Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർട്ടി കോട്ടയായ കൊടക്കളത്ത് ബൂത്ത് ഏജന്റായി ഇരുന്നപ്പോൾ ഒറ്റകള്ളവോട്ടും പെട്ടിയിൽ വീഴാതിരുന്നതോടെ സിപിഎമ്മുകാർ വീട് അടിച്ച് തകർത്തു; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് കയറുന്നതിനിടെ ആക്രമണമുണ്ടായപ്പോൾ കുഞ്ഞുങ്ങൾ നിലവിളിച്ചത് ഇന്നും കെടാത്ത ഓർമ; സ്വന്തം വീടുള്ളപ്പോഴും വാടകവീട്ടിൽ കഴിയേണ്ട ദുരവസ്ഥ; സൈബർ പോരാളിയായി പലരും ചുരുക്കുന്ന ലസിത പാലയ്ക്കൽ കേരള ബിജെപിയെ പിടിച്ചുകുലുക്കുന്ന നേതാവായി മാറിയ കഥ ഇങ്ങനെ

പാർട്ടി കോട്ടയായ കൊടക്കളത്ത് ബൂത്ത് ഏജന്റായി ഇരുന്നപ്പോൾ ഒറ്റകള്ളവോട്ടും പെട്ടിയിൽ വീഴാതിരുന്നതോടെ സിപിഎമ്മുകാർ വീട് അടിച്ച് തകർത്തു; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് കയറുന്നതിനിടെ ആക്രമണമുണ്ടായപ്പോൾ കുഞ്ഞുങ്ങൾ നിലവിളിച്ചത് ഇന്നും കെടാത്ത ഓർമ; സ്വന്തം വീടുള്ളപ്പോഴും വാടകവീട്ടിൽ കഴിയേണ്ട ദുരവസ്ഥ; സൈബർ പോരാളിയായി പലരും ചുരുക്കുന്ന ലസിത പാലയ്ക്കൽ കേരള ബിജെപിയെ പിടിച്ചുകുലുക്കുന്ന നേതാവായി മാറിയ കഥ ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി:ലസിത പാലയ്ക്കലിനെ ടിവി അവതാരകനായ തരികിട സാബുമോൻ ഫേസ്‌ബുക്കിലൂടെ കിടപ്പറയിലേക്ക് ക്ഷണിച്ച സംഭവം കേരള ബിജെപിയിൽ തന്നെ, മറ്റൊരു പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. ലസിതയ്ക്ക് വേണ്ടി പ്രതികരിക്കാതെ, കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പ്രതികരിച്ച, വി മുരളീധരൻ എംപിക്കെതിരെ സംഘപരിവാർ പ്രവർത്തകർ സൈബർ അറ്റാക്ക് നടത്തി.

പ്രതികരിക്കാതെ ഇരുന്ന നേതാക്കളെയെല്ലാം ബിജെപി, ആർഎസ്എസ് പ്രവർത്തകർ ട്രോളുകൾക്കൊണ്ട് മൂടി. ഇതോടെ സംസ്ഥാന നേതാക്കൾ ഒന്നിന് പുറകേ ഒന്നായി പ്രതിഷേധക്കുറിപ്പെഴുതി. പാനൂർ സ്റ്റേഷനിൽ ലസിതയ്ക്കൊപ്പം യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനും കുത്തിയിരുന്ന് പ്രതിഷേധിച്ചു. സാബുമോനെ ഉൾപ്പെടുത്തി, ബിഗ് ബോസ് റിയാലിറ്റി ഷോ സംഘടിപ്പിച്ച ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി.

ഇതോടെയാണ്, തലശ്ശേരിക്കടുത്ത് മലാലിൽ മാത്രം അറിഞ്ഞിരുന്ന ലസിത പാലയ്ക്കൽ എന്ന സ്ത്രീയെങ്ങനെ കേരള ബിജെപിയെ പോലും പിടിച്ചു കുലുക്കുന്ന നേതാവായി മാറിയെന്ന് ഞങ്ങൾ അന്വേഷിക്കുന്നത്... വിവാഹത്തിന് ശേഷം കുട്ടികളേയും നോക്കി, സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായി കഴിഞ്ഞ് വരുകയായിരുന്ന ലസിത ചെറുപ്പം മുതലേ ബാലഗോഗുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ മാത്രം പങ്കെടുക്കുന്ന ആളായിരുന്നു. ജോലിക്ക് ശേഷം പ്രദേശത്തെ, സുഹൃത്തുക്കൾ വിളിക്കുമ്പോൾ, അത്യാവശ്യം ഗൃഹസമ്പർക്കത്തിനും, പ്രധാൻ മന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ ചേർക്കുന്നതിനും പോയിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ പങ്കെടുത്തപ്പോൾ തന്നെ, പലരും ഭീഷണിപ്പെടുത്താൻ തുടങ്ങി. അച്ഛൻ ചെറുപ്പത്തിലെ മരിച്ചതിനാൽ, ആകെ സഹായത്തിനുള്ള മാമനെ സിപിഎമ്മുകാർ ആക്രമിക്കുമോയെന്ന പേടിയിൽ പ്രവർത്തനങ്ങളിലൊന്നും സജീവമായില്ല. ഇന്നലെകളെക്കുറിച്ച് ലസിത പാലയ്ക്കൽ പറയുന്നതിങ്ങനെ.

ഒരു രക്ഷാബന്ധൻ ഓർമ

എന്നാൽ 2014 ലെ ഓഗസ്റ്റ് മാസത്തിൽ പൊന്ന്യം സ്‌കൂളിൽ നടന്ന നടന്ന രക്ഷബന്ധൻ മഹോത്സവം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്ക്, ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. മലാൽ എന്ന പാർട്ടി ഗ്രാമത്തിന് നിന്നും രക്ഷബന്ധൻ മഹോത്സവത്തിന് പങ്കെടുത്തതിനായിരുന്നു, കേട്ടാലറയ്്ക്കുന്ന ചീത്ത വിളിച്ചുകൊണ്ട്, വീട്ടിലേക്കുള്ള ഇടവഴിയിൽ വെച്ച്, കൈയിലെ രക്ഷബന്ധൻ പൊട്ടിച്ചെറിഞ്ഞത്. ആദ്യം വളരെ പേടിച്ചെങ്കിലും, ഭർത്താവും, ഭർത്താവിന്റെ കുടുംബാംഗങ്ങളും, എന്റെ അമ്മാവനുമെല്ലാം ധൈര്യം പകർന്നു നൽകി. പൊലീസിൽ പരാതിയും നൽകി. ആഴ്ചകൾക്കപ്പുറം കതിരൂരിൽ ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ഇളംതോട്ടത്തിൽ മനോജ് കൊല്ലപ്പെട്ടു. ഈ സമയത്താണ് ഫേസ്‌ബുക്ക് അക്കൗണ്ട് ആരംഭിച്ചത്.

2015 നവംബറിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ, കതിരൂർ ഡിവിഷനിൽ നിന്ന് ബിജെപിയുടെ വനിത സ്ഥാനാർത്ഥിയായി എട്ടായിരത്തി അഞ്ഞൂറിലധികം വോട്ടുകൾ നേടി. ഒപ്പം വാർഡിലും മത്സരിച്ചു. 50 വോട്ടുകൾക്ക് മാത്രമാണ് വാർഡിൽ പരാജയപ്പെട്ടത്. ആര് മത്സരിച്ചാലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു അവിടുത്തെ രീതി. ഞാൻ മത്സരിച്ചപ്പോഴും ഏറെ ഭീഷണികൾ വന്നിരുന്നു. വീട്ടിൽ വന്ന് ഇലക്ഷനിൽ നിന്ന് പിന്മാറണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു. അതിനെയൊന്നും വകവെയ്ക്കാതെയാണ് പൊതുപ്രവർത്തനത്തിൽ പിന്നെ സജീവമായത്. പതിയെ മഹിളാ മോർച്ചയുടെ പ്രവർത്തനങ്ങളിൽ സജീവമായതോടെ, മണ്ഡലം ജനറൽ സെക്രട്ടറിയായി ചുമതല ലഭിച്ചു. ഈ ഘട്ടത്തിലാണ് ഫേസ്‌ബുക്ക് പേജ് ആരംഭിക്കുന്നത്. ഇതോടെ മഹിളാമോർച്ചയിലേക്ക് ഒരുപാട് സ്ത്രീകളെ ആകർഷിക്കാൻ പുതിയ മണ്ഡലം കമ്മിറ്റിക്കായി.

ഇതിനിടെ ബിജെപി- ആർഎസ്എസ് പ്രവർത്തകർക്ക് നേരെ കണ്ണൂരിൽ നടക്കുന്ന പ്രശ്നങ്ങളിൽ, സോഷ്യൽ മീഡിയയിലൂടെയും പ്രതിരോധിച്ചു. ഇതോടെയാണ് ലസിത പാലയ്ക്കൽ സംഘപരിവാർ സൈബർ പ്രവർത്തകരുടെ കണ്ണിലുണ്ണിയായത്. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ ഒരു വനിതാ നേതാവിന്റെ പ്രതികരണം എന്ന നിലയിൽ ലസിതയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് മികച്ച പ്രതികരണം ലഭിച്ചു. പിന്നാലെ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്്ക്ക് വേണ്ടി ലസിതയുടെ നേതൃത്വത്തിൽ മഹിള മോർച്ച പ്രവർത്തകർ മികച്ച പ്രകടനം കാഴ്്ചവെച്ചു. നിരവധി സ്ത്രീകളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. മക്കളെ അമ്മയുടെ അടുത്താക്കിയിട്ടായിരുന്നു, രാവിലെ ആറ് മുതൽ, രാത്രി വരെ നീണ്ടു നിന്ന ഇലക്ഷൻ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ലസിത ഓർമ്മിച്ചെടുത്തു.

പാർട്ടി കോട്ടയിൽ ചങ്കുറപ്പോടെ

വോട്ടെടുപ്പ് ദിവസം സിപിഎം കോട്ടയായ കൊടക്കളം സ്‌കൂളിൽ ബൂത്ത് ഏജന്റായി ഇരുന്നു. ഭീഷണി ഭയന്ന് പുലർച്ചെ അഞ്ച് മണിയോടെ ബൂത്തിനുള്ളിൽ കയറിപ്പറ്റി. സിപിഎമ്മിനും കോൺഗ്രസ്സിന്റേയും പുരുഷ പ്രവർത്തകർക്കിടയിലാണ് ബൂത്ത് ഏജന്റായി ഇരുന്നത്. വളരെ വലിയ ഭീഷണിക്കിടയിലും ഒരു കള്ളവോട്ട് പോലും നടത്താൻ അനുവദിച്ചില്ല. ഇത് സിപിഎം പ്രവർത്തകരെ വല്ലാതെ പ്രകോപിപ്പിച്ചു. ഇതോടെ പുറത്തിറങ്ങിയാൽ, സ്ത്രീകളെകൊണ്ട് അടിപ്പിക്കുമെന്ന നിലയിലെത്തി. പുറത്ത് നിന്ന് ചിലർ വടിവാളും മറ്റ് ആയുധങ്ങളും ജനലിലൂടെ കാണിപ്പിച്ച് ഭീഷണിപ്പെടുത്തി. ഉച്ചയോടെ ബൂത്ത് സന്ദർശനത്തിന് എത്തിയ, സ്ഥാനാർത്ഥി വികെ സജീവന്റെ നിർദ്ദേശപ്രകാരം അഞ്ച് മണിയോടെ, നേതാക്കളെത്തി, കേന്ദ്രസേനയുടെ വാഹനത്തിൽ പാർട്ടി കോട്ടയിൽ നിന്ന് സുരക്ഷിത സ്ഥലത്ത് എത്തിച്ചു. വീട്ടിൽ നിന്ന അമ്മയേയും മക്കളേയും മാമനെയുമെല്ലാം അന്ന് തന്നെ മാറ്റിക്കൊണ്ട് അനിയത്തിയുടെ വീട്ടിലേക്ക് മാറി. പുറത്തിറങ്ങിയാൽ ആക്രമിക്കുമെന്നുള്ളതിനാൽ രാവിലെ മുതൽ ഭക്ഷണം കഴിക്കാതെയാണ് വൈകിട്ടുവരെ ബൂത്തിൽ ഇരുന്നത്.

അന്ന് രാത്രി, സിപിഎം പ്രവർത്തകർ മലാലിലെ വീട് ആക്രമിച്ചു. വീടിന്റെ ജനലുകളും മറ്റും അടിച്ചുപൊളിച്ചു. വോട്ടെണ്ണുന്നതിന്റെ അന്ന് അനിയുടെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും, പ്രദേശത്തെ ബിഎംഎസ് പ്രവർത്തകൻ രമേശേട്ടന്റെ നിർദ്ദേശപ്രകാരം സുഹൃത്തിന്റെ വീട്ടിലേക്ക് മാറി. ഉച്ചയോടെ രമേശേട്ടന്റെ കാലും കൈയും സിപിഎം പ്രവർത്തകർ വെട്ടി. സംഘടന പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിന് പ്രേരകമായ വ്യക്തികളിൽ ഒരാളായിരുന്നു അവർ. എന്നെ അക്രമിക്കാൻ പറ്റാതിരുന്നതുകൊണ്ടാകാം രമേശേട്ടനെ അവർ അക്രമിച്ചത്. ലസിത പറയുന്നു. തുടർന്ന് അനിയത്തിയുടെ വീട്ടിൽ കുറച്ച് നാൾ നിന്നു. ആ കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വന്ന് കയറുന്നതിനിടെ, ഞങ്ങൾ സഞ്ചരിച്ച ടാറ്റാസുമോയെ വേറൊരു വാഹനം ഫോളോ ചെയ്ത് വന്നു. രാത്രി പത്ത് മണിയോടെ കുഞ്ഞിനേയും എടുത്ത് വീട്ടിലേക്ക് കയറുന്നതിനിടെ വണ്ടിയിലെത്തിയ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞു. ആദ്യത്തെ ഏറ് കൊണ്ടത് കൈക്കാണ്. ഉടനെ, എല്ലാവരും വീട്ടിലേക്ക് ഓടിക്കയറി വാതിൽ അടച്ചു. പേടിച്ച് കൊച്ചുങ്ങൾ നിലവിളിച്ചു.

സ്വന്തം വീടുണ്ടായിട്ടും വാടക വീട്ടിൽ

പിന്നെ വീടിന്റെ ജനലുകളും മറ്റും കല്ലെറിഞ്ഞ് പൊട്ടിച്ചു, വീടിന് നേരെ ബോംബെറിഞ്ഞു. അക്രമി സംഘം പോയ ഉടനെ തന്നെ, നേതാക്കൾ വന്ന് ഞങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ലസിതയെ ഈ വീട്ടിൽ താമസിപ്പിച്ചാൽ നിങ്ങൾക്കും ഈ നാട്ടിൽ നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ, അനിയത്തിയുടെ വീട്ടിൽ നിന്ന് മാറി, സുഹൃത്തിന്റെ വീട്ടിൽ രണ്ട് മാസത്തോളം കുഞ്ഞുങ്ങളെ പോലും കാണാൻ സാധിക്കാതെ ഒളിവിൽ കഴിഞ്ഞു. ഈ സമയം അമ്മയും മക്കളും, മാമാനും സ്വന്തം വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ മക്കൾക്ക് വയറിന് അസുഖം പിടിച്ചു. ഫുഡ് പോയിസൺ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. അപ്പോളാണ് വീടിന്റെ കിണർ ശ്രദ്ധിക്കുന്നത്. കിണറ്റിൽ ആരോ മാലിന്യം നിക്ഷേപിച്ചിരുന്നു. ഈ സമയം കുമ്മനം രാജശേഖരൻ അടക്കമുള്ള ബിജെപി നേതാക്കൾ വീട്ടിലെത്തി.

ഏകദേശം, രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും വീടിന്റെ ജനൽ അടിച്ചുപൊളിച്ചു. ഈ സമയം ഞാൻ സുഹൃത്തിന്റെ വീട്ടിലായിരുന്നു. അമ്മയും മക്കളും അനിയത്തിയുടെ വീട്ടിലായിരുന്നു. നേതാക്കളുടെ നിർദ്ദേശപ്രകാരമാണ്, ഇനി മലാലിൽ നിൽക്കുന്നില്ലെന്ന് തീരുമാനിച്ചത്. തുടർന്ന് ആർഎസ്എസ് പ്രവർത്തകർ വള്ളങ്ങാട് വാടക വീട് എടുത്തുതന്നു. സ്വന്തം വീട് ഉള്ളപ്പോളാണ് അക്രമം ഭയന്ന വാടകവീട്ടിൽ കഴിയേണ്ട അവസ്ഥ. ലസിത പറഞ്ഞു. മാത്രമല്ല, പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുമ്പോൾ അവിടെ കയറ്റാതെ തടയുക, വണ്ടിയിൽ പോകുമ്പോൾ വണ്ടി തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തുക , ഇതൊക്കെ പതിവ് പരിപാടി ആയിരുന്നു. അവർ ആക്രമിക്കുന്നത് വർദ്ധിച്ചപ്പോളാണ്, ഫേസ്‌ബുക്കിലും സംഘടനാ രംഗത്തും കൂടുതൽ ആർജ്ജവത്തോടെ സിപിഎമ്മിനെതിരെ ഞാൻ എഴുതിയത്. ലസിത ചൂണ്ടിക്കാട്ടി.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം യുവമോർച്ചയുടെ ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. യുവമോർച്ചയുടെ ഭാഗമായി നിൽക്കുമ്പോൾ നിരവധി സമരങ്ങൾക്കും നേതൃത്വം കൊടുക്കാനായി. കൂത്തുപറമ്പിൽ സിപിഎം പ്രവർത്തകർ ബീഫ് ഫെസ്റ്റിവൽ നടത്തിയപ്പോൾ, ആ പ്രദേശം ചാണകവെള്ളം ഒഴിച്ച് കഴുകിയ ശേഷം, പാർട്ടി ഗ്രാമമായ കോളനിയിൽ 100 കുടുംബങ്ങൾക്ക് അരി നൽകികൊണ്ട് അരി ഫെസ്റ്റിവൽ നടത്തിയത്, ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഫെബ്രുവരിയിലാണ് പിന്നീട് യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അകാരണമായി നീക്കം ചെയ്തത്. ഫേസ്‌ബുക്കിൽ എഴുതുന്നത്, ചൂണ്ടിക്കാട്ടിയായിരുന്നു ഇതെന്നാണ് പിന്നീട് നേതാക്കളിൽ നിന്ന മനസ്സിലാക്കാനായത്. എങ്കിലും ഇപ്പോളും ഞാൻ നാട്ടിലെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും സജീവമാണ്.

വേട്ടയാടുന്ന കേസുകൾ

സിപിഎം അക്രമങ്ങളിലും സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്കും എതിരായി, ഒരു ഡസനോളം പരാതികൾ ലസിത നൽകിയിട്ടുണ്ടെങ്കിലും, ലസിതയ്ക്കെതിരെയുള്ള കേസുകളും കുറവല്ല. പിണറായിയിൽ കുടുംബാഗങ്ങളെ വിഷം കൊടുത്തുകൊന്ന സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്ന് ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച കേസാണ് ഇതിൽ പ്രധാനം. ഇതോടെയാണ് ലസിതയെന്ന യുവമോർച്ച നേതാവ് മാധ്യമങ്ങളിൽ കൂടുതലായി അറിയപ്പെട്ട്് തുടങ്ങുന്നത്. സാധാരണ പ്രവർത്തകരെ പോലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായി പ്രതികരിക്കുന്നുവെന്നാണ് ലസിതയ്ക്കെതിരെ, യുവമോർച്ചയിലെ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം. രോഷാകുലരാകുന്ന ഇവരുടെ വാക്കുകൾ, നേതാവിന് ചേർന്നതല്ലെന്ന വിമർശനവും സജീവമാണ്. ഇത് തന്നെയാണ് ലസിതയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഏറെ ചർച്ച ചെയ്യപ്പെടാനുള്ള കാരണവും. ശോഭ സുരേന്ദ്രൻ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം ഫേസ്‌ബുക്ക് ഫോളോവേഴ്സ് ഉള്ള നേതാവും ലസിതയാണ്.

കുടുംബം

ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് ഭർത്താവായ ശിവദാസൻ. 2005 ൽ വിവാഹം കഴിച്ചു. കുറച്ച് നാൾ ഭർത്താവിനൊപ്പം ഗൾഫിൽ താമസിച്ചു. നാട്ടിൽ തിരിച്ചെത്തി, പിഎസ്.സി കോച്ചിംങിനും, അക്കൗണ്ടിങ് പഠനത്തിനും പോയി. ഇതിനിടെ 2007 നൈജിൽ മോൻ ജനിച്ചു. 2010 ൽ നിയമോളും ഉണ്ടായി.

ഇതിനിടെ പിഎസ്,സി കിട്ടിയെങ്കിലും കുഞ്ഞ് മക്കളായതിനാൽ ജോലിക്ക് പോയില്ല. മക്കൾ കുറച്ച് വലുതായപ്പോൾ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിക്ക് കയറി. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അച്ഛൻ മരിച്ചത്. അമ്മയും മാമനും ചേർന്നാണ് പിന്നെ എന്നെയും അനിയത്തിയേയും പഠിപ്പിച്ച് വലുതാക്കി, വിവാഹം കഴിച്ച് വിട്ടത്. തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ ബിഎ ഹിസ്റ്ററി ബിരുദധാരിയാണ് 32 കാരിയായ ലസിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP