Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹച്ചടങ്ങിൽ വരനെ സ്വീകരിക്കുന്നതിനിടെ താലിമാല മോഷണം പോയി; പുതിയ മാല വാങ്ങി മുഹൂർത്തത്തിൽ തന്നെ താലികെട്ടു നടത്തി വരന്റെ വീട്ടുകാർ: കല്ല്യാണ വീഡിയോയിൽ വരന്റെ സഹോദരിക്കൊപ്പം മുഖം മറച്ചു നിൽക്കുന്ന യുവതിയെ തേടി പൊലീസ്

വിവാഹച്ചടങ്ങിൽ വരനെ സ്വീകരിക്കുന്നതിനിടെ താലിമാല മോഷണം പോയി; പുതിയ മാല വാങ്ങി മുഹൂർത്തത്തിൽ തന്നെ താലികെട്ടു നടത്തി വരന്റെ വീട്ടുകാർ: കല്ല്യാണ വീഡിയോയിൽ വരന്റെ സഹോദരിക്കൊപ്പം മുഖം മറച്ചു നിൽക്കുന്ന യുവതിയെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കിളിമാനൂർ: വിവാഹച്ചടങ്ങിൽ വരനെ സ്വീകരിക്കുന്നതിനിടെ താലിമാല മോഷണം പോയി. മുഹൂർത്തത്തിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കവെയാണ വരന്റെ സഹോദരിയുടെ പക്കൽ സൂക്ഷിച്ചിരുന്ന മാല കല്ല്യാണത്തിനു വന്ന ആരോ അടിച്ചു മാറ്റിയത്. മാല മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ തൊട്ടടുത്ത കടയിൽ നിന്നും മറ്റൊരു മാല വാങ്ങിക്കൊണ്ടു വന്നാണ് മുഹൂർത്തം തെറ്റാതെ വിവാഹം നടത്തിയത്. ഞായറാഴ്ച കിളിമാനൂർ പുതിയകാവിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് വധുവിനെ അണിയിക്കാൻ കൊണ്ടു വന്ന താലി മാല മോഷണം പോയത്.

കിളിമാനൂർ പുളിമ്പള്ളികോണം പാലകുന്ന് രേവതി ഭവനിൽ രേഷ്മയുടെ വിവാഹത്തിനിടെയാണ് മാല മോഷണം പോയത്. വരൻ വർക്കല ശിവഗിരി പുതുവീട്ടിൽ അഭിലാഷ് കൊണ്ടുവന്ന മൂന്നരപവൻ സ്വർണ മാലയും താലിയുമാണ് മോഷണം പോയത്. വരനെ വധുവിന്റെ ബന്ധുക്കൾ സ്വീകരിക്കവെ സഹോദരിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന മാലയാണ് കവർന്നത്. താലിമാല പൂജിക്കുന്നതിനായി മണ്ഡപത്തിലേക്ക് കൊടുക്കാനായി ബാഗ് തുറന്നപ്പോഴാണ് മാല കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മുഹൂർത്തം തെറ്റാതിരിക്കാൻ പെട്ടെന്ന് തന്നെ അടുത്തുള്ള കടയിൽ നിന്നും മറ്റൊരു മാല വാങ്ങുകയായിരുന്നു.

വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ വരനും ബന്ധുക്കളും കിളിമാനൂർ പൊലീസിൽ പരാതി നൽകി. വിവാഹ സ്വീകരണസമയത്തെ വീഡിയോ ദൃശ്യങ്ങളിൽനിന്ന് കിളിമാനൂർ പാപ്പാല സ്വദേശിയായ ഒരു യുവതിയെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. വരന്റെ വീട്ടുകാരോ വധുവിന്റെ വീട്ടുകാരോ ക്ഷണിക്കാത്ത ഒരു യുവതിയെ ആണ് സംശയാസ്പദമായി കണ്ടത്.

വരന്റെയോ വധുവിന്റെയോ വീട്ടുകാർ ക്ഷണിക്കാത്ത യുവതി സ്വീകരണത്തിനിടെ വരന്റെ സഹോദരിയുടെ സമീപം നിൽക്കുന്നതും വീഡിയോ പകർത്തുമ്പോൾ തന്ത്രപൂർവം മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തവുമാണ്. ഈ ദൃശ്യങ്ങളടക്കമാണ് പരാതി നൽകിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP