Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയാകാൻ പരിഗണിക്കപ്പെട്ട തോമസ് ഐസക്കിനോടു പിണറായിക്ക് ഇപ്പോഴും നീരസമോ? ഉദ്യോഗസ്ഥരുടെ മുന്നിൽ മുഖ്യമന്ത്രി കയർത്തതിൽ പ്രതിഷേധിച്ച് ഐസക്ക് രാജിക്ക് ശ്രമിച്ചതായി ജന്മഭൂമി; സിപിഎമ്മിലെ രഹസ്യങ്ങൾ ചോർത്തി ശ്രദ്ധേയനായ മുതിർന്ന മാദ്ധ്യമപ്രവർത്തകന്റെ എക്സ്‌ക്ലൂസീവ് വാർത്ത ചർച്ചയാകുന്നു

മുഖ്യമന്ത്രിയാകാൻ പരിഗണിക്കപ്പെട്ട തോമസ് ഐസക്കിനോടു പിണറായിക്ക് ഇപ്പോഴും നീരസമോ? ഉദ്യോഗസ്ഥരുടെ മുന്നിൽ മുഖ്യമന്ത്രി കയർത്തതിൽ പ്രതിഷേധിച്ച് ഐസക്ക് രാജിക്ക് ശ്രമിച്ചതായി ജന്മഭൂമി; സിപിഎമ്മിലെ രഹസ്യങ്ങൾ ചോർത്തി ശ്രദ്ധേയനായ മുതിർന്ന മാദ്ധ്യമപ്രവർത്തകന്റെ എക്സ്‌ക്ലൂസീവ് വാർത്ത ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക റോൾ വഹിച്ചത് വി എസ് അച്യുതാനന്ദനായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്ന് പൊതുയോഗങ്ങളിൽ സംസാരിച്ച അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ഇടതു അണികൾ ആഗ്രഹിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതു പോലെ തന്നെ പിണറായി വിജയനെ തന്നെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചു. വിഎസിനെ ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനാക്കിയും പ്രശ്‌നം പരിഹരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് മുമ്പ് പാർട്ടിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ പേര് ഡോ. തോമസ് ഐസക്കിന്റേതായിരുന്നു. മന്ത്രിസഭയിലെ ഏറ്റവും മിടുക്കനും ഇന്ത്യൻ ധനമന്ത്രിമാരിൽ ഏറ്റവും മികച്ചതുമായി വ്യക്തിത്വമാണ് തോമസ് ഐസക്കിന്റേത്. അതുകൊണ്ട് തന്നെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഐസക്കിനോട് അത്രയ്ക്ക് പഥ്യമില്ലെന്ന കിംവതന്ദിയുമുണ്ട്. എന്തായാലും ഇങ്ങനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ഐസക്കിനോട് പിണറായി വിജയന് നീരസമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ ചോദ്യത്തിന് കൂടുതൽ ആധികാരികത നൽകി ഇന്ന് ജന്മഭൂമി ദിനപത്രം ഒരു വാർത്തയുമായി രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ അപമര്യാദയായി പെരുമാറിയതു കൊണ്ട് ധനമന്ത്രി തോമസ് ഐസക് രാജിവെക്കാനൊരുങ്ങി എന്ന വാർത്തയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ മുമ്പിൽ വച്ചാണ് പിണറായി ഐസക്കിനോട് അപമര്യാദയായി പെരുമാരിയതെന്നം തുടർന്ന് രാജിക്കൊരുങ്ങിയ ഐസക്കിനെ യെച്ചൂരിയും കാരാട്ടും ഇടപെട്ടാണ് പിൻതിരിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നു. കോഴിക്കോടു നിന്നും ജന്മഭൂമി എഡിറ്റർ രാമചന്ദ്രനാണ് സുപ്രധാനമായ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വി എസ് പക്ഷത്തോടൊപ്പം നിൽക്കുന്ന ഐസക്കുമായി പിണറായി സംസാരിക്കാറില്ലെന്നും ഐസക്ക് പോയെങ്കിൽ പോകട്ടെ എന്നതാണ് പിണറായിയുടെ നിലപാടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഐസക്കുമായുള്ള ഭിന്നതയെ തുടർന്നാണ് ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയതെന്നുമാണ് പത്രത്തിലെ വാർത്ത.

വാർത്ത ഇങ്ങനെയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന്, ധനമന്ത്രി ഡോ. തോമസ് ഐസക്ക് രാജിക്കൊരുങ്ങി. സർക്കാർ വിളിച്ചുകൂട്ടിയ ഒരു യോഗത്തിലായിരുന്നു, സംഭവം.

മോശമായി വിജയൻ പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുൻപിൽ പരസ്യമായിട്ടായതിനാൽ, യോഗത്തിൽ ഐസക്ക് മൗനം പാലിച്ചു. അതു കഴിഞ്ഞ്, ഓഫീസിൽ ചെന്ന് രാജിക്കത്തെഴുതി, ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. തുടർന്നുണ്ടായ പ്രതിസന്ധി കനം കൂട്ടിയ മണിക്കൂറുകളിൽ, അടിയന്തര ഇടപെടലുകൾ വഴി വെടിനിർത്തലുണ്ടായി. എന്നാൽ, അശാന്തി ഒഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നം ചർച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.

സംഭവം എന്നുണ്ടായി എന്നു കൃത്യമായി പറയുന്നില്ലെങ്കിലും, ഐസക്ക് കുറെ നാളായി തുടരുന്ന മൗനം ആരംഭിച്ച ദിവസത്തിനു തലേന്നായിരുന്നു സംഭവം എന്ന് ഊഹിക്കുന്നതാണ്, എളുപ്പം. വളരെക്കാലമായി, ഐസക്ക് അച്യുതാനന്ദപക്ഷം ചേർന്നതു മുതൽ, പിണറായി വിജയൻ ഐസക്കുമായി സംസാരിക്കാറില്ല.

അതുകൊണ്ടുതന്നെ, ഐസക്ക് പോകുന്നെങ്കിൽ പോകട്ടെ എന്നു തന്നെയാണ്, വിജയന്റെ സമീപനം. അതുകൊണ്ടാണ്, വെറും പ്രാദേശിക സാമ്പത്തിക ശാസ്ത്രജ്ഞനായി ഐസക്കിനെ കരുതി, ഹാർവാഡ് സർവകലാശാലയിലെ ജോൺ സ്വാൻസ്ട്ര പ്രൊഫസർ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആയ ഗീത ഗോപിനാഥിനെ, സാമ്പത്തിക ഉദേഷ്ടാവായി, ഐസക്കിനു മേൽ, വിജയൻ കൊണ്ടുവന്നു വച്ചത്. ഇരുവരും തമ്മിലുള്ള ശണ്ഠ ഇങ്ങനെ ഉച്ചസ്ഥായിയിൽ എത്തി.

ഹാർവാഡ് പ്രൊഫസറായിരിക്കെത്തന്നെ, ഫെഡറൽ റിസർച്ച് ബാങ്ക് ഓഫ് ബോസ്റ്റണിൽ വിസിറ്റിങ് സ്‌കോളറും ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിൽ ഉപദേഷ്ടാവും 'റിവ്യൂ ഓഫ് ഇക്കണോമിക് സ്റ്റഡീസ്' മാനേജിങ് എഡിറ്ററുമാണ്, ഗീത. ഹാർവാഡിൽ എത്തുംമുൻപ്, ഷിക്കാഗോ സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ, അസിസ്റ്റന്റ് പ്രൊഫസറായിരുന്നു, അവർ. നോബൽ ജേതാവായ ഡോ. അമർത്യസെന്നിനു ശേഷം പൂർണ സമയ പ്രൊഫസറാകുന്ന ആദ്യ ഭാരതീയ; ലോകത്തിലെ മൂന്നാമത്തെ വനിത.

2011 ൽ ലോക ഇക്കണോമിക് ഫോറം അവരെ യങ് ഗ്ലോബൽ ലീഡറായി തെരഞ്ഞെടുത്തു. ഭാരതീയ ധനമന്ത്രാലയത്തിൽ ജി20 വിഷയങ്ങളെ സംബന്ധിച്ച ഉപദേഷ്ടാക്കളുടെ സംഘത്തിൽ അംഗമായിരുന്നു. വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം; പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. 199091 ൽ ഭാരതം നാണ്യപ്രതിസന്ധി നേരിട്ട്, വിദേശത്തു നിന്ന് പണം കടമെടുത്തതാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണത്തിനു പ്രേരിപ്പിച്ചതെന്ന് ഗീത പറഞ്ഞിട്ടുണ്ട്.

അങ്ങനെ, മാർക്‌സിസവുമായി ഒരു ബന്ധവുമില്ലാത്ത ഗീത, അവരുടെ സർഗശേഷി വച്ച്, സർക്കാരിന് ഒന്നാന്തരം സ്വത്താകുമായിരുന്നു. എന്നാൽ, ഡോ. പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവരുടെ സഹായത്തോടെ, ഐസക്ക്, പിണറായിയുടെ ആ നിർണായക തീരുമാനത്തിന്റെ കടയ്ക്കൽ വെട്ടി. ഗീത കണ്ണൂർക്കാരിയാണ് എന്നെങ്കിലും, ഐസക്ക് ഓർക്കണമായിരുന്നു. മാർക്‌സിസ്റ്റായിട്ടു പോലും, നല്ല നാടകകൃത്തും കവിയുമായിരുന്ന ജർമൻകാരൻ ബെർതോൾട് ബ്രെഹ്തിന്റെ ഒരു വാചകമാണ്, ഓർമവരുന്നത്: 'നടുക്കുന്ന വാർത്തകൾ വരാനിരിക്കുന്നതേയുള്ളൂ.'

കേരളത്തിലെ തലമുതിർന്ന മാദ്ധ്യമപ്രവർത്തകരിൽ ഒരാളും സ്ഥിരമായി സിപിഐ(എം) ബീറ്റ് കൈകാര്യം ചെയ്യുകയും ചെയ്ത രാമചന്ദ്രന്റെ ബൈലൈനിൽ ജന്മഭൂമിയിൽ പ്രത്യക്ഷപ്പെട്ട വാർത്ത സിപിഎമ്മിൽ പുതിയ ധ്രുകീകരണത്തിന്റെ സൂചനയായി വിലയിരുത്തലുണ്ട്. മനോരമയിൽ ദ്വീർഘകാലം സിപിഐ(എം) ബീറ്റ് കൈകാര്യം ചെയ്തിരുന്ന രാമചന്ദ്രൻ അടുത്തിടെയാണ് ജന്മഭൂമിയുടെ എഡിറ്റാറായി ചാർജ്ജെടുത്തത്. മംഗളത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. അതേസമയം കോഴിക്കോടു നിന്നും വന്ന വാർത്തയുടെ ഉദ്ദേശം ബിജെപി ദേശീയ കൗൺസിലിന് എത്തുന്ന ദേശീയ നേതാക്കളെ തൃപ്തിപ്പെടുത്തലാണെന്ന സൂചനയുമുണ്ട്. ബിജെപി സമ്മേളനത്തേക്കാൾ പ്രാധാന്യത്തോടെ ലീഡ് വാർത്തയായാണ് ഭരിക്കുന്ന പാർട്ടിയിലെ അസ്വാരസ്യം എന്ന നിലയിൽ ജന്മഭൂമി ഈ വാർത്ത നൽകിയത്.

ഇതിന് മുമ്പ് സിപിഎമ്മുമായി ബന്ധപ്പെട്ട് പല നിർണ്ണായക വാർത്തകളും പുറത്തുകൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് രാമചന്ദ്രൻ. അതുകൊണ്ട് തന്നെ അദ്ദേഹം പുറത്തുകൊണ്ടുവന്ന ഈ എക്‌സ്‌ക്ലൂസിവ് വാർത്തയെ പൂർണ്ണാമായും രാഷ്ട്രീയം കണ്ട് ആരും തള്ളിക്കളയുന്നുമില്ല. ഗീതാ ഗോപിനാഥിന്റെ നിയമനത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തട്ടിലാണെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഐസക്കിനെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതെന്ന സൂചനയുമുണ്ട്.

ഇപ്പോഴത്തെ സിപിഐ(എം) രാഷ്ട്രീയത്തിൽ പിണറായി കഴിഞ്ഞാൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് തോമസ് ഐസക്ക്. സിപിഎമ്മിന് കൈയടി നേടിക്കൊടുത്ത പല പദ്ധതികൾക്ക് പിന്നിലും ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഐസക്ക് ആയിരുന്നു. അതുകൊണ്ട് തന്നെ പത്ത് വർഷം ഭരിക്കാൻ ലക്ഷ്യമിടുന്ന പിണറായിക്ക് ഐസക്ക് ഭാവിയിൽ ഭീഷണിയായേക്കുമെന്ന സന്ദേഹം പല പിണറായി പക്ഷ നേതാക്കൾക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാർത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചത്. അതേസമയം ജന്മഭൂമി വാർത്തയോട് സിപിഐ(എം) നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിയിലും ഭരണത്തിലും ഭിന്നത സൃഷ്ടിക്കാൻ വേണ്ടി മാത്രം ചമച്ച കഥയാണിതെന്ന വിലയിത്തലിലാണ് സിപിഐ(എം). ഏത് ചടങ്ങിൽ വച്ചാണ് ഇരു നേതാക്കളും തമ്മിൽ അസ്വാരസ്യമുണ്ടായതെന്ന കാര്യവും വാർത്തയിൽ പറയുന്നില്ല.

കർക്കശക്കാരനായ മുഖ്യമന്ത്രിയായ പിണറായി വിജയനെ ബന്ധപ്പെടുത്തി അടുത്തിടെയും ചില വാർത്തകൾ വന്നിരുന്നു. വിജയേട്ടാ എന്നു വിളിച്ച വനിതാ മന്ത്രിയെ പിണറായി ശാസിച്ചു സിഎം എന്ന് വിളിക്കാൻ നിർദ്ദേശിച്ചു എന്ന വാർത്തയായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇത് കൂടാതെ രാത്രി വൈകി കാണാനെത്തിയ സിപിഐ(എം) എംഎൽഎയെ ശാസിച്ചു എന്നുമുള്ള വാർത്തയും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP