Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏതുരാത്രിയിലും പാലായിലെ വീട്ടിലെത്തിയാൽ കുട്ടിയമ്മ ഉണ്ടാക്കിയ ചോറും മോരും കഴിച്ചാലേ ഉറക്കം വരൂ; പ്രേമിച്ചാണോ കെട്ടിയതെന്ന് ചോദിച്ചാൽ പൊട്ടിച്ചിരി മറുപടി; കല്യാണമാലോചിച്ച് ചെല്ലുമ്പോൾ കുട്ടിയമ്മയുടെ ഡിമാൻഡ്: ചെക്കന് മീശ വേണം..വക്കീലായിരിക്കണം; മാണിസാറിന് കൊച്ചപ്പൻ കണ്ടെത്തിയ പെണ്ണിന് രാഷ്ട്രീയവും പഥ്യം; ഇണകളിലൊന്ന് പിരിയുമ്പോൾ പാലാക്കാർക്ക് കണ്ണീര് പൊടിയുന്നതും അതുകൊണ്ട് തന്നെ

ഏതുരാത്രിയിലും പാലായിലെ വീട്ടിലെത്തിയാൽ കുട്ടിയമ്മ ഉണ്ടാക്കിയ ചോറും മോരും കഴിച്ചാലേ ഉറക്കം വരൂ; പ്രേമിച്ചാണോ കെട്ടിയതെന്ന് ചോദിച്ചാൽ പൊട്ടിച്ചിരി മറുപടി; കല്യാണമാലോചിച്ച് ചെല്ലുമ്പോൾ കുട്ടിയമ്മയുടെ ഡിമാൻഡ്: ചെക്കന് മീശ വേണം..വക്കീലായിരിക്കണം; മാണിസാറിന് കൊച്ചപ്പൻ കണ്ടെത്തിയ പെണ്ണിന് രാഷ്ട്രീയവും പഥ്യം; ഇണകളിലൊന്ന് പിരിയുമ്പോൾ പാലാക്കാർക്ക് കണ്ണീര് പൊടിയുന്നതും അതുകൊണ്ട് തന്നെ

മറുനാടൻ ഡെസ്‌ക്‌

 പാലാ: പോപ്പിനെ കാണാൻ വത്തിക്കാനിൽ പോയപ്പോഴും, ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ അദ്ധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിക്കാൻ പോയപ്പോഴും ഒപ്പമുണ്ടായിരുന്നു ആ കൂട്ട്. ഒരിക്കലും ഇണപിരിയാത്ത കുട്ടിയമ്മയുടെ കൂട്ട്. നാടുഭരിക്കാൻ മാണി സാർ ഓടിനടക്കുമ്പോഴും വീട്ടിലെ പ്രമാണി കുട്ടിയമ്മയായിരുന്നു. ഏതുരാത്രിയിലും പാലായിലെ വീട്ടിലെത്തിയാൽ കുട്ടിയമ്മ ഉണ്ടാക്കിയ ചോറും മോരും കഴിച്ചാലേ ഉറക്കം വരൂ, അതായിരുന്നു ഇരുവരുടെയും ബന്ധത്തിന്റെ ഇഴയടുപ്പം.

തനിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയപ്പോൾ കുട്ടിയമ്മയുടെ പ്രധാന ഡിമാൻഡ് ചെക്കന് മീശ വേണം, വക്കീലായിരിക്കണം. മാണി സാറിന്റെ കാര്യത്തിൽ അതുരണ്ടും ഒത്തുവന്നു. പോരാത്തതിന് അഡീഷണലായി രാഷ്ട്രീയവും. കുട്ടിയമ്മയെ പ്രേമിച്ചാണോ കെട്ടിയതെന്ന് ചോദിച്ചാൽ പൊട്ടിച്ചിരിച്ചുകൊണ്ട് മാണിസാർ പറയും, ഏയ് അതിനൊന്നും എന്നെ കിട്ടുകേല. അറേഞ്ച്ഡ് മാര്യേജ് തന്നെ. കുട്ടിയമ്മയെ ആദ്യം കാണാൻ പോയത് അച്ഛന്റെ സഹോദരനാണ്. ഇളയ സഹോദരനായ ബേബിയെ എടുത്തുകൊണ്ട് നിൽക്കുന്ന കുട്ടിയമ്മയെ ആണ് അന്ന് കൊച്ചപ്പൻ കണ്ടത്. ആറ് മാസം പ്രായമായ ബേബിയെ എടുത്തുനിൽക്കുന്ന കൊച്ചിനെ കൊച്ചപ്പന് ഇഷ്ടമായി. വീട്ടുകാരെ നോക്കാവുന്ന കൊച്ചാണ് എന്ന് കൊച്ചാപ്പൻ വന്ന് മാണി സാറിനോട് പറഞ്ഞു. പിന്നെ മാണി സാർ പോയി കുട്ടിയമ്മയെ കണ്ടു. പെരുത്തിഷ്ടമായി. 1957 നവംബർ 28-നായിരുന്നു വിവാഹം. കോൺഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ ബന്ധുവായിരുന്ന കുട്ടിയമ്മയ്ക്ക് രാഷ്ട്രീയം ഉള്ളം കൈയിലെ നെല്ലിക്ക പോലെയായിരുന്നു, വാഴൂർ സ്വദേശി കെ സി തോമസിന്റെ മകളാണ് കുട്ടിയമ്മ.

ഭാര്യയ്ക്ക് വക്കീലാവണമെന്നും രാഷ്ട്രീയക്കാരനാവണമെന്നും ഉണ്ടായിരുന്നു, മാണി സാർ പലവട്ടം പറഞ്ഞിട്ടുണ്ട്. കെപിസിസി അംഗവും കോട്ടയം ജില്ല സെക്രട്ടറിയും അഭിഭാഷകനുമായിരിക്കെ മരങ്ങാട്ടുപിള്ളിയിൽ വച്ചായിരുന്നു കല്യാണം. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുമ്പോൾ മാണിക്ക് പ്രായം 25.

ഭാര്യ തനിക്ക് നൽകിയ പിന്തുണയെ പുകഴ്‌ത്തിയിട്ടുണ്ട് അദ്ദേഹം. കുട്ടിയമ്മ ഇല്ലായിരുന്നുവെങ്കിൽ വീട്ടുകാര്യങ്ങളും, കൃഷിയുമെല്ലാം അവതാളത്തിലാവുമായിരുന്നു. തനിക്ക രണ്ടുഭാര്യമാരാണെന്നാണ് മാണി സാർ പറയാറുള്ളത്. ഒന്ന് കുട്ടിയമ്മയും, രണ്ടാമത് പാലായും. പാർട്ടി ചിഹ്നമായ രണ്ടിലകൾ പോലെ സ്‌നേഹത്തോടെ കഴിഞ്ഞവരായിരുന്നു ഇരുവരും എന്നാണ് പത്രപ്രവർത്തകർ എഴുതാറുള്ളത്. അക്ഷരാർഥത്തിൽ അതുശരിയാണെന്ന് മാണി സാറും സമ്മതിച്ചിരുന്നു. രാഷ്ട്രീയത്തിന് പുറകേ നടക്കുമ്പോഴും വീട്ടുകാര്യങ്ങൾ നോക്കിയിരുന്ന നേതാവാണ് മാണി സാറെന്ന് കുട്ടിയമ്മയും ശരി വയ്ക്കും.

ദൈവത്തിന്റെ അനുഗ്രഹമാണ് തന്റെ ദാമ്പത്യമെന്ന ്മാണി സാർ പറഞ്ഞിട്ടുണ്ട്. പരസ്പരസ്‌നേഹവും വിശ്വാസവും അതായിരുന്നു പിണക്കമില്ലാത്ത ദാമ്പത്യത്തിന്റെ രഹസ്യം. ഭാര്യയുമായി ബന്ധപ്പെട്ട ഇഷ്ടപ്പെട്ട പാട്ട് 'രാക്കുയിലിൻ രാഗസദസിലെ' പൂമുഖവാതിക്കൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ' ആയിരുന്നു.

പൊതുപ്രവർത്തനത്തിനിടയിലും കുട്ടിയമ്മയില്ലാതെ കുഞ്ഞുമാണിച്ചായന് ഒരു ദിനം പോലും കടന്ന് കിട്ടുക പ്രയാസമായിരുന്നു.എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെൻഷൻ ഇല്ലാതെ പൊതുരംഗത്തു നിൽക്കാൻ പറ്റി. അതിൽ കൂടുതൽ ഭാഗ്യം എന്തുവേണമെന്ന് ' വിവാഹത്തിന്റെ 60ആം വാർഷിക ആഘോഷങ്ങൾക്കിടെ അദ്ദേഹം പ്രതികരിച്ചത്.

പാലായെ ഭാര്യയെ ചേർത്തുപിടിക്കുന്ന പോലെ മാണിസാർ ഒപ്പം ചേർത്തുനിർത്തി. പാലാ നിവാസികൾ അദ്ദേഹത്തിന്റെ മക്കളുമായി മാറി.കെ എം മാണിക്ക് മുൻപ് പാലാ എന്നൊരു നിയോജക മണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂർ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1965ലാണ്. പാലാ എന്ന പേരിലുള്ള ആദ്യനിയോജകമണ്ഡലത്തിന്റെ ആദ്യതിരഞ്ഞെടുപ്പ്്. കെ എം മാണി ആദ്യം സ്ഥാനാർത്ഥിയായതും ജയിച്ചതും ആവർഷം തന്നെ. അന്നുമുതൽ പാലാ മണ്ഡലം കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു.

പാലായ്ക്ക് കെ എം മാണി ആദ്യം കുഞ്ഞുമാണിയായിരുന്നു. പിന്നീടാണ് അദ്ദേഹത്തെ മാണി സാറാക്കിയത്. അന്തരിച്ച മുൻ രാഷ്ട്രപതി കെ ആർ നാരായണൻ പോലും ഒരു പൊതു ചടങ്ങിൽ വച്ച് നിങ്ങളെല്ലാം മാണി സാറെന്നുവിളിക്കുന്ന കെ എം മാണിയെ ഞാനും മാണി സാറെന്നാണ് വിളിക്കുന്നത് എന്ന് പറയുകയുണ്ടായി. പാലാക്കാരുടെ പ്രിയപ്പെട്ട മാണി സാർ ഇപ്പോൾ ഓർമയാകുമ്പോൾ കുട്ടിയമ്മയ്‌ക്കൊപ്പം നാട്ടുകാരുടെ ഉള്ളിലും അതൊരുവിതുമ്പലായി മാറുന്നത് അതുകൊണ്ടുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP