Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എഐസിസി സെക്രട്ടറിയുമായി; വാർദ്ധക്യത്തിൽ ഗവർണർ പദവി കൊടുത്തപ്പോൾ രണ്ടു യുവതികൾക്കൊപ്പം ശയിച്ച വീഡിയോ പുറത്തായി; അവിഹിത ബന്ധത്തിൽ പിറന്ന വേറൊരു മകൻ പിതൃത്വത്തിന് വേണ്ടി കേസ് നൽകി; തൊണ്ണൂറ്റൊന്നാം വയസ്സിൽ അധികാരക്കൊതി മൂത്ത് ബിജെപിയിലേക്ക് ചേരുന്ന എൻ ഡി തിവാരി എന്ന മഹാന്റെ കഥ

രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എഐസിസി സെക്രട്ടറിയുമായി; വാർദ്ധക്യത്തിൽ ഗവർണർ പദവി കൊടുത്തപ്പോൾ രണ്ടു യുവതികൾക്കൊപ്പം ശയിച്ച വീഡിയോ പുറത്തായി; അവിഹിത ബന്ധത്തിൽ പിറന്ന വേറൊരു മകൻ പിതൃത്വത്തിന് വേണ്ടി കേസ് നൽകി; തൊണ്ണൂറ്റൊന്നാം വയസ്സിൽ അധികാരക്കൊതി മൂത്ത് ബിജെപിയിലേക്ക് ചേരുന്ന എൻ ഡി തിവാരി എന്ന മഹാന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അധികാരത്തിന്റെ ലഹരി നുണഞ്ഞവർക്ക് അതിൽനിന്ന് മാറിനിൽക്കാനാവില്ലെന്നതിന് ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതിൽ ഏറ്റവുമൊടുവിൽ ഉദാഹരണമായി എത്തുകയാണ് സാക്ഷാൽ എൻ ഡി തിവാരിയെന്ന കോൺഗ്രസ് നേതാവ്.

രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി, ഇതിനെല്ലാം പുറമെ വാർദ്ധക്യകാലത്ത് ഗവർണർ പദവി ഇങ്ങനെ ഇപ്പോൾ തൊണ്ണൂറ്റൊന്നാം വയസ്സുവരെയെത്തി നിൽക്കുമ്പോഴും അധികാരമോഹത്തിൽ ബിജെപിയിലേക്ക് ചേക്കേറുകയാണ് തിവാരി.

ഏറെക്കാലം ഉത്തർ പ്രദേശിലും പിന്നീട് ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന നാരായൺ ദത്ത് തിവാരി ഉത്തരാഖണ്ഡിൽ പുതിയ തിരഞ്ഞെടുപ്പുകാലമെത്തുമ്പോൾ അതിൽനിന്ന് പ്രയോജനമുണ്ടാക്കാമെന്ന ധാരണയുമായാണ് മകനൊപ്പം ഇന്ന് ബിജെപി പാളയത്തിലേക്ക് കാലുമാറുന്നത്. മകൻ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെപി സീറ്റ് ഉറപ്പ് നൽകിയതോടെയാണ് കൂടുമാറ്റം.

കുമോൺ മേഖലയിൽ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് തിവാരി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരക്കൊതിക്ക് പുറമെ പെൺവിഷയങ്ങളിലെ ദൗർബല്യങ്ങളിലൂടെയും നിരവധി തവണ വാർത്തകളിൽ നിറഞ്ഞ ഈ വയോധികൻ ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു വിവാദത്തിനും തിരികൊളുത്തുകയാണെന്നും പറയാം.

എംഎൽഎയായി തുടങ്ങി പ്രധാനമന്ത്രിയാകാൻ വരെ തന്ത്രങ്ങൾ

പെൺവിഷയങ്ങളിലെ താൽപര്യമാണ് എന്നും നാരായൺ ദത്ത് തിവാരിയെന്ന ഈ ഉത്തരാഖണ്ഡുകാരനെ വാർത്തകളിൽ നിറച്ചുനിർത്തിയത്. 1952ൽ ഉത്തർപ്രദേശ് അസംബഌയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ നൈനിറ്റാൾ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയാണ് അദ്ദേഹം അധികാരങ്ങളിലേക്ക് ചുവടുവയ്ച്ചത്. അതുമുതൽ ഇങ്ങോട്ട് തിവാരി അധികാരംവിട്ട് നിന്നിട്ടില്ലെന്നുതന്നെ പറയാം.

ആദ്യം പ്രജാ സമാജ് വാദി പാർട്ടിയിലായിരുന്ന തിവാരി തുടർന്ന് 57ലും നൈനിറ്റാളിൽ നിന്നുതന്നെ അസംബഌയിലെത്തി. ആ വർഷം അസംബ്ലിയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ഉയർന്നു. 1963ലാണ് കോൺഗ്രസിൽ ചേരുന്നത്. തുടർന്ന് കാശിപൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തിവാരി 1965ൽ യുപിയിൽ മന്ത്രിപദവിയിലേക്കെത്തി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് പദവിയിലെത്തിയ തിവാരി അങ്ങനെ പാർട്ടിയിലും അധികാരത്തിലും ഒരേസമയം പടവുകൾ കയറി മുന്നേറ്റം തുടങ്ങുകയായിരുന്നു.

അങ്ങനെയാണ് മൂന്നു തവണ യുപിയിലെ മുഖ്യമന്ത്രിയായി മാറുന്നത്. അയോധ്യയിലെ തർക്കഭൂമി പരിസരത്ത് ശിലാന്യാസം നടത്താമെന്ന് രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് 1989 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ അനുമതി നൽകിയതിന് ശേഷം യുപി കോൺഗ്രസിനെ കൈവിട്ടതോടെയാണ് തിവാരിക്കും അധികാരംവിട്ട് ഇറങ്ങേണ്ടി വന്നത്. തുടർന്നാണ് കോൺഗ്രസിൽ നിന്ന് യുപിയിൽ മുലായം അധികാരം പിടിച്ച് മുഖ്യമന്ത്രിയാകുന്നതും.

ഇടക്കാലത്ത് ലോക്‌സഭയിലേക്കും എത്തിയ തിവാരി കേന്ദ്രമന്ത്രിസ്ഥാനവും സ്വന്തമാക്കി. പിന്നീട് രാജ്യസഭയിലൂടെ എത്തിയും മന്ത്രിയായി. ഒടുവിൽ 1990 കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ ഒരുങ്ങവെ അദ്ദേഹത്തിൽ നിന്ന ആ പദവി പിടിച്ചുവാങ്ങാൻ സർവ കളികളും കളിച്ചയാളാണ് തിവാരി.

പക്ഷേ, എണ്ണൂറ് വോട്ടിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് തിവാരിയുടെ ഈ മോഹം പൊലിഞ്ഞത്. അങ്ങനെ തന്റെ ഏറ്റവും വലിയ മോഹം നടക്കാതെ വന്നതോടെ 1994ൽ തിവാരി കോൺഗ്രസിൽ നിന്ന് രാജിവച്ച് അർജുൻ സിംഗുമായി ചേർന്ന് സ്വന്തം പേരിൽ കോൺഗ്രസ് പാർട്ടിയുണ്ടാക്കി. പക്ഷേ, രണ്ടുവർഷം കഴിഞ്ഞ് സോണിയ അധികാരകേന്ദ്രമായതിന് ശേഷം വീണ്ടും തിരികെയെത്തി. പിന്നീട് രണ്ടുവട്ടംകൂടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ വീണ്ടും ഉത്തരാഖണ്ഡ് സംസ്ഥാനം വന്നതോടെ അവിടെ മുഖ്യമന്ത്രിയാകാമെന്ന മോഹത്തോടെ ലാവണം അങ്ങോട്ടേക്ക് മാറ്റുകയും 2002 മുതൽ 2007 വരെ അവിടെ മുഖ്യമന്ത്രിയായി ഇരിക്കുകയും ചെയ്തു. ഈ ഭരണകാലത്ത് കോൺഗ്രസിന് ഉത്തരാഖണ്ഡിൽ അടിത്തറയിളകിയതോടെ ഇനി തിരഞ്ഞെടുപ്പ് ഗോദയിൽ ഭാവിയില്ലെന്ന് മനസ്സിലാക്കി തിവാരി ആ രംഗം വിടാൻ തീരുമാനിച്ചു. പക്ഷേ, അധികാര മോഹം അവിടംകൊണ്ടും തീർന്നില്ല. മുഖ്യമന്ത്രി പദം വിട്ട ആ വർഷം തന്നെ ആന്ധ്രയിലെ ഗവർണർ പദവി തിവാരി തരപ്പെടുത്തിയെടുത്തു തിവാരി.

സെക്‌സ് വീഡിയോ കസേര തെറിപ്പിച്ചു

ഇത്തരത്തിൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന നിലയിൽ രാഷ്ട്രീയ പദവികളിലും അധികാരത്തിലും ഇരുന്ന തിവാരി അവസാനം ആന്ധ്രയിലെ ഗവർണറായിരിക്കുമ്പോൾ വന്ന ലൈംഗികാപവാദം ആ കസേര തെറിപ്പിക്കുകയായിരുന്നു. ഇതോടെ 2007ൽ ഗവർണറായ തിവാരിക്ക് 2009ൽ അധികാരം വിട്ട് ആന്ധ്ര ഗവർണർ പദവി ഒഴിയേണ്ടിവന്നു. എൺപത്താറുകാരനായിരുന്ന തിവാരിയും മൂന്ന് യുവതികളുമായി നടന്ന രതിമേളനത്തിന്റെ ദൃശ്യങ്ങളാണ് അക്കാലത്ത് ചാനലുകളിൽ നിറഞ്ഞത്. ദേശീയതലത്തിലും വിഷയം വലിയ ചർച്ചയായി മാറിയതോടെ ആദ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ തിവാരി രാജിവച്ച് അധികാരമൊഴിഞ്ഞു.

എൺപത്തിയഞ്ചുകാരനായ തിവാരി അർധനഗ്‌നനായി പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന നഗ്‌നരായ മൂന്ന് യുവതികൾക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം എ.ബി.എൻ. ആന്ധ്രജ്യോതി എന്ന ചാനൽ ആണ് പുറത്തുവിട്ടത്. ഇതിൽ ഒരു യുവതി ഗർഭിണിയുമായിരുന്നു. ചാനലിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രത്യക്ഷ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു പൊതുതാൽപര്യ ഹരജി പരിഗണിച്ച് ആന്ധ്ര ഹൈക്കോടതി സംപ്രേഷണം നിർത്താൻ ഉത്തരവിട്ടു.

ഇതിന് പുറമെ ഗവർണർക്ക് സ്്ത്രീകളെ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്നും തന്നെ വിളിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഉത്തരാഖണ്ഡിൽ നിന്നുള്ള രാധിക എന്നൊരു സ്ത്രീയും രംഗത്തുവന്നു. ഖനനത്തിനുള്ള ലൈസൻസ് തരപ്പെടുത്തിത്തരാമെന്നു പറഞ്ഞാണ് ഗവർണർ സ്ത്രീകളെ ആവശ്യപ്പെട്ടതെന്നും ഇതിന് മുൻപ് അർധരാത്രി പോലും സ്ത്രീകളെ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്നു തന്നെ വിളിച്ചിരുന്നുവെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് തിവാരിക്ക നിൽക്കക്കള്ളിയില്ലാതെ രാജിവയ്‌ക്കേണ്ടി വന്നത്.

എല്ലാക്കാലത്തും സ്ത്രീകളെ അടുത്തുകണ്ടാൽ കയ്യിലെങ്കിലും കയറിപ്പിടിക്കുകയും താലോലിക്കുകയും ചെയ്യുന്ന ശീലമുള്ളയാളാണ് തിവാരിയെന്ന് അതോടെ പലരും പറഞ്ഞുതുടങ്ങി. മുൻകാലങ്ങളിലെ ചിത്രങ്ങളും ഇതിന് തെളിവായി ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ അധികാരം നഷ്ടപ്പെട്ടെങ്കിലും ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിൽ വീണ്ടും മേൽക്കൈ നേടാനായി തിവാരിയുടെ ശ്രമം. പക്ഷേ, അപ്പോഴേക്കും അടുത്ത വിവാദം എത്തി

തിവാരി തന്റെ അച്ഛനാണെന്ന് വെളിപ്പെടുത്തി യുവാവ്

ഇക്കാലത്താണ് തിവാരിക്കെതിരെ പിതൃത്വ വിവാദ ആരോപണവും ഉണ്ടാകുന്നത്. ഉജ്വല ശർമയെന്ന സ്ത്രീ താൻ തിവാരിയുടെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു. തന്റെ മകൻ രോഹിത് ശേഖർ തിവാരിയുടെ മകനാണെന്നും അവർ അവകാശപ്പെട്ടു. ഇതേത്തുടർന്ന് സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടെങ്കിലും തിവാരി തയ്യാറായില്ല. പക്ഷേ, കേസ് സുപ്രീംകോടതിവരെയെത്തി അവിടെ നിന്നും രക്തസാമ്പിൾ നൽകാൻ നിർദ്ദേശം വന്നതോടെ ടെസ്റ്റിന് സമ്മതിക്കുകയുമായിരുന്നു.

ഫലം വന്നപ്പോൾ തിവാരിയുടെ മകൻ തന്നെയാണ് രോഹിത് എന്ന് വ്യക്തമായതോടെ തിവാരി പുതിയ തന്ത്രമെടുത്തു തന്റെ 88-ാം വയസ്സിൽ രോഹിത് ശേഖറിന്റെ അമ്മ ഉജ്വലയെ വിവാഹം കഴിച്ചുകൊണ്ടാണ് തിവാരി 34 കാരനായ മകനെയും ഏറ്റെടുത്തത്. 2008 മുതൽ 2014 വരെ നീണ്ട നിയമയുദ്ധത്തിന് ഒടുവിലായിരുന്നു ഇത്.

പക്ഷേ ഇവിടംകൊണ്ടൊന്നും വിവാദങ്ങൾ അവസാനിച്ചില്ല. സ്ത്രീ ഒരു ദൗർബല്യമാണെന്ന് തിവാരി പലപ്പോഴും തെളിയിച്ചുകൊണ്ടേയിരുന്നു. 2013ലുണ്ടായ ഒരു സംഭവവും ഇത്തരത്തിൽ വിവാദമായി. പൊതുപരിപാടിയിൽ അവതാരകയായി അടുത്തെത്തിയ യുവതിയെ കയറിപ്പിടിച്ചായിരുന്നു ഇത്തവണത്തെ പ്രകടനം. പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു തിവാരി. പരസഹായം കൂടാതെ നടക്കാൻപോലും വയ്യാത്ത അവസ്ഥയിൽ സഹായികൾക്കൊപ്പം എത്തിയ തിവാരി യുവതിയുടെ കഴുത്തിൽ കയ്യിട്ട് ചേർത്തുപിടിച്ച് നൃത്തച്ചുവടുവയ്ക്കുന്ന ദൃശ്യങ്ങളും വൈറലായി മാറി.

ഇത്തരത്തിൽ ഏറ്റവുമേറെ വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച തിവാരിയെന്ന രാഷ്ട്രീയക്കാരൻ ഈ തൊണ്ണൂറ്റി ഒന്നാം വയസ്സിലും അധികാരം തലയ്ക്കുപിടിച്ച നിലയിൽതന്നെയാണ്. തന്റെ മകന് വേണ്ടിയാണ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതെന്ന് പറയുമ്പോൾ തന്നെ തിവാരിയുടെ ലക്ഷ്യം സ്വന്തം സുഖങ്ങൾ തന്നെയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP