Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഴയത്തും കുതിർന്നില്ല ആവേശം; തിരുവോണം ബംപർ സൂപ്പർഹിറ്റ്; 10 കോടി മേനി പറയാമെങ്കിലും ഒന്നാം സമ്മാനക്കാരൻ മുസത്ഫയ്ക്ക് കിട്ടുക 6 കോടി 30 ലക്ഷം; ടിക്കറ്റ് വിറ്റ് ഖലീദിന് 90 ലക്ഷം; സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്നത് 59 കോടിയുടെ ലാഭം

മഴയത്തും കുതിർന്നില്ല ആവേശം; തിരുവോണം ബംപർ സൂപ്പർഹിറ്റ്; 10 കോടി മേനി പറയാമെങ്കിലും ഒന്നാം സമ്മാനക്കാരൻ മുസത്ഫയ്ക്ക് കിട്ടുക 6 കോടി 30 ലക്ഷം; ടിക്കറ്റ് വിറ്റ് ഖലീദിന് 90 ലക്ഷം; സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്നത് 59 കോടിയുടെ ലാഭം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബംപർ നറുക്കെടുപ്പുകളിലെ സൂപ്പർ താരം ഓണം ബംപർ തന്നെ. വിഷു,സമ്മർ, ക്രിസ്മസ്,പൂജ ബംപർ നറുക്കെടുപ്പുകൾക്കും ആവേശം കുറവല്ലെങ്കിലും, കേരളത്തിന്റെ ദേശീയ ഉൽസവവേളയിലാണ് ലോട്ടറി ബംപറും പൊടിപൊടിക്കുന്നത്.ഭാഗ്യാന്വേഷികളെ അമ്പരപ്പിച്ചുകൊണ്ടാണ് ഇത്തവണ മെഗസ്സമ്മാനവുമായി ഓണം ബംപറെത്തിയത്.സുവർണ ജൂബിലി തിരുവോണം ബംപർ 2017 എന്ന പേരിൽ പുറത്തിറക്കിയ ടിക്കറ്റിന് 250 രൂപയായിരുന്നു വില. കഴിഞ്ഞ തവണ 200 രൂപയുടെ ടിക്കറ്റിന് 8 കോടിയായിരുന്നു ഒന്നാം സമ്മാനം. ധനലക്ഷ്മി കനിഞ്ഞനുഗ്രഹിക്കുന്നത് 10 കോടി രൂപ.എന്നാൽ, ഈ തുക മുഴുവൻ ആ മഹാഭാഗ്യവാന് കിട്ടുമെന്ന് കരുതരുത് കേട്ടോ!.

10 കോടി കിട്ടിയ മുസ്തഫയ്ക്ക് കൈയിൽ എത്ര കിട്ടും?

10% ഏജന്റ് കമ്മിഷൻ കിഴിച്ച് ബാക്കി വരുന്ന തുകയുടെ 30% ആദായനികുതിയായും ഈടാക്കും. നറുക്കുവീഴുന്നയാൾക്കു കിട്ടുക ആറു കോടി 30 ലക്ഷം രൂപയാണ്. 10,000 ത്തിന് മേലേയുള്ള എല്ലാ സമ്മാനങ്ങൾക്കും 30 ശതമാനം ആദായനികുതി ഒടുക്കണം.ഒരു ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡപ്യൂട്ടി ഡയറക്ടർക്ക് പാസാക്കാം.20 ലക്ഷത്തിന് മേലേയുള്ള തുക ലോട്ടറി ഡയറക്ടറാണ് പാസാക്കുക.
ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് ഒരു കോടി രൂപയാണു കമ്മിഷൻ.രണ്ടാം സമ്മാനം 50 ലക്ഷം രൂപ 10 പേർക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കു ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 20 പേർക്ക്. അഞ്ചാം സമ്മാനം 1 ലക്ഷം വീതം 90 പേർക്ക് അങ്ങനെ 10 സമ്മാനങ്ങൾ. ഏതായാലും 10 കോടി കിട്ടിയ മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫയ്ക്ക്
ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ ലഭിക്കും. മുസ്തഫയ്ക്ക് ടിക്കറ്റ് വിറ്റ ഖലീദിന് 90 ലക്ഷം കിട്ടും. എജെ 442876 എന്ന ടിക്കറ്റാണ് ഖലീദ് മുസ്തഫയ്ക്ക് വിറ്റത്.

മഴയ്ക്കും തടുക്കാനായില്ല ടിക്കറ്റ് വിൽപ്പന

ജൂലായ് 25നാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. ഇത്തവണ 65 ലക്ഷം ടിക്കറ്റുകൾ വിറ്റു. ആകെ 145 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റുപോയി. ഇതിൽ 63.81 കോടിയാണു സമ്മാനമായി നൽകുന്നത്.അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ 10 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പിനായി അഞ്ചു ലക്ഷം ടിക്കറ്റുകൾ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ചു. ഇവ വിറ്റഴിക്കാനായി നറുക്കെടുപ്പ് രണ്ടു ദിവസത്തേക്കു കൂടി നീട്ടി.കനത്ത മഴ മൂലം ടിക്കറ്റ് വിൽപന മന്ദഗതിയിലായതിനാലാണ് 20 ന് നടക്കേണ്ട നറുക്കെടുപ്പ് 22ലേക്കു മാറ്റിയത്. മുഴുവൻ ടിക്കറ്റും വിറ്റുപോയി എന്നതും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.കഴിഞ്ഞ തവണ 72 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചെങ്കിലും മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നില്ല. 138 കോടി രൂപയായിരുന്നു മുൻ വർഷത്തെ ഓണം ബംബർ റെക്കോഡ്. 200 രൂപയുടെ 69 ലക്ഷം ടിക്കറ്റ് അന്ന് വിറ്റു. ആദ്യ സമ്മാനം എട്ടു കോടി രൂപയും. കഴിഞ്ഞതവണ എട്ട് സീരിയലിൽ പുറത്തിറക്കിയ ടിക്കറ്റ് ഇത്തവണ പത്ത് സീരിയലിലാണ് വിതരണം ചെയ്തത്.

സർക്കാർ കൊയ്തത് വമ്പൻ ലാഭം

ജി.എസ്.ടി കൂടി ചേർത്ത് 50-55 കോടി രൂപയാണ് സർക്കാരിന് ഈ വർഷത്തെ ഓണം ബംബർ വിൽപനയിലൂടെയുള്ള ലാഭം. സമ്മാന തുക നൽകി കഴിഞ്ഞുള്ള ലാഭമാണിത്. മൊത്തം 145.865 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ കിട്ടുന്നത്. ജി.എസ്.ടി ഇനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ലഭിക്കുന്നത് 17, 41,38000 രൂപ.

ഓണം ബമ്പർ ലോട്ടറിടിക്കറ്റ് വിൽപ്പന സർവകാല റെക്കോഡിലേക്ക് നീങ്ങിയതോടെയാണ് ഈ ലാഭം കൈവന്നത്. പത്തുകോടിയുടെ ഒന്നാംസമ്മാനമടക്കം 61.81 കോടിയാണ് സമ്മാനമായി നൽകുന്നത്. ഇതിലും മൂന്നിരട്ടി ഖജനാവിലേക്ക് ഒഴുകിയെത്തുന്ന തരത്തിലായിരുന്നു വിൽപ്പന. ലോട്ടറിവിൽപ്പനയിലൂടെ കിട്ടുന്ന തുകയുടെ പകുതിയോളം സമ്മാനമായി നൽകണമെന്ന് സർക്കാർ നയമുണ്ട്. ഇത് ബമ്പർ ടിക്കറ്റുകൾക്ക് ബാധകമല്ല. ഇതുകൊണ്ടാണ് ഓണം ബംബറിൽ സർക്കാർ പരമാവധി ലാഭം കൊയ്യുന്നത്.

അവകാശികളില്ലാതെയും ലാഭം

നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങൾക്കുള്ളിൽ സമ്മാനം കൈപ്പറ്റണമെന്നാണ് നിയമം. ചെറിയ സമ്മാനങ്ങൾക്കായി അവകാശികൾ എത്തുന്നത് കുറവാണെന്ന് ലോട്ടറി വിൽപനക്കാരും പറയുന്നു. ജനപ്രിയ ഭാഗ്യക്കുറികളെന്ന് അവകാശപ്പെടുന്ന തിരുവോണം ബമ്പർ, വിഷു ബമ്പർ എന്നിവയുടേതുൾപ്പെടെയുള്ള സമ്മാനങ്ങൾക്ക് അവകാശികളില്ലാതെ കോടിക്കണക്കിന് രൂപയാണ് ഭാഗ്യക്കുറി വകുപ്പിന് സൗജന്യമായി കിട്ടുന്നത്.ഏതായാലും ചരിത്രത്തിലിടം പിടിച്ച സുവർണ ജൂബിലി തിരുവോണം ബംപർ 2017 സംസ്ഥാന ഖജനാവിന് മുതൽക്കൂട്ട് തന്നെയായി മാറിയിരിക്കുകയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP