാട്ടുപുഴ പൂരത്തിന് തൃപ്രയാർ തേവരുടെ തിടമ്പേറ്റുന്നതും, പൂരം ചടങ്ങിലെ സവിശേഷമായ ചാലു കീറലും ബാലരാമനായിരുന്നു പ്രധാനമായും നിർവഹിച്ചിരുന്നത്. ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചു ചികിൽസയിലായിരുന്നുവെങ്കിലും കഴിഞ്ഞ തവണ തിടമ്പേറ്റാനെത്തിയിരുന്നുവെങ്കിലും ഇത്തവണ തീരെ അവശനായതിനാൽ എത്തിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP