Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മ ശ്വാസം കിട്ടാതെ പിടയുന്നത് നോക്കി കണ്ണീരൊഴുക്കി നേരം വെളുപ്പിച്ചു; ഉപ്പയാകട്ടെ മറ്റൊരു കോവിഡ് സെന്ററിൽ; തൊടുപുഴ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലാത്തതുകൊണ്ട് പരക്കം പാഞ്ഞെങ്കിലും കൈയൊഴിഞ്ഞ് കൊച്ചിയിലെ പ്രമുഖ ആശുപത്രികൾ പോലും; രാത്രി വൈകി ആരീഫ ബഷീന്റെ മരണവും; കോവിഡ് രോഗി മരിച്ച സംഭവം വിവാദമാകുന്നു

ഉമ്മ ശ്വാസം കിട്ടാതെ പിടയുന്നത് നോക്കി കണ്ണീരൊഴുക്കി നേരം വെളുപ്പിച്ചു; ഉപ്പയാകട്ടെ മറ്റൊരു കോവിഡ് സെന്ററിൽ; തൊടുപുഴ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലാത്തതുകൊണ്ട് പരക്കം പാഞ്ഞെങ്കിലും കൈയൊഴിഞ്ഞ് കൊച്ചിയിലെ പ്രമുഖ ആശുപത്രികൾ പോലും; രാത്രി വൈകി ആരീഫ ബഷീന്റെ മരണവും;  കോവിഡ് രോഗി മരിച്ച സംഭവം വിവാദമാകുന്നു

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: കോവിഡ് കാലത്ത് സർക്കാരിന്റെ കരുതലിനെ കുറിച്ചാണ് നേതാക്കളുടെയും മന്ത്രിമാരുടെയും എല്ലാം സംസാരമേറെ. എന്നാൽ, തൊടുപുഴയിൽ വെന്റിലേറ്റർ സൗകര്യമില്ലാതെ കോവിഡ് രോഗി മരണമടഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അധികം മാധ്യമങ്ങളൊന്നും സംഭവം റിപ്പോർട്ട് ചെയ്തതുമില്ല. വെങ്ങല്ലൂർ സ്വദേശിനിയായ 52 വയസുകാരിയാണ് വ്യാഴാഴ്ച മരണമടഞ്ഞത്. ബുധനാഴ്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരമായതോടെ ശ്വാസ തടസം കൂടുതലായി. ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതർക്കായി വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതു പ്രശ്‌നമായി. ഇതേ തുടർന്ന് എറണാകുളം ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവശിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഒരിടത്തും വെന്റിലേറ്റർ ഒഴിവില്ലായിരുന്നു. രാത്രി വൈകി എറണാകുളത്തു ഒരു ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കുമെന്നറിഞ്ഞു. അവിടേയ്ക്കു കൊണ്ടുപോകുവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

ആശുപത്രി അധികൃതരുടെ ന്യായം

ബുധനാഴ്ച വൈകുന്നേരം മുതൽ ശ്വാസം ലഭിക്കാതെ രോഗി ദുരിതത്തിലായിരുന്നു. ഇടുക്കി ജില്ലയിലെ പ്രമുഖ പട്ടണമായ തൊടുപുഴയിൽ പോലും സർക്കാർ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനമാണ് ഉയരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗി അവശനിലയിലായിരുന്നെന്നും അതിനാലാണ് മരിച്ചതെന്നും വെന്റിലേറ്റർ സൗകര്യമുണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനാവില്ലായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായം.

ബന്ധുക്കൾ പറയുന്നത്

ശ്വാസം മുട്ടുണ്ടായിരുന്നെങ്കിലും ആരോഗ്യവതിയായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും സമയത്ത് ഓക്സിജൻ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നെന്നും ബന്ധുക്കൾ. വെങ്ങല്ലൂർ ആനിമൂട്ടിൽ ബഷീറിന്റെ ഭാര്യ ആരീഫ ബഷീർ(53)ആണ് ഇന്നലെ രാവിലെ 9.30 തോടെ മരണമടഞ്ഞത്. ബുധനാഴ്ച രാവിലെ ശ്വാസം മുട്ടലിനെ തുടർന്ന് ഇവരെ ചികത്സിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ഇവിടെ ഇവരെ ചികത്സിച്ചിരുന്ന ഡോക്ടർ അവധിയായതിനാൽ സമീപത്തെ മറ്റൊരുസ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തിച്ചു.ഇവിടെ നടത്തിയ പരിശോധനയിൽ ആരീഫയക്ക് കോവിഡ് സ്ഥിരീകരിച്ചു.

തുടർന്നുള്ള പരിശോധനയിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബഷീർ, മകൾ ഷെമി എന്നിവർക്കും കോവിഡ് ബാധിച്ചതായി വ്യക്തമായി. ആശുപത്രി അധികൃതർ വിവരം ജില്ലാ ആശുപത്രി അധികൃതരെ അറിയിച്ചു. വൈകിട്ട് 5 മണിയോടടുത്താണ് ഇവിടെ നിന്നുള്ള ആമ്പുലൻസ് മൂവരെയും കൊണ്ടുപോകാൻ എത്തിയത്. ബഷീറിനെ സമീപത്തെ കോവിഡ് സെന്റിൽ ഇറക്കിയ ശേഷം ആരിഫയെയും ഷെമിയേയും ഇതെ ആമ്പുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഉടൻ ഓക്സിജൻ മാസ്‌ക് ഘടിപ്പിച്ച്, മരുന്നും നൽകി. രാത്രി 9.30 തോടെ രോഗി സ്വയം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായി.

വെന്റിലേറ്ററിൽ കിടത്താൻ സാമ്പത്തിക ശേഷിയുണ്ടോ എന്നായിരുന്നു ഈ സമയം ആശുപത്രി ജീവനക്കാരുടെ അന്വേഷണം. ഈ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമില്ലെന്നും മറ്റെതെങ്കിലും ആശുപത്രിയിൽ സൗകര്യമുണ്ടോ എന്ന് അന്വേഷിക്കാമെന്നും പറഞ്ഞ് ഇവർ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മണിക്കൂറുകൾ വെന്റിലേറ്ററിനായി പരക്കം പാച്ചിലായിരുന്നു. കൊച്ചിയിലെ പ്രമുഖ ആശുപത്രികളിലെല്ലാം വിളിച്ചിട്ടും പ്രതികരണം ആശാവഹമായിരുന്നില്ല. രാത്രിയിൽ വിളിച്ചപ്പോൾ രാവിലെ കൊണ്ടുവരു.. നോക്കാമെന്നായിരുന്നു കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയുടെ പ്രതികരണം.

മകൾ ഷെമി മാത്രമായിരുന്നു ഈ സമയം ആരീഫയുടെ അടുത്തുണ്ടായിരുന്നത്. ഉമ്മ ശ്വാസംകിട്ടാതെ പിടിയുന്നത് നോക്കി നിന്ന് നെഞ്ച് പൊട്ടി, കണ്ണീരൊഴുക്കി ഇവർ നേരം വെളുപ്പിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിനിടെ 9.30 തോടെയാണ് ഇവർ മരണപ്പെടുന്നത്. ഏകദേശം 12 മണിക്കൂറോളം ഉമ്മ മരണവെപ്രാളവുമായി ആശുപത്രിയിൽ കഴിഞ്ഞെന്നാണ് ഷെമിയുടെ ഭർത്താവ് ജിസാം വെളിപ്പെടുത്തുന്നത്. ആദ്യത്തെ മൂന്ന് -നാല് മണിക്കൂറിനുള്ളിൽ വെന്റിലേറ്റർ സൗകര്യം ലഭിച്ചിരുന്നെങ്കിൽ ഉമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ജിസാം ഉറച്ച് വിശ്വസിക്കുന്നത്.

പണവും തരപ്പെടുത്തി ,നെട്ടോട്ടമോടിയിട്ടും ആരിഫയുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ കടുത്ത വിഷമത്തിലാണ് ആരീഫയുടെ ഉറ്റവരും ബന്ധുക്കളും.ഷെമിയും പിതാവ് ബഷീറും ഒരു വീട്ടിലും ജിസാമും രണ്ട് കുട്ടികളും മറ്റൊരുവീട്ടിലുമായിട്ടാണ് കഴിയുന്നത്. ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതർക്കായി വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതാണ് ആരീഫയുടെ ജീവനെടുത്തതെന്നാണ് ആരിഫയുടെ മകളും മരുമകനുമടക്കമുള്ള ഉറ്റബന്ധുക്കളുടെ ആരോപണം.

ഈ സംഭവത്തെക്കുറിച്ച് തിരക്കിയപ്പോൾ കോവിഡ് രോഗികൾക്കായി ഇവിടെ വെന്റിലേറ്റർ സൗകര്യമില്ലന്ന് ആശുപത്രി സൂപ്രണ്ട് മറുനാടനോട് പ്രതികരിച്ചു. വെന്റിലേറ്റർ ഇല്ലാത്തതായിരുന്നില്ല പ്രശ്നമെന്നും അവശനിലയിലായ ആരീഫ നേരം വെളുക്കും വരെ പോലും ജീവിക്കാനിടയില്ലെന്ന് പരിശോധനയിൽ തന്നെ സംശയമുയർന്നിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ ഉച്ചയോടെ വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളിയിൽ കോവിഡ് ചട്ടങ്ങൾപാലിച്ച് ആരീഫയുടെ സംസ്‌കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP