Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേരേ വാ നേരേ പോ ആണ് സ്റ്റൈൽ; 'ഭരത്ച്ചന്ദ്രനെ' പോലെ കാക്കിക്ക് നേരേ കൈയോങ്ങിയാൽ തുറന്നടിക്കാൻ പഠിപ്പിച്ചത് പൊലീസിലായിരുന്ന അച്ഛൻ; എടവണ്ണയിൽ പഞ്ചായത്ത് ഓഫീസിൽ ആരെയും അടുപ്പിക്കാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ആൾ അടുപ്പിച്ചത് ഈ മനുഷ്യനെ മാത്രം; പട്ടണക്കാട് സ്റ്റേഷനിലിരിക്കെ മൂന്നുകൊലപാതകങ്ങൾ തെളിയിച്ചത് ദിവസങ്ങളുടെ വ്യത്യാസത്തിൽ; ഇതാണ് കളമശേരിയിൽ സക്കീർ ഹുസൈനെ വിറപ്പിച്ച അമൃത് രംഗൻ

നേരേ വാ നേരേ പോ ആണ് സ്റ്റൈൽ; 'ഭരത്ച്ചന്ദ്രനെ' പോലെ കാക്കിക്ക് നേരേ കൈയോങ്ങിയാൽ തുറന്നടിക്കാൻ പഠിപ്പിച്ചത് പൊലീസിലായിരുന്ന അച്ഛൻ; എടവണ്ണയിൽ പഞ്ചായത്ത് ഓഫീസിൽ ആരെയും അടുപ്പിക്കാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ആൾ അടുപ്പിച്ചത് ഈ മനുഷ്യനെ മാത്രം; പട്ടണക്കാട് സ്റ്റേഷനിലിരിക്കെ മൂന്നുകൊലപാതകങ്ങൾ തെളിയിച്ചത് ദിവസങ്ങളുടെ വ്യത്യാസത്തിൽ; ഇതാണ് കളമശേരിയിൽ സക്കീർ ഹുസൈനെ വിറപ്പിച്ച അമൃത് രംഗൻ

എം മനോജ് കുമാർ

 കൊച്ചി: പതിറ്റാണ്ടുകളായി കേരളാ പൊലീസ് അടിമത്തത്തിന്റെയും രാഷ്ട്രീയ വിധേയത്വത്തിന്റെയും അദൃശ്യമായ ചങ്ങലക്കണ്ണികളാൽ ബന്ധിതമാണ്. പൊലീസിനെ ബന്ധിപ്പിച്ച് നിർത്തിയിരിക്കുന്ന അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും ഈ നുകം പലപ്പോഴും പൊട്ടിച്ചെറിയുന്നത് വെള്ളിത്തിരയിൽ ഭരത് ചന്ദ്രൻ ഐപിഎസ് പോലുള്ള സുരേഷ് ഗോപി കഥാപാത്രങ്ങൾ വഴി മാത്രമാണ്.

പൊലീസിൽ നിന്നും പക്ഷെ ഇത്തരം ഒരു ശബ്ദം ഉയർന്നു പൊങ്ങുകയാണെങ്കിൽ തീർച്ചയായും അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും കേരളം ആഘോഷമാക്കുകയും ചെയ്യും. കൊച്ചി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും നിഷ്പക്ഷതയുടെയും ധീരതയുടെയുമായ ഒരു ശബ്ദം ഉയർന്നു പൊങ്ങിയപ്പോൾ കേരളം ചെവിയോർത്തതും ആഘോഷമാക്കിയതും ഇതുകൊണ്ട് മാത്രമാണ്. പൊലീസ് ക്വാർട്ടേഴ്‌സിൽ ചെലവിട്ട ബാല്യവും പൊലീസിനെക്കുറിച്ച് മനസ്സിൽ ഉറച്ച ധാരണകളുമാണ് രാഷ്ട്രീയ നേതൃത്വത്തിനു ഉറച്ച മറുപടി നൽകാൻ അമൃത് രംഗൻ എന്ന എസ്‌ഐയെ പ്രേരിപ്പിച്ചത് എന്ന് മറക്കാനും സാധ്യവുമല്ല.

നിക്ഷ്പക്ഷതയുടെയും നന്മയുടെതുമായ ധീര വഴികളിൽ പൊലീസ് സഞ്ചരിക്കണമെന്ന് കേരളം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അധികാര രാഷ്ട്രീയത്തിന്റെ കൂച്ചുവിലങ്ങിൽ കുടുങ്ങി ശ്വാസംമുട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് സാധ്യമല്ല. അതുകൊണ്ട് തന്നെയാണ് സിപിഎം കേരളം ഭരിക്കുമ്പോൾ കളമശ്ശേരി പോലുള്ള വ്യാവസായിക മേഖലയിലെ സിപിഎം ഏരിയാ സെക്രട്ടറിക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയ കളമശ്ശേരി എസ്‌ഐ അമൃത് രംഗനെ കേരളം ശ്രദ്ധിക്കുന്നത്. 'നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല. ഇതാണ് കളമശ്ശേരിയിലെ കിരീടം വയ്ക്കാത്ത രാജാവായ സക്കീർ ഹുസൈന് എസ്‌ഐ അമൃത് രംഗൻ നൽകിയ മറുപടി. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മനുഷ്യാവകാശത്തിൽ എൽഎൽഎം നേടിയ എസ്‌ഐയോടാണ് താൻ സംസാരിക്കുന്നത് എന്ന് വിരട്ടാൻ വേണ്ടി വിളിച്ചപ്പോൾ സക്കീർ ഹുസൈനും ഓർത്ത് കാണില്ല. വളരെ കണിശവും കൃത്യവുമായ മറുപടി മാന്യതയുടെ ഭാഷയിൽ സിപിഎം സെക്രട്ടറിക്ക് നൽകിയ അമൃത് രംഗനോടു ഇതേവരെ പൊലീസ് മേധാവികൾ വിശദീകരണം തേടിയിട്ടില്ല. സംഭാഷണത്തിൽ അച്ചടക്ക ലംഘനം ക്ഷണിച്ചു വരുത്തുന്ന ഒന്നും ദൃശ്യമല്ല എന്ന് തന്നെയാണ് ഈ വിശദീകരണം ചോദിക്കാതിരിക്കലിനു കാരണവും.

എന്താണ് പൊലീസ് എന്ന് പഠിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്‌സുകളിലെ ജീവിതം

കേരളത്തിൽ വളരെ പ്രകടമായി നിലനിൽക്കുന്ന സിപിഎം അധീശത്വത്തിന്നെതിരെ ഒരു എസ്‌ഐയെങ്കിലും വളരെ ശക്തമായ രീതിയിൽ മാന്യതയുടെ അതിർവരമ്പ് മറികടക്കാതെ പ്രതികരിച്ചതിൽ പൊലീസ് ഉന്നതരിൽ പലരും മനസ്സാലെ സന്തോഷിക്കുന്നുമുണ്ട്. എങ്കിൽ ആരാണ് അമൃത് രംഗൻ എന്നും എന്താണ് ഈ എസ്‌ഐയുടെ പശ്ചാത്തലമെന്നും അറിയേണ്ടതുണ്ട്. പൊലീസ് എല്ലായ്‌പോഴും നിക്ഷ്പതയുടെയും ധീരതയുടെയും വഴികളിൽ സഞ്ചരിക്കുമെന്ന മനസ്സിൽ പതിഞ്ഞ കാര്യമാണ് സക്കീർ ഹുസൈനോടു പൊടുന്നനെയുണ്ടായ ഒരു സംഭാഷണത്തിന്നിടയിൽ അമൃത് രംഗൻ പറയുന്നത്. പൊലീസ് ക്വാർട്ടെഴ്‌സുകളിൽ ചെലവിട്ട ബാല്യമാണ് ഈ എസ്‌ഐയുടേത്. യൗവനം മുഴുവൻ അമൃത് രംഗൻ
ചെലവിട്ടതും പൊലീസ് ക്വാർട്ടെഴ്‌സിൽ തന്നെയാണ്. ആംഡ് പൊലീസിൽ അസിസ്റ്റന്റ്‌റ് കമാൻഡന്റ് ആയിരുന്നു അമൃത് രംഗന്റെ പിതാവ്. പൊലീസ് ക്വാർട്ടേഴ്‌സിൽ തളച്ചിടപ്പെട്ടതാണ് അമൃത് രംഗന്റെ ബാല്യവും. അതുകൊണ്ട് തന്നെ എന്താണ് പൊലീസ് എന്ന് തന്റെ മനസ്സിൽ പതിഞ്ഞ കാര്യമാണ് അമൃത് രംഗൻ സക്കീർ ഹുസൈനോടു പറയുന്നത്.

സക്കീർ ഹുസൈനോടു അമൃത് രംഗൻ പറഞ്ഞ മറുപടിക്ക് പൊലീസ് ഉന്നതർ വിശദീകരണം ചോദിച്ചാൽ പൊലീസ് എന്ന ഡെഫനിഷിനു തന്നെ വ്യാഖ്യാനം മാറ്റി പറയേണ്ടി വരും. ഇതല്ല പൊലീസ് എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനും അമൃത് രംഗനോടു പറയാനും കഴിയില്ല. അത്രമാത്രം തിളക്കമുള്ള ഒരു പ്രൊഫൈൽ ആണ് അമൃത് രംഗന്റെതും. സെന്റ് പോൾസ് കളമശ്ശേരിയിൽ സെക്കൻഡ് ഗ്രൂപ്പ് എടുത്ത് പഠിച്ചാണ് സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി കോളേജിൽ ഡിഗ്രിക്ക് ചേരുന്നത്. സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി കോളേജിൽ നിന്നും പാസായത് ബിഎസ് സി ഫിസിക്‌സ്. ലോ അക്കാദമിയിൽ നിന്ന് എൽഎൽബി ബിരുദം. കൊച്ചി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മനുഷ്യാവകാശത്തിൽ എൽഎൽഎം. കാലടി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ്ഡബ്ല്യു. അതിന്നിടയിൽ യുജിസിയുടെ നെറ്റ് ടെസ്റ്റും പാസായി. കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസും നടത്തി.

പഠിപ്പിൽ എന്നും ഒന്നാമൻ

തൃപ്പൂണിത്തുറ സ്വദേശിയായ അമൃത് രംഗൻ പിഎസ് സി എസ്‌ഐ ടെസ്റ്റിനു വിളിച്ചപ്പോഴാണ് അച്ഛന്റെ പാരമ്പര്യം പിൻബലമാക്കി എസ്‌ഐ ടെസ്റ്റ് പരീക്ഷ എഴുതുന്നത്. ആദ്യ നൂറു റാങ്കിൽ തന്നെ ഉൾപ്പെട്ടിട്ടാണ് 2014-ൽ എസ് ഐയായി നിയമനം ലഭിക്കുന്നത്. അതിന്നിടയിൽ എസ്‌ഐ ട്രെയിനിങ്ങിൽ പ്രകടിപ്പിച്ച മിടുക്കിനു ട്രെയിനിംഗിന്നിടയിൽ ഗോൾഡ് മെഡലും നേടി. പൊലീസ് മാനെജ്‌മെന്റ് ട്രെയിനിങ് പേപ്പറിൽ ഒന്നാമത് എത്തുകയും ചെയ്തു. ഇങ്ങിനെ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാണ് തൊട്ടിൽപാലത്ത് പ്രൊബേഷൻ എസ്‌ഐയായി അമൃത് രംഗൻ നിയമിതനാകുന്നത്. 2014-ലാണ് എസ്‌ഐയായി നിയമനം ലഭിച്ചത്. തുടർന്ന് 2015ൽ മലപ്പുറം എടവണ്ണയിൽ എസ്എച്ച്ഒ ആയി നിയമനം. ഈ ഘട്ടത്തിലാണ് ഒരാൾ പഞ്ചായത്ത് ഓഫീസിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് എത്തിയപ്പോൾ എസ്‌ഐ ആയ അമൃത് രംഗനെ മാത്രമാണ് അയാൾ അന്ന് തന്റെ അടുത്തേക്ക് വരാൻ അനുവദിച്ചത്. അതോടെ അന്ന് എസ്‌ഐയ്ക്ക് സൂപ്പർ പരിവേഷം ലഭിച്ചു.

മനുഷ്യസ്‌നേഹിയായ സൂപ്പർ ഹീറോ

എസ്‌ഐ ആയുള്ള സർവീസിന്നിടെ ഒരുപാട് പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ സഹായിച്ചു. ചെർളായി ആദിവാസി കോളനിയിലെ ആളുകളെ ആദ്യമായി പുറത്തെത്തിച്ചു. ഇവരെ പുറത്തേക്ക് ടൂർ കൊണ്ടുപോകാൻ മുൻ കയ്യെടുത്തു. അങ്ങിനെ ചെർളായി ആദിവാസി കോളനിയിലെ ജനങ്ങൾ ആദ്യമായി പുറംലോകം കണ്ടു. ആദിവാസികൾക്കിടയിലെ പ്രവർത്തനത്തിനു ജനപ്രീതി വർധിപ്പിച്ചപ്പോൾ ഇത് മനസിലാക്കി പൊലീസ് സർവീസിൽ നിന്നും ഗുഡ് സർവീസ് എൻട്രി ലഭിച്ചു. പൂക്കോട്ടും പാടത്തെ വില്ലോട്ടു ശിവക്ഷേത്രത്തിൽ ശിവലിംഗം അടിച്ചു പൊട്ടിച്ച കേസ് വർഗീയ പ്രശ്‌നമായി മാറുമെന്നു മനസിലാക്കിയപ്പോൾ ഊണും ഉറക്കവും ഒഴിച്ച് ക്രമസമാധാന നില ഭദ്രമായി കാത്തു. അതിന്നിടയിൽ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലും ജോലി ചെയ്തു. ഈ മൂന്നു മാസ കാലയളവിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ സ്റ്റേഷൻ പരിധിയിൽ നടന്നത് മൂന്നു കൊലപാതകങ്ങൾ. 45 വയസ്സുള്ള മകൻ 72 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തുന്നു. ഇരുപത്തിയൊന്നു വയസുള്ള അമ്മ ഒരു വയസ്സും മൂന്ന് മാസവും പ്രായമുള്ള സ്വന്തം മകളെ കൊല ചെയ്യുന്നു. 25 വയസ്സുള്ള ചെറുമകൻ 75 വയസ്സുള്ള അമ്മൂമ്മയെ കൊലപ്പെടുത്തുന്നു. മൂന്നിലും പ്രതികളെ എടുത്ത് അകത്താക്കി.

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെയുള്ള നടപടികൾ എല്ലാ സ്റ്റെഷനിലും ശക്തമാക്കി. 300 ഓളം പേരെയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ടു അകത്തിട്ടത്. മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ മയക്കുമരുന്നിൽ നിന്നും പൂർണമായി വിടർത്തി മാറ്റാനുള്ള പ്രവർത്തികളിലും മുഴുകി. മാവോയിസ്റ്റ് സാന്നിധ്യമുള്ള മലപ്പുറത്തെ 2016-ൽ പൂക്കോട്ടുപാടം സ്റ്റേഷനിൽ എസ്‌ഐയായി ചെലവിട്ടത് രണ്ടര വർഷം. കേരളത്തിൽ നിന്ന് ആദ്യത്തെ മിലിറ്ററി ട്രെയിനിംഗിനു തിരഞ്ഞെടുക്കപ്പെട്ടതും അമൃത് രംഗന്റെ തൊപ്പിയിലെ തൂവൽ തന്നെയായി നിലനിൽക്കുന്നു. കൊച്ചി ഇൻഫോ പാർക്കിൽ എസ്‌ഐയായി എത്തുന്നത് 2018ലാണ്. അതിനു ശേഷം കളമശ്ശേരിയിൽ എസ്‌ഐയായി നിയമനം.

രണ്ടു മാസം മുൻപാണ് കളമശ്ശേരിയിൽ എസ്‌ഐയായി ചാർജെടുക്കുന്നത്. അതിനു ശേഷമാണ് കഴിഞ്ഞ തിങ്കളാഴ്ച വിദ്യാർത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ടു സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന് കുറിക്കു കൊള്ളുന്ന മറുപടി നൽകി അമൃത് രംഗൻ വിവാദനായകനായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP