Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

അഴിമതി വീരനായ ദുശ്ശാസനക്കുറുപ്പിന്റെ തരികിടയിൽ 'പഞ്ചവടി പാലം പൊളിഞ്ഞത് ഉദ്ഘാടന നാളിൽ തന്നെ; പാലാരിവട്ടം മേൽപ്പാലത്തിൽ വാഹനങ്ങൾ കയറി തുടങ്ങുമ്പോഴേ പേടിപ്പിക്കുന്ന വലിയശബ്ദങ്ങൾ; യുഡിഎഫ് സർക്കാരിന്റെ സ്പീഡ് പദ്ധതിയിൽ എല്ലാറ്റിനും സ്പീഡ് കൂടിയതോടെ പാലത്തിൽ വിള്ളലും പൊട്ടലും; പാലം പൊളിച്ചുപണിയണമെന്ന് വിധിയെഴുതിയ ഇ.ശ്രീധരന് ഈഗോയെന്ന് പഴിച്ചവർക്ക് ഒടുവിൽ പിഴച്ചു; ശ്രീധരൻ മുതൽ ശ്രീധരൻ വരെ: പാലാരിവട്ടം പാലത്തിന്റെ കഥ

അഴിമതി വീരനായ ദുശ്ശാസനക്കുറുപ്പിന്റെ തരികിടയിൽ 'പഞ്ചവടി പാലം പൊളിഞ്ഞത് ഉദ്ഘാടന നാളിൽ തന്നെ; പാലാരിവട്ടം മേൽപ്പാലത്തിൽ വാഹനങ്ങൾ കയറി തുടങ്ങുമ്പോഴേ പേടിപ്പിക്കുന്ന വലിയശബ്ദങ്ങൾ; യുഡിഎഫ് സർക്കാരിന്റെ സ്പീഡ് പദ്ധതിയിൽ എല്ലാറ്റിനും സ്പീഡ് കൂടിയതോടെ പാലത്തിൽ വിള്ളലും പൊട്ടലും; പാലം പൊളിച്ചുപണിയണമെന്ന് വിധിയെഴുതിയ ഇ.ശ്രീധരന് ഈഗോയെന്ന് പഴിച്ചവർക്ക് ഒടുവിൽ പിഴച്ചു; ശ്രീധരൻ മുതൽ ശ്രീധരൻ വരെ: പാലാരിവട്ടം പാലത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാലാരിവട്ടം പാലത്തെ പലരും കളിയാക്കുന്നത് പഞ്ചവടി പാലമെന്നാണ്. നിർമ്മിച്ച് ഉദ്ഘാടന ദിവസം തന്നെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പിന്റെയും സംഘത്തിന്റെയും അഴിമതിയിൽ മുങ്ങി തകർന്ന് വീഴുന്ന കെ.ജി.ജോർജ് പടത്തിന്റെ ഓർമ ഹൈക്കോടതിക്ക് പോലുമുണ്ടായി. പാലാരിവട്ടം പഞ്ചവടിപ്പാലമോ എന്ന് കോടതിയും ചോദിച്ചുപോയി. വഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുർവിനിയോഗം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് കേസെടുത്ത വിജിലൻസ് ബന്ധപ്പെട്ടവർക്കെതിരെ എടുത്തത്. നിലവാരം കുറഞ്ഞ കോൺക്രീറ്റ്, ഗുണനിലവാരമില്ലാത്ത സിമന്റ്, കമ്പിയും ഉപയോഗിച്ചതായും വിജിലൻസ് കണ്ടെത്തി. കുറഞ്ഞ ചെലവിൽ നിർമ്മാണം പൂർത്തിയാക്കാൻ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിക്കുകയായിരുന്നെന്നും ഇതിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും വിജിലൻസ് കണ്ടെത്തി.

ഇതെല്ലാം ചോദ്യം ചെയ്ത ഇ.ശ്രീധരന് ഈഗോ ആണെന്നാണ് സുപ്രീം കോടതിയിൽ നിർമ്മാണ കമ്പനി ഉന്നയിച്ച വിചിത്രവാദം. ഇ. ശ്രീധരൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളെ തുടർന്ന് ആണ് സംസ്ഥാന സർക്കാർ പാലം പൊളിക്കാൻ ഉള്ള നടപടികളിലേക്ക് കടന്നത് എന്ന് പാലം നിർമ്മാതാക്കൾ ആയ ആർ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജർ ആയ അഭിഷേക് മനു സിങ്വി ആരോപിച്ചു. ശ്രീധരന്റെ ഈഗോ ആണ് ഇത്തരം ഒരു അഭിപ്രായപ്രകടനത്തിന് കാരണം ആയത് എന്നും അദ്ദേഹം ആരോപിച്ചു. മേൽപ്പാലത്തിന്റെ കൺസൽട്ടന്റ് ആയ കിറ്റ് കോയ്ക്ക് വേണ്ടി ഹാജർ ആയ ഗോപാൽ ശങ്കര നാരായണനും ഈ അഭിപ്രായത്തെ പിൻതാങ്ങി.

എന്നാൽ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എൻജിനീയർ ആണ് ശ്രീധരന് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ശ്രീധരന് എതിരായ പരാമർശം പ്രതിഷേധാർഹം ആണെന്നും അറ്റോർണി ജനറൽ വാദിച്ചു.

പുതിയ പാലം വരുമ്പോൾ

പാലാരിവട്ടത്ത് ഇനി നിർമ്മിക്കാൻ പോകുന്ന പാലം നൂറു വർഷം നിലനിൽക്കും എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ഇത് കൂടി കണക്കിലെടുത്തുകൊണ്ടുള്ള രൂപകൽപ്പന ആണ് സർക്കാർ ആലോചിക്കുന്നത്. പുതിയ പാലം നിർമ്മിക്കാൻ ഏതാണ്ട് 18 കോടി ചെലവ് വരും എന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോഴത്തെ പാലത്തിന്റെ അറ്റകുറ്റ പണിക്ക് എട്ട് കോടിയോളം ചെലവ് വരും. എന്നാൽ പാലം 20 കൊല്ലത്തിന് അപ്പുറം നിലനിൽക്കില്ല എന്നും വേണുഗോപാൽ വാദിച്ചു. സ്വാഭാവികമായും ജനങ്ങളുടെ സുരക്ഷയാണ് സുപ്രീംകോടതി നോക്കിയത്. അതുകൊണ്ട് തന്നെ പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഭാരപരിശോധനയ്ക്ക് നിർദ്ദേശിച്ച ഹൈക്കോടതി വിധിയെയും സുപ്രീംകോടതി വിമർശിച്ചു.

സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പടെ ഉള്ള വിദഗ്ദ്ധർ ആണ് മേൽപാലം അപകടാവസ്ഥയിൽ ആണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റ് ഇല്ല എന്നും കോടതി പറഞ്ഞു.

ഗതാഗതം തുറന്ന് രണ്ടരവർഷത്തിനുള്ളിൽ ബലക്ഷയം

ഗതാഗതത്തിന് തുറന്ന് രണ്ടരവർഷത്തിനുള്ളിൽ ബലക്ഷയം സംഭവിച്ചത് മലയാളികളെ ആകെ ഞെട്ടിച്ചുകളഞ്ഞു. നേരാംവണ്ണം കാര്യങ്ങൾ ചെയ്തില്ലെന്ന തോന്നൽ പ്രബലമായി എന്നുമാത്രമല്ല, അതുസത്യമെന്ന് തെളിയുകയും ചെയ്തു.

സ്പീഡ് പദ്ധതിയിൽ സ്പീഡ് വല്ലാതെ കൂടി

ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്പീഡ് പദ്ധതിയിൽപ്പെടുത്തി 2013 ലാണ് പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കുന്നത്. അനധികൃത സ്വത്തു സമ്പാദന കേസിൽ സർവ്വീസിൽ നിന്ന് സസ്പെൻഷനിലായിരുന്ന ടി ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായി സർവ്വീസിൽ തിരിച്ചെത്തിയതും ഈ സമയത്താണ്.ദേശീയപാത അഥോറിറ്റി നിർമ്മിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുത്തു.. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചെയർമാനായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷ(ആർബിഡിസികെ)ന് മേൽനോട്ട ചുമതല നൽകി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്കോ കൺസൾട്ടൻസിയായി.

നിർമ്മാണ കരാറിൽ തിരുത്തലും കൃത്രിമവും

പാലം നിർമ്മാണം കരാർ നൽകാനുള്ള രേഖകളിൽ തിരുത്തലും കൃത്രിമവും കാണിച്ച് ആർഡിഎസ് പ്രോജക്ട്സ് എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലൻസ് കണ്ടെത്തി. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിർമ്മാണം ആറ് കോടിയോളം കുറവിലാണ് ആർഡിഎസ് കരാറെടുത്തത്.

അതിവേഗ കരാറിന് ഇബ്രാഹിം കുഞ്ഞും സൂരജിന് കൂട്ട്

നിർമ്മാണത്തിന് മുൻകൂർ പണം(മൊബിലിറ്റി അഡ്വാൻസ്) നൽകില്ലെന്ന് മറ്റു കരാറുകാരോട് പറഞ്ഞെങ്കിലും എട്ടേകാൽ കോടി രൂപ മന്ത്രിയുടെ ഇടപെടലിൽ അതിവേഗം അനധികൃതമായി കരാറുകാരന് കൈമാറി. ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ് വെളിപ്പെടുത്തിയത് ക്രമക്കേടിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തിയ വി കെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി കിട്ടി.

സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട ആർഡിഎസിന് പാലാരിവട്ടം ലോട്ടറി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആർഡിഎസ് അത് മറികടക്കാൻ കൂടിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിർമ്മാണമേറ്റെടുത്തത്. യുഡിഎഫ് സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലവും കരാർ തുകയിൽ നിന്ന് വീതിച്ചു. പാലം നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റു കൂട്ട് നിർദ്ദിഷ്ട നിലവാരത്തിലും താഴെയായി. കമ്പി നിലവാരം കുറഞ്ഞതായി. അതും ആവശ്യത്തിന് ഉപയോഗിച്ചില്ല.

വാഹനങ്ങൾ കയറുമ്പോൾ വലിയശബ്ദത്തോടെ പാലം ഇളകി

ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേൽനോട്ടമില്ലാതെ ആർഡിഎസ് തോന്നിയപടി നിർമ്മാണം പൂർത്തിയാക്കി. ഗതാഗതത്തിന് തുറന്ന പാലം ഒന്നാംദിവസം മുതൽ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങൾ കയറുമ്പോൾ വലിയ ശബ്ദത്തോടെ പാലം ഇളകി. സ്പാനുകൾക്കിടയിലെ ജൊയിന്റ് തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകൾ നിലവാരക്കുറവ് മൂലം തകർന്നു. കോൺക്രീറ്റ് നിർമ്മാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായതോടെ മദ്രാസ് ഐഐടിയെ പരിശോധനക്ക് നിയോഗിച്ചു. രണ്ടര വർഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂൺ ഒന്നിന് അടച്ചു.

ഇ.ശ്രീധരൻ വരുന്നു

ആദ്യം മദ്രാസ് ഐഐടിയും പിന്നീട് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘവും രിശോധന നടത്തി. ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ പരിശോധനയിൽ തന്നെ പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ അഭിപ്രായം കൂടി തേടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ് ഠണ്ടനെ പൊലുള്ള വിദഗ്ധരുമുൾപ്പെട്ട സംഘം രണ്ട്വട്ടം പാലം പരിശോധിച്ചു.

പാലം പൊളിച്ചുപണിയണമെന്ന് ശ്രീധരൻ

പാലം പൊളിച്ചു പണിയണമെന്ന് ശ്രീധരനും കൂട്ടരും വിധിയെഴുതി. പാലത്തിന്റെ ഡിസൈനിൽ മുതൽ കുഴപ്പങ്ങളുള്ളതായി ശ്രീധരൻ വെളിപ്പെടുത്തി. 18.71 കോടി രൂപ ചെലവിൽ പാലം പുനർനിർമ്മിക്കണമെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം സുരക്ഷിതമാകില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. രാജ്യത്ത് ഇത്തരമൊരു നിർമ്മാണം ആദ്യമാണെന്ന് ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

വിജിലൻസ് അന്വേഷണം വരുന്നു

പാലം പുനർനിർമ്മിക്കാനുള്ള നടപടികൾക്കൊപ്പം നിർമ്മാണത്തിലെ അഴിമതി കണ്ടെത്താൻ സർക്കാർ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. നിർമ്മാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ, കൺസൾട്ടൻസിയായ കിറ്റ്കോ, ഫണ്ടിങ് ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ ഓഫീസുകൾ പരിശോധിച്ച് വിജിലൻസ് 147 സുപ്രധാന രേഖകൾ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഉൾപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സുരജ് കിറ്റ്‌കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരെയടക്കം നാല് പേരെയാണ് വിജിലൻസ് സംഘം 2019 ഓഗസ്റ്റ് 30 ന് അറസ്റ്റ് ചെയ്തു. ഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പാലാരിവട്ടം പാലം നിർമ്മാണത്തിന് പിന്നിൽ നടന്ന അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം വിജിലൻസ് കോടതിയെ അറിയിച്ചു.അറസ്റ്റിലായ പ്രതികൾക്ക് കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചു. അവർ പുറത്തിറങ്ങിയാൽ കേസിനെ വഴിതിരിച്ചുവിടാൻ ഇടപെടുമെന്ന വിജിലൻസ് വാദം അംഗീകരിച്ചാണ് ഓരോ തവണയും ജാമ്യം നിഷേധിച്ചത്.

പാലം പുതുക്കി പണിയാനും ശ്രീധരൻ

മേൽപാലം പുതുക്കി പണിയുന്നതിന്റെ മേൽനോട്ടച്ചുമതല ഇ. ശ്രീധരന് നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഒമ്പത് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും. മുഖ്യമന്ത്രിയും താനും ഇന്നുതന്നെ ശ്രീധരനോട് ഇക്കാര്യം ചർച്ച ചെയ്യും. സുപ്രീംകോടതി വിധി നിയമപരമായും ഭരണപരമായും സാങ്കേതികമായും ശരിയാണെന്നും മന്ത്രി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP