Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌നേഹം നിറഞ്ഞ മന്ത്രിയമ്മേ, ഞങ്ങൾക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം; ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം; ഏറ്റവും നല്ല ചികിത്സ കിട്ടാൻ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം; മിഠായി തിന്നാതെ ഒറ്റരൂപ നാണയം മാറ്റിവെച്ച് തങ്ങളുടെ കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ശ്രമിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ; മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്തെഴുതിയത് മെച്ചപ്പെട്ട ചികിത്സ തേടി; പൊതു സമൂഹത്തോട് പറയുന്നത് തങ്ങൾക്കൊപ്പം നിന്ന് ഒരു താങ്ങാവാൻ

സ്‌നേഹം നിറഞ്ഞ മന്ത്രിയമ്മേ, ഞങ്ങൾക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം; ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം; ഏറ്റവും നല്ല ചികിത്സ കിട്ടാൻ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം; മിഠായി തിന്നാതെ ഒറ്റരൂപ നാണയം മാറ്റിവെച്ച് തങ്ങളുടെ കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ശ്രമിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ; മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്തെഴുതിയത് മെച്ചപ്പെട്ട ചികിത്സ തേടി; പൊതു സമൂഹത്തോട് പറയുന്നത് തങ്ങൾക്കൊപ്പം നിന്ന് ഒരു താങ്ങാവാൻ

മറുനാടൻ മലയാളി ബ്യൂറോ

'സ്‌നേഹം നിറഞ്ഞ മന്ത്രിയമ്മേ,

ഞങ്ങൾ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. ഞങ്ങളുടെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയായ അശ്വിൻ മധുവിന് (S/O മധു, തീണ്ടാത്തറയിൽ, ഐത്തോട്ടുവ, പടിഞ്ഞാറെ കല്ലട) എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ വർത്തമാനം പറയുവാനോ കഴിയില്ല. രണ്ടു വയസുകാരന്റെ വളർച്ച മാത്രമാണ് അവനുള്ളത്. ജനിച്ചപ്പോൾ താഴെ വീണത് മൂലമാണ് അവൻ ഇങ്ങനെയായത് എന്നും നല്ല ചികിത്സ നൽകിയാൽ അവൻ പഴയപടി ആകുമെന്നുമാണ് എന്റെ ടീച്ചറും അശ്വിന്റെ അമ്മയും പറയുന്നത്. പക്ഷേ മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള കഴിവ് അവന്റെ അച്ഛനും അമ്മക്കുമില്ല. പല കുട്ടികളെയും മന്ത്രിയമ്മ നല്ല ചികിത്സ നൽകി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം.

അടുത്ത വർഷമെങ്കിലും അവനും ഞങ്ങളോടൊപ്പം ഇരുന്ന് അവൻ പഠിക്കണം. ഞങ്ങൾക്കൊപ്പം അസംബ്ലിയിൽ നിൽക്കണം. സ്‌കൂൾ മുറ്റത്ത് അവനും ഓടിക്കളിക്കണം. ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം. ഏറ്റവും നല്ല ചികിത്സ കിട്ടാൻ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം.
ഒത്തിരി ഇഷ്ടത്തോടെ

വിദ്യാർത്ഥികൾ

മൂന്നാം ക്ലാസ്
ഗവ.എൽപിഎസ്
പടിഞ്ഞാറെ കല്ലട'

തങ്ങളുടെ കൂട്ടുകാരന് അവന്റെ ബാല്യം നഷ്ടമാകരുതെന്നും അവനെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരണം എന്നും ആഗ്രഹിക്കുന്ന കുരുന്നുകൾ കേരളത്തിലെ ആരോഗ്യമന്ത്രിക്കെഴുതിയ കത്താണ്. ജനന സമയത്ത് നഴ്സുമാർക്ക് പറ്റിയ ഒരു ചെറിയ കൈപിഴവിന് വില കൊടുക്കേണ്ടി വന്നത് അശ്വിൻ മധു എന്ന പിഞ്ച് കുഞ്ഞായിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച അവന്റെ വളർച്ച നിലച്ചു. അവന്റെ കൊഞ്ചൽ കേൾക്കാനോ പിച്ചവെച്ച് നടക്കുന്നത് കാണാനോ ഓടിക്കളിക്കുന്നത് കാണാനോ അവന്റെ മാതാപിതാക്കൾക്ക് ഭാഗ്യം ഉണ്ടായില്ല. കൂലിപ്പണിക്കാരനായ അവന്റെ അച്ഛൻ കഴിയുന്നത്ര ആശുപത്രികൾ കയറിയിറങ്ങിയിട്ടും ജോലിക്ക് പോകാതെ വീട്ടിൽ തീ പോലും പുകയില്ല എന്ന അവസ്ഥ വന്നതോടെ വിധിയെ പഴിച്ച് പിന്മാറി. ഇപ്പോഴിതാ അവന്റെ പ്രായമുള്ള കുറച്ച് കുരുന്നുകൾ ഈ നാടിനോടും ഭരണകൂടത്തോടും അപേക്ഷിക്കുകയാണ്.. തങ്ങളുടെ കൂട്ടുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന്.

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ഐത്തോട്ടുവ തീണ്ടാത്തറ വീട്ടിൽ മധുവിന്റെയും സുനിലയുടെയും ഇളയ കുട്ടിയാണ് അശ്വിൻ മധു. ഒമ്പത് വയസുണ്ടെങ്കിലും രണ്ട് വയസിൽ താഴെ മാത്രമാണ് വളർച്ച. സെറിബ്രൽ പൾസി എന്ന രോഗം. ജനന സമയത്ത് താഴെ വീണതിന്റെ ഫലമായി തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചു. കിടത്തിയാൽ ഒരേ കിടപ്പ്. എഴുന്നേൽക്കുകയോ വർത്തമാനം പറയുകയോ ഇല്ല. പല ചികിത്സകൾ നൽകിയെങ്കിലും തുടർ ചികിത്സകൾക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ മാതാപിതാക്കൾ.

കൂലിപ്പണിക്കാരനാണ് മധു. കുഞ്ഞിനെ നോക്കാൻ എപ്പോഴും അമ്മ ഒപ്പം വേണം. മൂത്തത് ഒരു പെൺകുട്ടി. അവൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. പിതാവ് ഉൾപ്പെടെ അഞ്ചുപേരുടെ എല്ലാ കാര്യങ്ങൾക്കുമായുള്ളത് മധുവിന്റെ വരുമാനം മാത്രം. ഇതിനിടയിൽ ആശുപത്രികളിൽ നിത്യേന പോകുന്നതിനാൽ പണിക്ക് പോകാനും കഴിയാതെയായി. സ്ഥിരമായി ഫിസിയോതെറാപ്പിയും അടിയന്തിരമായി ഒരു സർജറിയുമാണ് കുഞ്ഞിന് ആവശ്യം. എന്നാൽ അതിനുള്ള അവസ്ഥ ഈ കുടുംബത്തിനില്ല.

പല ഡോക്ടർമാരെുടെയും ആശുപത്രികളുടെയും വാതിൽ ഈ കുടുംബം കുഞ്ഞിനെ രക്ഷിക്കാനായി മുട്ടി. എന്ത് ചികിത്സ നൽകണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത ഈ പാവങ്ങൾ പിന്നീട് കുഞ്ഞിനെ ആയുർവേദ ചികിത്സ നൽകി. കൊല്ലം ആയുർവേദ ആശുപത്രിയിൽ മൂന്നു മാസം കൂടുമ്പോൾ കിടത്തി പഞ്ചകർമ്മ ചികിത്സ ചെയ്യണം. ഇടവേളകളിലേക്കുള്ള മരുന്നുകൾ ആഴ്‌ച്ചയിൽ വാങ്ങണം. പണം ഒരു പ്രശ്നമായതോടെ ചികിത്സ അവിടെയും നിന്നു. ഇപ്പോൾ പണിതീരാത്ത ഒരു ചെറു വീടിനുള്ളിലെ ചുവരുകളിൽ നോക്കി തന്റെ വിധി എന്തെന്ന് പോലും അറിയാതെ കിടക്കുകയാണ് ഈ കുഞ്ഞ്.

വഴിയില്ല; കുടിവെള്ളമില്ല

പഞ്ചായത്ത് നൽകിയ ചെറിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. കാലങ്ങളായി നടന്ന് വന്നിരുന്ന വഴി അയലത്തെ രണ്ട് വ്യക്തികൾ ചേർന്ന് അടച്ച അവസ്ഥയിലാണ്. വഴി ഇല്ലാത്തതിനാൽ കുടിവെള്ള കണക്ഷനും ഇല്ല. പൊതു ടാപ്പാണാങ്കിൽ അടുത്തെങ്ങുമില്ല. വയ്യാത്ത കുഞ്ഞിനെ ഒറ്റയ്ക്ക് വീട്ടിലിരുത്തി അത്രയും ദൂരം പോയി വെള്ളം എടുക്കാനാവില്ലല്ലോ. മധു ഒരു കിണർ കുഴിച്ചു. ഓരുവെള്ളം. നല്ലവെള്ളമല്ലെങ്കിലും പലപ്പോഴും ഗതികേട് കൊണ്ട് ഈ വെള്ളമാണ് ഈ കുടുംബം ഉപയോഗിക്കുന്നത്. രാത്രിയിലാണ് ഏറെ ദുരിതം. കുഞ്ഞുങ്ങളിൽ ആർക്കെങ്കിലും അസുഖം വന്നാൽ വാഹനം എത്തുന്ന പൊതുവഴിയിലേക്കെത്താൻ പോലും നന്നേ ബുദ്ധിമുട്ടുകയാണ് ഇവർ.

സഹപാഠിയെ കാണാൻ കുട്ടികൾ എത്തുന്നു

ശാരീരിക അവശത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അശ്വിൻ മധുവിന്റെ വീട്ടിൽ എത്തിയത്. തങ്ങളുടെ പ്രായമുള്ള കുട്ടിയെ കണ്ട് ഇവർ വിഷമിച്ചു. പിന്നീട് ഈ കുരുന്നുകളുടെ ചർച്ചകൾ ഇവന്റെ ചികിത്സയെ കുറിച്ചായി. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് കത്തെഴുതാം എന്ന് ഇവർ തീരുമാനിച്ചത്. മെച്ചപ്പെട്ട ചികിത്സ കിട്ടാൻ മന്ത്രി ഇടപെട്ടാൽ നടക്കും എന്നാണ് ഇവർ പറയുന്നത്. പണം കണ്ടെത്താനും ഇവർ വഴി കണ്ടുപിടിച്ചു. വീട്ടിൽ നിന്നും എന്നും ഒരു രൂപ വീതം വാങ്ങി സൂക്ഷിക്കുക. ഈ ഒറ്റ രൂപ നാണയങ്ങൾ കൊണ്ട് തങ്ങളുടെ കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനാകും എന്നാണ് ഇവർ കരുതുന്നത്.

കാണുന്നവരോടും കടകളിലും എല്ലാം ഈ കുട്ടികൾ ഇപ്പോൾ പറയുന്നത് തങ്ങളുടെ കൂട്ടുകാരനെ കുറിച്ചാണ്. അവനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഒരുരൂപ നാണയം മാറ്റി വെക്കണം എന്നാണ്. അശ്വിനെ കുറിച്ച് പലരും അറിയുന്നത് തന്നെ ഈ കുട്ടികൾ പറഞ്ഞാണ്

സഹജീവിയോട് കരുണ കാട്ടാൻ ഈ സമൂഹത്തിന് മുന്നിലേക്ക് കൈനീട്ടി നിൽക്കുന്ന ഈ കുരുന്നുകളുടെ വിഷമം നാം കാണാതെ പോകരുത്. തങ്ങളുടെ കൂട്ടൂകാരന് മെച്ചപ്പെട്ട ചികിത്സ തേടി മന്ത്രിയോട് കരുണ യാചിക്കുകയാണ് ഈ കുട്ടികൾ. അശ്വിനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ നമുക്കും ഈ കുഞ്ഞുങ്ങളെ ഒരുകൈ സഹായിക്കാം..

മനസിൽ നന്മ വറ്റാത്ത മലയാളി പൊതുസമൂഹത്തിലാണ് ഈ കുട്ടികളുടെ വിശ്വാസം. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഭരണാധികാരികളിലും. ഇവരോടൊപ്പമില്ലെങ്കിൽ പിന്നെ എപ്പോഴാണ് മലയാളിയുടെ മനസാക്ഷി ഉണരേണ്ടത്..

അശ്വിൻ മധുവിന്റെ അക്കൗണ്ട് നമ്പർ
അശ്വിൻ മധു(മൈനർ, സുനില എസ് )
6492445264
ഇന്ത്യൻ ബാങ്ക് ശാസ്താംകോട്ട ബ്രാഞ്ച്
ഐഎഫ്സ്സി കോഡ്- IDIB000S011

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP