Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഗ്രനേഡുകളും 50 സ്നിപർ റൈഫിളും ഉപയോഗിച്ച് പൊലീസ് മേധാവിയുടെ കവചിത വാഹനത്തെ സംഘം ആക്രമിച്ചത് വെള്ളിയാഴ്ച പുലർച്ചെ; തോക്കുധാരികൾ എത്തിയതുകൊല്ലാൻ ലക്ഷ്യമിട്ട് തന്നെ; രണ്ട് അംഗരക്ഷകരും ഒരു സ്ത്രീയും കൊലപ്പെചട്ടിട്ടും തോളെല്ലിൽ വെടിയേറ്റ പൊലീസ് മേധാവി രക്ഷപ്പെട്ടത് അത്ഭുകരമായി; ജാലിസ്‌കോ നേതാവായ എൽ മൻ ചോയുടെ തിരോധാനത്തിൽ ആക്രമണവുമായി ആയുധധാരികൾ; മെക്‌സിക്കോ സിറ്റിയിലെ സിജെഎൻജിയുടെ ഭീകരത ഐ.എസിന് സമാനമായ രീതിയിൽ

മറുനാടൻ ഡെസ്‌ക്‌

മെക്‌സിക്കോ സിറ്റി: രാജ്യത്ത് ഏറ്റവും ആസുത്രിതവും ക്രൂരവുമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ച് മെക്‌സിക്കോ സിറ്റി. കുപ്രസിദ്ധ ക്രിമിനൽ സംഘമായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലുമായി (സിജെഎൻജി) ബന്ധമുള്ള ഡസൻ കണക്കിനു തോക്കുധാരികൾ മെക്സിക്കോ സിറ്റി പൊലീസ് മേധാവിയെ വധിക്കാനാണു പദ്ധതിയിട്ടത്. ഗുരുതരമായി പരുക്കേറ്റ പൊലീസ് മേധാവി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. രാജ്യത്തുടനീളം ഭീകരത പടർത്തിയ സേതാസിന്റെ വഴികളെ ഓർമിപ്പിക്കുകയാണു സിജെഎൻജി.

വെള്ളിയാഴ്ച പുലർച്ചെയാണു ഗ്രനേഡുകളും 50 സ്നിപർ റൈഫിളും ഉപയോഗിച്ച് പൊലീസ് മേധാവിയുടെ കവചിത വാഹനത്തെ സംഘം ആക്രമിച്ചത്. രണ്ട് അംഗരക്ഷകരെയും ഒരു സ്ത്രീയെയും കൊലപ്പെടുത്തി. പൊലീസ് മേധാവി ഒമർ ഗാർക്ക ഹാർഫുച്ചിനു തോളിനും കഴുത്തെല്ലിനും കാൽമുട്ടിനും വെടിയേറ്റെങ്കിലും ജീവൻ തിരികെക്കിട്ടി. ആക്രമണത്തെ ഭീരുത്വമെന്നു വിശേഷിപ്പിച്ച ഹാർഫുച്ച്, സിജെഎൻജിയെ കുറ്റപ്പെടുത്തി.

ഒരു ദശാബ്ദത്തിലേറെയായി ദേശീയ സാന്നിധ്യമായ ഈ ക്രിമിനൽ സംഘത്തിന് കാൻകുനിലെ വെള്ള-മണൽ ബീച്ചുകൾ, മെക്‌സിക്കോ സിറ്റി, പ്രധാന തുറമുഖങ്ങൾ തുടങ്ങിയ സ്ഥലത്തെല്ലാം സ്വാധീനമുണ്ട്.തലസ്ഥാനത്ത് ആക്രമണം നടന്ന ചോലമര നടപ്പാതയുള്ള പേഷ്യോ ഡി ലാ റിഫോർമ പരിസരത്തു പൊലീസ് ഉദ്യോഗസ്ഥർ ഒരു ഡസൻ ഷൂട്ടർമാരെ വളയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജാലിസ്‌കോ ന്യൂ ജനറേഷൻ സംഘത്തിന്റെ തലവനെയും അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാകാൻ സാധ്യതയുണ്ടെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നഗരത്തിന്റെ കിഴക്കുഭാഗത്തുനിന്നു പശു (ഇീം) എന്ന് വിളിപ്പേരുള്ള ജോസ് അർമാൻഡോ ബ്രിസോയെയാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് മേധാവിക്കെതിരായ ആക്രമണം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മൂന്നാഴ്ച മുമ്പ് 28 തോക്കുധാരികളെ ക്രിമിനൽ സംഘം റിക്രൂട്ട് ചെയ്തിരുന്നതായി മെക്‌സിക്കോ സിറ്റി പ്രോസിക്യൂട്ടർ ഓഫിസ് വക്താവ് ഉലിസെസ് ലാറ പറഞ്ഞു. മെക്‌സിക്കോ സിറ്റിയുടെ ഹൃദയഭാഗത്തു മൂന്നു പ്രധാന പാതകളിലാണ് ഒളിയാക്രമണത്തിനു പദ്ധതിയൊരുക്കിയത്. തോക്കുധാരികളെ നാലു സെല്ലുകളായി തിരിച്ചു. കണ്ണും വായും മാത്രം പുറത്തേക്കു കാണുന്ന സ്‌കി മാസ്‌കുകളും ആയുധങ്ങളും വ്യാഴാഴ്ച രാത്രി അവർക്ക് എത്തിച്ചു.
ആക്രമണം നടത്താനായി പുലർച്ചെ നാലിന് ഇവരെ മുൻനിശ്ചയിച്ച ഒളിയാക്രമണ കേന്ദ്രങ്ങളിൽ എത്തിച്ചു. ഹാർഫുച്ചിന്റെ വാഹനവ്യൂഹം കടന്നുപോകാൻ ശ്രമിച്ചപ്പോൾ ഇവർ ഒരു ട്രക്കിൽ നിന്ന് ചാടി വെടിയുതിർക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവരിൽ ഒരാൾ കൊളംബിയക്കാരനും മറ്റ് 11 പേർ മെക്‌സിക്കൻ വംശജരുമാണ്. ഈ മാസം നടന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ഒരു ഫെഡറൽ ജഡ്ജിയെയും ഭാര്യയെയും അക്രമിസംഘം മുമ്പ് വെടിവച്ചു കൊന്നിരുന്നു. മെക്‌സിക്കോയിലെ മയക്കുമരുന്ന് കടത്തുകാർ പതിവായി ജഡ്ജിമാരെയും പൊലീസിനെയും ലക്ഷ്യം വയ്ക്കാറുണ്ട്.

ജാലിസ്‌കോയുടെ നേതാവായ എൽ മെൻചോ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുവേര സെർവാന്റസ് പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു രണ്ടാഴ്ച കഴിയുമ്പോഴാണു വെള്ളിയാഴ്ചത്തെ ആക്രമണമുണ്ടായത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള എൽ മെൻചോയുടെ തലയ്ക്കു 10 മില്യൻ ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. മാർച്ചിൽ അമേരിക്കയിലുടനീളം നടത്തിയ റെയ്ഡുകളിൽ നൂറുകണക്കിനു ജാലിസ്‌കോ പ്രവർത്തകരെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.

മെക്‌സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ വെള്ളിയാഴ്ച 14 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതും ഇതുമായി ബന്ധപ്പെട്ടതാണെന്നു കരുതുന്നു. രാജ്യത്ത് അക്രമങ്ങൾ കൂടിക്കൊണ്ടിരിക്കെയാണ് ഈ സംഭവം. എങ്ങനെയാണ് മരണങ്ങളുണ്ടായതെന്നും ആരൊക്കെയാണ് ഇതിലുൾപ്പെട്ടതെന്നും അന്വേഷിക്കുമെന്നു സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. വലിയ നഗരങ്ങളിലൊന്നായ ഫ്രെസ്നില്ലോയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

പുതപ്പു കൊണ്ട് പൊതിഞ്ഞു റോഡിന്റെ വശങ്ങളിലായിരുന്നു മൃതദേഹങ്ങൾ കിടത്തിയിരുന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആളുകൾ വീടിനുള്ളിൽ ഇരുന്നപ്പോൾ മെക്‌സിക്കോയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കൊലപാതകങ്ങൾ കൂടിയെന്നും അവിടത്തെ മാധ്യമങ്ങൾ പറയുന്നു.
വിവാഹച്ചടങ്ങിനിടെ വധുവിനെ വെടിവച്ചു.

ഇക്കഴിഞ്ഞ ജനുവരിയിൽ മെക്‌സിക്കോയെ ചോരയിൽ മുക്കി രാജ്യാന്തര ലഹരിമരുന്നു മാഫിയ നടത്തിയ ആക്രമണം വലിയ ചർച്ചയായി. സെൻട്രൽ മെക്‌സിക്കോയിലെ സെലായയിലെ ക്രിസ്ത്യൻ പള്ളിയിൽ വധുവിനെ വിവാഹച്ചടങ്ങിനിടെ വെടിവച്ചു കൊല്ലുകയായിരുന്നു. വരനെ മാഫിയ സംഘം തട്ടിക്കൊണ്ടു പോയെന്ന് പൊലീസ് പറയുന്നു. വിവാഹകർമങ്ങൾ അവസാനിച്ചതോടെ പള്ളിയിൽ പ്രവേശിച്ച മാഫിയ സംഘം വിവാഹച്ചടങ്ങിൽ എത്തിയവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.

മെക്‌സിക്കൻ അധോലോക നായകൻ ഹോസെ ആന്റണിയോ എൽ മാരോ യെപെസ് ഒരടിസിന്റെ സഹോദരി കരീം ലിസ്‌ബെത്ത് യെപെസ് ഒരടിസാണ് കൊല്ലപ്പെട്ടത്. 2017 മുതൽ മെക്‌സിക്കോയിൽ പ്രവർത്തിക്കുന്ന സാന്ത റോസ് ഡി ലാമ കാർട്ടലിന്റെ തലവനാണ് ആന്റണിയോ. സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല കൊല്ലപ്പെട്ട യുവതിക്കായിരുന്നു. ആക്രമണം തുടങ്ങിയപ്പോൾ ഇവിടെ നിന്ന് ആന്റണിയോ രക്ഷപ്പെട്ടു. ഹലീസ്‌കോയിലെ ന്യൂ ജനറേഷൻ കാർട്ടൽ എന്ന മാഫിയ സംഘമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.
പള്ളിക്കു പുറത്തു മോട്ടർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പതിനെട്ടുകാരനെയും സംഘം വെടിവച്ചു വീഴ്‌ത്തി. ലാ ബോകാൻഡയിൽ മെക്‌സിക്കോ പൊലീസിന്റെ വെടിയേറ്റ് ജാലിസ്‌കോ കാർട്ടലിലെ വനിതാ അംഗമായ 21 കാരി ലോപ്പസ് എസ്‌ക്വൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വിവാഹച്ചടങ്ങിൽ വെടിവയ്‌പ്പുണ്ടായത്. 'ലാ കത്രീന' എന്ന വിളിപ്പേരിലാണ് മെക്‌സിക്കോ ലഹരിമരുന്നു മാഫിയകൾക്കിടയിൽ ലോപ്പസ് എസ്‌ക്വൽ അറിയപ്പെട്ടിരുന്നത്. 2019 നവംബർ നാലിനു മെക്‌സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്നിരുന്നു.

സംഭവത്തിനു പിന്നാലെ മെക്‌സിക്കോയിൽ അരങ്ങുവാഴുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ്‌മെക്‌സിക്കോ ഇരട്ടപൗരത്വമുള്ള മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൊനാറായിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണിവർ.

ഐഎസിനെക്കാൾ അപകടകാരികൾലഹരിമരുന്നു മാഫിയകൾ ഐഎസിനെക്കാൾ അപകടകാരികളാണെന്ന യുഎസ് ഭരണകൂടത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 2014ൽ 9000 പൗരന്മാരെയാണ് ഐഎസ് ഇറാഖിൽ മാത്രം കൊന്നുതള്ളിയത്. 17,386 പേർക്ക് ഗുരുതരമായി പരുക്കേറ്റു. സിറിയയിലും ആയിരക്കണക്കിനാളുകളെ ഐഎസ് ഭീകരർ കൊലപ്പെടുത്തി. എന്നാൽ 2013ൽ മാത്രം മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 60,000 പേരാണു ലഹരിമാഫിയകളുടെ കുടിപ്പകയിൽ ഹോമിക്കപ്പെട്ടത്. ഓരോ അരമണിക്കൂറിലും മെക്‌സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്‌സിക്കൻ ഭരണകൂടവും സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽനിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണു മെക്‌സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നാണു യുഎസിന്റെ നിരീക്ഷണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP