Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിങ്ങൾ അധികനാള് മുണ്ടേരി സ്‌കൂളിൽ നിക്കൂല; 'ജ്ജ് അവിടെ ണ്ടാവൂലാ' നികുതിപ്പൈസയാണ് ജ്ജൊക്കെ തിന്നുത്; അന്റെ പെരേന്ന് കൊണ്ടുവരുന്നതല്ലാന്ന് മനസിലാക്കിക്കൊ'; വിദ്യാർത്ഥികളെ പൊതുവിദ്യാലയത്തിൽ എത്തിക്കാൻ വീടുകൾ തോറും കയറിയിറങ്ങിയ അദ്ധ്യാപകന് സ്വകാര്യ സ്‌കൂൾ മാനേജരുടെ ഭീഷണി; ഭീഷണി നേരിട്ടത് മലപ്പുറം മുണ്ടേരിയിലെ ഗവ. ഹൈസ് സ്‌കൂളിലെ അദ്ധ്യാപകനായ എ.പി മുസ്തഫയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: പൊതു വിദ്യഭ്യാസം ശക്തിപ്പെടുത്തനായി അദ്ധ്യാപകർ കഷ്ടപ്പെടുമ്പോൾ സർക്കാർ നിർദ്ദേശം പാലിച്ച അദ്ധ്യാപകന് നേരെ സ്വകാര്യ സ്‌കൂൾ മാനേജറുടെ ആക്രോശവും ഭീഷണിയും. മലപ്പുറം മുണ്ടേരിയിലെ ഗവ. ഹൈസ് സ്‌കൂൾ ്അദ്ധ്യാപകനായ എ.പി മുസ്തഫയ്ക്ക് നേരെയാണ് പ്രദേശത്തെ സ്വകാര്യ സ്‌കൂൾ മാനേജര്ഡ ഭീഷണി മുഴക്കിയത്. 'ജ്ജ് അവിടെ ണ്ടാവൂലാ' എന്നു പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായി മുസ്തഫ ആരോപിക്കുന്നു.

തന്നെ ഭീഷണിപ്പെടുത്ത സ്വകാര്യ സ്‌കൂൾ മാനേജർക്കെതിരെ പരാതി നൽകാനും മുസ്തഫ തയ്യാറായിട്ടില്ല. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അദ്ധ്യാപകൻ എന്ന നിലയിൽ കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകനെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'നിങ്ങൾടെ ചെയ്‌ത്തൊക്കെ നന്നാകണ്ട് ട്ടൊ, ഇവിടുന്ന് കുട്ടികളൊക്കെ അങ്ങോട്ട് വരുന്ന്ണ്ട് ട്ടൊ' എന്നു പറഞ്ഞ് സൗഹൃദത്തിൽ തുടങ്ങിയ സംഭാഷണം പെട്ടെന്നു തന്നെ മാന്യമല്ലാത്ത വാക്കുകളിലേക്കും ഭീഷണിയിലേക്കും മാറുന്നതായാണ് മനസിലാകുന്നത്.

സർക്കാർ സ്‌കൂൾ നന്നായാൽ നാടിനല്ലേ നല്ലത് എന്ന അദ്ധ്യാപകന്റെ സംസാരത്തിനു പോലും ചെവികൊടുക്കാതെയാണ് ഭീഷണി വാക്കുകൾ. 'ഒരു ഉസിരും പുളീംല്ലാതെ വീടുകളിലൊക്കെ പോയി ആളെ പിടിക്കുക എന്ന് പറഞ്ഞാ, അനക്കൊക്കെ നാണമില്ലേ, ബാഗും തുണീ കൊടുക്കാം എന്നൊക്കെ പറയുന്നത് ചണ്ടിത്തരമാണ്. നിങ്ങൾ അധികനാള് മുണ്ടേരി സ്‌കൂളിൽ നിക്കൂല, ബേറെ സ്ഥലത്തേയ്ക്ക് പോവും, നികുതിപ്പൈസയാണ് ജ്ജൊക്കെ തിന്നുത്. അന്റെ പെരേന്ന് കൊണ്ടുവരുന്നതല്ലാന്ന് മനസിലാക്കിക്കൊ' എന്നെല്ലാം പറഞ്ഞും ഭീഷണിപ്പെടുത്തുന്നുണ്ട്.

സ്‌കൂൾ അദ്ധ്യാപകനെ സംസാരിക്കാൻ അനുവദിക്കാതെ ഫോൺ കട്ടു ചെയ്ത് പോകുന്നതും ഓഡിയോയിൽ വ്യക്തമാണ്. താൻ പരാതി നൽകിയില്ലെങ്കിലും ഭീഷണി വാക്കുകൾ ഉള്ളതുകൊണ്ടും സ്‌കൂളിനെ ബാധിക്കുന്ന വിഷയമായതിനാലും വിവരം സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെയും പിടിഎ കമ്മിറ്റിയെയും സഹ അദ്ധ്യാപകരെയും അറിയിച്ചിട്ടുണ്ട്. ഓഡിയോ കൈമാറുകയും ചെയ്തിരുന്നു. ലോക്ഡൗൺ സമയത്ത് സ്‌കൂളുകളിൽ എത്താൻ പറ്റാത്ത കുട്ടികളെ വീടുകളിൽ പോയി ചേർക്കുന്നതിനു നിർദ്ദേശമുണ്ടായിരുന്നു.

പൂർണമായും നടപ്പാക്കാനായില്ലെങ്കിലും കുറെ കുട്ടികളെയെങ്കിലും വീടുകളിൽ പോയി ചേർത്തിട്ടുണ്ട്. ഇതെല്ലാം ആയിരിക്കണം സ്വകാര്യ സ്‌കൂൾ ഉടമയെ ചൊടിപ്പിച്ചത്. അത്തരം ഒരു പെരുമാറ്റം തനിക്കും സ്‌കൂളിനും എതിരെ ഉണ്ടായതിൽ വിഷമമുണ്ട്. പൊതു വിദ്യാലയങ്ങളുടെ വളർച്ചയിൽ ചിലർക്കുണ്ടാകുന്ന അലോസരമാണ് ഇതിൽ പ്രതിഫലിച്ചത്. അതിൽ പ്രതിഷേധവുമുണ്ട്. സർക്കാർ അദ്ധ്യാപകനായി ജോലി ചെയ്ത് ശമ്പളം വാങ്ങുമ്പോൾ സർക്കാർ സ്‌കൂൾ വളർത്തുക ഉത്തരവാദിത്തമാണ് എന്നാണ് വിശ്വസിക്കുന്നത്. അത് നന്നായി ചെയ്യുന്നുണ്ട്. മുണ്ടേരി ഗവ. സ്‌കൂളിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളായി എസ്എസ്എൽസിക്ക് 100 ശതമാനം വിജയമുള്ള സ്‌കൂളാണ്.

ഈ വർഷവും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള പണി ഞങ്ങൾ അദ്ധ്യാപകരെല്ലാം എടുത്തിട്ടുണ്ട്. അതുപോലെ ഡിവിഷനുകളിൽ ഓരോ വർഷവും വർധനവുണ്ടാകുന്നുണ്ട്. അത് കുട്ടികൾ വരുന്നതുകൊണ്ടാണ്. ഈ വർഷവും അൺഎയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളിൽ നിന്നെല്ലാം കുട്ടികൾ വന്നിട്ടുണ്ട്. അതൊക്കെ പലർക്കും അലോസരമുണ്ടാക്കും. ഞാൻ പറയുന്നത് കേൾക്കാൻ തയാറാകാതെ പോകുകയായിരുന്നു അയാൾ ചെയ്തത്. താൻ സ്‌കൂളിലുണ്ടാവില്ല എന്നൊക്കെ പറയുമ്പോൾ ഏത് തരത്തിലാണ് ആ ഭീഷണി എന്നറിയില്ല. ഇതിന്റെ പിന്നിൽ വേറെന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ തുറക്കുന്ന സമയത്ത് പലപ്പോഴും സ്വകാര്യ മാനേജ്‌മെന്റുകളിൽ നിന്ന് നേരത്തെയും ഭീഷണികളുണ്ടായിട്ടുണ്ടെന്ന് ഹെഡ്‌മിസ്ട്രസ് ആന്റോ സുജ വെളിപ്പെടുത്തി. ലോക്ഡൗൺ പശ്ചാത്തലത്തിൽ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ സർക്കാർ സ്‌കൂളുകളിലെത്തുന്നുണ്ട്. സ്വാഭാവികമായും അത് മാനേജ്‌മെന്റ്, സ്വകാര്യ സ്‌കൂളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അത്ര ഗൗരവമേ അതിനു നൽകാറുള്ളൂ. അതുകൊണ്ടു തന്നെ ഒരുവിധപ്പെട്ട ഭീഷണികളൊന്നും പരിഗണിക്കാറില്ല. തന്റെ സ്‌കൂളിലെ അദ്ധ്യാപകൻ ആവശ്യപ്പെട്ടതിനാലാണ് പരാതി നൽകാതിരിക്കുന്നത്. ഇതു കാണിച്ച് അദ്ധ്യാപകൻ പ്രസ്താവന ഒപ്പിട്ടു നൽകിയതായും ഹെഡ്‌മിസ്ട്രസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP