Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ കാണുന്ന അതിസുന്ദര ദൃശ്യം വിദേശത്തല്ല, നമ്മുടെ സ്വന്തം ഇന്ത്യയിൽ! റോഡ് വികസനത്തിൽ അഭിമാന മാതൃക സൃഷ്ടിച്ച് ഉത്തർപ്രദേശ്; 7,818 കിലോമീറ്ററുകളിലായി മൊത്തം 35 ദേശീയപാതകൾ; ആഗ്രയെയും ഡൽഹിയെയും ബന്ധിപ്പിച്ചുള്ള രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാത പുതുചരിത്രമാകുന്നു

ഈ കാണുന്ന അതിസുന്ദര ദൃശ്യം വിദേശത്തല്ല, നമ്മുടെ സ്വന്തം ഇന്ത്യയിൽ! റോഡ് വികസനത്തിൽ അഭിമാന മാതൃക സൃഷ്ടിച്ച് ഉത്തർപ്രദേശ്; 7,818 കിലോമീറ്ററുകളിലായി മൊത്തം 35 ദേശീയപാതകൾ; ആഗ്രയെയും ഡൽഹിയെയും ബന്ധിപ്പിച്ചുള്ള രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാത പുതുചരിത്രമാകുന്നു

മറുനാടൻ ഡെസ്‌ക്

ലക്‌നോ: ഭാരതത്തിന്റെ ചരിത്രവുമായി ഏറ്റവും അഭേദ്യമായ ബന്ധം പുലർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ജനസംഖ്യയിൽ ഒന്നാമതും വലിപ്പത്തിൽ ആഞ്ചാം സ്ഥാനത്തും നിൽക്കുന്ന ഈ സംസ്ഥാനം ഇന്ന് വികസനകാര്യത്തിൽ രാജ്യത്തിനുമൊത്തം മാതൃകയായിക്കൊണ്ടിരിക്കുകയാണ്. വികസനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് അനുപമമായ ഈ നേട്ടം യുപി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഉത്തർപ്രദേശ് സ്വന്തമാക്കിയത്.

രാഷ്ട്രീയചേരിതിരിവുകൾക്കും പകപോക്കലുകൾക്കും അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമൊന്നും കുറവില്ലെങ്കിലും വികസനത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ ഉത്തർപ്രദേശിന്റേതാണ്. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രയും തമിഴ്‌നാടും മാത്രം. പ്രാചീനകാലത്തും മധ്യകാലത്തും വൻസാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്ന ഉത്തർപ്രദേശ് പ്രകൃതിവിഭവങ്ങളാൽ ഏറെ സമ്പന്നമാണ്. അതിനാൽത്തന്നെ വികസനം ഉറപ്പാക്കാൻ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക മാത്രമായിരുന്നു മാറിമാറിവന്ന സർക്കാരുകൾക്കു ചെയ്യാനുണ്ടായിരുന്നത്.

അടിസ്ഥാനസൗകര്യ വികസനത്തിൽ യുപി കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് 165 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാത. രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാതയായ ഇത് ആഗ്രയെയും ന്യൂഡൽഹിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. മുമ്പ് ന്യൂഡൽഹിയിൽനിന്ന് ആഗ്രയിലെത്താൻ നാലു മണിക്കൂർ എടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഒരു മണിക്കൂറും നാല്പതു മിനിട്ടും ധാരാളം. തെരുവുനായ്ക്കളുടെയോ, കന്നുകാലികളുടെയോ ശല്യമില്ലാതെ ഈ അതിവേഗപാതയിലൂടെ സഞ്ചരിക്കാം. രാജ്യത്തെ കന്നുകാലി സമ്പത്തിന്റെ 14 ശതമാനവും ഉത്തർപ്രദേശിലാണെന്നതും ഇതിനോടൊപ്പം ചേർത്തുവായിക്കണം.

മറ്റൊരു അതിവേഗ പാതയുടെ നിർമ്മാണത്തിലാണിപ്പോൾ സംസ്ഥാനം. അതും എട്ടുവരിപ്പാത 302 കിലോമീറ്റർ ദൈർഘ്യത്തിൽ. ല്കനോയിൽനിന്ന് ആഗ്രവഴി ഡൽഹിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. യാഥാർത്ഥ്യമാകുന്നതോടെ ല്കനോ ഡൽഹി യാത്രയ്ക്കു കേവലം ആറു മണിക്കൂർ മാത്രം മതിയാകും. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതാ ശൃംഗലയും ഉത്തർപ്രദേശിൽ തന്നെയാണ്. 7,818 കിലോമീറ്ററുകളിലായി മൊത്തം 35 ദേശീയപാതകളാണ് തലങ്ങും വിലങ്ങുമായി സംസ്ഥാനത്തുള്ളത്. ഇതിന്റെ ഫലമോ, ഉത്തർപ്രദേശിലെ ഏതു നഗരത്തിലും റോഡുവഴി എളുപ്പം ചെന്നെത്താം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഹൈവേ പെട്രോൾ ഏജൻസി നടപ്പിൽവരുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ യുപി അധികൃതർ. വിദേശരാജ്യങ്ങളിലെ ഹൈവേ പൊലീസുകളുടെ നിലവാരം പുതിയ സേനയ്ക്ക് ഉറപ്പുവരുത്തും. ന്യൂസിലൻഡ് പൊലീസ് ആയിരിക്കും ഇതിനാവശ്യമായ ട്രെയിനിങ് നല്കുക.

തീർത്ഥാടകരുടെയും സഞ്ചാരപ്രേമികളുടെയും മനം കവരുന്ന കാര്യത്തിൽ യുപി ഒട്ടും പിറകിലല്ല. പുരാണങ്ങളിലും ഭാരതീയചരിത്രത്തിലും പരാമർശിക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ആഗ്രയാണ് സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രം. ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്മഹൽ രാജ്യാന്തരതലത്തിൽത്തന്നെ ഏറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഹിന്ദുക്കളുടെ പുണ്യഭൂമിയായ കാശിയും ബനാറസും എല്ലാം യുപിയിൽ ആണ്.

മോട്ടോർസൈക്കിളുകളിലടക്കം രാജ്യം ചുറ്റുന്നവർക്ക് ഏറെ പ്രിയങ്കരമായ വിഭവങ്ങളാണ് യുപിയിലെ റോഡ് സൈഡുകളിലുള്ള ഭക്ഷണക്കടകൾ വാഗ്ദാനം ചെയ്യുന്നത്. സ്മീൻ ദോസ് മച്ച്‌ലി, മുർഗ് മുസല്ലം, ലഖ്‌നൗവി ബിരിയാണി, ദം ഭിണ്ഡി, ഗോബി മുസല്ലം, സുൽതാനി ദാൽ, റിസാല, ഷമ്മി കബാബ്, പാലക് പനീർ, കകോരി കബാബ്, പസന്ത കബാബ്, പസന്ത പനീർ, സമോസ, ഷാബ് ദേഗ്, പനീർ പകോട തുടങ്ങിയ യുപി വിഭവങ്ങൾ ആരുടെയും വായിൽ വെള്ളമൂറിക്കും.

രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തുന്ന ബുദ്ധ സർക്യൂട്ടും ഉത്തർപ്രദേശിൽ തന്നെയാണു സ്ഥിതിചെയ്യുന്നത്. ഫോർമുല വൺ അടക്കം രാജ്യാന്തരതലത്തിലുള്ള മോട്ടോർ റേസിങ് മത്സരങ്ങൾ നടത്താൻ അനുയോജ്യവും നിലവാരവുമുള്ള ഇന്ത്യയിലെ ഏക സർക്യൂട്ടാണിത്. സഞ്ചാരികൾക്ക് ഉത്തർപ്രദേശിനെ പ്രിയങ്കരമാക്കുന്ന മറ്റൊരു കാര്യം ഈ സംസ്ഥാനം നേപ്പാളുമായി അതിർത്തി പങ്കിടുന്നുവെന്നതാണ്. ഗോരഖ്പൂരിൽനിന്ന് വെറും 90 കിലോമീറ്റർ മാത്രം അകലെയായിട്ടാണ് നേപ്പാളിലേക്കു പ്രവേശിക്കുന്ന സൊണൗലി സ്ഥിതി ചെയ്യുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ അനസരിച്ചായിരിക്കും യാത്രാവീസയുടെ കാലാവധി. 15 ദിവസമോ ഒന്നോ രണ്ടോ മാസമോ യാത്ര ചെയ്യാൻ അനുമതി ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP