Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജയ് വിളിച്ചുകൊണ്ടിരുന്ന സ്‌കൂൾ കുട്ടികളുടെ ആരവങ്ങൾക്കിടെ ചേർത്തുപിടിച്ച് കോട്ടിലണിഞ്ഞിരുന്ന റോസാപ്പൂ 12 വയസുകാരന്റെ ഷർട്ടിൽ കുത്തിക്കൊടുത്ത് ചാച്ചാജി; എടവണ്ണയിലെ 67 വർഷം മുമ്പുള്ള പകൽ ഓർത്തെടുത്ത് പൊന്നാംകുന്നുകാരൻ ; 72 ാം വയസിലും ഖദർ ജൂബ്ബയിൽ റോസാപ്പൂ കുത്തി കാത്തിരിക്കുന്നു നെഹ്‌റുകുടുംബത്തിലെ ഇളമുറക്കാരന് വോ്ട്ട് ചെയ്യാൻ; മാദാരി മൊയ്തീൻ റോസാപ്പൂ കാക്കയായ കഥ ഇങ്ങനെ

ജയ് വിളിച്ചുകൊണ്ടിരുന്ന സ്‌കൂൾ കുട്ടികളുടെ ആരവങ്ങൾക്കിടെ ചേർത്തുപിടിച്ച് കോട്ടിലണിഞ്ഞിരുന്ന റോസാപ്പൂ 12 വയസുകാരന്റെ ഷർട്ടിൽ കുത്തിക്കൊടുത്ത് ചാച്ചാജി; എടവണ്ണയിലെ 67 വർഷം മുമ്പുള്ള പകൽ ഓർത്തെടുത്ത് പൊന്നാംകുന്നുകാരൻ ; 72 ാം വയസിലും ഖദർ ജൂബ്ബയിൽ റോസാപ്പൂ കുത്തി കാത്തിരിക്കുന്നു നെഹ്‌റുകുടുംബത്തിലെ ഇളമുറക്കാരന് വോ്ട്ട് ചെയ്യാൻ; മാദാരി മൊയ്തീൻ റോസാപ്പൂ കാക്കയായ കഥ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: വയനാട് ലോകസഭാ മണ്ഡലത്തിൽപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണ പൊന്നാംകുന്ന് സ്വദേശിയാണ് മദാരി മൊയ്തീൻ, ഇപ്പോൾ പ്രായം 73. ഇനി 1952ലേക്കുപോകാം, അന്ന് മൊയ്തീന് വയസ്സ് 12, അഞ്ചാംക്ലാസ് വിദ്യാർത്ഥി, എടവണ്ണ സ്‌കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നു. ഈ സമയത്താണ് മലമ്പുഴ സന്ദർശിക്കാനായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എത്തിയത്. വിവരം അറിഞ്ഞ് ഏറനാട്ടിലെ പ്രമുഖ കോൺഗ്രസുകാരനും എഐസിസി അംഗവും നിലവിലെ പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനർഥി പി.വി അൻവറിന്റെ പിതാവുമായിരുന്ന പരേതനായ പി.വി. ഷൗക്കത്തലിയും സംഘവും നെഹ്റുവിനെ എടവണ്ണയിലേക്കു ക്ഷണിച്ചു.

സന്തോഷത്തോടെ നെഹ്റു ഷൗക്കത്തലിയുടെ വസതിയിലെത്തി. എടവണ്ണ ജിഎംഎൽപി സ്‌കൂളിലായിരുന്നു സ്വീകരണ ചടങ്ങ്. ഇതിനിടെ എടവണ്ണ അങ്ങാടിയിലൂടെ പ്രധാനമന്ത്രി നെഹ്റു കടന്നുപോകുമ്പോൾ സ്‌കൂൾ വിദ്യാർത്ഥികളെ റോഡിൽ അണിനിരത്തി സല്യൂട്ട് ചെയ്യിക്കാൻ ഹെഡ്‌മാസ്റ്റർ അലവി മാസ്റ്റർ തീരുമാനിച്ചു. റോഡിൽ ഇരുവശവും നിരന്നു നിന്ന കുട്ടികളെ കണ്ടു നെഹ്റു കാർ നിർത്തി. കുട്ടികൾ ചാച്ചാജി്ക്ക് ജയ് വിളിച്ചുകൊണ്ടിരുന്നു. റോസാപ്പൂക്കൾ കുട്ടികൾക്കു നേരെ എറിഞ്ഞുകൊടുക്കുന്നതിനിടയിൽ മൊയ്തീൻ, നെഹ്റുവിനു നേരെ ഓടിയെത്തി. മൊയ്തീനെ ചേർത്തുപിടിച്ച നെഹ്റു തന്റെ കോട്ടിലണിഞ്ഞിരുന്ന റോസാപ്പൂ മൊയ്തീന്റെ ഷർട്ടിൽ കുത്തികൊടുത്തു. മൊയ്തീൻ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ നിമിഷം. ഇതിന്റെ ഓർമക്കായാണ് ഇപ്പോഴു റോസാപ്പൂ അണിഞ്ഞു നടക്കുന്നത്. റോസാപ്പു അണിയാതെ മൊയ്തീനെ കാണാനാകില്ല. ഏതു ചടങ്ങിനും എവിടേക്കും മൊയ്തീന്റെ ഖദർ ജുബ്ബയിൽ റോസാപ്പൂ കാണാം. ജീവിതാവസാനം വരെ റോസാപ്പൂ നെഞ്ചേറ്റി നടക്കുമെന്നു മൊയ്തീൻ പറയുന്നു. നാട്ടുകാരുടെ റോസാപ്പൂ കാക്കയാണ് മൊയ്തീൻ. എന്നും റോസാപ്പൂ വേണമെന്നതിനാൽ സ്വന്തം വീട്ടുമുറ്റത്ത് റോസാ ചെടികൾ മൊയ്തീൻ നട്ടുവളർത്തിയിരുന്നു. ഇപ്പോൾ വിലകൊടുത്താണ് പൂക്കൾ കൊണ്ടുവരുന്നത്. മുമ്പു മൊയ്തീൻ ജോലി ചെയ്തിരുന്ന എടവണ്ണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ മുറ്റത്തു ഒട്ടേറെ റോസ് ചെടികൾ മൊയ്തീൻ വച്ചുപിടിപ്പിച്ചിരുന്നു. തികഞ്ഞ കോൺഗ്രസുകാരനാണ് മദാരി മൊയ്തീൻ. എന്നാൽ ഭാരവാഹിത്വമൊന്നും മൊയ്തീൻ വഹിക്കുന്നില്ല. നെഹ്റുവാണ് അദ്ദേഹത്തിന്റെ പ്രിയ നേതാവ്.

വൃക്ഷ സ്നേഹി കൂടിയാണ് മൊയ്്തീൻ. എടവണ്ണ പാലത്തിനടുത്തുള്ള ആൽമരം ഇദ്ദേഹം നട്ടുവളർത്തിയതാണ്. എടവണ്ണ കല്ലുവെട്ടിപ്പള്ളി പറമ്പിലെ മാവും പ്ലാവും പ്രതിഫലമില്ലാതെ നനച്ചുവളർത്തി. വില്ലേജ് ഓഫീസ്, എടവണ്ണ- ഒതായി റോഡുവശങ്ങളിലും മറ്റു പൊതുയിടങ്ങളിലും
ഒട്ടേറെ ഫലവൃക്ഷതൈകൾ മൊയ്തീൻ വളർത്തിയിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും മൊയ്തീൻ പ്രശംസിക്കപ്പെട്ടു. അന്യമതസ്ഥരായ അഞ്ചു കുട്ടികളെ ദത്തെടുത്തു സ്വന്തം വീട്ടിൽ സംരക്ഷിച്ചിരുന്നു. ഇതെല്ലാം മുൻനിർത്തി പന്ത്രണ്ടാമത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാർഡ് മലയാളിയായ മദാരി മൊയ്തീനെ തേടിയെത്തി. സ്വാമി അഗ്‌നിവേശിനോടൊപ്പമായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നത്.

അക്രമം അവസാനിപ്പിക്കാനും സമാധാനവും സാമുദായിക സൗഹാർദവും വളർത്താനും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ഇരുവർക്കും അവാർഡ്. പ്രായം ഏറെയായെങ്കിലും മൊയ്തീൻ ഇന്നും ഊർജസ്വലനാണ്. മൊയ്തീന്റെ വീട്ടിൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങൾ യഥേഷ്ടമുണ്ട്. ഡൽഹിയിൽ സദ്ഭാവന അവാർഡ് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻസിങ്ങിൽ നിന്നു ഏറ്റുവാങ്ങുന്നതും മന്മോഹൻ സിംഗിനെ മൊയ്തീൻ കെട്ടിപിടിക്കുന്നതും സോണിയാ ഗാന്ധിക്കൊപ്പം മദാരി മൊയ്്തീനും സുഹൃത്ത് കെ. അബ്ദുറഹീം മദനിയടക്കമുള്ളവർ അടങ്ങിയ ഫോട്ടോയും മൊയ്തീന്റെ വീട്ടിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്

കാലം കടന്നുപോകുമ്പോൾ നെഹ്റുവിന്റെ നാലാം ഇളംതലമുറക്കാരൻ മദാരി മൊയ്തീന്റെ വീട്ടുപടിക്കലിൽ വോട്ടു തേടിയെത്തിയിരിക്കുന്നു. മൊയ്തീൻ ആഹ്ലാദം കൊണ്ടു മതിമറക്കുകയാണ്. മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിൽപ്പെട്ട എടവണ്ണ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതാണ്. അതുകൊണ്ടു രാഹുലിനായി മുഴുവൻ സമയം പ്രചാരണത്തിനായി ഇറങ്ങാൻ തയ്യാറെടുക്കുകയാണ് മൊയ്തീൻ.
രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വയനാട്ടിലേക്കു പോയപ്പോൾ അവിടേക്കു പോകണമെന്നു ആഗ്രഹിച്ചിരുന്നു. എന്നാൽ ആൾതിരക്കിൽ വേണ്ടവിധത്തിൽ അദ്ദേഹത്തെ കാണാനാകില്ലെന്നു കരുതി വേണ്ടെന്നുവച്ചു.

ഇനി വരുമ്പോൾ രാഹുലിനെ കാണുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അടുപ്പം ഇതിനു സഹായകരമാകുമെന്നും മൊയ്തീൻ കരുതുന്നു. പണ്ടു മുതുമുത്തച്ഛൻ നൽകിയ റോസാപ്പൂവിന്റെ കഥ രാഹുലിനോടു പറയാനൊരുങ്ങുകയാണ് മൊയ്തീൻ. രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം ഇന്ത്യയെ ഉയരങ്ങളിലെത്തിക്കുമെന്നും മൊയ്തീൻ പറയുന്നു. ജനങ്ങളെ ഒന്നായി കാണാനുള്ള വലിയ മനസിനുടമയാണ് രാഹുൽ. രാഹുലിന്റെ വരവിൽ മനം നിറഞ്ഞു സന്തോഷിക്കുകയാണ് മദാരി മൊയ്തീൻ. എരഞ്ഞിക്കൽ മറിയുമ്മയാണ് ഭാര്യ. മക്കൾ: ബേനസീർ, നുസ്റത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP