Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ എസ് ആർ ടി സിയിൽ ശമ്പളം മുടങ്ങാതിരിക്കാൻ സ്വന്തം പണം മുടക്കുമെന്നു പറഞ്ഞ പുതിയ മന്ത്രിക്ക് രോഗം വന്നപ്പോൾ ചികിൽസിക്കാൻ സർക്കാർ മുടക്കിയത് 1.91 കോടി രൂപ; മേയറായി ഒന്നരക്കൊല്ലം ഇരുന്നിട്ടും നയാപൈസ വാങ്ങാത്ത വികെസി ഉടമ എംഎൽഎ ആയിരിക്കുന്ന നാട്ടിൽ ശതകോടീശ്വരനായ മന്ത്രി വാചകമടി തുടരുന്നു

കെ എസ് ആർ ടി സിയിൽ ശമ്പളം മുടങ്ങാതിരിക്കാൻ സ്വന്തം പണം മുടക്കുമെന്നു പറഞ്ഞ പുതിയ മന്ത്രിക്ക് രോഗം വന്നപ്പോൾ ചികിൽസിക്കാൻ സർക്കാർ മുടക്കിയത് 1.91 കോടി രൂപ; മേയറായി ഒന്നരക്കൊല്ലം ഇരുന്നിട്ടും നയാപൈസ വാങ്ങാത്ത വികെസി ഉടമ എംഎൽഎ ആയിരിക്കുന്ന നാട്ടിൽ ശതകോടീശ്വരനായ  മന്ത്രി വാചകമടി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനി ശമ്പളം കൊടുക്കാൻ കാശില്ലെങ്കിൽ തോമസ് ചാണ്ടി കയ്യിൽ നിന്നെടുത്തു കൊടുക്കുമെന്നാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ വീരവാദം. താൻ സന്ദർശിക്കാത്ത രാജ്യങ്ങളില്ല. അവിടെയെല്ലാം ട്രാൻസ്‌പോർട്ട് കോർപറേഷൻ ലാഭത്തിലാണ്. പിന്നെ ഇവിടെ എന്താണു പറ്റിയത് എന്നു പരിശോധിക്കും. കുത്തഴിഞ്ഞു കിടന്ന ഗതാഗത വകുപ്പിനെ ശരിയാക്കിയെടുക്കുമെന്ന് തോമസ് ചാണ്ടിയും പറയുന്നു. അങ്ങനെ പ്രതീക്ഷകൾ നിറച്ചാണ് ആനവണ്ടിയടക്കമുള്ള ഗതാഗത മേഖലയെ ഭരിക്കാൻ തോമസ് ചാണ്ടി എത്തുന്നത്. ഏതായാലും കൈയിൽ നിന്ന് കാശുമുടക്കി സമൂഹത്തെ നന്നാക്കുന്ന സ്വഭാവം തോമസ് ചാണ്ടിക്കില്ല. സർക്കാർ ഖജനാവിൽ തന്നെയാകും 1000 കോടിയുടെ ആസ്തിയുണ്ടെങ്കിലും തോമസ് ചാണ്ടി ഇനിയും കണ്ണുവയ്ക്കുകയെന്നാണ് ചികിൽസാ വിവാദം നൽകുന്ന സൂചന.

ഇടത് നിരയിൽ നിരവധി വ്യവസായികളുണ്ട്. മലപ്പുറത്തെ ലീഗ് കോട്ട തകർക്കാൻ സി.പി.എം ഇത്തരത്തിൽ പല പരീക്ഷണങ്ങളും നടത്തി. എന്നാൽ അവർക്കെല്ലാം മുകളിലാണ് തോമസ് ചാണ്ടി. വമ്പൻ മുതലാളി. അതുകഴിഞ്ഞാൽ പിന്നെ വികെസി മുഹമ്മദ് കോയയാണ്. നേരത്തേയും എംഎൽഎ ആയിരുന്നു. കോഴിക്കോട് മേയറായിരിക്കെയാണ് വികെസി എംഎൽഎയായത്. കോർപ്പറേഷൻ മേയറായിരിക്കെ ശമ്പളം പോലും വാങ്ങാതെ പ്രവർത്തിച്ച പാരമ്പര്യത്തിനുടമായണ് വികെസി. എന്നാൽ സ്വന്തം കാര്യങ്ങൾക്ക് പോലും ഖജനാവിൽ നിന്ന് പണം വാങ്ങുകയാണ് തോമസ് ചാണ്ടിയുടെ രീതി. ആയിരം കോടിയുടെ സ്വത്തുണ്ടായിട്ടും ചികിൽസയ്ക്ക് പോലും സർക്കാരിന് ബില്ലുകൊടുത്ത് പണം വാങ്ങുന്നതാണ് തോമസ് ചാണ്ടി എംഎൽഎയുടെ പതിവ്. ഇത് ഏറെ വിവാദവുമായിരുന്നു. അന്ന് തനിക്ക് അർഹതപ്പെട്ടതു മാത്രമേ വാങ്ങിയൂള്ളൂവെന്നാണ് തോമസ് ചാണ്ടി പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ കാലത്ത് എംഎൽഎമാരുടെ ചികിത്സാ ധനസഹായത്തിനായി നാലര കോടിയിലേറെ രൂപ ചെലവിട്ടപ്പോൾ രണ്ട് കോടിയോളം രൂപ കൈപ്പറ്റിയത് കേരളത്തിലെ കുബേരൻ തന്നെയായ തോമസ് ചാണ്ടിയാണെന്നതും വ്യക്തമായി. ഇതിൽ നിന്ന് തോമസ് ചാണ്ടിയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാണ്. ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിലും കോടികൾ ലാഭം കൊയ്തും ജീവിക്കുന്ന എൻസിപി എംഎൽഎ സർക്കാരിന്റെ പണം കൊണ്ട് ചികിത്സിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോവുകയായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രി,അമേരിക്കയിലെ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലാണ് തോമസ് ചാണ്ടി എംഎൽഎ കഴിഞ്ഞ നാലു വർഷത്തിനിടെ ചികിത്സ തേടിയത്. വിദേശത്തെ ആശുപത്രിയിൽ മാത്രം ചെലവായത് ഒരു കോടിയിലേറെ രൂപയാണ്. തോമസ് ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയുടെ നേർ ചിത്രമാണ് ഈ കണക്ക് വിശദീകരിക്കുന്നത്. ഇത് കുട്ടനാട്ടിൽ വലതുപക്ഷമാണ് സജീവ ചർച്ചയാക്കുന്നത്.

പതിമൂന്നാം നിയമസഭയുടെ 2015 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംഎൽഎമാർക്ക് ചികിത്സാച്ചെലവായി 4,61,74,858 രൂപ സർക്കാർ നൽകിയിതായാണു കണക്ക്. എന്നാൽ, ഏതുരോഗത്തിനാണ് ചികിത്സയെന്നു വെളിപ്പെടുത്താനാകില്ലെന്നാണ് നിയമസഭാ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നത്. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമാണ് മിക്ക എംഎൽഎമാരും ചികിത്സയെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. ഇതിൽ 1.91 കോടി രൂപയാണ് തോമസ് ചാണ്ടി വാങ്ങിയത്. 1000 കോടിയുടെ സ്വത്തുള്ള തോമസ് ചാണ്ടി എന്തിനാണ് ഈ പണം ഖജനാവിൽ നിന്ന് വാങ്ങുന്നതെന്നാണ് അന്നുയർന്ന ചോദ്യം. എന്നാൽ സംസ്ഥാനത്ത് എല്ലാ എംഎൽഎ മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ചാൽ ലോകത്ത് എവിടെ നിന്നും ചികിത്സ തേടാനും, അതിന്റെ ചെലവ് സർക്കാരിൽ നിന്നു വാങ്ങാനും നിയമം വഴി അനുവദിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ തുക വാങ്ങിയതിൽ നിയമവിരുദ്ധമായി യാതൊന്നും ഇല്ലെന്ന് തോമസ് ചാണ്ടി മറുപടി നൽകി. വികെസിയെ പോലുള്ളവർ അധികാര സ്ഥാനത്ത് എത്തുമ്പോൾ ശമ്പളം പോലും വാങ്ങുന്നില്ല. എന്നാൽ ഇത്രയും വലിയ കോടീശ്വരൻ എല്ലാത്തിനും ഖജനാവിനെ ആശ്രയിക്കുന്നു.

ഇത്തരത്തിലൊരാൾ എങ്ങനെ കെ എസ് ആർ ടി സിയുടെ ജീവനക്കാർക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്നാണ് ഉയരുന്ന ചോദ്യം. ശമ്പളം കിട്ടാതെ പാടുപെടുന്നവർക്കും ഈ പ്രസ്താവനകളിൽ വിശ്വാസമില്ല. കെ എസ് ആർ ടി സിയെ സ്വകാര്യവൽക്കരിക്കാനാകും പുതിയ മന്ത്രി താൽപ്പര്യം കാട്ടുകയെന്ന പേടിയും ജീവനക്കാർക്കുണ്ട്. വിദേശ മോഡലിനെ കുറിച്ച് തോമസ് ചാണ്ടി ചർച്ചായാകുന്നത് അതുകൊണ്ടാണ്. വിദേശത്തെ കുറിച്ച് അറിയുന്നവർക്ക് കേരളത്തെ രക്ഷിക്കാനാകില്ല. കേരളത്തെ അറിയുകയും അതിനൊപ്പം വിദേശത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുകയും വേണം. ഇതിനുള്ള കഴിവും വിവരവും തോമസ് ചാണ്ടിക്കില്ല- കെ എസ് ആർ ടി സി ജീവനക്കാരുടെ പൊതു വികാരമാണിത്. സംഘടനാ പ്രതിനിധിയാണ് ഇക്കാര്യം മറുനാടനോട് പറഞ്ഞത്. കെബി ഗണേശ് കുമാറിനെ പോലൊരാൾ ഇടതു പക്ഷത്തുണ്ട്. ഗതാഗത വകുപ്പിനെ രക്ഷിക്കാനാണെങ്കിൽ ഗണേശായിരുന്നു യോഗ്യനെന്നും അവർ രാഷ്ട്രീയം മറന്ന് പറയുന്നു.

സംസ്ഥാനത്തെ ഗതാഗതമന്ത്രി ആകുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നാണ് കുട്ടനാട് എംഎ‍ൽഎ തോമസ് ചാണ്ടി പറയുന്നത്. വിവാദങ്ങളെ തുടർന്ന് രാജിവെച്ച എ.കെ ശശീന്ദ്രൻ ആരോപണ മുക്തനായി തിരിച്ചെത്തിയാൽ മാറിക്കൊടുക്കുമെന്നതിൽ സംശയം വേണ്ട. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുക എന്നത് വളരെ ഭാരിച്ച ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപിയുടെ നിർദ്ദേശ പ്രകാരം തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചത് എൽഡിഎഫ് യോഗമാണ്. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യൽ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രൻ മാറിനിൽക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമാകാൻ അവസരം ലഭിച്ചത്.

കുത്തഴിഞ്ഞ് കിടക്കുന്ന ഗതാഗത വകുപ്പിനെ ശരിയാക്കാൻ പറ്റുമോയെന്നൊന്ന് നോക്കട്ടെയെന്നായിരുന്നു മന്ത്രിയായി തെരഞ്ഞെടുത്ത ശേഷമുള്ള തോമസ് ചാണ്ടിയുടെ പ്രതികരണം. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ശ്രമിക്കും. അതിന് മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാൻസ്പോർട്ട് വകുപ്പിനെ ഒന്ന് പൊക്കിയെടുക്കണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. കുവൈറ്റിൽ ഏറെ വ്യവസായ സ്ഥാപനങ്ങൾ തോമസ് ചാണ്ടിക്കുണ്ട്. കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടി എംഎൽഎ ആയപ്പോഴും ഭൂരിഭാഗം സമയവും കുവൈറ്റിലായിരുന്നു. മന്ത്രി കസേരയിലും ഈ രീതി തുടരുമോ എന്ന സംശയം ഉണ്ട്. എല്ലാം മക്കളെ ഏൽപ്പിച്ചിട്ടാണു പോന്നത്. മാസത്തിലൊരിക്കലോ മറ്റോ മാത്രമേ വരാൻ പറ്റൂ എന്നു പറഞ്ഞിട്ടാണ് ഇങ്ങോട്ടു പോന്നത്. എൻസിപിക്ക് ഒരു എംഎൽഎ കൂടി ഉണ്ടായിരുന്നുവെങ്കിൽ വരില്ലായിരുന്നു. പാർട്ടിയുടെ നിലനിൽപ്പാണ് ഇപ്പോൾ പ്രധാനം-ചാണ്ടി പോലും ഇതേ കുറിച്ച് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

അതുകൊണ്ട് തന്നെ ആഴ്ചയിൽ എത്ര ദിവസം തോമസ് ചാണ്ടി ഇന്ത്യയിൽ ഉണ്ടാകുമെന്നതും സംശമാണ്. മന്ത്രിയാകുമ്പോൾ തോമസ് ചാണ്ടിയുടെ മൊത്തം ആകാശ യാത്രയും സർക്കാർ ചെലവിലാകാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP