Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറിയ പച്ചക്കറിക്കട പച്ചപിടിച്ചുവരുന്നതിനിടെയാണ് ആ തീപിടുത്തം; ഇൻഷുറൻസ് കമ്പനി നൽകിയ കനത്ത തുക ഉപയോഗിച്ച് അജ്മാനിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് തുടക്കമിട്ടു; നിഷ്‌ക്കളങ്ക സ്വഭാവം സ്വന്തക്കാരടക്കം പലരും മുതലെടുത്തു; ഉള്ള സമ്പാദ്യം എല്ലാം വിറ്റ് രാജ്യം വിടേണ്ടി വന്നത് വിശ്വസ്തരുടെ വഞ്ചന മൂലം; അൽമനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ തലവൻ അബ്ദുൾ ഖാദർ സാബിറിന്റെ വീഴ്ചയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില

ചെറിയ പച്ചക്കറിക്കട പച്ചപിടിച്ചുവരുന്നതിനിടെയാണ് ആ തീപിടുത്തം; ഇൻഷുറൻസ് കമ്പനി നൽകിയ കനത്ത തുക ഉപയോഗിച്ച് അജ്മാനിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് തുടക്കമിട്ടു; നിഷ്‌ക്കളങ്ക സ്വഭാവം സ്വന്തക്കാരടക്കം പലരും മുതലെടുത്തു; ഉള്ള സമ്പാദ്യം എല്ലാം വിറ്റ് രാജ്യം വിടേണ്ടി വന്നത് വിശ്വസ്തരുടെ വഞ്ചന മൂലം; അൽമനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ തലവൻ അബ്ദുൾ ഖാദർ സാബിറിന്റെ വീഴ്ചയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില

ആർ പീയൂഷ്

തിരുവനന്തപുരം: യുഎഇയിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയായ അൽമനാമ ഗ്രൂപ്പ് പ്രതിസന്ധിയിലാവാൻ കാരണം പുറത്തുനിന്നുള്ള ഇടപെടൽ മൂലമെന്ന് സൂചന. മാനേജിങ് ഡയറക്ടറും മലയാളിയുമായ അബ്ദുൾ ഖാദർ സബീർ സ്ഥാപനം അടച്ചുപൂട്ടി രാജ്യം വിട്ടിരിക്കുകയാണ്. ചെറിയ തോതിലാണ് അബ്ദുൾ ഖാദർ സാബിർ അജ്മാനിൽ ബിസിനസ് ജീവിതം തുടങ്ങിയത്. 1978 കാലഘട്ടത്തിൽ അജ്മാനിലെത്തിയ അബ്ദുൾ കാദർ സാബിർ ഒരു ചെറിയ പച്ചക്കറി കടയാണ് ആദ്യമായി ആരംഭിച്ചത്. വലിയ കുഴപ്പമില്ലാതെ കച്ചവടം പച്ചപിടിച്ചു വരുമ്പോഴായിരുന്നു ഒരു തീ പിടുത്തത്തിൽ ആ ചെറിയ കട കത്തി നശിക്കുന്നത്. വലിയ തുകയ്ക്ക് ഇൻഷൂർ ചെയ്തതിനാൽ കനത്ത തുക ഇൻഷുറൻസ് കമ്പനി നൽകി. ഈ തുക ഉപയോഗിച്ചാണ് സഹോദരനൊപ്പം ആദ്യമായി അജ്മാനിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നത്. മികച്ച രീതിയിലുള്ള കച്ചവടമായതിനാൽ വീണ്ടും ഒരു സൂപ്പർമാർക്കറ്റ് കൂടി തുറന്ന്. അങ്ങനെ 22 ഓളം സൂപ്പർമാർക്കറ്റും ഹൈപ്പർമാർക്കറ്റുകളും യു.എ.ഇ യിൽ തുടങ്ങി.

കേരളത്തിൽ സൂപ്പർമാർക്കറ്റ് ആദ്യം തുടങ്ങിയത് കണ്ണൂരിലായിരുന്നു. പിന്നീട് കൊല്ലം കൊട്ടിയത്തും. നിഷ്‌ക്കളങ്കനായിരുന്നതിനാൽ പലർക്കും അദ്ദേഹത്തെ മുതലെടുക്കാൻ കഴിഞ്ഞിരുന്നു. സ്വന്തക്കാർ തന്നെയാണ് അദ്ദേഹത്തെ ചതിയിൽ വീഴ്‌ത്തിയതും. നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്നതിനാൽ എല്ലായിടത്തും ശ്രദ്ധ എത്തിയിരുന്നില്ല. ഇത് മുതലാക്കിയാണ് പലരും ക്രമക്കേടുകൾ നടത്തിയിരുന്നത്. ഒടുവിൽ എല്ലാം കൈവിട്ടപ്പോഴാണ് സ്വന്തക്കാർ തന്നെ ചതിച്ച വിവരം അബ്ദുൾ ഖാദർ സാബിർ അറിയുന്നത്. കടക്കെണിയിലായതിനാൽ ഉള്ള സമ്പാദ്യം എല്ലാം വിറ്റാണ് പോയത് എന്നാണ് ലഭിക്കുന്ന വിവരം. കഠിനാധ്വാനിയായിരുന്ന അബ്ദുൾ ഖാദർ സബീറിന്റെ വീഴ്ചയ്ക്ക് പിന്നിൽ അദ്ദേഹത്തിന്റെ തന്നെ വിശ്വസ്തർ തന്നെയായിരുന്നു. അത് അറിയാൻ വഴിയൊരുക്കിയത് കഴിഞ്ഞ വർഷം മേയിൽ ഷാർജയിലെ അൽമനാമ ഹൈപ്പർ മാർക്കറ്റിന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായതിനെ തുടർന്നായിരുന്നു.

അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും ചെയ്തു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപൻ ബാലകൃഷ്ണൻ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാൻ (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റു അഞ്ചു പേർക്ക് പരിക്കേറ്റു. അൽ അറൂബ സ്ട്രീറ്റിലെ അൽ മനാമ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലമാണിത്. ഇന്ത്യൻ സമയം ശനിയാഴ്ച അർധരാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകൾ കത്തിനശിച്ചു. ഈ സ്ഥാപനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ദിർഹംസ് പിഴയായി നൽകേണ്ടിവന്നു. സ്ഥാപനം നടത്തിക്കൊണ്ടിരുന്ന വിശ്വസ്തർ ഇൻഷുറൻസ് അടയ്ക്കാനുള്ള തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.

അന്ന് മുതലാണ് അൽമനാമ ഗ്രൂപ്പിന്റെ പതനം ആരംഭിക്കുന്നത്. അപകടത്തിന് ശേഷം യു.എ.ഇ യിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും അബ്ദുൾ ഖാദർ സബീർ നടത്തിയ ഓഡിറ്റിങ്ങിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പല സ്ഥാപനങ്ങളിലും പർച്ചേസിങ്ങ് നടത്തിയ വകയിൽ കോടികൾ കൊടുക്കാനുള്ളതായും പല ചെക്കുകളും മുടങ്ങിയതായും മനസ്സിലാക്കി. ഇതോടെ കേരളത്തിലുണ്ടായിരുന്ന കണ്ണൂരിലെ അൽമനാമ ഹൈപ്പർമാർക്കറ്റ് വിറ്റു. പിന്നീട് പരവൂരിലെ ഷോപ്പ് കേരളത്തിലെ ചുമതലയുണ്ടായിരുന്ന ജനറൽ മാനേജർക്ക് വിലയ്ക്ക് കൊടുത്തു. പിന്നെ യു.എ.ഇയിലെ നാലു ഹൈപ്പർമാർക്കറ്റുകൾ വൽക്കുകയും ബാക്കിയുള്ളവ അടച്ചു പൂട്ടുകയുമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് കൊല്ലത്തെയും കരുനാഗപ്പള്ളിയിലെയും ഹൈപ്പർ മാർക്കറ്റുകൾ വിൽപ്പന നടത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതിന് കാരണമായത്.

പ്രതാപമൊക്കെ നഷ്ട്ടപ്പെട്ടതോടെ ഗൾഫിൽ നിന്നും ഒളിവിൽ പോയിരിക്കുകയാണ് അദ്ദേഹം. രണ്ട് വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുു. നല്ല നിലക്ക് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെ ഷബീറിന്റെ ബന്ധുവായ അടുത്ത ജീവനക്കാരൻ തന്നെയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ഉടമയുടെ മറ്റു ബന്ധുക്കൾ പറയുന്നു. യുഎഇയിലെ അറിയപ്പെട്ട ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായി സബീർ മാറിയത് കഠിനി പ്രയത്‌നത്തിലൂടെയാണ്. ഇദ്ദേഹത്തിന്റെ കടകൾഅടയ്ക്കുമ്പോൾ മൂവായിരത്തോളം ജീവനക്കാരാണ് പെരുവഴിയിലായത്. പൊടുന്നനെ ഹൈപ്പർമാർക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നതോടെ 250 കോടി ദിർഹത്തിന്റെ ബാധ്യതയുള്ളതായാണ് റിപ്പോർട്ട്.

ഹൈപ്പർമാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ നൽകുന്ന ഏജൻസികൾക്ക് കോടികണക്കിന് ദിർഹമാണ് നൽകാനുള്ളത്. കൂടാതെ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളവും നൽകുന്നില്ല. സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജൻസിയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതോടെയാണ് അൽ മനാമ ഗ്രൂപ്പിലെ പ്രതിസന്ധി പുറംലോകത്ത് എത്തുന്നത്. അൽമനാമയ്ക്ക് സാധനങ്ങൾ നൽകുന്നവരിൽ ഏറെയും മലയാളികളാണ്.

അതുകൊണ്ട് തന്നെ അൽ മനാമയിലെ പ്രതിസന്ധി അതിന് പുറത്തേക്കുള്ള മലയാളി പ്രവാസികളേയും ബാധിക്കുന്നുണ്ട്. കൊല്ലത്തുകൊട്ടിയത്താണ് സബീറിന്റെ വീട്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പല വിധ ശ്രമങ്ങൾ സബീർ നടത്തി. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. അറ്റ്‌ലസ് രാമചന്ദ്രനെ പോലെ അനിശ്ചിതകാലത്തേക്ക് ചെക്ക് കേസിൽ അകത്തു കിടക്കേണ്ടി വരുമോ എന്നും ഭയന്നു. ഇതോടെയാണ് സബീർ യുഎഇയിൽ നിന്ന് മാറിയത് എന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP