Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധം; ഒമാനിൽ നിന്നും ബഹ്റിനിൽ നിന്നും മടങ്ങുന്നവർ എൻ95 മാസ്‌ക് ധരിക്കണം; ഖത്തറിൽ നിന്ന് മടങ്ങുന്നവർക്ക് ഏഹ്ത്രാസ് ആപ്പിലെ അനുമതി വാങ്ങണം; വിദേശത്ത് ടെസ്റ്റ് നടത്താത്തവർക്ക് നാട്ടിൽ ആന്റി ബോഡി ടെസ്റ്റ് നടത്തും; തിരികെ വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും മുഖ്യമന്ത്രി; പ്രവാസികളുടെ മടങ്ങി വരവിൽ നാളെ മുതൽ ഈ ഉപാധികൾ നിർബന്ധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കൊവിഡിനെ തുടർന്ന് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ രാജ്യങ്ങളിൽ, അതതിടങ്ങളിലെ നിബന്ധനകൾ കൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.രാവിലെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളിലുണ്ടായ ആശയക്കുഴപ്പം ഉത്തരവ് പുറത്തിറങ്ങിയതോടെ ഒഴിവായി. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പിലാക്കുക എന്നതായിരുന്നു ഇതിലെ പ്രധാന സംശയം. അതിനാണ് ഉത്തരവോടെ വ്യക്തത വന്നിരിക്കുന്നത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികൾ നാളെ മുതൽ തന്നെ നടപ്പിലാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്.

ഒമാനിൽ നിന്നും ബഹ്റിനിൽ നിന്നും മടങ്ങുന്നവർക്ക് എൻ95 മാസ്‌ക്, മുഖം മറയ്ക്കുന്നതിനുള്ള ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് തിരികെ വരുന്നവർക്ക്, അവിടെയുള്ള ഏഹ്ത്രാസ് ആപ്പിലെ അനുമതി മതിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യസേതു ആപ്പിന് സമാനമായതാണ് ഇത്. രോഗലക്ഷണം ഉള്ളവരെ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും.അതേസമയം യുഎഇയിൽ നിന്ന് മടങ്ങുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. ഇതിന്റെ ഉപാധികൾ നൽകേണ്ട ബാധ്യത വിമാനക്കമ്പനികൾക്കാണ്. വിദേശത്ത് ടെസ്റ്റ് നടത്താത്തവർക്ക് നാട്ടിൽ എത്തുന്ന വിമാനത്താവളത്തിൽ ആന്റി ബോഡി പരിശോധന നടത്തും.

തിരികെ വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. ഓരോ ഘട്ടത്തിലും ഇതനുസരിച്ച് നടപടിയെടുത്തു. നാളെ മുതൽ സ്വകാര്യ വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളും വരുമ്പോൾ നടപടിയെടുക്കും.
ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ടെസ്റ്റ് നടത്താൻ പരമാവധി ശ്രമിക്കണം. 72 മണിക്കൂറായിരിക്കും ഇതിന്റെ സാധുത. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റിൽ വിവരം രേഖപ്പെടുത്തണം. എത്തുന്ന വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് സ്‌ക്രീനിങിന് വിധേയരാകണം.

രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവർക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം.പോസിറ്റീവാകുന്നവർ കൂടുതൽ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് ഫലം എന്തായാലും യാത്രക്കാർ സർക്കാർ നിർദ്ദേശ പ്രകാരം 14 ദിവസം ക്വാറന്റീനിൽ പോകണം. എല്ലാ രാജ്യത്ത് നിന്ന് വരുന്നവരും എൻ95 മാസ്‌ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം.

കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഇടയ്ക്കിടക്ക് ഉപയോഗിക്കണം. ഖത്തറിൽ നിന്ന് വരുന്നവർ എഹ്ത്രാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസുള്ളവരാകണം. ഇവിടെയെത്തിയാൽ ടെസ്റ്റിന് വിധേയരാകണം. യുഎഇ എല്ലാ യാത്രക്കാരെയും ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ എൻ95 മാസ്‌ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം. സാനിറ്റൈസർ കരുതണം. സൗദിയിൽ നിന്ന് വരുന്നവർ എൻ 95 മാസ്‌ക്, ഫെയ്സ് ഷീൽഡ്, കൈയുറ എന്നിവ ധരിക്കുന്നതിന് പുറമെ പിപിഇ കിറ്റും ധരിക്കണം.

കുവൈറ്റിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. യാത്രക്കാരുടെ പിപിഇ കിറ്റ്, കയ്യുറ, മാസ്‌ക് എന്നിവ വിമാനത്താവളത്തിൽ വച്ച് സുരക്ഷിതമായി നീക്കും. എയർപോർട്ടുകളിൽ ടെസ്റ്റിന് സൗകര്യം ഒരുക്കും. സർക്കാർ നിബന്ധന ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. ഇക്കാര്യങ്ങൾ വിദേശ മന്ത്രാലയത്തെയും എംബസികളെയും അറിയിക്കും. ചാർട്ടേഡ് വിമാനങ്ങൾക്ക് എൻഒസി നൽകണം. എന്നാൽ അപേക്ഷ നൽകുമ്പോഴുള്ള വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മതപത്രത്തിനുള്ള അപേക്ഷ ഏഴ് ദിവസം മുൻപ് നോർക്കയിൽ ലഭിക്കണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP