Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തേജസ് മാനേജ്മെന്റിന്റെ ഉറപ്പ് പാഴ് വാക്കായി; പ്രത്യേക പാക്കേജ് നടപ്പിലാക്കാതെ പത്രം അടച്ചുപൂട്ടിയതോടെ വഴിയാധാരമായ നാനൂറോളം ജീവനക്കാർക്ക് പട്ടിണിയും പരിവട്ടവും; വേജ് ബോർഡ് കുടിശിക മാത്രം ഓരോ ജീവനക്കാരനും നൽകാനുള്ളത് ലക്ഷങ്ങൾ; നാഴികയ്ക്ക് നാൽപ്പതുവട്ടം മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരുടെ കപടമുഖം അഴിഞ്ഞു വീണെന്ന് പണി പോയവർ സോഷ്യൽ മീഡിയയിൽ

തേജസ് മാനേജ്മെന്റിന്റെ ഉറപ്പ് പാഴ് വാക്കായി; പ്രത്യേക പാക്കേജ് നടപ്പിലാക്കാതെ പത്രം അടച്ചുപൂട്ടിയതോടെ വഴിയാധാരമായ നാനൂറോളം ജീവനക്കാർക്ക് പട്ടിണിയും പരിവട്ടവും; വേജ് ബോർഡ് കുടിശിക മാത്രം ഓരോ ജീവനക്കാരനും നൽകാനുള്ളത് ലക്ഷങ്ങൾ; നാഴികയ്ക്ക് നാൽപ്പതുവട്ടം മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരുടെ കപടമുഖം അഴിഞ്ഞു വീണെന്ന് പണി പോയവർ സോഷ്യൽ മീഡിയയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പോപ്പുലർഫ്രണ്ടിന്റെയും തേജസ് മാനേജ്മെന്റിന്റേയും ഉറപ്പ് പാഴ് വാക്കായി. ദിനപത്രം അടച്ചു പൂട്ടിയതോടെ വഴിയാധാരമായ നാനൂറോളം ജീവനക്കാക്ക് പട്ടിണിയും പരിവട്ടവും. ആത്മഹത്യാ വക്കിലെത്തിയിരിക്കുകയാണ് നിരവധി ജീവനക്കാർ. ഗ്രോവാസു അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ലൂ.ജെയും നേരത്തെ ഇടപെടൽ നടത്തിയെങ്കിൽ ഒന്നും എങ്ങുമെത്താത്ത സ്ഥിതിയാണ്. പത്രയൂണിയനും മാനേജ്മെന്റും കൈവിട്ടതോടെ ജീവനക്കാർ സംയുക്തമായി സർക്കാറിനെ സമീപിക്കാനിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞ തേജസ് ദിനപത്രം 2018 ഡിസംബർ 31നാണ് അടച്ചു പൂട്ടിയത്. ഒക്ടോബർ 21ന് പത്രം പൂട്ടുന്ന കാര്യം മാനേജ്മെന്റ് ജീവനക്കാരെ അറിയിക്കുകയും ജീവനക്കാർക്കുള്ള പാക്കേജ് ഉടൻ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പത്രം പൂട്ടി മൂന്നാഴ്ച പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല.

ഡിസംബർ 30ന് മലപ്പുറത്ത് നടന്ന കെ.യു.ഡബ്ലൂ.ജെ സംസ്ഥാന സമിതി തീരുമാന പ്രകാരം ലേബർ ഡിപ്പാർട്ട്മെന്റിന് തേജസ് ജേണലിസ്റ്റ് യൂണിയൻ ഇതുസംബന്ധിച്ച പരാതി നൽകിയിരുന്നു. അതുപ്രകാരം 15 ദിവസത്തിനകം നടപടിയുണ്ടാകുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നു. 15 ദിവസത്തെ ഗ്രാറ്റുവിറ്റി, റിട്രിച്ച്മെന്റ് ബെനിഫിറ്റ്, ആർജിതാവധി തുക നൽകാമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. എന്നാൽ ഈ നിലപാട് സ്വീകാര്യമല്ലെന്നും സർവീസ് കാലാവധി പരിഗണിച്ചുള്ള നഷ്ടപരിഹാരവും വേജ്ബോർഡ് കുടിശികയും കൂടി ലഭിക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇക്കാര്യം ലേബർ ഓഫീസർക്കു നൽകിയ പരാതിയിൽ ജീവനക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. മാനേജ്മെന്റിന്റെ ഡിമാന്റനുസരിച്ച് നേരത്തെ നൽകാമെന്ന് പറഞ്ഞ തുക മാത്രമേ നൽകൂ എന്ന് പറഞ്ഞ് മാനേജ്മെന്റ് ഇപ്പോൾ ജീവനക്കാർക്ക് കത്തയച്ചിരിക്കുകയാണ്.

ഈ മാസം 21നാണ് ജീവനക്കാർക്ക് കത്ത് ലഭിച്ചത്. ജീവനക്കാരുടെ യൂണിയന് മറുപടിക്കു പോലും സമയം നൽകാതെ ഓരോരുത്തരെയായി വിളിച്ച് പണം വാങ്ങി പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മാനേജ്മെന്റ്. ഇതിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരോ സംഘടനാ ബന്ധമുള്ളവരോ ആയ ജീവനക്കാരെ മാനേജ്മെന്റിന്റെ പക്ഷത്ത് കൂട്ടിനിർത്തിയിട്ടുണ്ട്. നോൺ ജേർണലിസ്റ്റുകളാണ് സംഘടനയുമായി അടുപ്പമുള്ളവരിൽ അധികവും. എന്നാൽ ഭൂരിപക്ഷം ജീവനക്കാരും മാനേജ്മെന്റിന്റെ ഡിമാന്റ് അംഗികരിക്കില്ലെന്ന നിലപാടിലാണ്. പല ജീവനക്കാരെ ഭീഷണിപ്പെടുത്തിയും മാനേജ്മെന്റിന് വഴങ്ങാൻ നിർദേശിച്ചതായി പരാതിയുണ്ട്.

ഈ സാഹചര്യത്തിൽ കെ.യു.ഡബ്ലൂ.ജെയും വിഷയത്തിൽ ഇടപെടുന്നില്ല. കെ.യു.ഡബ്ലൂ.ജെ ഭാരവാഹികളുടെ മേലും ശക്തമായ സമ്മർദം പോപ്പുലർ ഫ്രണ്ടിൽ നിന്നുണ്ട്. പത്ര യൂണിയൻ വിഷയത്തിൽ ഇടപെടാത്തതിൽ മാധ്യമ പ്രവർത്തകർക്കുള്ളിൽ ശക്തമായ അമർഷമുണ്ട്. നേരത്തെ തേജസിന് പരസ്യം നിഷേധിച്ചപ്പോൾ ജനറൽ സെക്രട്ടറിയുടെ പിണറായി ഭക്തി കാരണമാണ് സർക്കാറിനെതിരെ സമരമുണ്ടാകാത്തതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

400ഓളം ജീവനക്കാരുള്ള തേജസ് ദിനപത്രം അടച്ചു പൂട്ടിയ ശേഷം 20 ഓളം പേർക്ക് ഓൺലൈനിലും വാരികയിലും ജോലി നൽകി. മാനേജ്മെന്റുമായി കൂറുള്ളവരെയും സംഘടനക്കാരെയുമായിരുന്നു ഇതിലേക്കു പരിഗണിച്ചത്. ഏറ്റവും കൂടുതൽ പെൺകുട്ടികൾ ജോലിചെയ്യുന്ന മാധ്യമ സ്ഥാപനം കൂടിയായിരുന്നു തേജസ് ദിനപത്രം. എന്നാൽ ബാക്കിയുള്ള ജീവനക്കാരെല്ലാം ഇപ്പോൾ വഴിയാധാരമായ സ്ഥിതിയാണ്. വേജ് ബോർഡ് കുടിശിക മാത്രം ഓരോ ജീവനക്കാരനും ലക്ഷങ്ങൾ നൽകാനുണ്ട്.

ഇതിനെപറ്റിയും മിണ്ടാട്ടമില്ല. ആവശ്യം പരിഗണിച്ച് വേണ്ട നടപടി ഉടൻ കൈകൊള്ളണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നടപടിയായില്ലെങ്കിൽ സർക്കാർ തലത്തിൽ സമ്മർദം ചെലുത്തിയും സംഘടിതമായി സർക്കാറിനെ സമീപിക്കാനുമാണ് ഇപ്പോൾ ജീവനക്കാരുടെ തീരുമാനം. ഇതിനോടകം വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന പോപ്പുലർഫ്രണ്ട് തേജസ് ജീവനക്കാരോട് ഇരട്ട നിലപാടാണ് സ്വീകരിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP