Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് കിണറ്റിലിറങ്ങിയ മൂന്നാമനെയും മരണം വിളിച്ചു; അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കൃഷ്ണൻ കുട്ടിയാണ് മരിച്ചത്; കിണർ അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നു; വിനയാകുന്നത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതും അറിവില്ലായ്മയും; അപകടമുണ്ടായാൽ ആദ്യം വിളിക്കേണ്ടത് ഫയർഫോഴ്‌സിനെ

പാലക്കാട് കിണറ്റിലിറങ്ങിയ മൂന്നാമനെയും മരണം വിളിച്ചു; അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കൃഷ്ണൻ കുട്ടിയാണ് മരിച്ചത്; കിണർ അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നു; വിനയാകുന്നത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതും അറിവില്ലായ്മയും; അപകടമുണ്ടായാൽ ആദ്യം വിളിക്കേണ്ടത് ഫയർഫോഴ്‌സിനെ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: കഴിഞ്ഞ ദിവസം അണ്ണാനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ മൂന്നാമനും മരണത്തിന് കീഴടങ്ങി. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കരിമ്പനയ്ക്കൽ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ സുരേഷ് ബോധരഹിതനായി കിണറ്റിൽ വീണതിനെ തുടർന്നായിരുന്നു കൃഷ്ണൻകുട്ടിയും അദ്ദേഹത്തിന്റെ സഹോദരൻ സുരേന്ദ്രനും കിണറ്റിലിറങ്ങിയത്.

ശ്വാസ തടസം ഉണ്ടായതിനെ തുടർന്നാണ് സുരേഷ് ബോധരഹിതനായി വീണത്. കിണറ്റിൽ ഓക്സിജന്റെ അളവ് കുറവായിരുന്നതിനാൽ ഇരുവരും ബോധരഹിതനായി വീണു. മൂന്ന് പേരെയെും പുറത്ത് എത്തിച്ചുവെങ്കിലും സുരേഷും സുരേന്ദ്രനും ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൃഷ്ണൻകുട്ടി ഇന്നലെ രാവിലെ മരിച്ചത്.

സംസ്ഥാനത്ത് കിണറ്റിൽ വീണ് മരണങ്ങൾ തുടർക്കഥയാകുകയാണ്. ഈ വർഷം മാത്രം സംസ്ഥാനത്ത് നടന്ന കിണറ്റിൽ വീണ് മരണങ്ങൾ പരിശോധിച്ചാൽ തന്നെ ഇതിന്റെ ഗൗരവം നമുക്ക് മനസ്സിലാകും. പ്രായവ്യത്യാസവും പ്രാദേശിക വ്യത്യാസവുമില്ലാതെയാണ് മരണങ്ങൾ സംഭവിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കിണറ്റിൽ വീണ് മധ്യവയസ്‌ക്കൻ മരിച്ചതും ഈ മാസമായിരുന്നു. പുതിയങ്ങാടി പാലക്കട കനാൽ റോഡിൽ ' ശ്രീലക്ഷ്മി' വീട്ടിൽ പാറാമ്പലത്ത് ഗിരീഷ് (58) ആയിരുന്നു 40 അടി താഴ്ചയുള്ള കിണറ്റിൽ വീണു മരിച്ചത്. ഫയർഫോഴ്‌സ് എത്തി ശുദ്ധ വായു ഇല്ലാത്ത കിണറ്റിൽ സാഹസികമായി ഇറങ്ങി ഗിരീഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

ഈ വർഷം ജനുവരിയിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പ്ളസ് ടു വിദ്യാർത്ഥിനി സ്വന്തം വീടിനോടു ചേർന്നുള്ള കിണറ്റിൽ വീണ് മരിച്ചിരുന്നു. ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ആര്യാദേവി (17)യാണ് മരിച്ചത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ സമീപവാസികളിൽ ചിലർ ഇറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സുമായെത്തി പെൺകുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ഈ വർഷം ജനുവരിയിലാണ് തിരുവനന്തപുരം ജില്ലയിൽ തന്നെ പ്രാവച്ചമ്പലത്തിന് സമീപം വീട് നിർമ്മാണത്തിനിടയിൽ പള്ളിച്ചൽ പകലൂർ കോതവിള ബഥേൽ വീട്ടിൽ മണിയന്റെയും സുലോചനയുടേയും മകൻ സത്യൻ (47)കിണറ്റിൽ വീണ് മരിച്ചത്. പ്രാവച്ചമ്പലത്തിന് സമീപം മുട്ടമൂടിൽ വീടു നിർമ്മാണത്തിനിടയിലായിരുന്നു അപകടമുണ്ടായത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് പൊക്കത്തിൽ നിന്നു പണി ചെയ്യുന്നതിനു വേണ്ടി വീടിന്റെ ചുവരിൽ പലകയും മുളയുമുപയോഗിച്ചു കെട്ടിയ താൽക്കാലിക തട്ടിൽ കയറുന്നതിനിടയിലാണ് മുളയിൽ പിടികിട്ടാതെ സത്യൻ തൊട്ടു പിന്നിൽ സ്ഥിതി ചെയ്യുന്ന കിണറ്റിൽ വീഴുകയായിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് കണ്ണൂർ ചക്കരക്കൽ മൗവ്വഞ്ചേരി വണ്ടിയാല അഴീക്കോടൻ സ്മാരക വായനശാലക്കു സമീപത്തെ അഫ്നാസിൽ മുണ്ടേരിമൊട്ട സ്വദേശി ബഷീർ - അസ്ന ദമ്പതികളുടെ മകൻ ഇഹ്സാൻ എന്ന രണ്ടുവയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചത്. കുളിപ്പിച്ച് കിണറ്റിൻകരയിൽ നിർത്തിയ കുട്ടി, കിണറ്റിലേക്കു എത്തി നോക്കിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായിരുന്നില്ല.

കഴിഞ്ഞ ഡിസംബറിൽ കാസർഗോഡ് പള്ളിക്കരയിൽ 12 വയസുകാരൻ കിണറ്റിൽ വീണു മരിച്ചിരുന്നു. കൂട്ടകനി സ്‌ക്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയും പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്റെ മകനുമായ അരുൺ ജിത്താണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കിണറ്റിന്റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു.

സുരക്ഷിതത്വമില്ലാത്ത കിണറുകൾ ജീവനെടുക്കും


കിണറുകൾ നിർമ്മിക്കുമ്പോൾ തന്നെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൂടി ഒരുക്കുകയാണെങ്കിൽ അപകടങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാം. കിണറുകൾക്ക് മേൽഭിത്തി ഇല്ലാത്തതും മേൽമൂടി നിർമ്മിക്കാത്തതുമാണ് കിണറ്റിലേക്ക് ആളുകൾ വീഴാനിടയാക്കുന്നത്. കിണറുകൾക്ക് മുകളിലേക്ക് രണ്ടര അടിയെങ്കിലും പൊക്കത്തിൽ സുരക്ഷാ ഭിത്തിയും അതിന് മുകളിലായി ഇരുമ്പ് കമ്പി കൊണ്ടുള്ള മേൽമൂടിയും നിർമ്മിക്കുകയാണെങ്കിൽ അപകടങ്ങൾ ഒരു പരിധിവരെ തടയാനാകും.

അറിവില്ലായ്മ വില്ലനാകുന്നു

കിണറിനെ സംബന്ധിച്ച് ജനങ്ങൾക്കുള്ള അറിവില്ലായ്മയും കിണറുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വരുത്തുന്ന വീഴ്‌ച്ചയുമാണ് മരണങ്ങൾക്ക് വഴിയൊരുക്കുന്നത്. കിററ്റിൽ ജലനിരപ്പ് കുറവാണെങ്കിൽ പോലും ആഴമുള്ള കിണറുകളിൽ ഓക്‌സിജന്റെ അളവ് വളരെ കുറവായിരിക്കും. എന്നാൽ ഇത് സംബന്ധിച്ച് വലിയ ബോധമില്ലാതെയാണ് ആളുകൾ കിണർ വൃത്തിയാക്കുന്നതിന് ഉൾപ്പെടെ പലപ്പോഴും കിണറ്റിലിറങ്ങുന്നത്. കിററ്റിലിറങ്ങി ശ്വാസം മുട്ടൽ അനുഭവപ്പെടുമ്പോൾ മാത്രമാകും ഇതിന്റെ ഗൗരവം മനസ്സിലാക്കുക. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ കിണറ്റിൽ അകപ്പെട്ട ആളിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് അപകടത്തിന്റെ തോത് പലപ്പോഴും ഇരട്ടിയാക്കാറുണ്ട്.

വേണം സുരക്ഷാ സാക്ഷരത
മനുഷ്യന് സംഭവിക്കാവുന്ന അപകടങ്ങൾ സംബന്ധിച്ചും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും ബോധവത്ക്കരണം നടത്തുക എന്നതാണ് പ്രധാനമായും വേണ്ടത്. പ്രാദേശിക ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ ഇത്തരം സുരക്ഷാ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും സുരക്ഷിതത്വമുള്ള കിണർ ഉറപ്പുവരുത്തുകയും വേണം. കിണറിനുള്ളിലെ വെള്ളത്തിൽ മുങ്ങി മാത്രമല്ല മരണം സംഭവിക്കുക എന്ന് മുതിർന്നവരെ ബോധ്യപ്പെടുത്താനും കഴിയണം.

ഫയർ ഫോഴ്‌സ് എന്ന സൗഹൃദ സഹായ സേന


ഗാർഹിക അപകടങ്ങൾ ഉൾപ്പെടെ നടക്കുമ്പോൾ ജനത്തിന് ആദ്യം സഹായം തേടാനുള്ള സേനയാണ് ഫയർ ആൻഡ് റെസ്‌ക്യു സർവ്വീസ് എന്ന നമ്മൾ വിളിക്കുന്ന ഫയർഫോഴ്‌സ്. എന്നാൽ പലപ്പോഴും വീട്ടുകാരുടെ രക്ഷാപ്രവർത്തനവും നാട്ടുകാരുടെ രക്ഷാദൗത്യവും പരാജയപ്പെട്ടതിന് ശേഷം മാത്രമാണ് പൊലീസിനെയോ വിവരം അറിയിക്കാറുള്ളത്. അപ്പോഴേക്കും അത്യാഹിതം സംഭവിച്ച് കഴിഞ്ഞിരിക്കും. മികച്ച പരിശിലനവും ഉന്നത നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങളും കൈമുതലായുള്ള ഫയർഫോഴ്‌സിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും തികച്ചും സൗജന്യമായി ജനങ്ങൾക്ക് ലഭിക്കും. അപകടം നടന്നാൽ ഉടൻ തന്നെ ഫയർഫോഴ്‌സിനെ അറിയിക്കുന്നതാണ് ഏറ്റവും ഉത്തമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP