Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

'എനിക്ക് പേടിക്കാൻ പറ്റില്ല, എല്ലാവർക്കും വേണ്ടി ഇവിടെ ജീവിക്കും, ഇവർ സർവീസ് ഏറ്റെടുക്കുന്നെങ്കിൽ ഏറ്റെടുക്കട്ടെ, കത്തിച്ച് കളയുന്നെങ്കിൽ കത്തിച്ച് കളയട്ടെ': തന്നെ തല്ലിയ ആളും ചർച്ചയ്ക്ക് വന്നപ്പോൾ വിതുമ്പി പോയി ബസുടമ രാജ്‌മോഹൻ; തിരുവാർപ്പിൽ ഇറങ്ങിപ്പോക്ക് അടക്കം നാടകീയ രംഗങ്ങൾ അരങ്ങേറിയ 'വരവേൽപ്പ്' മോഡൽ തർക്കം ഒത്തുതീർന്നത് ഇങ്ങനെ

'എനിക്ക് പേടിക്കാൻ പറ്റില്ല, എല്ലാവർക്കും വേണ്ടി ഇവിടെ ജീവിക്കും, ഇവർ സർവീസ്  ഏറ്റെടുക്കുന്നെങ്കിൽ ഏറ്റെടുക്കട്ടെ, കത്തിച്ച് കളയുന്നെങ്കിൽ കത്തിച്ച് കളയട്ടെ': തന്നെ തല്ലിയ ആളും ചർച്ചയ്ക്ക് വന്നപ്പോൾ വിതുമ്പി പോയി ബസുടമ രാജ്‌മോഹൻ; തിരുവാർപ്പിൽ ഇറങ്ങിപ്പോക്ക് അടക്കം നാടകീയ രംഗങ്ങൾ അരങ്ങേറിയ 'വരവേൽപ്പ്' മോഡൽ തർക്കം ഒത്തുതീർന്നത് ഇങ്ങനെ

സി ആർ. ശ്യാം

കോട്ടയം: തിരുവാർപ്പിലെ വെട്ടികുളങ്ങര ബസ് ഉടമയും, തൊഴിലാളിയും തമ്മിലുള്ള തർക്കം തീർക്കാൻ നടത്തിയ ചർച്ചയിൽ ഇന്ന് പിണക്കവും ഇണക്കവുമെല്ലാം അരങ്ങേറി. ജില്ല ലേബർ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം ആയത്. ഇന്ന് രാവിലെ ചർച്ച ആരംഭിച്ചപ്പോൾ നടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ടാം ദിവസമായ ഇന്ന് രാവിലെ ജില്ല ലേബർ ഓഫീസിൽ നടത്തിയ ചർച്ചയിൽ നിന്നും ബസ് ഉടമയും മുൻ സൈനികനുമായ രാജ്‌മോഹൻ ഓഫീസിൽ നിന്നും വിതുമ്പി കൊണ്ട് ഇറങ്ങി പോകുകയായിരുന്നു. കോടതി ഉത്തരവുമായി വന്ന തന്നെ മർദിച്ചയാൾ ചർച്ചയ്ക്കായി സീറ്റിന് മുൻപിലിരുന്നതാണ് രാജ്്മോഹനെ പ്രകോപിതനാക്കിയത്. സി. ഐ. ടി. യു. നേതാവ് കെ. ആർ. അജയ് ആണ് ഇയാളെ മർദിച്ചത്. ഇയാൾ തന്നെ തൊഴിലാളിക്ക് വേണ്ടി സംസാരിക്കാൻ എത്തിയതിലാണ് പ്രതിഷേധം. പിന്നീട് ഉച്ചക്ക് ശേഷം രാജ്‌മോഹനെ വീണ്ടും ചർച്ചയ്ക്കായി വിളിച്ചു വരുത്തുകയായിരുന്നു.

രാജ്‌മോഹൻ വിതുമ്പി കൊണ്ട് പറഞ്ഞിതങ്ങനെ:

'ഈ നാട്ടിൽ ജീവിക്കുന്നതിൽ ലജ്ജിക്കണം. സാധാരണക്കാരനുനീതിക്ക് വേണ്ടി പോരാടുന്നവന്റെയും അവസ്ഥയാണിത്. വഴിയിൽ വച്ച് ആക്രമിച്ച പ്രതിയെ ചർച്ചയ്ക്ക് കൊണ്ടിരുത്തിയിരിക്കുന്നു. ഇതാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ. അയാളെ കൊണ്ടു വന്ന് എന്നെ ഭീഷണിപ്പെടുത്തി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ശ്രമമായിരുന്നു. രാജ്യത്തിന് വേണ്ടി സൈനിക സേവാ മെഡലും സ്പെഷ്യൽ സർവീസ് മെഡലും നേടിയ സൈനികനാണ് ഞാൻ. എനിക്ക് പേടിക്കാൻ പറ്റില്ല. എല്ലാവർക്കും വേണ്ടി ഇവിടെ ജീവിക്കും. ഇവർ സർവീസ് ഏറ്റെടുക്കുന്നെങ്കിൽ ഏറ്റെടുക്കട്ടെ കത്തിച്ച് കളയുന്നെങ്കിൽ കത്തിച്ച് കളയട്ടെ... രാജ്‌മോഹൻ വികാരനിർഭരനായി പറഞ്ഞു.

എന്തായാലും രണ്ടാം ഘട്ട ചർച്ചയിലൽ കാര്യങ്ങൾ രമ്യതയിലെത്തി. സ്ഥിരമായി ജീവനക്കാരെ ഒരു ബസിൽ തന്നെ വിടാതെ മൂന്ന് ബസുകളിലായി റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കണം. കളക്ഷൻ കൂടുതൽ ലഭിക്കുന്നത് അനുസരിച്ച് ദിവസ ശമ്പളം കൂടുതൽ ലഭ്യമാകും. നാല് മാസം നിലവിലുള്ള വേതനത്തിൽ തന്നെ ജോലി തുടരണം. അതിന് ശേഷം വീണ്ടും ചർച്ച ചെയ്ത് വേതന വർദ്ധനവ് ആലോചിച്ചു തീരുമാനമെടുക്കും. 15 ബസ് ജീവനിക്കാരാണുള്ളത്.

ബസ് ഉടമ രാജ്‌മോഹൻ, സി ഐ ടി യു നേതാക്കളായ സി. എൻ സത്യനേശൻ, ഇ. ജെ. വർഗീസ് തുടങ്ങിയവരും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുമായാണ് ചർച്ച നടത്തിയത്.

ബസ് സർവീസ് നടത്തണമെന്ന് ഹൈക്കോടതി ഉത്തവ് നേടിയിട്ടും ഒരാഴ്ചയായി സി. ഐ. ടി. യു. യൂണിയന്റെ എതിർപ്പിനെ തുടർന്ന് സർവീസ് പുനഃരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെയും ജില്ല ലേബർ ഓഫീസ് മുൻപാകെ ചർച്ച നടന്നിരുന്നു. ഈ ചർച്ചയിൽ തീരുമാനം ആകാത്തതിനാൽ വീണ്ടും ഇന്ന് ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

ഒരാഴ്‌ച്ച മുൻപാണ് ഒരു ജീവനക്കാരന് ശമ്പളം വർധിപ്പിച്ചില്ലായെന്ന് ആരോപിച്ച് സി. ഐ. ടി.യു. ബസിന് മുൻപിൽ കൊടികുത്തിയത്. ഇതോടെ രാജ്‌മോഹൻ ബസിന് മുൻപിൽ ലോട്ടറി വിൽപ്പന നടത്തി പ്രതിഷേധിക്കുകയായിരുന്നു. ബി. ജെ. പി. തിരുവാർപ്പ് പഞ്ചായത്ത് ഭാരവാഹിയായ രാജ്‌മോഹന് പിന്തുയുമായി ബി. ജെ. പി. പ്രവർത്തകരും എത്തിയിരുന്നു.

ടൈം സ്‌ക്വയർ ലക്കി സെന്റർ എന്ന പേരിൽ കോട്ടും സ്യൂട്ടും അണിഞ്ഞ് ലോട്ടറി വിൽപ്പന നടത്തിയതോടെ മാധ്യമ ശ്രദ്ധ നേടി. മുഖ്യമന്ത്രി ന്യൂയോർക്കിൽ ഇതേ വേഷമണിഞ്ഞ് ഇരുമ്പ് കസേരയിൽ ഇരിക്കുന്ന രീതിയാണ് അനുകരിച്ചത്. ആദ്യം ആക്ഷേപതാരമായി രാജ്‌മോഹൻ എത്തിയെങ്കിലും പിന്നീട് കഥ മാറുകയായിയിരുന്നു. ബസിന് മുൻപിൽ സി. ഐ. ടി. യുവിന്റെ സമരപന്തൽ ഒരുങ്ങി. ഇതിനിടയിൽ സമീപത്ത് തന്നെ രാജ്‌മോഹൻ ലോട്ടറി വിൽപ്പനയും നടത്തി. അതിനിടയിൽ ഹൈക്കോടതി ഉത്തരവ് നേടി സർവീസ് നടത്താൻ ആരംഭിച്ചു.

പൊലീസ് നിർദ്ദേശ പ്രകാരം കൊടി അഴിച്ചു മാറ്റാൻ എത്തിയ രാജ്‌മോഹനെ സി. ഐ. ടി. യു. പ്രവർത്തകൻ മർദിച്ചു. അതിന് ശേഷം ഒരു മാധ്യമ പ്രവർത്തകനും മർദ്ദനമേറ്റു. മാതൃഭൂമി കുമരകം ലേഖകൻ റമിനാണ് മർദ്ദനമേറ്റത്. പിന്നീടാണ് ഇരു വിഭാഗവുമായി ചർച്ചയ്ക്ക് വിളിക്കുന്നത്. നിലവിൽ മൂന്ന് ബസുകളാണ് രാ്ജ്മോഹനുള്ളത്. ഇതിൽ കോട്ടയം -തുരുവാർപ്പ് റൂട്ടിൽ ലാഭകരമായി സർവീസ് നടത്തിയ ബസാണ് സി. ഐ. ടി. യു. തടഞ്ഞത്. ഇതോടെ മേഖലയിൽ യാത്രാക്ലേശവും രൂക്ഷമായി. ഡ്രൈവർക്ക് 1135 രൂപ വർധിപ്പിക്കണമെന്നും കണ്ടക്ടർക്ക് 1170 രൂപ വർധിപ്പക്കണമെന്നുമാണ് ആവശ്യം. എന്നാൽ നിലവിലെ കളക്ഷൻ കുറവായതിനാൽ ഇത്രയും തുക നൽകാനാവില്ലെന്നാണ് രാജ്‌മോഹന്റെ നിലപാട്.

17 ാം വയസിൽ സൈന്യത്തിൽ ചേർന്ന രാജ്‌മോഹൻ പിന്നീട് വിദേശത്ത ജോലി ചെയ്തു. തുടർന്ന് ബാംഗ്ളൂരിൽ ഐ. ഐ. എമ്മിൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി. നാട്ടിലെത്തി പല ബിസിനസുകളും ചെയ്തിട്ടും പരാജയപ്പെട്ടതോടെ ബസുകൾ വാങ്ങുകയായിരുന്നു. നിലവിൽ മറ്റ് രണ്ട് ബസുകൾ നഷ്ടത്തിലാണ് ഓടുന്നത്. മൂന്ന് ബസുകളിലായി 15 ഓളം സ്റ്റാഫുകളാണുള്ളത്. ഇവർ തൊഴിൽ വർധന ആവശ്യപ്പെട്ട് പരാതിയൊന്നും നൽകിയിട്ടില്ല. നാടിന്റെ വികസനത്തിനായി മുന്നിൽ നിന്ന ഒരു മുൻ സൈനികനാണ് ഈ അവസ്ഥയുണ്ടായത്. തിരുവാർപ്പ് പഞ്ചായത്തിലെ 12 ാം വാർഡിലെ അംഗൻവാടിക്ക് വേണ്ടി അഞ്ച് സെന്റ് ഭൂമി അദ്ദേഹം വിട്ടു നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ 40 സെന്റ് സ്ഥലം വിട്ടു നൽകുന്നതിനുള്ള സന്നദ്ധതയും അറിയിച്ചതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP