Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിളിരൂർ പീഡനക്കേസിൽ ഇരയുടെ മൊഴിയിൽ വന്ന വിഐപി; രാഷ്ട്രീയത്തിൽ എത്തിയത് കരുണാകരന് കോടികൾ നൽകിയെന്ന ആരോപണവും പ്രതിപക്ഷം വേണ്ടുവോളം ഉപയോഗിച്ചു; എംഎൽഎ കുവൈറ്റിൽ ബിസിനസ് നോക്കി നടത്തിയപ്പോൾ വിമർശകരെ പച്ചത്തെറി വിളിച്ച് മണ്ഡലം ഭരിച്ചത് അനിയൻ; മത്സരിക്കും മുമ്പേ മന്ത്രിസ്ഥാനവും വകുപ്പും പ്രഖ്യാപിച്ച് കേമനായി; മന്ത്രിയാകുന്ന തോമസ് ചാണ്ടിയെ വിടാതെ അനേകം വിവാദങ്ങൾ

കിളിരൂർ പീഡനക്കേസിൽ ഇരയുടെ മൊഴിയിൽ വന്ന വിഐപി; രാഷ്ട്രീയത്തിൽ എത്തിയത് കരുണാകരന് കോടികൾ നൽകിയെന്ന ആരോപണവും പ്രതിപക്ഷം വേണ്ടുവോളം ഉപയോഗിച്ചു; എംഎൽഎ കുവൈറ്റിൽ ബിസിനസ് നോക്കി നടത്തിയപ്പോൾ വിമർശകരെ പച്ചത്തെറി വിളിച്ച് മണ്ഡലം ഭരിച്ചത് അനിയൻ; മത്സരിക്കും മുമ്പേ മന്ത്രിസ്ഥാനവും വകുപ്പും പ്രഖ്യാപിച്ച് കേമനായി; മന്ത്രിയാകുന്ന തോമസ് ചാണ്ടിയെ വിടാതെ അനേകം വിവാദങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്. മോള് പറഞ്ഞാണ് ഇവനെ കുറിച്ച് അറിയുന്നത്. കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന ഇയാളുടെ റിസോർട്ടിൽ മോളേയും കൊണ്ടു പോയിരുന്നു. ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കട്ടില്ല. കെപി മോഹനന് വേണ്ടിയാണ് റിസോർട്ടിൽ കൊണ്ടു പോയത്. ഇയാൾക്കും ഇതിലൊക്കെ പങ്കുണ്ട്. ഇത് അന്വേഷിക്കണമെന്ന് പറഞ്ഞ് വി എസ് അച്യുതാനന്ദന് പരാതിയും കൊടുത്തിരുന്നു. മോൾ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത്-തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് അറിഞ്ഞപ്പോൾ കളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ ശശീന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

കിളിരൂർ കേസിലെ വിഐപി കുവൈറ്റ് ചാണ്ടിയാണോയെന്ന സംശയവും സജീവമായിരുന്നു. ഇതിനൊന്നും ഉത്തരം കണ്ടെത്താൻ സംസ്ഥാന പൊലീസും സിബിഐയും ഒരിക്കലും ശ്രമിച്ചില്ല. അങ്ങനെ ഈ കേസിൽ പ്രതിയോ സാക്ഷിയോ ആകാതെ തോമസ് ചാണ്ടി രക്ഷപ്പെട്ടു. ഈ വിവാദം നടക്കുമ്പോൾ തോമസ് ചാണ്ടി എംഎൽഎയോ പൊതു പ്രവർത്തകനോ ആയിരുന്നില്ല. വെറുമൊരു വ്യവസായി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ ചുവടുമാറ്റങ്ങൾ തുണയാക്കി ചാണ്ടി രാഷ്ട്രീയത്തിലെത്തി. കുവൈറ്റിലെ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു കുവൈറ്റ് ചാണ്ടി. മുൻ യൂത്ത് കോൺഗ്രസുകാരന് കരുണാകരനുമായി അടുത്ത ബന്ധം. കോൺഗ്രസ് വിട്ട് കരുണാകരൻ ഡിഐസിയുണ്ടാക്കിയപ്പോൾ ഇന്ദിരാ ഗാന്ധിയുടെ വികാരം മുറുകെ പിടിച്ച് തോമസ് ചാണ്ടി പാർട്ടിയിലെത്തി. കുവൈറ്റ് ചാണ്ടി കുട്ടനാട് സീറ്റ് ചോദിച്ച് വാങ്ങി.

കോൺഗ്രസുമായി വിയോജിച്ചാണ് കരുണാകരൻ ഡിഐസിയുണ്ടാക്കിയത്. എന്നാൽ ഇടതുപക്ഷം അടുപ്പിക്കാത്തതിനാൽ യുഡിഎഫിൽ തന്നെ എത്തേണ്ടിയും വന്നു. അങ്ങനെ 2006ൽ കരുണാകരൻ ടെലിവിഷൻ ചിഹ്നവുമായി മത്സിച്ചത് യുഡിഎഫിനൊപ്പം. കരുണാകരന്റെ ഡിഐസിയിൽ മത്സരിച്ചത് 18 പേരായിരുന്നു. ഇതിൽ 17ഉം തോറ്റു. കുട്ടനാട്ടിൽ തോമസ് ചാണ്ടി മാത്രം ജയിച്ചു. യുഡിഎഫ് തകർന്നടിഞ്ഞ് അച്യുതാനന്ദൻ വികാരം ആഞ്ഞെടിച്ചപ്പോഴായിരുന്നു ഇത്. കുട്ടനാട്ടിൽ പണമൊഴിക്കിയാണ് തോമസ് ചാണ്ടി വിജയിച്ചതെന്ന വിവാദവും ഇതോടെ എത്തി. കേരള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം ആദ്യമായി ചർച്ചയിലെത്തിച്ചതും  വിവാദമാക്കിയതും കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ ഈ വിജയമായിരുന്നു.

പിന്നീട് കുട്ടനാട്ടിൽ പേരിനു മാത്രമായി ചാണ്ടിയുടെ സാന്നിധ്യം. അനുജനെ എല്ലാം ഏൽപ്പിച്ച് തോമസ് ചാണ്ടി കുവൈറ്റിൽ സ്ഥിരതാമസമാക്കി. അപ്പോഴും കായൽ കൈയേറ്റം ഉൾപ്പെടെയുള്ള വിവാദമെത്തി. ചാനൽ പ്രവർത്തകനെ ചീത്ത വിളിച്ചതുൾപ്പെടെ പലതും വാർത്തയായി. എന്നാലും ഈ ശതകോടീശ്വരനെ കുട്ടനാട് കൈവിട്ടില്ല. കുട്ടനാട് ഹാട്രിക് തികയ്ക്കാൻ തോമസ് ചാണ്ടിക്കായി. ഇത്തവണ നാമനിർദ്ദേശപത്രിക നൽകുന്നതിനു മുമ്പുതന്നെ താൻ ജലവിഭവ വകുപ്പ് ഭരിക്കുമെന്ന് തുറന്നടിച്ചയാളാണു ചാണ്ടി. മുഖ്യമന്ത്രിയെപ്പോലും പ്രഖ്യാപിക്കാതെ തിരെഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മന്ത്രിസ്ഥാനവും വകുപ്പും സ്വയം പ്രഖ്യാപിച്ച തോമസ് ചാണ്ടിയുടെ നടപടിക്കെതിരേ സി.പി.എം അടക്കമുള്ള കക്ഷികൾ കടുത്ത നിലപാട് എടുത്തിരുന്നു. കോടികൾ ആസ്തിയുള്ള തോമസ് ചാണ്ടി തന്റെ ചികിത്സയ്ക്കായി സർക്കാരിൽനിന്നു രണ്ടു കോടി രൂപ വാങ്ങിയതും വൻ വിവാദമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലും അമേരിക്കയിലെ കാൻസർ സെന്ററിലുമാണ് ഈ കോടിശ്വരൻ ചികിത്സ തേടിയത്. എന്നാൽ ഇതിനാവശ്യമായ പണം എംഎൽഎ എന്ന പേരിൽ സർക്കാരിൽനിന്ന് വാങ്ങിയെടുത്തത് 2005 ലായിരുന്നു.

 

മന്ത്രിസ്ഥാനവും ജലവിഭവവകുപ്പും തനിക്കാണെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ഉറപ്പു നൽകിയതായും പൊതുയോഗങ്ങളിൽ ആവർത്തിച്ചു പ്രസംഗിച്ചിരുന്നു. എന്നാൽ, മന്ത്രിസഭാരൂപീകരണ സമയത്ത് എൻസിപിയിൽ മന്ത്രിപദത്തിനായി തർക്കമുണ്ടായി. വിഷയം കേന്ദ്ര നേതാക്കൾക്ക് വിട്ടിരുന്നു. നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് എ കെ ശശീന്ദ്രന് മന്ത്രി പദവിയിലേക്ക് നറുക്കുവീണത്. രണ്ടര വർഷത്തിനുശേഷം ശശീന്ദ്രനു പകരം തോമസ് ചാണ്ടി മന്ത്രിയാകുമെന്നു പ്രചാരണം തോമസ് ചാണ്ടി ക്യാംപ് ഉയർത്തിയെങ്കിലും പാർട്ടി നേതാവ് ശരത്പവാർ തന്നെ ഈ നീക്കവും പൊളിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് തോമസ് ചാണ്ടിയുടെ അനുജന്റെ തെറിവിളി വിവാദമെത്തുന്നത്. തോമസ് ചാണ്ടിയുടെ അനുജനായ തോമാച്ചായനാണ് എംഎൽഎ പോലുമാകാതെ കുട്ടനാട് ഭരിക്കുന്നത്. അനുജനാകട്ടെ സഹോദരന്റെ പ്രൈവറ്റ് സെക്രട്ടറി സോണി പറയുന്നത് മാത്രം കേൾക്കും. അല്ലാത്തവർ വിളിച്ചാൽ പുളിച്ച തെറിയും വിളിക്കുമെന്നാണ് ആക്ഷേപം. കുട്ടനാട്ടെ ഒരു റോഡ് സംബന്ധിച്ച പ്രശ്നത്തിൽ അഴിമതി ചൂണ്ടിക്കാട്ടിയ യുവാവിനെ തോമാച്ചായൻ പച്ചത്തെറി വിളിക്കുന്ന ഓഡിയോയാണ് കുട്ടനാട്ടിൽ പ്രധാന സംസാര വിഷയമായിരിക്കുന്നത്.

ചേനംങ്കരിക്കാരുടെ ജീവിതാഭിലാഷമാണ് കൈനകരി - ചേനംങ്കരി റോഡ്. അനുവദിച്ച് കിട്ടിയ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാർ സംഘടിച്ച പ്രതിഷേധ മാർച്ച് പൊലീസിനെ കൊണ്ട് തടിയിച്ച് എംഎൽഎ സ്വന്തം പാർട്ടിക്കാരെ നിരത്തി തനിക്ക് അഭിനന്ദനങ്ങൾ വിളിപ്പിച്ച് ജാഥ നടത്തി. ഇതിനിടെയാണ് എംഎൽഎയുടെ സഹോദരനെ റോഡുമായി ബന്ധപ്പെട്ട് കാര്യത്തിന് ഒരു നാട്ടുക്കാരൻ ഫോണിൽ വിളിച്ചത്. ഫലമോ പുളിച്ച തെറിയായിരുന്നു. എന്നാൽ, ഈ സംഭാഷണം റെക്കോർഡ് ചെയ്ത യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ജാഥ പൊലീസ് തടഞ്ഞെങ്കിലും നാട്ടുക്കാർ കായൽ കരയിൽ പ്രതിഷേധിച്ച് ശക്തി തെളിയിച്ചു. ഇത് എം എൽ എയ്ക്ക് ഇപ്പോൾ കനത്ത തരിച്ചടിയായി.

റോഡ് നിർമ്മിക്കാനുള്ള മണലിന്റെ വില കൂട്ടി നിശ്ചയിച്ചതായി എംഎൽഎ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം നാട്ടുക്കാരൻ വിളിച്ച കോളിന് മറുപടിയായി എംഎൽഎയുടെ സഹോദരൻ തോമാച്ചായൻ പറഞ്ഞ തെറിവിളി ഇപ്പോൾ കുട്ടനാട്ടിൽ വാട്ട്സ് ആപ്പ് മുഖേന പരക്കുകയാണ്. റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും പറഞ്ഞ് യുവാവ് ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റു കൂടി കണ്ടപ്പോഴാണ് തോമാച്ചായൻ പ്രകോപിതനായത്. ഇതോടെ താനാരാടോ ചോദ്യം ചെയ്യാൻ എന്നു ചോദിച്ച് പച്ചത്തെറിയുടെ ബഹളുമായിരുന്നു. നീയെന്താടാ നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നത് എന്ന് പറഞ്ഞു കാലും കൈയും തല്ലിയൊടുക്കുമെന്നും പറഞ്ഞു കൊണ്ടാണ് തെറിവിളി.

തന്നെ കൊല്ലുമോ എന്നു ചോദിച്ച യുവാവിനോട് നിന്നെ കൊല്ലാനൊന്നും ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് തെറിവിളി തുടർന്നത്. നീ മനുഷ്യനെ പറ്റിച്ചു നടക്കുന്ന ആളാണെന്നാ പറയുന്നത്. റോഡിന്റെ ടെണ്ടർ നടപടിയെ കുറിച്ചും ഇതിനിടെ സംഭാഷണത്തിൽ പറയുന്നത്. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവനാണ് യുവാവെന്നും ആരോപിക്കുന്നുണ്ട്. വിവരങ്ങൾ തിരിക്കിയ ശേഷം അച്ചായന്റെ കണ്ണും പൂട്ടിയുള്ള തെറിവിളി ഇപ്പോൾ കുട്ടനാട്ടെ ഓൺലൈൻ ഗ്രൂപ്പുകളിലെല്ലാം പാറിപ്പറന്നു. ഇത്തവണ എംഎൽഎയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം എംഎൽഎ നാമമാത്ര ദിവസങ്ങളിൽ മാത്രമാണ് തോമസ് ചാണ്ടി മണ്ഡലത്തിൽ എത്തിയിട്ടുള്ളത്. ഈ അവസരം മുതലാക്കിയാണ് അനുജൻ മണ്ഡലത്തിൽ നിറഞ്ഞാടുന്നത്.

ഇതിന് പിന്നാലെയായിരുന്നു തേൻ കണി വിവാദത്തിൽ ശശീന്ദ്രൻ കുടുങ്ങിയത്. അപ്പോഴും ഗൂഢാലോചന തിയറി സജീവമായി. അവിടേയും തോമസ് ചാണ്ടിയെന്ന ബിസിനസ്സുകാരനെതിരെ ആരോപണം ഉയർന്നു. മംഗളത്തിന്റെ തേൻ കണി വിവാദത്തിന് പിന്നിലും ചാണ്ടിയാണെന്നായിരുന്നു ആക്ഷേപം. എന്നാൽ എൻസിപി ദേശീയ നേതൃത്വത്തെ കൂട്ടുപിടിച്ച് തോമസ് ചാണ്ടി ഈ വിവാദത്തെ അപ്രസക്തമാക്കി മന്ത്രി പദവിയിലെത്തുന്നു. ഇനി എത്ര നാൾ മന്ത്രിയായി കേരളത്തിൽ തോമസ് ചാണ്ടി തുടരുമെന്നതാണ് പ്രശ്‌നം. മന്ത്രി പദത്തിൽ കുവൈറ്റിൽ കറങ്ങിയാൽ അത് മുഖ്യമന്ത്രി പിണറായിക്ക് പുതിയ തലവേദനയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP