Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈക്കൂലി ചോദിച്ചു കൊടുക്കാത്തതിന് ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ കള്ളറിപ്പോർട്ട്; നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ല; സർക്കാർ നൽകുന്നതിലും എത്രയോ അധികം പണം കണ്ടെത്തിയാണ് തെരുവ് വെളിച്ചം നടത്തുന്നത്; തെരുവ് തെണ്ടികളുടെ അത്താഴ പാത്രത്തിൽ കയ്യിട്ടു വാരുന്ന ഈ ഉദ്യോഗസ്ഥന്റെ തനിനിറം നാട്ടുകാർ അറിയട്ടെ; തെരുവോരം മുരുകന് പറയാനുള്ളത്

കൈക്കൂലി ചോദിച്ചു കൊടുക്കാത്തതിന് ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ കള്ളറിപ്പോർട്ട്; നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ല; സർക്കാർ നൽകുന്നതിലും  എത്രയോ അധികം പണം കണ്ടെത്തിയാണ് തെരുവ് വെളിച്ചം നടത്തുന്നത്; തെരുവ് തെണ്ടികളുടെ അത്താഴ പാത്രത്തിൽ കയ്യിട്ടു വാരുന്ന ഈ ഉദ്യോഗസ്ഥന്റെ തനിനിറം നാട്ടുകാർ അറിയട്ടെ; തെരുവോരം മുരുകന് പറയാനുള്ളത്

തിരുവനന്തപുരം: തെരുവിൽ അലയുന്നവരുടെ സേവന പ്രവർത്തനങ്ങളുമായി സജീവമായുള്ള സാമൂഹ്യ സേവകൻ തെരുവോരം മുരുകനെതിരെ സാമൂഹ്യനീതി വകുപ്പിൽ നിന്നുമുണ്ടായ റിപ്പോർട്ടിന് മറുപടിയുമായി അദ്ദേഹം രംഗത്തെത്തി. മുരുകന്റെ നേതൃത്വത്തിൽ 13 ലക്ഷത്തോളം രൂപ തട്ടിച്ചു എന്നാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. അനർഹമായ ആനുകൂല്യങ്ങളാണ് മുരുകൻ നേരിടുന്നതെന്നും സാമൂഹ്യ ക്ഷേമ വകുപ്പിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പൂർണ്ണമായും കള്ളമാണെന്നാണ് മുരുകൻ പറയുന്നത്. കൈക്കൂലി ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ വൈരാഗ്യം തീർക്കാൻ വേണ്ടി സാമൂഹ്യ നിതി വകുപ്പിലെ ഉദ്യോഗസ്ഥരാണ് തനിക്കെതിരെ കള്ളറിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് മുരുകൻ പറുയുന്നത്. ചിലരുടെ അഴിമതിക്കഥകൾ പുറത്താകുമെന്ന ഘട്ടത്തിലാണ് തനിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയതെന്നും മുരുകൻ വ്യക്തമാക്കി.

സാമൂഹ്യ നീതിവകുപ്പിലെ അഡീഷണൽ ഡയറക്ടറായ കെ. കെ. വിനയനും ആശാഭവൻ സൂപ്രണ്ടായ ജോൺ കോശിയുമാണ് തനിക്കെതിരായി സാമൂഹ്യ ക്ഷേമ വകുപ്പിൽ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് മുരുകൻ പറയുന്നത്. മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തെരുവോരം മുരുകൻ തന്റെ ഭാഗം വിശദീകരിച്ചത്. ഈ ഉദ്യോഗസ്ഥർ മുമ്പ് പല തവണയായി തന്നോട് പണംആവശ്യപ്പെടുകയും അത് താൻ മുകളിൽ റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ റിപ്പോർട്ടിന് പിന്നിലെന്നുമാണ് മുരുകൻ പറയുന്നത്.

പതിമൂന്ന് ലക്ഷം രൂപ തനിക്കു തന്നുവെന്നാണ് റിപ്പോർട്ടിൽ പറുയുന്നത്. ഇത് വസ്തുത അല്ലെന്നാണ് മുരുകൻ പറയുന്നത്. ഈ തുക ഇന്നേവരെ എന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഈ വർഷം ഇന്നേവരെ എനിക്ക് ലഭിച്ചത് വെറും മൂന്നു ലക്ഷത്തി മുപ്പത്തിനാലായിരം രൂപ മാത്രമാണ്. അത് കൂടാതെ ഞാൻ ചെലവാക്കിയതിന്റെ കണക്ക് കൊടുത്തതനുസരിച്ച് സർക്കാർ അടുത്ത ഗഡു അനുവദിച്ചിട്ടുണ്ട്. അല്ലാതെ എനിക്ക് ഈ പതിമൂന്നു ലക്ഷം കിട്ടിയിട്ടില്ല. മറ്റു അനാഥാലയങ്ങൾക്ക് ഇത്രയും ഫണ്ട് ലഭിക്കുന്നില്ല എന്ന രീതിയിലുള്ള ആരോപണവും അടിസ്ഥാന രഹിതമാണ്. മറ്റ് സ്ഥാപനങ്ങൾ പോലെയല്ല ഇത്. ആരെങ്കിലും ഏൽപ്പിക്കുന്ന അനാഥരെ പുനരധിവസിപ്പിക്കുന്ന സ്ഥലമല്ല ഇത്. തെരുവിൽ അലയുന്ന, പീടികത്തിണ്ണയിൽ ഉറങ്ങുന്ന മാനസികരോഗികളായ അനാഥരെ കണ്ടെത്തി, കണ്ടെത്തുക എന്ന വാക്ക് ശ്രദ്ധിക്കുക, അതുപോലെ ബാലവേലയുമായി ബന്ധപ്പെട്ട കുട്ടികൾ, ഇവരെയൊക്കെ കണ്ടെത്തി പുനഃരധിവസിപ്പിക്കുക. ഇതാണ് ഞങ്ങൾ ചെയ്യുന്നത്. ഇത്രയും കാര്യങ്ങൾ വേറൊരു അനാഥാലയവും ചെയ്യുന്നില്ല.

ഒരു ജനറൽ സെക്രട്ടറി, അത് ഞാൻ തന്നെ ശമ്പളം പതിനായിരം. സോഷ്യൽ വർക്കർ ശമ്പളം പതിനായിരം തന്നെ. മാനേജർ പതിനായിരം, കുക്ക് എണ്ണായിരം, കെയർ ഗിവർ എണ്ണായിരം ഇത്രയുമാണ് സ്ഥാപനത്തിലെ സ്റ്റാഫ്ുകൾക്ക് നൽകുന്നത്. അപ്പോൾ തന്നെ വർഷം അഞ്ചര ലക്ഷത്തോളം വരും. അയ്യായിരം കറണ്ട് ബിൽ. ഉടുതുണിക്ക് മറുതുണിയില്ലാത്തവർക്ക് അടിവസ്ത്രം മുതൽ വാങ്ങണം. ആയിരം രൂപ അതിനു വേണ്ടി ഒരാൾക്ക് അനുവദിക്കും. അത് ഇതുവരെ ഉപയോഗിക്കാൻ ഈ ഓഫീസർ അനുവദിച്ചിട്ടില്ലെന്നും മുരുകൻ പറയുന്നു.

പിന്നെ ഈ കെട്ടിടം സ്വന്തമാക്കാൻ ഞാൻ ശ്രമിക്കുന്നു എന്ന ആരോപണവും മുരുകൻ നിഷേധിച്ചു. ഈ കെട്ടിടം എനിക്കായി തരണം എന്ന ആവശ്യവുമായി ഇന്നേവരെ രേഖാമൂലം ഞാൻ ഒരിക്കൽപ്പോലും വകുപ്പിനെ സമീപിച്ചിട്ടില്ല. ഉണ്ട് എന്ന് ഇവർ തെളിയിക്കട്ടെ. വെറുതെ ആരോപണം ഉന്നയിക്കാതെ തെളിവ് ഹാജരാകട്ടെ. ഇരുപത്തൊന്നു വയസ്സുള്ള യുവതിയെ അനധികൃതമായി പാർപ്പിച്ചു എന്ന ആരോപണം തെറ്റാണ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടരുടെ നിർദ്ദേശം അനുസരിച്ച് പൊലീസിന്റെ കത്തുമായി വരുന്ന ഒരാളെ സ്ഥാപനത്തിന് ഏറ്റെടുക്കാനും പാർപ്പിക്കാനും അവകാശമുണ്ട്. അത്തരത്തിൽ എറണാകുളം ചീഫ് മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം ഒരു വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ പ്രത്യേക കത്തുമായി വന്ന യുവതിയാണ് അവർ. അങ്ങനെ തികച്ചും നിയമപരമായി പാർപ്പിച്ചു വരവേയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള എന്നോടുപോലും പറയാതെ സ്ഥാപനത്തിൽ വന്നു പ്രത്യേക കത്ത് നൽകി ആ യുവതിയെ മറ്റൊരിടത്തേയ്ക്ക് മാറ്റി പാർപ്പിക്കാൻ സാമൂഹിക വകുപ്പു ഓഫീസർ നിർദ്ദേശം തന്നതും അതനുസരിച്ച് മാറ്റി പാർപ്പിച്ചതും.

ഉദ്യോഗസ്ഥർ പുരത്തുവിട്ട സീലിന്റെ കാര്യവും തെറ്റാണെന്ന് മുരുകൻ പറയുന്നു. ഇയാൾ പറഞ്ഞ ആരോപണം ശരിയാണെങ്കിൽ ഞാൻ സമർപ്പിക്കുന്ന കണക്കിന്മേൽ സർക്കാർ എന്നോട് വിശദീകരണം ചോദിയ്‌ക്കേണ്ടതല്ലേ? ചോദിച്ചിട്ടില്ല. പകരം അംഗീകരിച്ച് എനിക്ക് രണ്ടാം ഗഡു അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇയാൾക്ക് ഈ സ്ഥാപനത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ആക്ഷേപമുണ്ടെങ്കിൽ അത് വകുപ്പിൽ നൽകട്ടെ. അത്തരത്തിൽ ഒരു പരാതിയും ഇയാൾ നൽകിയിട്ടില്ല. എന്നിട്ട് അഴിമതി പുറത്താകും എന്നായപ്പോൾ മാദ്ധ്യമങ്ങളിൽ ആരോപണവുമായി വന്നിരിക്കുന്നതാണ്.

കൈകൂലി ചോദിച്ചിട്ടും കൊടുക്കാതിരുന്നതോടെയാണ് തനിക്കെതിരെ ഇവർ രംഗത്തുവന്നതെന്നാണ് മുരുകൻ പറയുന്നത്. ഇതേക്കുറിച്ച് മുരുകന്റെ വാക്കുകൾ ഇങ്ങനെയാണ്: രാഷ്ട്രപതിയുടെ പുരസ്‌ക്കാരം കിട്ടിയപ്പോൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി എന്താണ് ആവശ്യം എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിച്ചതിൽ നിന്നുമാണ് തെരുവിൽ നിന്ന് രക്ഷിക്കുന്നവരെ പുനരധിവസിപ്പിക്കാൻ ഒരു സ്ഥലം വേണം എന്ന ആവശ്യം ഉന്നയിക്കുന്നത്. 2012ൽ അപേക്ഷ രേഖാമൂലം എഴുതിക്കൊടുത്തു. ഒരു പ്രോജക്റ്റ് ആയി പരിഗണിച്ചുകൊണ്ട് സർക്കാർ ഇതിനെക്കുറിച്ച് പഠനം നടത്തി. അങ്ങനെയാണ്2013 മെയ്‌ പതിനാറിന് തെരുവോര പ്രവർത്തക അസോസിയേഷന്റെ നേതൃത്വത്തിൽ തെരുവുവെളിച്ചം എന്ന സ്ഥാപനം തുടങ്ങുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു എൻ ജി ഒയും സർക്കാരും തമ്മിൽ പാർട്ട്ണർഷിപ്പുപോലെ ഒരു സാമൂഹ്യ സ്ഥാപനം ആരംഭിക്കുന്നത്.

ഞാൻ ഒരു സാധാരണക്കാരനാണ്. ആളുകളെ തെരുവിൽ നിന്നെടുക്കുക, അവരെ വൃത്തിയാക്കി എവിടെങ്കിലും സുരക്ഷിതസ്ഥാനത്ത് എത്തിക്കുക എന്നതിനപ്പുറം ഒരു സ്ഥാപനത്തിന്റെ അഡ് മിനിസ്‌ട്രേഷൻ ഒന്നും നമുക്കറിയില്ല. എല്ലാ മാസവും ബിൽ പാസാക്കാൻ അയക്കണമെന്ന് അറിയില്ലായിരുന്നു.

ആ സമയത്താണ് പ്രമോഷൻ ആയിട്ട് കെ കെ വിനയൻ സമൂഹ്യനീതിവകുപ്പിൽ ജില്ലാ ഓഫീസർ ആയിട്ട് വരുന്നത്. ഇദ്ദേഹത്തിനു നേരത്തെതന്നെ ഈ ആശയത്തോടും സ്ഥാപനത്തോടും താല്പര്യമില്ല. ആദ്യമായി ഞാൻ ഇദ്ദേഹത്തെ കാണുമ്പോൾ പറഞ്ഞത് സർക്കാരിന്റെ കെട്ടിടമായാതുകൊണ്ട് ബിൽ ഒക്കെ കിട്ടാൻ, താമസമാണ്, അതുകൊണ്ട് ഇതൊഴിഞ്ഞു കൊടുത്താൽ വാടകയ്ക്ക് വേറെ കെട്ടിടം എടുക്കാം. വർഷാവർഷം ഗ്രാന്റ് പൈസയായിട്ടു വാങ്ങിച്ച് തരാം എന്നൊക്കെ. പക്ഷെ അന്ന് ഞാൻ പറഞ്ഞത് ഇത് നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് അല്ലല്ലോ, നമ്മൾ അല്ലല്ലോ തീരുമാനിയ്‌ക്കേണ്ടത് എന്നാണ്. മാത്രമല്ല ഞാൻ ഈ വിവരം അപ്പോൾത്തന്നെ തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ട്ടരെ വിളിച്ച് പറയുകയും ചെയ്തു. അദ്ദേഹം അവിടുന്ന് വിനയനെ വിളിച്ച് ഈ കാര്യത്തിൽ ഡിപ്പാർട്ട് മെന്റ് നിങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലല്ലോ എന്ന് ശാസിക്കുകയും ചെയ്തു. അന്നുമുതൽ എന്നോടും ഈ സ്ഥാപനത്തോടും വിനയന് പകയാണ്.

അന്നുമുതൽ ബിൽ പാസാക്കി കിട്ടുന്ന കാര്യങ്ങളിൽ ഉൾപ്പെടെ ഇദ്ദേഹം ഉടക്കു വയ്ക്കലാണ്. മുരുകൻ കിടന്നോടട്ടെ. ബിൽ പാസാക്കണ്ട എന്നാണു ഇദ്ദേഹം കീഴിലുള്ള ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന നിർദ്ദേശം. സാധാരണ പത്തും ഇരുപതും കൊല്ലം സർക്കാർ ജോലിയിൽ ഇരുന്നു സൂപ്രണ്ട് പദവിയിൽ ഒക്കെ എത്തുമ്പോൾ മാത്രം കിട്ടുന്ന ഇത്തരം ഒരു സ്ഥാപനത്തിന്റെ മേൽനോട്ടം ഓട്ടോ ഓടിച്ചു നടന്ന തെരുവ് ചെറുക്കന് കിട്ടുന്നതിന്റെ ഒരു ചൊരുക്ക് ആയിരിക്കാം.

കൃത്യമായി പൈസ കിട്ടാതായപ്പോൾ ഞാൻ കലക്ട്ടർക്കും ഡയറക്ട്ടർക്കും പരാതി നൽകി. അവരുടെ മുന്നിൽവച്ച് ഞാൻ കേൾക്കെയാണ് ഇദ്ദേഹം പറഞ്ഞത് ഇങ്ങനെയൊരു സ്ഥാപനം അധികപ്പറ്റും അധികച്ചിലവുമാണ് എന്ന്. ആശാഭവൻ, സ്‌നേഹ ഭവൻ, ഡോൺ ബോസ്‌ക്കോ പോലെയുള്ള സ്ഥാപനങ്ങൾ ഉള്ളപ്പോൾ ഇതിനു പ്രസക്തിയില്ല എന്ന്. എന്നാൽ ഡയറക്ട്ടർ അന്ന് ബ്യൂറോക്രസി കളിക്കരുത് ഇദ്ദേഹത്തിനു താക്കീത് നൽകി,. മുരുകൻ ചെയ്യുന്നത് എനിയ്‌ക്കോ തനിയ്‌ക്കോ ചെയ്യാൻ പറ്റുന്നതല്ല. അഡ് മിനിസ്‌ട്രെഷനിൽ പോരായ്മകൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് പരിഹരിക്കണം എന്ന്. അങ്ങനെ വീണ്ടും പകയായി.പതിനാറു മാസം സ്ഥാപനം ഓടിയതിന്റെ പൈസ അങ്ങനെ പതിനെട്ടു മാസം കൊണ്ട് തന്നു തീർത്തു. പിന്നീടാണ് ഈ സ്ഥാപനത്തിൽ വരുന്ന കാശിന്റെ കണക്കുകൾ ബോധിപ്പിക്കണം എന്ന ആവശ്യവുമായി വരുന്നത്.

ഒരാൾക്ക് മരുന്നുകൾക്കായി മാസം നൂറു രൂപയാണ് അനുവദിക്കുന്നത്. ഒരാളെ തെരുവിൽ നിന്നുകിട്ടുമ്പോൾ അയാളുടെ അവസ്ഥ വളരെ ദയനീയമായിരിക്കും. അവർക്ക് അടിവസ്ത്രം തൊട്ടുള്ള കാര്യങ്ങൾ നമ്മൾ വാങ്ങേണ്ടി വരും. മുണ്ട്, ഷർട്ട്, തോർത്ത് എല്ലാം വേണം. ആ അവസ്ഥ മനസ്സിലായതുകൊണ്ട് അങ്ങനെ ഒരാൾക്ക് രണ്ടു ജോഡി വസ്ത്രം വാങ്ങാൻ ആയിരം രൂപ സർക്കാർ പാസാക്കിത്തന്നു. പക്ഷെ പുറത്തുനിന്നു വാങ്ങിച്ച ഡ്രസ്സിന്റെ ബില്ലുകൾ വിനയൻ കട്ട് ചെയ്തു. അയാൾ മുന്നോട്ടു വച്ച വ്യവസ്ഥ ഇതൊക്കെയായിരുന്നു. ഖാദിയുടെ കടകളിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങണം. വാങ്ങിയവർക്ക് അറിയാം. ഖാദിയിൽ ഒരു മുണ്ടിനു മുന്നൂറു രൂപയാണ്. അടിവസ്ത്രം ഇല്ല ,സ്ത്രീകൾക്ക് ഉള്ള നൈറ്റി ഇല്ല. പക്ഷെ പുറത്ത് നിന്ന് വാങ്ങിച്ചാൽ ഇയാൾ ബിൽ പാസാക്കി തരുകയുമില്ല. പക്ഷെ നിവൃത്തികേട് കൊണ്ട് വാങ്ങിച്ചു.

സർക്കാരിന്റെ കൺസ്യൂമർ ഫെഡ്, സപ്ലൈക്കോ മാർക്കറ്റ്എന്നിവിടങ്ങളിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാൻ പാടുള്ളൂ. മത്സ്യം വാങ്ങാൻ പാടില്ല. ഇതൊന്നും ഈ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാൻ പ്യൂൺ ഒന്നുമില്ല. എന്നിട്ടും ഈ വ്യവസ്ഥകൾ അനുസരിച്ച് തന്നെയാണ് നീങ്ങിയത്. ഇരുപത് അന്തേവാസികൾ ഉണ്ടെങ്കിൽ അവർക്കുള്ള ഇരുപതിനായിരം രൂപ അനുവദിച്ച് തരും. പക്ഷെ ഇരുപതിനായിരത്തിന് സാധനങ്ങൾ വാങ്ങിച്ച് ബിൽ കൊടുത്താലേ ആ പൈസ അനുവദിച്ച് കിട്ടൂ. ഞാൻ ഒരു ഓട്ടോ റിക്ഷ ഡ്രൈവർ ആണ്. എനിക്ക് എന്റെതായ പരിമിതികൾ ഉണ്ട്. തെരുവോര പ്രവർത്തക അസോസിയേഷന്റെ ഒക്കെ സഹകരണത്തോടെയാണ് മുന്നോട്ടു നീങ്ങുന്നത്.

എനിക്ക് പക്ഷെ അറിയേണ്ടത് ഇതാണ്. എറണാകുളം ആണ് കേരളത്തിൽ ഏറ്റവും അനാഥാലയങ്ങൾ ഉള്ള ജില്ല. ആശാഭാവൻ പോലെ സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്ന വേറെയും ഒരുപാട് അനാഥാശ്രമങ്ങൾ ഇവിടെയുണ്ടല്ലോ.. അവിടെയൊക്കെ ഈ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുന്നുണ്ടോ? ഈ ഒരാൾ കാരണം ആരുമില്ലാത്ത ഈ ആളുകൾക്ക് വേണ്ടി സർക്കാർ അനുവദിക്കുന്ന ഫണ്ട് പോലും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നില്ല. എന്നിട്ടും ഇതുവരെ ഇയാൾക്കെതിരെ പരാതിക്ക് ഞാൻ പോയില്ല.

മറ്റൊരു കാര്യം സർക്കാർ ജീവനക്കാരന് ഒരു ജില്ലയിൽത്തന്നെ പത്തുവർഷം ഇങ്ങനെ തുടരാനാവുന്നത് എങ്ങനെ? സ്ത്രീകൾ ഉൾപ്പെടെയുള്ള സർക്കാർ ജോലിക്കാർ സ്വന്തം ജില്ലയിൽ നിന്ന് മാറി ജോലി ചെയ്യേണ്ടി വരുമ്പോൾ കളമശ്ശേരിയിൽ താമസക്കാരനായ ഇയാൾ പത്തുവർഷമായി എട്ടു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ഓഫീസിൽ ഇങ്ങനെ തുടരുന്നതെങ്ങനെ?സർക്കാരുകൾ മാറി വന്നാലും ഇയാൾക്ക് മാറ്റമില്ല.

ഏറ്റവും വിഷമം ഉണ്ടാക്കിയ ഒരു സംഭവം പറയാം. ഇവിടെ നേരെ ചൊവ്വേ കുടിവെള്ളം കിട്ടാനില്ല. കാര്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സലിഞ്ഞ എന്റെ ഒരു ഫേസ്‌ബുക്ക് സുഹൃത്ത് ഒരു കിണർ കുഴിച്ച് വെള്ളം ഏർപ്പാടാക്കി തരാം എന്ന് പറഞ്ഞു. അതും സർക്കാരുമായി എല്ലാ ഒഫിഷ്യൽ നടപടികളും ആ വഴിക്ക് തന്നെ ചെയ്തിട്ടാണ്. ഒരു ദിവസം രാവിലെ ആറുമണിക്ക് കുഴിക്കാനുള്ള സംവിധാനങ്ങൾ എല്ലാം റെഡിയായി നിൽക്കുകയാണ്. പക്ഷെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം ആയതുകൊണ്ട് സ്ഥാനം കാണിച്ച് കൊടുക്കേണ്ടത് ഈ വിനയനാണ്. ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞിട്ടും ഇയാൾ വരുന്നില്ല. കാരണം പറയുന്നത് തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ ആണെന്നാണ്. ഒടുവിൽ മനസ് മടുത്ത് ഞാൻ കലക്ട്ടറെ കാണുന്നു. കാര്യം മനസ്സിലായ അദ്ദേഹം ഇയാളെ ഫോണിൽ വിളിച്ച് ഉടൻ തന്നെ വന്നു സ്ഥലം കാണിച്ച് കൊടുക്കാൻ ആവശ്യപ്പെടുന്നു. മുക്കാൽ മണിക്കൂർ കൊണ്ട് ആൾ സ്ഥലത്തെത്തി.

മുൻപ് വന്ന സൂപ്രണ്ടുമാരെ എല്ലാം ഇയാൾ പറഞ്ഞ് തിരിച്ച് വച്ചിരിക്കുകയാണ്. സർക്കാർ അനുവദിച്ച തുകയുടെ മൂന്നാം ഗഡു കിട്ടേണ്ട സമയമായി. അടുത്തിടെയാണ് രണ്ടാം ഗഡു കിട്ടിയത്. സ്ഥാപനം ഓടണ്ടേ. ഇവിടുത്തെ ആളുകൾ മനുഷ്യരല്ലേ. അവരുടെ ആവശ്യങ്ങൾ നടക്കണ്ടേ. മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സംവിധാനമില്ല. ഒരു നല്ല ചുറ്റുമതിൽ ഇല്ല. ഇതൊന്നും ചോദിച്ച് ആരും വന്നിട്ടില്ല.

വലിയ പദവികളിൽ ഓഫീസിലെ സുഖസൗകര്യങ്ങളിൽ ഇരിക്കുമ്പോൾ ഇവരെപ്പോലെയുള്ളവർക്ക് അറിയില്ല, പിച്ചക്കാരന്റെയും തെരുവ് തെണ്ടിയുടെയും ഒന്നും വേദന. എല്ലാ പാർട്ടിയിലെയും യൂണിയനുകൾക്ക് പണം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എന്നെ ഇവിടുന്നു മാറ്റാമെന്ന് നീ വിചാരിക്കണ്ട എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് അയാൾ. സ്വാധീനത്തിന്റെ ധൈര്യത്തിലാണ് ഈ കളിയെല്ലാം. പെട്ടിക്കടകൾക്കുവരെ ചുളുവിൽ ലൈസൻസ് അനുവദിച്ചു കൊടുക്കും ഇയാൾ. പല അനാഥാലയങ്ങൾക്കും കാശ് അനുവദിച്ച് കൊടുക്കുന്നതിന് കമ്മീഷൻ കിട്ടുന്നുണ്ട് ഇയാൾക്ക്. അങ്ങനെ അയാൾക്ക് പറ്റുന്ന ഒരു സ്ഥാപനത്തെ ഇവിടെ വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നെ ഓടിക്കാനുള്ള വഴികൾ നോക്കുന്നത് - മരുകൻ പറയുന്നു

എന്നോട് ഒരിക്കൽ ഇയാൾ അൻപതിനായിരം രൂപയുടെ രസീത് ആവശ്യപ്പെട്ടു. കാശ് തരാതെ. അങ്ങനെയൊക്കെ നടക്കാറുള്ളതാണ് എന്നാണു പറയുന്നത്. എല്ലാവരും അഡ്ജസ്റ്റ് ചെയ്യുമത്രേ. എന്റെ ചോദ്യം ഇതുപോലെ ഇയാൾ എത്രയോ അനാഥാലയങ്ങളിൽ നിന്ന് രസീത് വാങ്ങിയിട്ടുണ്ടാവാം. ഇതുപയോഗിച്ച് ഇയാൾ എത്ര ടാക്‌സ് വെട്ടിക്കുന്നുണ്ട് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും.

ഞാൻ സ്വകാര്യ വ്യക്തികളിൽ നിന്ന് സംഭാവന വാങ്ങുന്നതിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വന്നിരുന്നു. എന്റെ ഓരോ പൈസയ്ക്കും കണക്കുണ്ട്. കൃത്യമായി ടാക്‌സ് അടയ്ക്കുന്ന ഒരു പൗരനാണ് ഞാൻ, ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് വാങ്ങുന്ന ഓരോ സാധനത്തിന്റെയും ബിൽ സമർപ്പിച്ചാണ് പണം കൈപ്പറ്റുന്നത്. പിന്നെ സംഭാവന. ഒന്നാമത് സംഭാവന നൽകുന്ന പലരും തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നു ആവശ്യപ്പെടാറുണ്ട്. പക്ഷെ കണക്ക് ബാങ്കിൽ നിന്ന് നോക്കാമല്ലോ. എനിയ്‌ക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ തെളിയിക്കട്ടെ. അവിടെയും ഇവിടെയും ആരോപണങ്ങൾ പറയുന്നു എന്നല്ലാതെ ഇതുവരെ രേഖാമൂലം എന്നെക്കുറിച്ച് ഒരു പരാതി ഇയാൾ നൽകിയിട്ടില്ല.അങ്ങനെയുണ്ടെങ്കിൽ അത് തെളിയിക്കട്ടെ.

ഈ ഉദ്യോഗസ്ഥന്റെ ഒരു കീഴ് ജീവനക്കാരന്റെ പെൻഷൻ പേപ്പർ ശരിയാക്കി കൊടുക്കാൻ അയ്യായിരം രൂപ ഇയാൾ കൈക്കൂലി വാങ്ങി. ഇയാൾക്ക് നാണമില്ലേ സ്വന്തം ഡിപ്പാർട്ടുമെന്റിനെ ഇത്രയും കാലം സേവിച്ച ഒരു കീഴ് ഉദ്യോഗസ്ഥനോട് ഇങ്ങനെയൊക്കെ പെരുമാറാൻ. സമാനമായ പരാതി കൊടുക്കാൻ തയ്യാറായി നിരവധി ആളുകൾ ഉണ്ട്. മറ്റൊരു ജീവനക്കാരിയുടെ ട്രാവൽ അലവൻസ് ആറുമാസമായിട്ട് ഇയാൾ തടഞ്ഞു വച്ചിരിക്കുകയാണ്. പലരുടെയും പ്രമോഷന് വേണ്ടിയുള്ള പ്രോഗ്രസ് റിപ്പോർട്ടുകൾ കൈക്കൂലി ആവശ്യപ്പെട്ടു വെറുതെ താമസിപ്പിക്കുന്നു.

ജില്ലാ ഓഫീസർ എന്ന നിലയിൽ പല അനാഥാലയങ്ങളിലും പരിശോധനയ്ക്ക് പോകുമ്പോൾ ഇയാൾ സ്റ്റാഫ് അല്ലാത്ത ഡ്രൈവറെ കൊണ്ടുപോകും. പരിശോധന കഴിയുമ്പോൾ അയാളെ അകത്തുവിടും. ഈ സ്ഥാപനത്തിന് പോരായ്മകളുണ്ട്. എന്തെങ്കിലും കാര്യമായിട്ട് ചെയ്തില്ലേൽ സാർ റിപ്പോർട്ട് അയച്ചാൽ പൂട്ടേണ്ടി വരുമെന്ന് അയാൾ ചെന്ന് പറയും.

എനിക്ക് വ്യക്തിപരമായി ഇയാളെ ഉപദ്രവിക്കണമെന്നു ആഗ്രഹമില്ല. എന്നോട് ഇയാൾ കൈക്കൂലി ചോദിച്ചിട്ടുണ്ട്. പക്ഷെ മേടിച്ചിട്ടില്ല. . പക്ഷെ ഇയാളുടെ അറിവോടെ ഇയാളുടെ കീഴിൽ ജോലി ചെയ്യന്ന സൂപ്രണ്ട് എന്നോട് പൈസ ചോദിച്ചു. കൊടുക്കാൻ അന്നേരം പൈസയായിട്ടു ഇല്ലാതിരുന്നതുകൊണ്ട് ഫോൺ വാങ്ങിച്ച് കൊടുത്തിട്ടുണ്ട്. ബിൽ ഒപ്പിട്ടു തരണമെങ്കിൽ ഫോൺ അല്ലെങ്കിൽ പൈസ വേണമെന്ന് പറഞ്ഞ്.. ഏഴായിരം രൂപയോളം ആയി ആ ഫോണിന്. ആ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെ ലൈസൻ ഓഫീസർ ആയിരുന്നു. കുറച്ച നാളേയ്ക്ക് ഈ ആശാഭാവന്റെയും തെരുവ് വെളിച്ചത്തിന്റെയും ചുമതലയുണ്ടായിരുന്നു. അയാളുടെ ഔദ്യോഗിക ഫോണിന്റെ ഐ പി വിലാസം നോക്കാമല്ലോ.ബിൽ എന്റെ കയ്യിലുണ്ട്.- അദ്ദേഹം പറഞ്ഞു.

ഇയാൾക്ക് എന്നെക്കുറിച്ച് ആരോപണങ്ങൾ ഉണ്ടെങ്കിൽ ഗവണ്മന്റ് അന്വേഷണം നടത്തട്ടെ. അനുവദിച്ച ഫണ്ട് ഞാൻ എന്ത് ചെയ്യുന്നു എന്നൊക്കെ. പക്ഷെ ഈ സ്ഥാനത്ത് ഇരുന്ന സമയങ്ങളിൽ കെ കെ വിനയൻ എന്ന ഈ ഉദ്യോഗസ്ഥൻ നടത്തിയ സാമ്പത്തിക ഇടപാടും പരിശോധിക്കണമെന്നും തെരുവോരം മുരുകൻ ആവശ്യപ്പെടുന്നു. ഞാൻ ഈ സ്ഥാപന നടത്തിപ്പ് തുടങ്ങുമ്പോൾ ഉണ്ടായിരുന്ന രണ്ടായിരം രൂപ വാടകക്കുടിശ്ശിഖ പോലും കയ്യിൽ നിന്ന് എടുത്താണ് അടച്ചത്. എഗ്രിമെന്റിൽ അത് പറഞ്ഞിട്ടില്ല എന്ന കാരണത്താൽ അനുവദിച്ചില്ല. ജീവനക്കാരുടെ ശമ്പളം ഒന്നും കിട്ടിയില്ല അന്ന്. ഈ ഒരാൾ വിചാരിച്ചാൽ,ഒരു റിപ്പോർട്ട് സത്യസന്ധമായി നല്കിയിരുന്നേൽ, അത് നിസ്സാരമായി ലഭിക്കാമായിരുന്നു.

ഞാൻ വ്യക്തിപരമായ നേട്ടത്തിനല്ല ഈ സ്ഥാപനം നടത്തുന്നത്. വഴിയിൽ കണ്ടെടുക്കുന്ന ആളുകളെ ജഡ്ജിമാരുടെ മുന്നിലാണ് ഓർഡർ കിട്ടാൻ ഹാജരാക്കുന്നത്. വേറെയും അനഥാലയങ്ങൾ ഇവിടുണ്ടല്ലോ..നൂറിലധികം ഓർഡർ വാങ്ങിച്ച വേറെ ഏതേലും സ്ഥാപനമുണ്ടോ എന്ന് അന്വേഷിച്ച് നോക്കൂ. കേന്ദ്ര ഓഫീസ് നന്നായി സഹകരിക്കുന്നുണ്ട്. പക്ഷെ എറണാകുളത്ത് ഈ ഉദ്യോഗസ്ഥൻ കാരണമാണ് എല്ലാ തടസ്സങ്ങളും. നാല് ജില്ലകളുടെ റീജിയണൽ ചുമതലയുള്ള പദവി ലഭിച്ചിട്ടും അഡീഷണൽ ആയി എറണാകുളം ജില്ലാ ഓഫീസറുടെ താഴ്ന്ന പദവികൂടി ചോദിച്ച് വാങ്ങി കൈകാര്യം ചെയ്യണമെങ്കിൽ അതിന്റെ ഗുണം ഈ ജില്ലയിൽ നിന്നും ആ പദവിയിൽ നിന്നും കിട്ടിയിട്ടല്ലേ? രണ്ടുപേർ വഹിയ്‌ക്കേണ്ട ചുമതല ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നു ഇപ്പോഴും.

ഇയാൾ അടുത്തിടെ പുതിയ വാഹനം വാങ്ങിച്ചിട്ടുണ്ട്. ഫാൻസി നമ്പർ സ്വന്തമാക്കി. അത് റെഡി ക്യാഷ് ആണോ അതോ ലോൺ ആണോ? മുച്ചക്ര വാഹൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇയാളുടെ അഴിമതിയെ സംബന്ധിക്കുന്ന വിവരങ്ങൾ ആരാഞ്ഞ് നൽകിയ വിവരാവകാശ രേഖ തടഞ്ഞു വച്ചിരിക്കുന്നതാര്? ഇതുമാത്രമൊന്നുമല്ല.നിരവധി പരാതികൾ ഇയാളെ സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ്‌ലും പുറത്തുമുണ്ട്. ബില്ലുകൾ മാറാൻ,പ്രോമോഷന്റെ റിവ്യൂ റിപ്പോർട്ടുകൾ തുടങ്ങി എല്ലാത്തിലും ഇയാൾ കള്ളക്കളികൾ നടത്തുന്നുണ്ട്. തെരുവുതെണ്ടികളുടെ അത്താഴപ്പാത്രത്തിൽ വരെ കയ്യിട്ടുവാരുന്ന ഈ ഉദ്യോഗസ്ഥന്റെ തനിനിറം ഇനിയെങ്കിലും ലോകം അറിയട്ടെ.- മുരുകൻ അഭിമുഖത്തിൽ പറയുന്നു.

കടപ്പാട്: മംഗളം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP