Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിസംബർ 2 ന് തന്നെ ബുറെവിക്ക് എന്താണ് സംഭവിക്കുക എന്ന ക്യത്യമായ പ്രവചനം; ശ്രീലങ്ക കടന്ന് വരാൻ ചുഴലിക്കാറ്റുകൾക്ക് മിടുക്ക് കൂടുതൽ വേണമെന്നും മന്നാർ കടലിടുക്ക് ബുറെവിയെയും പിടികൂടിയേക്കുമെന്നും നിരീക്ഷണം; നിവാർ ചുഴലിക്കാറ്റിന്റെ പ്രവചനം അല്പം പാളിയപ്പോൾ വന്നത് വധഭീഷണി; വെതർമാൻ പ്രദീപ് ജോൺ നേരിടുന്ന വെല്ലുവിളികൾ

ഡിസംബർ 2 ന് തന്നെ ബുറെവിക്ക് എന്താണ് സംഭവിക്കുക എന്ന ക്യത്യമായ പ്രവചനം; ശ്രീലങ്ക കടന്ന് വരാൻ ചുഴലിക്കാറ്റുകൾക്ക് മിടുക്ക് കൂടുതൽ വേണമെന്നും മന്നാർ കടലിടുക്ക് ബുറെവിയെയും പിടികൂടിയേക്കുമെന്നും നിരീക്ഷണം; നിവാർ ചുഴലിക്കാറ്റിന്റെ  പ്രവചനം അല്പം പാളിയപ്പോൾ വന്നത് വധഭീഷണി; വെതർമാൻ പ്രദീപ് ജോൺ നേരിടുന്ന വെല്ലുവിളികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ ആശങ്ക പരത്തിയ ബുറെവി ചുഴലിക്കാറ്റ് മന്നാർ കടലിടുക്കിൽ കുടുങ്ങി 33 മണിക്കൂറായി രാംനാഥപുരത്തിന് സമീപമായി തുടരുന്നു. തീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമർദമായി (Low Pressure) മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ബുറെവി വിചാരിച്ച പോലെ വരാതിരുന്നതിന് കാലാവസ്ഥാ വകുപ്പിനെ ട്രോളുകയാണ് പലരും.

തുടക്കംമുതൽ കാലാവസ്ഥാ പ്രവചന ഏജൻസികൾക്ക് ബുറെവിയുടെ വരവിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ശ്രീലങ്കൻ തീരത്ത് കടക്കുന്നതുവരെ തമിഴ്‌നാടുവരെയുള്ള സഞ്ചാരപഥമേ വ്യക്തമായിരുന്നുള്ളൂ. പിന്നീടാണ് അത് തെക്കൻ തമിഴ്‌നാട് വഴി കേരളത്തിൽ കടക്കുമെന്ന് അറിയിച്ചത്. ശക്തികുറഞ്ഞ ന്യൂനമർദമായി കേരളത്തിലൂടെ കടന്നുപോകുമെന്നാണ് ഏറ്റവുമൊടുവിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. എന്നാൽ, അതുസംഭവിച്ചില്ല. എന്നാൽ, ബുറെവിയുടെ വരവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തീരത്തെയും കേരളത്തിലെയും കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്തിയ ഒരാളുണ്ട്. നേരത്തെ തന്നെ പ്രശസ്തനായ തമിഴ്‌നാട്ടിലെ വെതർമാൻ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ എന്ന വെതർ ബ്ലോഗർ. ഡിസംബർ 2 ന് തന്നെ ബുറെവി മന്നാർ കടലിടുക്ക് കടക്കുമ്പോൾ ബുറെവി ദുർബലമാകുമെന്ന് വെതർമാൻ പ്രവചിച്ചിരുന്നു.

ബുറെവി തമിഴ്‌നാട്തീരമെത്തും മുമ്പ് തന്നെ ദുർബലമാകുമെന്നും അതിനുള്ള കാരണങ്ങളും ഡിസംബർ രണ്ടിലെ ലേഖനത്തിൽ വെതർമാൻ നിരത്തുന്നുണ്ട്. ശ്രീലങ്കൻ തീരം കടന്ന് ചുഴലിക്കാറ്റ് എത്തുന്ന പതിവില്ലെന്ന കാര്യവും തന്റെ ലേഖനത്തിൽ പ്രദീപ് ജോൺ സൂചിപ്പിക്കുന്നു. പസഫിക് റിജിന്റെ സ്വാധീനത്തിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ്് ദിശയിൽ നീങ്ങുന്ന ബുറെവി മാന്നാർ കടലിടുക്കിൽ ഒരുദിവസം തങ്ങുന്നതും പടിഞ്ഞാറ് നിന്നുള്ള അറേബ്യൻ റിജിന്റെ സ്വാധീനത്തിൽ പെടുന്നതും ദുർബലമായി, ന്യൂനമർദ്ദമായി അറേബ്യൻ കടലിലേക്ക് നീങ്ങുന്നതും ലേഖകൻ വിശദീകരിക്കുന്നു.

പിന്നീട് പല കാലാവസ്ഥാ വിദഗ്ധരുടെയും നിരീക്ഷണങ്ങളിൽ വ്യക്തമായത് ഇങ്ങനെ:

മാന്നാർ കടലിടുക്കിലെത്തിയപ്പോൾ ബുറെവിയെ പടിഞ്ഞാറുദിശയിൽ വലിച്ച അറബിക്കടലിൽ നിന്നുള്ള അറേബ്യൻ റിജിനൊപ്പം ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള റിജും ശക്തിപ്രാപിച്ചു. ഇതോടെയാണ് മുന്നോട്ടുനീങ്ങാനാകാതെ ബുറെവി മന്നാറിൽ തന്നെ നിലയുറപ്പിച്ചത്. വടക്കു കിഴക്കൻ റിജ് ശക്തി കുറഞ്ഞാൽ ബുറെവി കരയിൽ കയറും. ബുറെവി ചുഴലിക്കാറ്റായി മാറിയപ്പോഴും ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം 100 കിലോമീറ്ററിനപ്പുറം ഉയർന്നിരുന്നില്ല. രണ്ടിന് ശ്രീലങ്കയിൽ കരയിൽ കയറിയതോടെ ബുറെവിയുടെ സഞ്ചാര വേഗം മണിക്കൂറിൽ 10 കിലോമീറ്ററിൽ നിന്നു ശരാശരി 5 കിലോമീറ്ററായി കുറഞ്ഞു. ചുഴലിയിലെ മർദം ശരാശരി 1000 ഹെക്ടോപാസ്‌കൽ മാത്രമായിരുന്നു. വീണ്ടും കടലിലെത്തുമ്പോൾ വേഗം വർധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ മന്നാർ കടലിടുക്കിലെ സാഹചര്യങ്ങൾ കാരണം അതുണ്ടായില്ല. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ 160 കിലോമീറ്റർ നീളത്തിലുള്ള മന്നാറിലെ കരയുടെയും കടലിന്റെയും ഘടകങ്ങൾ ഇടകലർന്ന സവിശേഷ അന്തരീക്ഷമാണ് ചുഴലിക്കാറ്റിന്റെ വേഗം കുറച്ചതെന്നാണു പ്രാഥമികനിഗമനം. പ്രതീക്ഷിച്ചതിലും കൂടുതൽ നേരം ശ്രീലങ്കയുടെ കരയിൽ തങ്ങിയതും ബുറെവിയുടെ ശക്തി കുറച്ചു.

ശ്രീലങ്കൻ തീരം കടന്ന് ചുഴലിക്കാറ്റോ?

നിവാർ ചുഴലിക്കാറ്റിന്റെ സമയത്ത് തന്നെ താൻ ഒരു കാര്യം വ്യക്തമാക്കിയതാണെന്ന് വെതർമാൻ പറയുന്നു. വളരെ ചുരുക്കം ചുഴലിക്കാറ്റുകൾ മാത്രമേ ശ്രീലങ്ക കടന്ന് കര തൊട്ടിട്ടുള്ളു, എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമല്ല. പസഫിക് റിജായിരിക്കാം കാരണമെന്ന് വെതർമാൻ കണക്കുകൂട്ടുന്നു. ശ്രീലങ്കയിൽ കരതൊട്ടിട്ടുള്ളത് മൂന്ന് ചുഴലിക്കാറ്റുകളാണ്. 1978 ലും, 1992 ലും, 2000 ത്തിലും. 20 വർഷത്തിന് ശേഷമാണ് ശ്രീലങ്കയിലേക്ക് ഒരു ചുഴലിക്കാറ്റ് എത്തുന്നത്. റിജുകളുടെ മാറ്റവും മാന്നാർ കടലിടുക്കിലെ നോ മാൻസ് ലാൻഡിൽ കുടുങ്ങുന്നതുകൊണ്ടും ചുഴലിക്കാറ്റ് ദുർബലമാകുമെന്നും വെതർമാൻ തന്റെ കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞിരുന്നു.

പ്രദീപ് ജോണിന് വിമർശകരും വധഭീഷണിയും

കാലാവസ്ഥാ പ്രവചനം ദുഷ്‌ക്കരമാണ്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം ക്യത്യമായി നിർണയിക്കുക എളുപ്പമല്ല. അവസാന നിമിഷം മാറ്റങ്ങൾ വരാം. അതുകൊണ്ട് തന്നെ തമിഴ്‌നാട് തീരത്ത് കഴിഞ്ഞ ആഴ്ച എത്തിയ നിവാർ ചുഴലിക്കാറ്റിനെ കുറിച്ചുള്ള പ്രവചനം അൽപം തെറ്റിയതോടെ സോഷ്യൽ മീഡിയയിൽ ചീത്ത വിളിയായി. വളരെ തീവ്രമായിരിക്കും നിവാർ എന്നാണ് കാലാവസ്ഥാ വിദഗ്ധരെല്ലാം കണക്കുകൂട്ടിയത്. എന്നാൽ, ഭാഗ്യമെന്നോളം മാരക്കാനത്ത് നനുത്ത സ്പർശത്തോടെ ഏറ്റവും കുറച്ച് നാശനഷ്ടങ്ങളുമായി നിവാർ കടന്നുപോയി. എന്നാൽ, ചില നെറ്റിസൺസ് പ്രദീപിനെതിരെ തിരിഞ്ഞു. കാലാവസ്ഥ നിരീക്ഷിക്കാൻ പ്രദീപിന് മതിയായ യോഗ്യതകൾ ഇല്ലെന്നും ചിലർ അധിക്ഷപിച്ചു. നിവാറിനെ കുറിച്ചുള്ള പ്രദീപിന്റെ പ്രവചനം ശരിയായില്ലെന്ന് പറഞ്ഞ് ചിലർ വധഭീഷണി വരെ അയച്ചുവെന്നാണ് ആരോപണം.

നിവാർ പ്രവചിക്കാൻ വളരെ ബുദ്ധിമുട്ടേറിയ ചുഴലിക്കാറ്റായിരുന്നുവെന്ന് പ്രദീപ് സമ്മതിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പും നിവാർ തീവ്രത പ്രാപിക്കുമെന്നാണ് കണക്കുകൂട്ടിയത്. 120 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കണക്കാക്കിയിരുന്നു. പ്രദീപ് പ്രതീക്ഷിച്ചത് മഹാബലിപുരത്തിനും കൽപാക്കത്തിനും ഇടയിൽ കടന്നുപോകുമെന്നായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പാകട്ടെ പോണ്ടിച്ചേരിയിൽ വച്ച് കടക്കുമെന്നു, എന്നാൽ കുറച്ചുവടക്കുമാറി മാരക്കാനത്തിന് അടുത്താണ് അത് കടന്നത്. വേഗതയുടെ കാര്യം എടുക്കുമ്പോൾ തീരത്തോട് അടുത്തപ്പോഴും ചുഴലിക്കാറ്റിന്റെ കണ്ണ് ശരിയായി വികസിച്ചിരുന്നില്ല. എന്നാൽ, വാർദ്ധ, ഗജ, താനെ ചുഴലിക്കാറ്റുകൾക്ക് മനോഹരമായ കണ്ണുകളുണ്ടായിരുന്നു, പ്രദീപ് പറയുന്നു.

താൻ കാലാവസ്ഥാ പ്രവാചകൻ അല്ലെന്നും വെറും വ്യാഖ്യാതാവ് മാത്രമാണെന്നും പ്രദീപ് ജോൺ പറയുന്നു. ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷരെ വിമർശിക്കാറുമില്ല. എപ്പോഴാണ് മഴ പെയ്യുക, എത്ര നേരം പെയ്യും, എത്ര തീവ്രമായിരിക്കും തുടങ്ങിയകാര്യങ്ങളാണ് ആളുകൾക്ക് അറിയേണ്ടത്. താൻ ഐഎംഡിയെ കുറിച്ച് മോശം കാര്യങ്ങൾ പോസ്റ്റ് ചെയ്യാറില്ലെന്നും പറയുന്നു വെതർമാൻ.

നാട്ടുകാർക്ക് വിശ്വാസം പ്രദീപിനെ

ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് കാലാവസ്ഥ പ്രവചിക്കുന്നതിൽ വിരുതനായ തമിഴ്‌നാട് അർബൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യൽ സർവീസിൽ ഡപ്യൂട്ടി മാനേജരായ പ്രദീപ് ജോൺ. 1920 കളിലെ പോലെ കേരളം പ്രളയത്തിൽ ഹാട്രിക് അടിക്കുമെന്ന് പ്രദീപ് ജോൺ പ്രവചിച്ചത് വാർത്തയായിരുന്നു, 2300 മി.മീ ലേറെ മഴ തുടർച്ചയായ മൂന്നാം വർഷവും കിട്ടിയാൽ അത്ഭുതപ്പെടാനില്ലെന്നും വെതർമാൻ
നിരീക്ഷിച്ചിരുന്നു.

കാലാവസ്ഥാ വകുപ്പിനേക്കാൾ പലർക്കും വിശ്വാസം പ്രദീപ് ജോൺ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്. തമിഴ്‌നാട് വെതർമാനെ ഫേസ്‌ബുക്കിൽ പിന്തുടരുന്നത് 57 ലക്ഷം ആളുകളാണ്. 2015ലെ വെള്ളപ്പൊക്കത്തോടെയാണു തമിഴ്‌നാട്ടുകാർ പ്രകൃതിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതൽ ബോധവാന്മാരായതെന്നു പ്രദീപ് പറയുന്നു.

എക്കണോമിക്സിൽ എംബിഎ നേടിയ പ്രദീപ് 1996ലെ പെരുമഴക്കാലത്താണ് ഈ രംഗത്തേക്കു ചുവടുറപ്പിക്കുന്നത്. 1996 ജൂണിൽ ചെന്നൈയിൽ മൂന്നുദിവസം തുള്ളിതോരാതെ പെയ്ത മഴയിൽ പതിനാലുകാരനായ പ്രദീപ് പുറത്തിറങ്ങാനാവാതെ വീട്ടിൽ തന്നെ കുടുങ്ങിപ്പോയി. 700 മില്ലിമീറ്റർ മഴയാണു മൂന്നു ദിവസം കൊണ്ടുമാത്രം ചെന്നെ നഗരത്തിൽ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തിൽ വൈദ്യുതിബന്ധം പോലുമില്ലാതെ ആളുകൾ വീടുകളിൽ അകപ്പെട്ടു. സ്വന്തം വീടിന്റെ ബാൽക്കണിയിൽ 36 മണിക്കൂറോളം മഴ നോക്കിയിരുന്ന പ്രദീപിന്റെ പിന്നീടുള്ള ജീവിതം മഴയുടെ വഴിയേ ആയിരുന്നു. അന്നു മുതൽ മഴയെക്കുറിച്ച് പഠിക്കാൻ ആരംഭിച്ച പ്രദീപ് 2010-ൽ വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച പ്രതിദിന വിവരങ്ങൾ ഉൾപ്പെടുത്തി ബ്ലോഗ് ആരംഭിച്ചു. പ്രമുഖ കാലാവസ്ഥാ ബ്ലോഗുകൾക്കായി ലേഖനങ്ങൾ തയാറാക്കി. 2012ലാണ് പ്രദീപ് ഫേസ്‌ബുക്കിൽ വെതർമാൻ എന്ന പേജ് ആരംഭിക്കുന്നതും കാലാവസ്ഥാ വിവരങ്ങൾ പങ്കുവച്ചു തുടങ്ങിയതും. ഓരോ കാലവർഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങൾ തേടി ആയിരങ്ങൾ ഒഴുകിയെത്തി തുടങ്ങി.

2010ൽ ലൈല ചുഴലിക്കാറ്റ് ചെന്നെയിൽ ആഞ്ഞടിച്ചപ്പോൾ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങൾ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങൾ പങ്കുവച്ചു. 2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതൽ ആളുകൾ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ൽ വാർധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു കൃത്യമായ വിശകലനങ്ങൾ നടത്തിയശേഷമാണു പ്രവചനങ്ങൾ നടത്തുന്നത്. കടുകട്ടിയായ സാങ്കേതികപദാവലികൾ ഒഴിവാക്കി സാധാരണക്കാർക്കു മനസിലാക്കുന്ന തരത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുകയെന്ന ശൈലിയാണു പ്രദീപിനെ ജനപ്രിയനാക്കിയത്. വാർധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിൽ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണു ഫലിച്ചത്.

വിവിധ സ്ഥലങ്ങളിലെത്തി മഴയുടെ കണക്കും കാറ്റിന്റെ ഗതിയും മറ്റും നേരിട്ടറിഞ്ഞു വിശകലനങ്ങളും പഠനങ്ങളും നടത്തുകയാണു ചെയ്യുന്നത്. അഗുംബെ, ചിറാപ്പുഞ്ചി, കുറ്റ്യാടി, ചിന്നക്കല്ലാർ, തലക്കാവേരി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരെ കണ്ടു കൂടുതൽ അറിവുകൾ ശേഖരിക്കാനും ശ്രമിക്കാറുണ്ട്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെ കഴിഞ്ഞ 200 വർഷത്തെ കണക്കുകൾ പ്രദീപിന്റെ ശേഖരത്തിലുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിവരങ്ങളും മറ്റു കാലാവസ്ഥാ വെബ്‌സൈറ്റുകളിലെ വിവരങ്ങളും പ്രദീപ് ഉപയോഗിക്കുന്നുണ്ട്. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിർപ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിർദ്ദേശങ്ങളും കൃത്യമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP