Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇങ്ങനെയൊക്കെ പറയാൻ ചില്ലറ വിവരക്കേടല്ല വേണ്ടത്; കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ശുദ്ധ അസംബന്ധം; സിഎജി റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ഐസക്

ഇങ്ങനെയൊക്കെ പറയാൻ ചില്ലറ വിവരക്കേടല്ല വേണ്ടത്; കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ശുദ്ധ അസംബന്ധം; സിഎജി റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സിഎജി റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തി ധനമന്ത്രി ടിഎം തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ആർട്ടിക്കിൾ 246-ലെ അനുച്ഛേദവുമായി കിഫ്ബിയെ ബന്ധപ്പെടുത്തുന്നത് ശുദ്ധ വിവരക്കേടാണ്. ആർട്ടിക്കിൾ 246 നിയമനിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. ഇത് അതുമായി ബന്ധപ്പെട്ട കാര്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കണമെങ്കിൽ ചില്ലറ വിവരക്കേടല്ല വേണ്ടത്. ഇത് ധൃതിയിൽ തട്ടിക്കൂട്ടിയതാണ്. സിഎജി രാഷ്ട്രീയം കളിക്കുകയാണോ എന്ന് എനിക്കറിയില്ല. അങ്ങനെയാണെങ്കിൽ ആ രീതിയിൽ നേരിടുമെന്നും ഐസക്ക് വ്യക്തമാക്കി.

കിഫ്ബിയെന്നത് സംസ്ഥാനസർക്കാരല്ല, മറിച്ച് ഒരു കോർപ്പറേറ്റ് ബോഡിയാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണോ സിഎജി സംസാരിക്കുന്നത്? സർക്കാരുമായി സംസാരിച്ചിരുന്നെങ്കിൽ അത് പറഞ്ഞുകൊടുത്തേനെ. ഇത് എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ, സിയാൽ ഒക്കെ വായ്പ എടുക്കുന്നത് സർക്കാർ വായ്പ എടുക്കുന്നതിന് തുല്യമാണോ എന്നും ഐസക് ചോദിച്ചു. സംസ്ഥാനസർക്കാർ ഗ്യാരണ്ടി നൽകുന്നത് പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ബോർഡുകൾ ഉണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമായ കാര്യങ്ങൾ കേരളത്തിന് മാത്രം ബാധകമാകാതിരിക്കുന്നത് എങ്ങനെയാണ്? ഇവിടെ സർക്കാരിനെതിരെ സിഎജി ആസൂത്രിതമായി റിപ്പോർട്ടുകൾ നൽകുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാധ്യതയായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. കിഫ്ബി വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാരിന് ബാധ്യതയുണ്ടാക്കുന്നതാണെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് നിയമസഭയിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയത്.

കടമെടുപ്പിലെ സാങ്കേതിക പ്രശ്‌നങ്ങളും ഭരണഘടനാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബി കടമെടുപ്പ് കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

'കിഫ്ബിക്ക് ലഭിക്കുന്ന വായ്പകളുടെ മുതലിനും പലിശയ്ക്കും ഗ്യാരണ്ടി സർക്കാർ നൽകുന്നതിനാൽ ഇത്തരം കടമെടുപ്പുകളെ ആകസ്മിക ബാധ്യതകളെന്ന് വിശേഷിപ്പിക്കാമെന്നായിരുന്നു കിഫ്ബിയുടെ മറുപടി. കിഫ്ബി തിരിച്ചടവിൽ മുടക്കം വരുത്തിയാൽ മാത്രമേ സർക്കാരിന്റെ ബാധ്യതയാവുന്നുള്ളു. സർക്കാരിൽനിന്നും എല്ലാ വർഷവും ലഭിക്കുന്ന പെട്രോളിയം സെസും നികുതി വിഹിതവുമുപയോഗിച്ച് ബാധ്യതകൾ അനായാസം തിരിച്ചടയ്ക്കാമെന്നും കിഫ്ബി പ്രസ്താവിച്ചു. കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതകളാണെന്ന സർക്കാർ നിലപാട് ആശ്ചര്യകരമാണ്. സ്വന്തമായി വരുമാന ശ്രോതസ്സ് ഇല്ലാത്ത ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം സ്വയം ഭരണ സ്ഥാപനത്തിന്റെ പേരിൽ ഏതെങ്കിലും സംസ്ഥാന സർക്കാർ പണം കടമെടുക്കുകയും സർക്കാരിന്റെ തനത് വിഭവങ്ങളുടെ ഒരു പങ്ക് മാറ്റിവെച്ച് കടത്തിന്റെ തിരിച്ചടവ് നടത്തുകയും ചെയ്താൽ ആ കാരണം കൊണ്ടുതന്നെ ഇത്തരം കടമെടുപ്പുകൾ ആകസ്മിക ബാധ്യത അല്ലാതാവുകയും പൂർണമായും തനത് വരുമാനത്തിലെ ബാധ്യതയാവുകയും ചെയ്യും', സിഎജി റിപ്പോർട്ടിൽ പറയുന്നു.

കിഫ്ബിയുടെ പേരിൽ ഫണ്ടുകൾ ലഭ്യമാക്കുവാൻ കേരള സർക്കാർ തീരുമാനച്ചതിനാലും പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി വിഹിതം മുതലായ സർക്കാരിന്റെ തനത് വരവുകളിൽനിന്നും കടം തിരിച്ചടക്കേണ്ടതിനാലും സംസ്ഥാന സർക്കാർ തനത് റവന്യൂ വിഭവങ്ങളുമേൽ ഒരു ബാധ്യത നിശ്ചയമായും സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293 പ്രകാരം സർക്കാരിന്റെ കടമെടുപ്പിന് നിശ്ചയിച്ചിട്ടുള്ള പരിധികൾ ലംഘിക്കുന്നതും ഓഫ് ബജറ്റ് കടമെടുപ്പുകളുടെ ഉത്തമ ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം കടമെടുപ്പുകൾ സംസ്ഥാനത്തിന്റെ ധനക്കമ്മിയെ പ്രതികൂലമായി ബാധിക്കും. ബജറ്റിൽ വെളിപ്പെടുത്താതെ ഇത്തരം ബാധ്യതകൾ സൃഷ്ടിക്കുന്നത് സുതാര്യതയിൽ സംശയം ജനിപ്പിക്കുന്നു. ബജറ്റിൽ കടമെടുപ്പ് സൂചിപ്പിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം സംസ്ഥാന റെവന്യൂവിൽ നിന്നും ബാധ്യതകൾ ഇല്ലാതാക്കുമെന്ന് അർത്ഥമാക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP