Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കിഫ്ബി രേഖകളുടെ ഉടമസ്ഥനല്ല; എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം; വ്യാഴാഴ്ച ഹാജരാകാനാകില്ല'; ഇ.ഡിയുടെ നോട്ടീസിന് തോമസ് ഐസകിന്റെ മറുപടി; തുടരന്വേഷണം വിലക്കണമെന്ന ആവശ്യവുമായി മുൻ ധനമന്ത്രി ഹൈക്കോടതിയിൽ; പൊതു താൽപര്യ ഹർജിയുമായി അഞ്ച് എംഎൽഎമാർ; ഇ.ഡിയെ 'തടയാൻ' കോടതി കയറി നേതാക്കൾ

'കിഫ്ബി രേഖകളുടെ ഉടമസ്ഥനല്ല; എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം; വ്യാഴാഴ്ച ഹാജരാകാനാകില്ല'; ഇ.ഡിയുടെ നോട്ടീസിന് തോമസ് ഐസകിന്റെ മറുപടി; തുടരന്വേഷണം വിലക്കണമെന്ന ആവശ്യവുമായി മുൻ ധനമന്ത്രി ഹൈക്കോടതിയിൽ; പൊതു താൽപര്യ ഹർജിയുമായി അഞ്ച് എംഎൽഎമാർ; ഇ.ഡിയെ 'തടയാൻ' കോടതി കയറി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിഫ്ബി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം.തോമസ് ഐസക്. ഇഡി തനിക്ക് അയച്ച സമൻസ് പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നും, തുടർ നടപടികൾ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.

ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസക്ക് ആരോപിക്കുന്നു. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്താണെന്ന് നിർവചിച്ചിട്ടില്ല. ഇഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും തോമസ് ഐസകിന്റെ ഹർജിയിൽ പറയുന്നു.

കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി. സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിന്റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

അതേ സമയം കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ കേരള ഹൈക്കോടതിയെ സമീപിച്ചു. ഇഡി അന്വേഷണം അനാവശ്യമെന്നാണ് ഹർജിയിൽ പറയുന്നത്. ഇഡി ഇടപെടൽ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ്, മുൻ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.

കിഫ്ബി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വിഷയമാണെന്ന് ഹർജിയിൽ പറയുന്നു. ഇതിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടുന്നത് ശരിയായ ഉദ്ദേശത്തോടെയല്ലെന്നും കുറ്റപ്പെടുത്തുന്ന ഹർജികൾ നാളെ ചീഫ് ജസ്‌റീസിന്റെ ബെഞ്ച് പരിഗണിക്കും.

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ വ്യാഴാഴ്ച ഹാജരാകാനാവില്ലെന്ന് തോമസ് ഐസക് മറുപടി നൽകിയിരുന്നു. വ്യാഴാഴ്ച ഹാജരാകാനാകില്ലെന്നാണ് തോമസ് ഐസക് ഇഡി നോട്ടീസിനു മറുപടി നൽകിയത്. എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഫ്ബി രേഖകളുടെ ഉടമസ്ഥൻ ഞാനല്ല. എന്റെ സമ്പാദ്യം സമൂഹത്തിനു മുന്നിലുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഇമെയിൽ വഴിയാണ് തോമസ് ഐസക് ഇഡിക്കു മറുപടി നൽകിയത്.

ഓഗസ്റ്റ് 11ന് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ഐസക്കിന് നോട്ടിസ് അയച്ചത്. ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്, കിഫ്ബിയുടെ വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നൽകിയത്.

ഇത് രണ്ടാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് ഇക്കാര്യത്തിൽ ഐസകിന്റെ വിശദീകരണം. ഇതിനു മുൻപ് ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നെങ്കിലും ഇഎംഎസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്. കിഫ്ബി രേഖകളുടെ കസ്റ്റോഡിയനല്ലെന്നും ഇ മെയിൽ മുഖേന സമർപ്പിച്ച മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഐസകിന് നേരത്തെ നിയമോപദേശം കിട്ടിയിരുന്നു.

സുപ്രീംകോടതിയിൽനിന്ന് ഇഡിക്ക് കഴിഞ്ഞ ദിവസം കിട്ടിയ അനുകൂലവിധി കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ മാത്രമാണു ബാധകമെന്ന നിയമോപദേശമാണു ലഭിച്ചത്. അതേസമയം, ഇഡി നോട്ടിസ് അനുസരിച്ച് ചോദ്യം ചെയ്യലിനു ഹാജരായാൽ സമാനമായ നീക്കം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇഡി നടത്തുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. കിഫ്ബി മസാല ബോണ്ടിറക്കിയതിൽ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP