Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന്റെ സ്ഥലം മാറ്റത്തെ കുറിച്ച് മനമുരുകി പോസ്റ്റിട്ടു; മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം അമ്മയുടെ മരണം; അമ്മ പോസ്റ്റിട്ടത് കോളേജ് അദ്ധ്യാപകനായ മകനെ അന്യായമായി സ്ഥലം മാറ്റിയപ്പോൾ താൻ ഒറ്റപ്പെട്ടതിനെ കുറിച്ച്; ചെമ്പഴന്തി എസ് എൻ കോളേജിന്റെ അനീതിക്ക് ഇരയായി ഇന്ദിര രമാകാന്തന്റെ സങ്കടകരമായ അന്ത്യം

മകന്റെ സ്ഥലം മാറ്റത്തെ കുറിച്ച് മനമുരുകി പോസ്റ്റിട്ടു; മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം അമ്മയുടെ മരണം; അമ്മ പോസ്റ്റിട്ടത് കോളേജ് അദ്ധ്യാപകനായ മകനെ അന്യായമായി സ്ഥലം മാറ്റിയപ്പോൾ താൻ ഒറ്റപ്പെട്ടതിനെ കുറിച്ച്; ചെമ്പഴന്തി എസ് എൻ കോളേജിന്റെ അനീതിക്ക് ഇരയായി ഇന്ദിര രമാകാന്തന്റെ സങ്കടകരമായ അന്ത്യം

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ചെമ്പഴന്തി എസ് എൻ കോളേജിൽ ലൈംഗിക ആക്ഷേപത്തിന് ഇരയായ വിദ്യാർത്ഥിനികൾക്ക് പിന്തുണ നൽകി എന്നതിന്റെ പേരിൽ കോളേജ് അധികൃതരുടെ പീഡനത്തിനിരയായ കോളേജിലെ അദ്ധ്യാപകനായ മകനെക്കുറിച്ച് വേദനാജനകമായ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട അമ്മ മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം മരിച്ചു. കോളേജ് അധികൃതർ ചെമ്പഴന്തി കോളേജിൽ നിന്നും ദൂരെയുള്ള മറ്റൊരു കോളേജിലേക്ക് മകനെ സ്ഥലം മാറ്റിയതോടെ തിരുവനന്തപുരത്തെ വീട്ടിൽ താനൊറ്റയ്ക്കാണെന്നും ഏതു നിമിഷവും മരണം കടന്നു വരാമെന്നും അമ്മ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

പ്രമുഖ എഴുത്തുകാരനും കവിയും അദ്ധ്യാപകനുമായിരുന്ന കിളിമാനൂർ രമാകാന്തന്റെ ഭാര്യയും എഴുത്തുകാരിയുമായ ഇന്ദിരാ രമാകാന്തനാണ് സങ്കടകരമായ അന്ത്യം സംഭവിച്ചത്. ഡിസംബർ അഞ്ചിനായിരുന്നു 82 കാരിയായ ഇന്ദിര ഹൃദയാഘാതം മൂലം മരിച്ചത്. ഡിസംബർ നാലിന് ചെമ്പഴന്തി എസ് എൻ കോളേജ് അധികൃതരുടെ പീഡനം മൂലം താനും കുടുംബവും നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ഇന്ദിര വിശദമായ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സ്വന്തം മരണം പ്രവചിക്കുന്ന പോലെയായിരുന്നു ആ പോസ്റ്റ്.'ഇന്ന് എന്റെ ഏകാന്തതയ്ക്ക് ഞാൻ തന്നെ കാവലിരിക്കുന്നു. നിശ്ശബ്ദയാമങ്ങളിൽ അടുത്തടുത്തു വരുന്ന കാലത്തിന്റെ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട്. ഭയമില്ല. അത് കാലത്തിന്റെ അനിവാര്യതയാണ്.' മരണത്തെക്കുറിച്ച് ഇങ്ങനെ കുറിച്ച ഇന്ദിര മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി.

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള എസ് എൻ കോളേജുകളിലെ ഏറ്റവും സീനിയറായ ഇംഗ്ലീഷ് അദ്ധ്യാപകനാണ് ഇന്ദിരയുടെ മകൻ മനു. ഇന്ദിരയുടെ ഭർത്താവ് കിളിമാനൂർ രമാകാന്തനും ചെമ്പഴന്തി എസ് എൻ കോളേജിലെ അദ്ധ്യാപകനായിരുന്നു. അദ്ദേഹമാണ് മകനെയും കൈപിടിച്ച് ചെമ്പഴന്തി കോളേജിലെ അദ്ധ്യാപകനാക്കിയത്. രമാകാന്തൻ 13 വർഷം മുൻപ് മരിച്ചു. ഇന്ദിരയ്ക്ക് മറ്റൊരു മകൻ കൂടിയുണ്ടായിരുന്നത് ചെറുപ്പത്തിലേ മരിച്ചു പോയി. കോളേജ് അദ്ധ്യാപകനായ മകൻ മാത്രമായിരുന്നു വാർധക്യ കാലത്ത് ഇന്ദിരയ്ക്ക് കൂട്ട്. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് വളരെ പെട്ടെന്നാണ്.

കഴിഞ്ഞ വർഷം കുറേ വിദ്യാർത്ഥിനികൾ ഒരു അദ്ധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചു ബുദ്ധിമുട്ടിക്കാറുണ്ടെന്ന് അവരുടെ പ്രിയ അദ്ധ്യാപകനായ ഇന്ദിരയുടെ മകൻ മനുവിനോട് പരാതി പറഞ്ഞു. അതീവ ഗുരുതരമായ ഈ വിവരം മനു ഉത്തരവാദിത്തപ്പെട്ട അദ്ധ്യാപകനെന്ന നിലയിൽ പ്രിൻസിപ്പാളിനെ അറിയിച്ചു. എന്നാൽ കുറ്റക്കാരനെ ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുകയാണ് കോളേജ് അധികൃതർ ചെയ്തത്. ആ അദ്ധ്യാപകനെതിരെ പരാതിപ്പെട്ട മനു ഉൾപ്പെടെ അഞ്ച് അദ്ധ്യാപകരെ ശിക്ഷാ നടപടികളുടെ ഭാഗമായി സ്ഥലം മാറ്റുകയും സസ്‌പെന്റ് ചെയ്യുകയുമാണ് കോളേജ് അധികൃതർ ചെയ്തത്. പരാതി പറഞ്ഞ വിദ്യാർത്ഥിനികൾക്കെതിരെ പ്രതികാര നടപടി തുടങ്ങി. ഒരു ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ഹിയറിംഗിൽ നിന്ന് കരഞ്ഞു കൊണ്ടാണ് കുട്ടികൾ മടങ്ങിയത്.

മകനെ ദൂരെയുള്ള കോളേജിലേക്ക് സ്ഥലം മാറ്റിയപ്പോൾ ഇന്ദിര തിരുവനന്തപുരത്തെ വീട്ടിൽ ഒറ്റയ്ക്കായി . ഈ ദുരവസ്ഥയെക്കുറിച്ച് ഇന്ദിര ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദമായി വ്യക്തമാക്കായിട്ടുണ്ട്. കിളിമാനൂർ രമാകാന്തനും ഇന്ദിരാ രമാകാന്തനും അറിയപെടുന്ന എഴുത്തുകാരായിരുന്നു. ധാരാളം കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുള്ള ആളാണ് രമാകാന്തൻ. ഇതിഹാസ കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുമുണ്ട്. ഇറ്റലിയിലെ വാനമ്പാടി എന്ന ഇന്ദിരയുടെ നോവൽ നിരൂപക ശ്രദ്ധ നേടിയിരുന്നു. ഭർത്താവായ കിളിമാനൂർ രമാകാന്തനെക്കുറിച്ച് ഓർമ്മക്കല്ലുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ദിരയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ .

ഇതൊരു കൂടാരമാണ്. സർക്കാർ കൂടാരമല്ല. വന്യജീവികളുടെ കൂടാരവുമല്ല. നല്ല കുറെ അദ്ധ്യാപകരും ഭാവിയെ പ്രകാശമായി കാണുന്ന വിദ്യാർത്ഥികളും പഠിക്കുന്ന കൂടാരമാണ്. പൊട്ടു തൊട്ട കങ്കാണിമാർ ഭയം വിതച്ചുകൊണ്ട് ചുറ്റിലുമുണ്ട്. ഏഷണിയുടെ കുഴലുകളുമായി അവർ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 'സ്ഥലം മാറ്റം' എന്ന ഡെമോക്ലിസിന്റെ വാൾ തലയ്ക്ക് മുകളിലുണ്ട്. ഭയം മനുഷ്യന് ജന്മസിദ്ധമാണ്. അവൻ ജനിക്കുമ്പോൾ തന്നെ അവന്റെ തൊട്ടിലിനരികിൽ വെച്ചിരിക്കും, ഭയത്തിന്റെ ഒരു പുസ്തകം, അതാവും നവജാത ശിശുക്കൾ ജനിക്കുമ്പോൾ തന്നെ പൊട്ടിക്കരയുന്നത്!

എന്റെ ഭർത്താവ് കിളിമാനൂർ രമാകാന്തൻ പതിനഞ്ചു വർഷം ജോലി ചെയ്ത സ്ഥാപനമാണ് ചെമ്പഴന്തി എസ് എൻ കോളേജ്. പി എസ് വേലായുധനെപ്പോലെയുള്ള പ്രഗത്ഭരായ പ്രിൻസിപ്പൽമാരുടെ കൂടെ അദ്ദേഹം ജോലി ചെയ്തിരുന്നു. പ്രിൻസിപ്പൽമാരും നല്ലവരായ അദ്ധ്യാപകരും സൗഹാർദത്തോടെ അവിടെ ജോലിചെയ്തിരുന്ന നല്ല കാലം അദ്ദേഹം പങ്കുവെച്ച ഓർമകളിലൂടെ എന്റെയുള്ളിലുമുണ്ട്. അതുകൊണ്ട് തന്നെ മകൻ മനു അവിടെ അദ്ധ്യാപകനായി ജോയിൻ ചെയ്തപ്പോൾ (അവന്റെ അച്ഛനാണ് ഇരുപത്തിയഞ്ചു വർഷം മുൻപവനെ അവിടെ കൊണ്ട് ചെന്നാക്കിയത്. മനു പറഞ്ഞറിയാം, അദ്ദേഹമവനെയും കൊണ്ടവിടെ ചെന്നപ്പോൾ അദ്ധ്യാപകരുടെ യോഗം നടക്കുകയായിരുന്നു. എല്ലാവരും ആദരവോടെ അദ്ദേഹത്തിന്റെയരികിലേക്കോടി വന്നു. മകനെ അവരുടെ കൂട്ടത്തിലേക്ക് സ്‌നേഹപൂർവ്വം കൊണ്ടുപോയി) ഞങ്ങൾക്ക് സന്തോഷമായിരുന്നു.

ജീവിതം മാറിമറിയുന്നത് എത്ര പെട്ടെന്നാണ്! കഴിഞ്ഞ വർഷം കുറെ വിദ്യാർത്ഥിനികൾ ഒരു അദ്ധ്യാപകൻ അശ്ലീലസന്ദേശങ്ങളയച്ചു അസമയത്ത് ബുദ്ധിമുട്ടിക്കാറുണ്ടെന്ന് അവരുടെ പ്രിയ അദ്ധ്യാപകനായ എന്റെ മകനോട് സങ്കടം പറഞ്ഞു. അതീവഗുരുതരമായ ഈ വിവരം മനു ഉത്തരവാദിത്തപ്പെട്ട അദ്ധ്യാപകനെന്ന നിലയിൽ അന്നത്തെ പ്രിൻസിപ്പാളിനെ അറിയിച്ചു. എന്താ സംഭവിച്ചതെന്നറിയാമോ? ഇന്ന് പലയിടത്തും നടക്കുന്നതുപോലെ പീഡനാരോപിതന് ചുറ്റും സംരക്ഷണമതിലുകൾ പൊങ്ങി. മേലധികാരിക്കും ചില പൊട്ടു തൊട്ട കങ്കാണിമാരും (പലരും 'സ്ത്രീകൾ' 'അദ്ധ്യാപികമാർ') അരയും തലയും മുറുക്കി മുന്നോട്ട് വന്നു. കഥകൾ ചമച്ചു കൊണ്ട് അവനെ മഹത്വവൽക്കരിച്ചു അതിനും മേലെയുള്ള അധികാരികളുടെ മുന്നിലവതരിപ്പിച്ചു. ആരോപിതന്റെ സുഗമമായ ചെയ്തികൾക്ക് തടസമായി നിലകൊള്ളുമെന്ന് ഭയന്ന് എന്റെ മകനുൾപ്പടെയുള്ള അഞ്ചധ്യാപകരെ അവന്റെ വഴിയിൽ നിന്നും വിജയകരമായി അവർ തെറിപ്പിച്ചു. കേരളാ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എസ് എൻ കോളേജുകളിലെ ഏറ്റവും സീനിയർ ഇംഗ്‌ളീഷ് അദ്ധ്യാപകനായ എന്റെ മകനെ ഒരു ഡിഗ്രി കോഴ്‌സ് (ഇംഗ്‌ളീഷ്) പോലുമില്ലാത്ത കോളേജിലേക്കാണ് ആട്ടിപ്പായിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ടവർ വേറെ. പരാതി പറഞ്ഞ വിദ്യാർത്ഥികൾക്കെതിരെ പ്രതികാരനടപടികൾ തുടങ്ങി. ഒരു ഐ സി സി രൂപീകരിച്ചു വിചിത്രമായ വിധിതീർപ്പ് നടത്തി. കമ്മിറ്റിയുടെ ഹിയറിങ്ങിൽ നിന്നും കരഞ്ഞുകൊണ്ടാണ് കുട്ടികൾ മടങ്ങിയത്. നീതി കിട്ടില്ലായെന്നപ്പോഴേക്കും അവർക്ക് ബോധ്യമായിരിന്നു (അന്ന് ലൈംഗികചുവയോടെ അവരോടു സംസാരിച്ച ഐ സി സിയിലെ ഒരധ്യാപകനെ വനിതാക്കമ്മീഷൻ പിന്നീട് വിളിച്ചു വരുത്തുകയുണ്ടായി. അന്നത്തെ അധികാരികൾക്കെതിരെയുള്ള ആ അന്വേഷണം വനിതാക്കമ്മിഷൻ തുടരുകയാണ് ). വിധിതീർപ്പിനെത്തുടർന്ന് കുട്ടികളെ പരീക്ഷക്കിരുത്താതിരിക്കാനും അവരുടെ കോണ്ടക്റ്റ് സർട്ടിഫിക്കറ്റ് നിഷേധിക്കാനുമുള്ള ധൈര്യം കോളേജധികാരികൾ കാണിച്ചു.

പഴയകാലത്തെപ്പോലെ എന്തും സഹിക്കുന്ന വിദ്യാർത്ഥികളല്ല ഇന്നുള്ളത്. അവർ ഗവർണറെ കണ്ടു പരാതി നൽകി. വൈസ് ചാൻസലറെയും കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേയും വിദ്യാഭ്യാസമന്ത്രിയെയും കണ്ടു. തുടർന്ന് നടന്ന സർക്കാർതല അന്വേഷണത്തിൽ കുറ്റാരോപിതൻ ഒരധ്യാപകന് നിരക്കാത്ത പ്രവർത്തി ചെയ്തുവെന്ന് കണ്ടെത്തി. കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചു. അവർക്ക് മേലുള്ള എല്ലാ നടപടികളും കോടതി റദ്ദ് ചെയ്തുവെന്ന് മാത്രമല്ല, ഐ സി സി വിധിയും ക്വാഷ് ചെയ്തു. സ്ഥലം മാറ്റത്തിനെതിരെ കോടതിയെ സമീപിച്ച മനുവിനും സഹപ്രവർത്തകർക്കും അനുകൂലമായ വിധി സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായി. ദേവൻ രാമചന്ദ്രന്റെ ബെഞ്ച്. സ്ഥലമാറ്റം തെറ്റാണെന്ന് ബഹുമാനപ്പെട്ട വി സിയും കോടതിയെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോയ ട്രസ്റ്റ് അവർക്കനുകൂലമായ വിധി നേടി. അന്വേഷണം നടക്കുമ്പോൾ മാറ്റി നിറുത്താമത്രെ! എന്നിട്ടന്വേഷണം നടക്കുന്നുണ്ടോ! അതുമില്ല. നമ്മുടെ നിയമസംഹിത ഒരു ചിലന്തിവലയാണ്. ശക്തർ വല പൊട്ടിച്ചു പുറത്തുകടക്കും. ദുർബലർ വലയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കും. അതിനിടക്ക് കുറ്റാരോപിതനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. മറ്റൊരു ജില്ലയിലുള്ള പെൺകുട്ടി കൊടുത്ത കേസിൽ അയാൾ മുൻകൂർ ജാമ്യവുമെടുത്തു. പക്ഷെ പഠിപ്പിക്കുന്നത് അതേ കോളേജിൽ, അതേ കുട്ടികളെ. എന്റെ മകനോ! ഒരുപാട് ദൂരെ. എവിടെ നിന്നാണ് മനുഷ്യന് നീതി കിട്ടുന്നത്! എത്ര കാലം അവൻ കാത്തിരിക്കണം!

ജീവിതത്തിന്റെ ഈ സായാഹ്നവേളയിൽ ഇന്നിവിടെ ഈ വീട്ടിൽ ഞാനൊറ്റയ്ക്കാണ് (ശിക്ഷിക്കപ്പെടുന്നത് അവൻ മാത്രമല്ലല്ലോ). കൂട്ടിനുണ്ടായിരുന്ന ആൾ പതിമൂന്ന് കൊല്ലം മുൻപ് യാത്ര പറഞ്ഞു പോയി. എന്നും ഒപ്പമുണ്ടാവുമെന്ന് പ്രതീക്ഷിച്ച മകൻ ശിബി പണ്ടേ കൈവിട്ടു പോയി. ഇന്ന് എന്റെ ഏകാന്തതയ്ക്ക് ഞാൻ തന്നെ കാവലിരിക്കുന്നു. നിശബ്ദയാമങ്ങളിൽ അടുത്തടുത്ത് വരുന്ന കാലത്തിന്റെ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട്. ഭയമില്ല. അത് കാലത്തിന്റെ അനിവാര്യതയാണ്. വെള്ളിയാഴ്ച രാത്രി കഴുത്തിൽ കോളറുമിട്ട് വേദന കടിച്ചമർത്തി ചേർത്തലയിൽ നിന്നും വണ്ടിയോടിച്ചു വരുന്ന മനുവിനെയും ദിവ്യയെയും കാണുന്നതാണ് ഇന്ന് എനിക്ക് കിട്ടുന്ന സാന്ത്വനം (അവനെന്നെ ആശ്വസിപ്പിക്കും. 'സാരമില്ലമ്മാ, ഗുരുദേവനെ വരെ ഓടിച്ചുവിട്ട മണ്ണാണ് ചെമ്പഴന്തി. അങ്ങ് ചേർത്തലയിൽ എല്ലാവർക്കും വലിയ സ്‌നേഹമാണ്, അദ്ധ്യാപകർക്കും, അനധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, വാടകക്ക് വീട് നൽകിയ കുടുംബത്തിനുമൊക്കെ'). നേര് വെളിച്ചമാണ്. പ്രകാശമാണ്. കാത്തിരിപ്പാണ്. എന്റെയും അവന്റെയച്ഛന്റെയും അനുഗ്രഹം മനുവിനും അവന്റെ സഹപ്രവർത്തകരോടുമൊപ്പമാണ്. അവർ ശരിയാണ്, ആ കുട്ടികളും.

എണീറ്റധികനേരമിരിക്കാനുള്ള ആരോഗ്യമെനിക്കിപ്പോഴില്ല. എന്നാലുമിത്രയും കുറിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. ജീവിച്ചിരിക്കുന്നു എന്നതിന്റെ സ്വയം ഓർമപ്പെടുത്തൽ കൂടിയാണ് ഈ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP