Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്‌സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്‌ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ

അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്‌സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്‌ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: കുപ്രസിദ്ധമായ കേസുകളിലെല്ലാം വക്കാലത്ത് പിടിക്കുന്ന അഭിഭാഷകനാണ് അഡ്വ.ആളൂർ. സൗമ്യ വധക്കേസിൽ, ഗോവിന്ദച്ചാമിയുടെ അടക്കം ഇങ്ങോട്ട് പല ക്രിമിനൽ കേസുകളിലും വിവാദങ്ങളുടെ അകമ്പടിയോടെ ആളൂർ ഹാജരായി. ഈ ആളുരിനെ വാദത്തിൽ ജയിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി പരമേശ്വരത്ത് അടുത്തിടെ പോക്‌സോ കേസിൽ 38 കാരന് 80 വർഷം തടവ് ശിക്ഷ വാങ്ങി കൊടുത്തത്. ഏറ്റവും ഒടുവിൽ, മലപ്പുറത്ത് മുന്നുവർഷത്തോളം ഏഴാംക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 64 വർഷം തടവും 1,70,000 രൂപ പിഴയും വാങ്ങി കൊടുത്തിരിക്കുകയാണ് സപ്‌ന.

ഏഴാം ക്ലാസു മുതൽ ഒമ്പതു ക്ലാസുവരെ പഠിക്കുന്ന സമയത്താണ് പരാതിക്കാരിയെ സംരക്ഷിക്കേണ്ട ചുമതലയുള്ള രണ്ടാനച്ഛനായ 45കാരനായ പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2019 മുതൽ 2021 നവംബർ മാസം വരെയാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയ്ക്കും ഇയാളെ ഭയമാണ്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പൊലീസിനു മൊഴി നൽകിയിരുന്നു. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽകുമാറാണ് പ്രതിയെ ശിക്ഷിച്ചത്.

2022 ഓഗസ്റ്റ് മാസത്തിൽ രജിസ്റ്റർ ചെയ്ത കേസ് വെറും ആറു മാസം കൊണ്ടു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. ഈ കാലയളവിൽ പ്രതിക്കു ജാമ്യം പോലും ലഭിച്ചതുമില്ല. പെരിന്തൽമണ്ണ സബ് ഇൻസ്‌പെക്ടർ ആയിരുന്ന സി.കെ. നൗഷാദ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി അലവിയാണ്. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിനിലെ എസ്.സി.പി.ഒ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പെൺകുട്ടിയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. സംഭവത്തെ തുടർന്നു പഠനത്തിൽ പിന്നാക്കം പോയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ സംസാരിച്ചപ്പോഴാണ് കുട്ടി ആദ്യമായ ക്രൂരകൃത്യങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു ടീച്ചർ സ്‌കൂൾ അധികൃതരേയും തുടർന്ന് ചൈൽഡ് ലൈനിനേയും വിവരം അറിയിക്കുകയായിരുന്നു.

പ്രതിക്ക് ജാമ്യംപോലും ലഭിക്കാതെ വെറും ആറു മാസം കൊണ്ടു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കിയതിന് പൊലീസിനോടൊപ്പം തന്നെ വലിയ കൈയടി നേടുന്നത് പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി പരമേശ്വരത്തുമാണ്.
മാസങ്ങൾക്കു മുമ്പു ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 38കാരന് രണ്ട് ഇരട്ട ജീവപര്യന്തവും പിഴയും വാങ്ങിച്ചു നൽകിയതും ഇതെ സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർ തന്നെയാണ്.
അന്നത്തെ പ്രതിക്കു 80വർഷം തടവാണു ഈ വനിതാ അഭിഭാഷക വാങ്ങിച്ചു നൽകിയത്. പോക്സോ കേസിൽ പ്രതികൾ പുല്ലുപോലെ ജാമ്യത്തിലിറങ്ങിപ്പോകുമ്പോൾ വൻ സാമ്പത്തിക ശേഷിയുള്ള പ്രതി, പ്രസിദ്ധിയും അതുപോലെ കുപ്രസിദ്ധിയിലൂടേയും പേരുകേട്ട അഡ്വ. ബി.എ. ആളൂർ തന്നെ വാദിക്കാനായി എത്തിച്ചിട്ടും കേസിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷതന്നെയാണു അന്നു പ്രതിക്കുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർ സപ്ന പി. പരമേശ്വരത്തിന്റെ വാദത്തിലൂടെ ലഭിച്ചത്. പെരിന്തൽമണ്ണ സ്വദേശിയും നിലവിൽ കോഴിക്കോട്ടെ താമസക്കാരിയുമാണ് സപ്ന പി. പരമേശ്വരത്ത്.

ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പെരിന്തൽമണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അനിൽകുമാറാണ് വിധി പറഞ്ഞത്. 2016-ൽ പെരിന്തൽമണ്ണ പൊലീസാണ് രണ്ട് കേസുകളായി രജിസ്റ്റർ ചെയ്തത്. ഒൻപതുകാരിയുടെ കേസിൽ പോക്സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽതന്നെ ഐ.പി.സി. യിലെ രണ്ട് വകുപ്പുകൾ പ്രകാരം പത്തും ഏഴും വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവക്കുള്ള വകുപ്പുകളനുസരിച്ചാണിത്. പ്രോസികൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു.

രണ്ടാമത്തെ കേസിലും പോക്സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി. പ്രകാരം ഇതിലും പത്ത്, ഏഴ് വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യ കുട്ടികൾക്ക് നഷ്ടപരിഹാരമായി നൽകണം. ഇതിൽ 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.

പെരിന്തൽമണ്ണ സ്വദേശിനിയായ സപ്ന പി. പരമേശ്വരത്ത് പെരിന്തൽമണ്ണയിൽ തന്നെയാണു ജനിച്ചതും വളർന്നതുമെല്ലാം. തുടർന്നു അടുത്തിടെയാണു മകൾ മേഖലയോടൊപ്പം താൽക്കാലികമായി കോഴിക്കോട്ടേക്കു താമസം മാറ്റിയത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പുനർജനി ഓർഗനൈസേഷന്റെ ഫൗണ്ടർ മെമ്പർകൂടിയാണ് സപ്ന. 20വർഷമായി അഭിഭാഷക മേഖലയിലുള്ള സപ്ന 11വർഷം മുമ്പാണു കുട്ടികളുടെയും സ്ത്രീകളുടേയും അവകാശ സംരക്ഷണത്തിനും, നിയമപോരാട്ടങ്ങൾക്കു സഹായിക്കാനുമായി പുനർജനി എന്ന പേരിൽ സംഘടന രൂപീകരിക്കുന്നത്.

2016ൽ ഗർഭിണിയും പീഡനത്തിനിരയാവുകയും ചെയ്ത പ്രായപൂർത്തിയാകാത്ത ബംഗ്ളാദേശി പെൺകുട്ടിയെ യാത്രാരേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ ജയിലിലടച്ചപ്പോൾ ഇവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പുനർജനിയുടെ നേതൃത്വത്തിൽ നടത്തിയതു വലിയ പോരാട്ടം തന്നെയായിരുന്നു. 16കാരിയും ഗർഭിണിയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുതിർന്നവരുടെ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. പുനർജനി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നും, സെക്സ് റാക്കറ്റുകളുടെ കൈയിൽ വീണതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. തുടർന്നു ബംഗളാദേശിൽനിന്നും ഒരു നിയമവിദഗ്ധന്റെ കൂടി സഹായത്തോടെയാണ് സപ്നയുടെ പുനർജനി ടീം പെൺകുട്ടി നിയമപരമായി മോചിപ്പിച്ചു ബംഗളാദേശിലേക്കു തന്നെ തിരിച്ചെത്തിച്ചത്.

ഇതിനു പിന്നാലെ സപ്നയും ടീം നടത്തിയ അന്വേഷത്തിൽ ബംഗ്ലാദേശിൽനിന്നും പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ കേരളത്തിലേക്കു ലൈംഗിക തൊഴിലിനായി എത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. 12 ഉം 13ഉം വയസ്സ് പ്രായമുള്ള മൂന്നു ബംഗ്ലാദേശി കുട്ടികളെ കേരളത്തിലെത്തിലെത്തിച്ച് വർഷങ്ങളോളം ലൈംഗിക തൊഴിലിന് ഉപയോഗിച്ചതായും കണ്ടെത്തി. ഈപെൺകുട്ടിളെ പൊലീസ് പിടികൂടിയതിനെ തുടർന്നു പുനർജനിയുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തി അന്വേഷിച്ചപ്പോഴാണു സെക്സ് റാക്കറ്റുകളുടെ കഥ പുറത്തുവരുന്നത്.

ബംഗ്ളാദേശിലെ നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടികൾക്ക് കേരളത്തിൽ ജോലി വാഗ്ദാനംചെയ്ത് ആദ്യം മുംബൈയിലേക്കും ശേഷം ബാംഗ്ളൂരുവിലേക്കും അവിടേ നിന്നും കോഴിക്കോട് താമരശ്ശേരിയിലേക്കും എത്തിക്കുന്നതായി വിവരം അറിയുന്നത്. ഇത്തരം കേസുകളിൽപെടുന്ന പെൺകുട്ടികൾക്കുവേണ്ടി കോടതിയിൽ ശബ്ദിക്കാൻ ആരും തന്നെയില്ലാത്തതിനാൽ ഇവരുടെ കേസുകൾ അനന്തമായി നീണ്ടുപോകുന്നതും പതിവായിരുന്നു. പ്രതികൾ വിചാരണക്കു ഹാജരാകാതെ വരുന്നതും പതിവായിരുന്നു. തുടർന്നു സപ്നയും പുനർജനിയുടേയും ഇടപെടലുകൾ മൂലം കോഴിക്കോട്ടെ ഇത്തരം കേസുകൾക്കു പര്യവസാനമുണ്ടാക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനാൽ തന്നെ നിരവധി ഭീഷണികളും സപ്നക്കു വരാറുണ്ട്. അടുത്തിടെ പേരുവെളിപ്പെടുത്താത്ത ഒരു തെറിക്കത്തും പോസ്റ്റലായി വന്നു.

സാമൂഹ്യ നന്മ ലക്ഷ്യമാക്കി നിരവധി ഇടപെടലുകൾ നടത്തുന്ന സപ്ന പക്ഷെ തന്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കാനോ മാധ്യമങ്ങളിൽ വാർത്തയാകുവാനോ താൽപര്യം കാണിക്കാറുമില്ല. തന്റെ പ്രവത്തന മേഖലയിലും സാമൂഹ്യപ്രവർത്തനങ്ങളിലും സംതൃപ്തിയോടു കൂടി ജോലിചെയ്യണമെന്ന ആഗ്രഹം മാത്രമാണു സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP